Pages

20 August 2014

മൂന്നാര്‍ ‘99ന് മുമ്പും ശേഷവും

Published in Madhyamam 0n 20th August 2014


ചരിത്രത്തെ രേഖപ്പെടുത്തുന്നത് ക്രിസ്തുവിന് മുമ്പും ശേഷവും എന്ന നിലയിലയാണ്. മലയോര കര്‍ഷകരുടെ കാര്യത്തില്‍ അതു 1977 ജനുവരി ഒന്നിന് മുമ്പും ശേഷവും എന്നാകും. എന്നാല്‍, മൂന്നാറിലെ കയ്യേറ്റത്തെ ചര്‍ച്ച ചെയ്യേണ്ടത് 1999ന് മുമ്പും ശേഷവും എന്ന നിലയിലാണ്. കാരണം മൂന്നാറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കയ്യേറ്റം ആരംഭിക്കുന്നത് 1999ന് ശേഷമാണ്. ഇതിനര്‍ഥം 1999ന് മുമ്പ് മൂന്നാറില്‍ കുടിയേറ്റം ഉണ്ടായിരുന്നില്ളെന്നല്ല-ഉണ്ടായിരുന്നു. അതു കയ്യേറ്റമായിരുന്നില്ല. കൂര പണിതു അതില്‍ അന്തിയുറങ്ങുന്നതിനായി ചുമട്ടു തൊഴിലാളികളും ഡ്രൈവറന്മാരും മറ്റും മൂന്നാര്‍ പട്ടം കോളനിയോട് ചേര്‍ന്നും ഇപ്പോഴത്തെ എന്‍ജിനിയറിംഗ് കോളജിനോട് സമീപത്തും രണ്ടും മൂന്നും സെന്‍റ് കുടിയേറിയിരുന്നു. ഇപ്പോഴും അവര്‍ ഇവിടെങ്ങളില്‍ താമസിക്കുന്നുമുണ്ട്. എന്നാല്‍, 1999ന് ശേഷം കണ്ടത് ഇത്തരത്തിലായിരുന്നില്ല. മറ്റു ദേശങ്ങളില്‍ നിന്നും എത്തിയ ഏതാനം ഉദ്യോഗസ്ഥരും ചില രാഷ്ട്രിയ നേതാക്കളും ഭൂമാഫിയുമാണ് ഹൈ കോടതി നിരീക്ഷിച്ചത് പോലെ മൂന്നാറിനെ ‘കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്’.
മുന്നാറില്‍ ജനിച്ചു വളര്‍ന്നവരായിരുന്നില്ല കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍. അത്തരത്തിലൊരു കയ്യേറ്റത്തിന് മൂന്നാറുകാര്‍ മുതിര്‍ന്നിരുന്നുവെങ്കില്‍ ഈ മലമുകള്‍ പണ്ടേ മറ്റൊരു കുടിയേറ്റ ടൗണായി മാറുമായിരുന്നു. ജനിച്ചു വളര്‍ന്ന ഭൂമിയോടുള്ള ആഭിമുഖ്യം അറിയണമെങ്കില്‍ 1980കളുടെ അവസാനം മൂന്നാറിലുണ്ടായ ഒരു സംഭവം മതി. ഹൈറേഞ്ചില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പ്രമുഖ അബ്കാരിക്ക് മൂന്നാര്‍ ടൗണില്‍ വിദേശ മദ്യശാല നിര്‍മ്മിക്കാന്‍ കുറച്ച് സ്ഥലം അന്നത്തെ തഹിസല്‍ദാറുടെ നേതൃത്വത്തില്‍ പാട്ടത്തിന് നല്‍കിയപ്പോള്‍ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ പരിസരത്തെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയിലും കുടില്‍ കെട്ടിയാണ് സമരം സംഘടിപ്പിച്ചത്. കേരളം കണ്ട ആദ്യ കുടില്‍കെട്ടി സമരമായിരിക്കണമത്. ദിവസങ്ങള്‍ക്ക് ശേഷം മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് പാട്ടം റദ്ദാക്കിയതോടെ സമരം അവസാനിച്ച നാട്ടുകാര്‍, അവര്‍ കെട്ടിയ കുടിലുകളും സ്വയം പൊളിച്ചു നീക്കി.
