Pages

12 August 2014

Western Ghat and ESA

ഇല ത്രൈമാസികയില്‍ പ്രസിദ്ധികരിച്ചത്
----------------------------------------------


കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ് കഴിഞ്ഞ ഏതാനം നാളുകളായി ലോകം ചര്‍ച്ച ചെയ്യുന്നത്. കേരളവും ഈ വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. നമ്മുടെ നാട്ടില്‍ അടുത്ത കാലത്തായി കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ഈ വിഷയത്തിന്‍െറ ഗൗരവം വര്‍ദ്ധിപ്പിച്ചത്. മഴ കുറയുകയോ കാലം തെറ്റുകയോ ചെയ്തു. ചൂടിന് കാഠിന്യമേറി. സുഖവാസ കേന്ദ്രങ്ങളെന്ന് പാഠ പുസ്തകങ്ങളില്‍ പഠിച്ച ഹൈറേഞ്ച് പ്രദേശങ്ങളിലുള്ളവരും എന്തൊരു ചൂടെന്ന് പറഞ്ഞ് തുടങ്ങി. കാലാവസ്ഥ മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്തവരൊക്കെ ഒരു കാര്യത്തില്‍ യോജിപ്പിലത്തെി-മരങ്ങളും പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളും നശിച്ചതാണ് ഈ മാറ്റത്തിന് കാരണം. ആഗോള താപനം- മരമാണ് മറുപടിയെന്ന സന്ദേശത്തിലേക്ക് കേരളം എത്തി ചേര്‍ന്നതും ഇതിന്‍െറ അടിസ്ഥാനത്തിലാണ്.
ഇതോടൊപ്പമാണ് പശ്ചിമഘട്ട സംരക്ഷണത്തിന്‍െറ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെട്ടത്. കാടും പുല്‍മേടുകളും നശിപ്പിച്ച് ജല വൈദ്യുത പദ്ധതികള്‍ക്ക ്വേണ്ടി അണക്കെട്ടുകള്‍ നിര്‍മ്മിച്ച വൈദ്യുതിബോര്‍ഡിന ്പോലും പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന ആവശ്യത്തിലേക്ക് എത്തേണ്ടി വന്നത് ഹൈറേഞ്ചിലെ നീരൊഴുക്ക് കുറഞ്ഞതും അതു വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോഴാണ്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലടക്കം ജലസംഭരണികള്‍ “വരള്‍ച്ച’ നേരിടുകയാണ്. കേരളത്തിലെ നദികളില്‍ മഴക്കാലം കഴിഞ്ഞാലും വെള്ളം ഒഴുകുന്നതിനുള്ള പ്രധാനകാരണം പശ്ചിമഘട്ട മലമടക്കുകളാണ്. സംസ്ഥാനത്തെ  44 നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. മഴക്കാലത്ത് പശ്ചിമഘട്ടമലകളിലെ വനങ്ങളില്‍ പെയ്യന്ന മഴവെള്ളത്തിന് വനങ്ങള്‍ മലമുകളില്‍ അരിച്ചിറങ്ങുവാന്‍ അവസരം നല്‍കുന്നു. ഇത് ഭൂമിക്കടിയിലൂടെ ഭൂഗര്‍ഭജലമായി ഭൂമിയുടെ ചരിവ് അനുസരിച്ച് നദികളുടെ വശങ്ങളിലൂടെയും അടിയിലൂടെയും ഉറവകളായി നദികളിലത്തെുന്നു. ഈ ഭൂഗര്‍ഭജലമാണ് നദികളിലെ വേനല്‍ക്കാലനീരൊഴുക്ക്. പശ്ചിമഘട്ടത്തിലെ വനമേഖലയും പുല്‍മേടുകളും  ഇല്ലാതാകുന്നതോടെ മഴക്കാലങ്ങളില്‍ പെയ്യന്ന മഴവെള്ളം കുത്തിയൊലിച്ച് നേരിട്ട് നദികളിലത്തെുകയും അണക്കെട്ടുകള്‍ മഴക്കാലത്ത് തന്നെ നിറയുകയും  തുറന്നുവിടേണ്ട അവസ്ഥ വരികയും ചെയ്യന്നു. ഇത് വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കേണ്ട ജലത്തിന്‍്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നതാണ് വാസ്തവം. ഇതിന് പുറമെ ഉരൂള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നു. പെയ്യുന്ന മഴ മണിക്കുറുകള്‍ക്കകം കടലില്‍ ചേരുന്നത് തടയാനുള്ള കുറക്ക് വഴിയായാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ തടയണകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