മൂന്നാറിന്‍െറ ചരിത്രം രേഖപ്പെടുത്തപ്പെടുന്നത് 1790ല്‍  കേണല്‍ ആര്‍തര്‍ വെല്ലസ്ളി എത്തുന്നത് മുതലാണ്. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ അവസരം കാത്തിരുന്നു ടിപ്പുവിനെ നേരിടുകയെന്ന ലക്ഷ്യത്തോടെ എത്തിയ ആര്‍തര്‍ വെല്ലസ്ളി പിന്നിട് മൂന്നാറിലുടെയാണ് മടങ്ങിയത്. പിന്നിട് പല ബ്രിട്ടിഷുകാരും ഈ മലകള്‍ കയറിയത്തെി. അവരൊക്കെ രേഖപ്പെടുത്തിയിട്ടുള്ളത് മൂന്നാറിലുടെ തമിഴ്നാടിലേക്ക് വ്യാപാരികള്‍ സഞ്ചരിച്ചിരുന്നുവെന്നും ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നുമാണ്. പള്ളിവാസലിലെ ദര്‍ഗയും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 1877 ജൂലൈ 11ന് ജോണ്‍ ഡാനിയല്‍ മണ്‍ട്രോ എന്ന സായ്വ് പൂഞ്ഞാര്‍ തമ്പുരാനില്‍ നിന്നും കണ്ണന്‍ ദേവന്‍ കുന്നുകള്‍ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറിന്‍െറ ചരിത്രം ആരംഭിക്കുന്നത്. രണ്ടു മുസല്‍മാന്‍ അടക്കം അന്ന് ഏകദേശം 2500ഓളമായിരുന്നു ജനസംഖ്യയെന്ന് മണ്‍റോ രേഖപ്പെടുത്തിയിരിക്കുന്നു. ഓര്‍ക്കുക, അന്നും ഈ ഭൂമി അവരാരും സ്വന്തമാക്കിയിരുന്നില്ല. പിന്നിട് പലരിലൂടെയായി കണ്ണന്‍ ദേവന്‍ കമ്പനിയിലും തുടര്‍ന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു.
രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമം വരുന്നതോടെയാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്നു മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങള്‍ക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. ‘കേരളത്തിലെ ജനലക്ഷങ്ങളുടെ അഭിലാഷങ്ങള്‍ക്ക് രൂപം നല്‍കാനുള്ള സര്‍ക്കാരിന്‍െറ നടപടികളുടെ ഭാഗമായിട്ടാണ് ഈ നിയമ നിര്‍മ്മാണത്തെ കാണുന്നതെന്നാണ് 1971 മാര്‍ച്ച് 30ന് ബില്‍ അവതരിപ്പിച്ച് കൊണ്ടു അന്നത്തെ റവന്യു മന്ത്രി ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞത്. തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന, രാവിലെ മുതല്‍ വൈകുന്നരേം പണിയെടുത്തു കിട്ടുന്ന കൂലി സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ പോലും തികയാത്ത, ശതസഹസ്രം പട്ടിണിപാവങ്ങളുടെ ചിത്രം മുന്നിലുണ്ടായിരുന്നുവെന്നും അദേഹം നിയമസഭയില്‍ പറഞ്ഞു. നിയമനിര്‍മ്മാണം കഴിഞ്ഞിട്ട് ഇപ്പോള്‍ നാലു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു.അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത എ.കെ.ആന്‍റണി, വി.എസ്.അച്യുതാന്ദന്‍ എന്നിവര്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. കെ.ആര്‍.ഗൗരിയും കെ.എം.മാണിയും അടക്കം പലരും പിട്ടിന് മന്ത്രിമാരായി.  എന്നിട്ടും കണ്ണന്‍ ദേവന്‍ കുന്നിലെ ഭൂമിയെ സംബന്ധിച്ചുള്ള യഥാര്‍ഥ വസ്തുത പുറത്തു വിടാന്‍ പോലും സര്‍ക്കാരിനാകുന്നില്ല. കമ്പനിയില്‍ നിന്നും ഏറ്റെടുത്ത ഭൂമിയില്‍ മാങ്കുളത്തെ മിച്ചഭൂമി ഭൂരിഹത കര്‍ഷകര്‍ക്ക് പതിച്ച് നല്‍കിയതൊഴിച്ചാല്‍ നേട്ടം ഭൂമാഫിയക്കാണെന്ന് കാണാം. 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമത്തിന്‍െറ തുടര്‍ച്ചയായി ഏറ്റെടുത്ത ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് ശിപാര്‍ശ നല്‍കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ക്ഷീര വികസന പദ്ധതികള്‍ക്കായി 1600 ഏക്കര്‍, കാലിത്തീറ്റക്കായി 300 ഏക്കര്‍, പച്ചക്കറി തോട്ടങ്ങള്‍ക്കായി രണ്ടിടത്തായി 127.11 ഏക്കര്‍, പാര്‍പ്പിടങ്ങള്‍ക്കായി 110.21 ഏക്കര്‍, സ്വന്തമായി വീടില്ലാത്തവര്‍ക്ക് പ്ളോട്ടുകളാക്കി വിലക്ക് നല്‍കുന്നതിന് 70.83 ഏക്കര്‍ എന്നിങ്ങനെയാണ് സമിതി നിര്‍ദേശിച്ചത്. മാങ്കുളത്തെ 5189.200 ഏക്കര്‍ ഭൂമി പതിച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമ പ്രകാരം ഏറ്റെടുത്ത 1,27,714.77 ഏക്കറില്‍ 57192.65 ഏക്കറാണ് കമ്പനിക്ക് തിരിച്ച് നല്‍കിയത്. ബാക്കി ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഈ ഭൂമിക്ക് എന്ത് സംഭവിച്ചുവെന്ന അന്വേഷണമാണ് വേണ്ടത്.
സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങളില്‍ മാങ്കുളത്തെ മിച്ചഭൂമി പതിച്ച് നല്‍കുന്നതൊഴിച്ച് മറ്റൊന്നും നടപ്പായില്ല. കണ്ണന്‍ ദേവന്‍  കുന്നുകളിലെ ഭൂമിയൊക്കെ കമ്പനിയുടെത് എന്ന അലിഖിത നിയമത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ഇതേസമയം, കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഭൂമിയുടെ അളവിനെ സംബന്ധിച്ച് സര്‍ക്കാരിനും കൃത്യമായ വിവരമില്ല. 1923 എപ്രില്‍ 11ന് തിരുവിതാംകൂര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് 137433.6 ഏക്കര്‍ ഭൂമിയുണ്ടെന്നും അതില്‍ 34422.68 ഏക്കറില്‍ കൃഷിയുണ്ടെന്നുമാണ്. 1927ജൂലൈ 29ലെ നിയമസഭ രേഖകള്‍ പ്രകാരം ആകെ ഭൂമി 137431.89 ഏക്കറാണ്. ഇതില്‍ 99318.57 ഏക്കര്‍ വനമാണെന്നും നിയമസഭയില്‍ അറിയിച്ചു. 1971ലെ നിയമത്തിന്‍െറ തുടര്‍ച്ചയായ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡില്‍ മറ്റൊരു കണക്കാണ്. കണ്ണന്‍ ദേവന്‍ കമ്പനി പറഞ്ഞത് വേറൊരു കണക്കും. ഇതേ തുടര്‍ന്നാണ് കണ്ണന്‍ ദേവന്‍ ഭൂമി സര്‍വേ ചെയ്യാന്‍ 1974ല്‍ നടപടി തുടങ്ങിയത്. 1996 ആയപ്പോഴെക്കും ആധുനിക ഉപകരണങ്ങള്‍ ഉപയാഗിച്ചുള്ള സര്‍വേ ആരംഭിച്ചു. ഇവിടെയാണ് മൂന്നാറിന്‍െറ മൂന്നാം ഘട്ടം ആരംഭിക്കുന്നത്.