ഖനനവും അനിയന്ത്രിതമായ ടൂറിസം പദ്ധതികളുമാണ് കേരളത്തിലെ  പശ്ചിമഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളി. പാറമട വലിയ വ്യവസായമായി കേരളത്തില്‍ മാറിയിരിക്കുന്നു. പഴയ അബ്കാരി രാഷ്ട്രിയ സ്വാധീനം ഓര്‍മ്മിപ്പിക്കുന്നതരത്തിലാണ് ക്വാറി ഉടമകളുടെ സ്വാധീനം.നയരൂപീകരണത്തില്‍ പോലും ഇവരുടെ സ്വാധീനം എത്രത്തോളമെന്ന് അടുത്ത കാലത്ത് പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. പൈതൃകമായി സംരക്ഷിക്കപ്പെടേണ്ട മുനിയറകളും പാറകളും തകര്‍ക്കപ്പെടുകയാണ്.  പാറ പൊട്ടിച്ച് കിഴക്കന്‍ മലകളുടെ ഉയരം പല സ്ഥലങ്ങളിലും കുറഞ്ഞുവരുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള ചൂടു കാറ്റ് കടന്നു വരാന്‍ കാരണമാകുന്നു. പാലക്കാട് ചുരം വഴി എത്തുന്ന നവംബര്‍-ജനുവരിയിലെ വരണ്ട കാറ്റ് തൃശൂരും കഴിഞ്ഞ് തെക്കോട്ട്  പൊടിക്കാറ്റ് സൃഷ്ടിക്കുന്നത് അനുഭവമാണ്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വനാന്തരങ്ങളില്‍പ്പോലും അനധികൃതമായി നൂറുകണക്കിന് മീറ്റര്‍ നീളത്തിലാണ് പാറ പൊട്ടിച്ച് കുന്നിടിക്കുന്നത്. പശ്ചിമഘട്ടത്തിലെ പാറ മലകള്‍ തകര്‍ക്കുമ്പോള്‍  സന്തുലിതാവസ്ഥയില്‍ മാറ്റംവരുത്തുന്നുണ്ട്. ഇത് മഴക്കാലത്ത് ക്രമാതീതമായി ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നതിനും മലയിടിച്ചിലിനും ഇടവരുത്തുന്നു. ക്വാറികള്‍ സൃഷ്ടിക്കുന്ന പൊടിപടലം വലിയതോതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പാറ പൊട്ടിച്ച് കുന്നുകളുടെ ഉയരം കുറയുമ്പോള്‍  അറബിക്കടലില്‍ നിന്നും കരയിലോട്ടടിക്കുന്ന മഴ ക്കാറ്റിന്‍്റെ ഗതിക്ക് മാറ്റംവരുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. തണുത്ത കാറ്റിനെ തടഞ്ഞുനിര്‍ത്തുന്ന കുന്നുകളും മലകളും അപ്രത്യക്ഷമാകുമ്പോള്‍ മഴയുടെ അളവ് കുറയും.
കേരളത്തില്‍ പുകയില്ലാത്ത വ്യവസായമായി ടൂറിസത്തെ മാറ്റിയപ്പോള്‍ പശ്ചിമഘട്ടത്തിന് സംഭവിച്ചേക്കാവുന്ന ആഘാതത്തെ കുറിച്ച് ഒരുതരത്തിലുള്ള പഠനവും നടത്തിയിട്ടില്ല. തമിഴ്നാടിലെ ഊട്ടിയിലും കൂന്നൂരിലും അനിയന്ത്രിതമായ ടൂറിസം വികസനം അവടെ കുടിവെള്ളത്തിന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് അവിടെങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് പാഠമാകേണ്ടതാണ്. മൂന്നാര്‍, മഴനിഴല്‍ പ്രദേശമായ മറയൂര്‍, വാഗമണ്‍, വയനാട് തുടങ്ങിയ ഹില്‍സ്റ്റേഷനുകളില്‍ മല വെട്ടിനിരത്തി വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതോടെ അവിടെങ്ങളിലെ കലാവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. മൂന്നാറിലെ പഴയകാലത്തെ തണുപ്പും മഴയും ഓര്‍മ്മയിലായി. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലകുറിഞ്ഞി പൂത്തിരുന്ന മൂന്നാറിലെ പുല്‍മേടുകളില്‍ ഇപ്പോള്‍ ബഹുനില ഹോട്ടലുകളാണ്. ഹില്‍സ്റ്റേഷനുകളില്‍ കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക ചട്ടമില്ലാത്തതിനാല്‍ കൊച്ചിയും കോട്ടയവും മൂന്നാറും വയനാടുമൊക്കെ ഒരുപോലെ. ഏലത്തോട്ടങ്ങളുടെ സ്ഥിതിയും വിത്യസ്തമല്ല. പല ഏലത്തോട്ടങ്ങളും ഇന്നില്ല. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തും മൂന്നാറിനടുത്തെ പോതമേടും ഇതിനുദാഹരമാണ്. പകല്‍ പോലും സൂര്യപ്രകാശം എത്താത്ത ഏലക്കാടുകളായിരുന്നു ഇവിടെങ്ങള്‍. ഇപ്പോള്‍ കാറ്ററിംഗ് കോളജ് തുടങ്ങി നക്ഷത്ര ഹോട്ടലുകള്‍ വരെയായി. മരങ്ങള്‍ നിലനിര്‍ത്തിയല്ല, എല്ലാം വെട്ടിനിരത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. യൂക്കാലി കൃഷിയാണ് മറ്റൊരു വില്ലന്‍. യൂക്കാലി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിയാന്‍ മൂന്നാറിനടുത്തെ വട്ടവട പഞ്ചായത്തില്‍ എത്തിയാല്‍ മതി. സമദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തിലുള്ള പഞ്ചായത്താണ് വട്ടവട. ശീതകാല പച്ചക്കറിയും പ്രത്യേകതരം സൂചി ഗോതമ്പും നെല്ലും ഇവിടുണ്ടായിരുന്നു.കൃഷിക്കാവശ്യമായ വെള്ളവും. യൂക്കാലി വന്നതോടെ ജലക്ഷാമം രൂക്ഷമായി. അങ്ങകലെ കുണ്ടള ഡാമില്‍ നിന്നും ട്രാക്ടറില്‍ വെള്ളം എത്തിക്കുകയാണ് വേനല്‍ക്കാലത്ത്. അട്ടപ്പാടിയിലും ജലക്ഷാമം രൂക്ഷമാണ്. കുടിയേറ്റവും അതുവഴിയുണ്ടായ വന നശീകരണവുമാണ് അട്ടപ്പാടിയുടെ പ്രശ്നം. ഇന്നിപ്പോള്‍ അവിടെ വെള്ളം ഒരു വ്യാപാരമായി മാറിയിരിക്കുന്നു.
വാഗമണ്‍ പ്രദേശവും അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുകയാണ്.  പാറക്ക് മുകളില്‍ നേരിയ കനത്തിലുള്ള മണ്ണിനുമേലെയാണ്  പുല്‍മേടുകള്‍. വാഗമണ്‍ പുല്‍മേട് നശിപ്പിച്ച് റിസോര്‍ട്ടുകളും പാറമടകളും റോഡുകളും നിര്‍മ്മിക്കപ്പെടുമ്പോള്‍ മീനച്ചിലാറ് നീരൊഴുക്കില്ലാതെ വറ്റിവരളും. മീനച്ചിലാറിന്‍്റെ വൃഷ്ടിപ്രദേശമായ വാഗമണ്ണില്‍ പെയ്യന്ന മഴവെള്ളം ദിശമാറിപ്പോകുന്നതിനും  കാരണമാകും.