മൂന്നാറില്‍ ടാറ്റയുടെ പക്കല്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന പ്രചരണവും ഇതിനിടെ ശക്തമായി. അപ്പോഴെക്കും മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചിരുന്നു. മൂന്നാറില്‍ ഭൂമി അളന്ന് തിരിക്കാന്‍ വന്നവരും റവന്യു ഉദ്യോഗസ്ഥരും തനിച്ചായിരുന്നില്ല മല കയറിയത്. അവരില്‍ ചിലരുടെ കൂടെ ഭൂമാഫിയയും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഭൂമി ഏതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിന് ശിവകാശി പട്ടയത്തിന്‍െറ  മറവില്‍ റവന്യു ഉദ്യോഗസ്ഥര്‍ പോക്ക് വരവ് നടത്തി കരം സ്വീകരിച്ചു. ലഷ്മി ഭാഗത്തേയും പോതമേടിലെയും ഭൂമിക്ക് തൊട്ടപ്പറുത്തെ വില്ളേജുകളുടെ സര്‍വേ നമ്പരില്‍ പട്ടയം എഴുതി വാങ്ങി. അവ വ്യാജ പട്ടയമാണെന്ന് കണ്ടത്തെി പിന്നിട് റദ്ദാക്കിയെങ്കെിലും 1999ന് ശേഷം അവക്കും നിയമസാധുത നല്‍കി. 1999ല്‍ തൊടുപുഴയില്‍ നടന്ന പട്ടയമേളയാണ് മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ക്ക് ചാകരയൊരുക്കിയത്. മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം താലൂക്കില്‍ നിന്നും 530 പട്ടയങ്ങള്‍ നല്‍കിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. താലൂക്ക്തല ഭൂമി പതിവ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് പട്ടയങ്ങള്‍ നല്‍കിയതെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ബാക്കിയൊക്കെ വ്യാജമല്ളേ? പട്ടം കോളനി, ലക്ഷം വീട് കോളനി, രാജീവ് നഗര്‍, കുട്ടിയാര്‍വാലി എന്നിവിടങ്ങള്‍ ഒഴിച്ചാല്‍ സര്‍ക്കാര്‍ നേരിട്ട് പട്ടയം നല്‍കിയത് ഒരു വിമുക്ത ഭടനുമാണ്. എന്നാല്‍, ഇന്ന് മൂന്നാറില്‍ കാണുന്ന റിസോര്‍ട്ടുകള്‍ ഈ പട്ടികയില്‍ വരുന്ന സ്ഥലങ്ങളിലല്ല. അപ്പോള്‍ എന്ത് കൊണ്ട് ഈ പട്ടയങ്ങള്‍ റദ്ദാക്കി ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ളെന്ന ചോദ്യമാണ് ഉയരുന്നത്. 1977 ജനുവരി ഒന്നിന് ശേഷമുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാണല്ളോ സര്‍ക്കാര്‍ തീരുമാനം. മൂന്നാറിന്‍െറ കാര്യത്തില്‍ 1977 എന്നത് 1999 എന്നാക്കാം. 1999 ജനുവരി ഒന്നിന് വോട്ടര്‍ പട്ടികയില്‍ പേരോ പഞ്ചായത്ത് നമ്പരോ കരമടച്ച രശീതോ ഇല്ലാത്ത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? മൂന്നാര്‍ ഗസ്റ്റ് ഹൗസിന് രേഖകള്‍ പ്രകാരം 26.25ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. അതു പോലെ മൂന്നാര്‍ ഗവ.ഹൈസ്കൂളിനും ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സിനും. അതൊന്നും ഇപ്പോഴില്ല. പല പ്രമാണിമാരും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി.
വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാര്‍ ദൗത്യത്തിന്‍െറ തുടര്‍ച്ചയായി ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നുവെങ്കിലും അതൊക്കെ രേഖകളില്‍ മാത്രമായി. റവന്യു വകുപ്പിന്‍െറ അനുമതിയോടെ വേണം കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കാന്‍. നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍െറ ചതുരശ്രയടി കണക്കാക്കി പണം നല്‍കിയാല്‍ മുതിരപ്പുഴയാര്‍ നികത്തി കെട്ടിടം നിര്‍മ്മിക്കാനും അനുമതി ലഭിക്കുമെന്നതാണ് സ്ഥിതി. എന്നാല്‍, യഥാര്‍ഥ പട്ടയമുള്ളവരില്‍ നിന്നും കരം വാങ്ങുന്നില്ല, അവര്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നുമില്ല.  2007ന് ശേഷം നല്‍കി കെട്ടിട നിര്‍മ്മാണനുമതികള്‍ പുന:പരിശോധനക്ക് വിധേയമാക്കിയാല്‍ അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമിയുടെ ഏകദേശ കണക്ക് ലഭ്യമാകും.
്പപാട്ട ഭൂമി ഏങ്ങനെയാണ് പോക്ക് വരവ് ചെയ്ത് കൊടുക്കുകയും അതിന് കരം ഈടാക്കുകയും ചെയ്യുക? കണ്ണന്‍ ദേവന്‍ കമ്പനിക്ക് പാട്ടമായി ലഭിച്ച ഭൂമി അവര്‍ വില്‍ക്കുകയോ സമ്മാനമായി നല്‍കുകയോ ചെയ്തപ്പോള്‍ തന്നെ ഇത്തരമൊരു സംശയം ഉയര്‍ന്നിരുന്നു. 1971ലെ കണ്ണന്‍ ദേവന്‍ നിയമം വരുമ്പോള്‍ അന്ന് വരെ കമ്പനി 38 പേര്‍ക്കായി 166.48 ഏക്കര്‍ സ്ഥലം കൈമാറ്റം ചെയ്തിരുന്നു.  പിന്നിട് വന്ന ടാറ്റാ കമ്പനിയും ഭൂമി വില്‍പന തുടരുകയായിരുന്നു. 1971ന് ശേഷം 120 ഓളം പേര്‍ക്ക് ഭൂമി വില്‍പന നടത്തിയതായാണ് രേഖകള്‍. ഭൂരിഹതര്‍ക്ക് വിലക്ക് നല്‍കുന്നതിനായി സര്‍ക്കാര്‍ അടയാളപ്പെടുത്തിയ ഭൂമിയും ടൗണ്‍ വികസനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയും കമ്പനി വില്‍പന നടത്തിയിട്ടുണ്ട്.എന്നാല്‍, മൂന്നാര്‍ ടൗണിലെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ടൗണ്‍ വികസനത്തിനായി 1073.50 ഏക്കര്‍ ഭൂമി കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ബില്ല് 2010ല്‍ നിയമസഭയില്‍ അവതരിപ്പിച്ചതാണ്. എന്നാല്‍ എന്ത് കൊണ്ടോ നിയമമായില്ല.
യഥാര്‍ഥത്തില്‍ മൂന്നാറില്‍ പട്ടയം നല്‍കണമെങ്കിലോ ഭൂമി വനമിതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെങ്കിലോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്നത് മറച്ചു പിടിച്ചാണ് ഈ തട്ടിപ്പ്. 1980ല്‍ കേന്ദ്ര വന നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കണ്ണന്‍ ദേവന്‍ കുന്നുകളിലെ 43452.82 ഏക്കര്‍ വനമായി നിലനിര്‍ത്തണമെന്നും 17922 എക്കറില്‍ വനവല്‍ക്കരണം നടത്തണമെന്നും നിര്‍ദ്ദേശിച്ച് 1977 ഫെബ്രുവരി 19ന് ജിഒ (എം.എസ്) 262/77 നമ്പരായി സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡിന്‍െറ തുടര്‍ച്ചയായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി 62300.86 ഏക്കര്‍ വനഭൂമിയോ പുല്‍മേടുകളോ ആയി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇരവികുളം സങ്കേതമായി പ്രഖ്യാപിച്ച 9700 ഹെക്ടറിന് പുറമെയാണതിണ്. 1980ന് മുമ്പ് ഇത്തരവിറങ്ങിയ സാഹചര്യത്തില്‍ വനഭൂമിയാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് തര്‍ക്കമുണ്ടാകില്ല. കാരണം, ഇടുക്കി ജില്ലാ ആസ്ഥാന വകിസനത്തിന് വേണ്ടി നിര്‍ദേശിക്കപ്പെട്ട വനഭൂമി കൈമാറി 1980ന് മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്‍െറ പേരിലാണല്ളോ കലക്ടറേറ്റും മെഡിക്കല്‍ കോളജും മറ്റും പ്രവര്‍ത്തിക്കുന്നത്. 2010 ഒക്ടോബറില്‍ 17066.49 ഏക്കര്‍ കണ്ണന്‍ ദേവന്‍ റിസര്‍വായി സര്‍ക്കാര്‍ വിഞ്ജാപനം ചെയ്തിട്ടുണ്ട്. കൈവശക്കാരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദേവികുളം ആര്‍.ഡി.ഒയെ സെറ്റില്‍മെന്‍റ് ആഫീസറായും നിയമിച്ചു. എന്നാല്‍, കണ്ണന്‍ ദേവന്‍ റിസര്‍വായി വിഞ്ജാപനം ചെയ്ത സ്ഥലത്തിനകത്തും റിസോര്‍ട്ടുകള്‍ ഉയരുമ്പോഴും ബന്ധപ്പെട്ടവര്‍ തടയുന്നില്ല. 1927ജൂലൈ 29ലെ നിയമസഭ രേഖകള്‍ പ്രകാരം  99318.57 ഏക്കര്‍ വനമാണ്.
വേണ്ടത് മൂന്നാറില്‍ ഒരു ശുദ്ധികലശമാണ്.1999ന് ശേഷം മൂന്നാര്‍ മേഖലയില്‍ നടന്ന മുഴുവന്‍ ഭൂമി ഇടപാടുകളും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നല്‍കിയ അനുമതികളും പുന:പരിശോധിക്കണം. മൂന്നാറിലും ദേവികുളം താലൂക്കിലും ജോലി ചെയ്ത മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരം അന്വേഷിക്കണം. അഴിമതിക്ക് അവസരമില്ലാത്ത തരത്തില്‍ കണ്ണന്‍ദേവന്‍ കുന്നുകളിലെ ഭൂമി സര്‍വേ നടത്തി അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കണം. ലക്ഷാ വീടിന്‍െറയും പട്ടം കോളിനയുടെയും പട്ടയം ഉപയോഗിച്ച് മൂന്നാര്‍ ടൗണിലും പരിസരത്തും നിര്‍മിച്ചിട്ടുള്ള റിസോര്‍ട്ടുകള്‍ പൊളിച്ച് നീക്കുകയാണ് വേണ്ടത്. തകര ഷെഡിലും മറ്റും ജീവിതം തള്ളി നീക്കിയ തലമുറകള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഭൂമി ഭൂമാഫിയ സ്വന്തമാക്കുന്നതും മൂന്നാറിന്‍െറ പരിസ്ഥിതി തകര്‍ത്തെറിയുന്നതും സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഇനിയും കണ്ടു നില്‍ക്കരുത്.


No comments:

Post a Comment