മാധവ് ഗാഗ്ഡില്‍ കമ്മിറ്റി
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നി ആറു സംസ്ഥാനങ്ങളില്‍ വപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ 2010 മാര്‍ച്ച് നാലിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ചത്. 2011 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടുവെങ്കിലും അതു പതിവു പോലെ ചുവപ്പ് നാടയില്‍ കുടുങ്ങി. ഒടുവില്‍ വിവരാവകാശ പ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിതരായത്. അതോടെ വിവിധ കോണുകളില്‍ എതിര്‍പ്പ് ഉയര്‍ന്നു. പ്രധാനമായും ഖനന ലോബിയാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെ രംഗത്ത് വന്നത്.
 നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിസ്ഥിതി സൗഹൃദമായ വികസനം പ്രോല്‍സാഹിപ്പിക്കണമെന്നും അശാസ്ത്രീയ സമീപനം അവസാനിപ്പിക്കണൂമെന്നുമാണ് റിപ്പോര്‍ട്ടിന്‍്റെ പൊതുസ്വഭാവം. എന്നാല്‍, റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഇ.എസ്.എ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇ.എഫ്.എല്‍എന്നതാണ് ഇ.എസ്.എയെന്ന തെറ്റിദ്ധാരണയുടെ പേരില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയില്‍ നിന്നും  എതിര്‍പ്പ് ഉയര്‍ന്നു. അതു രാഷ്ട്രിയ കക്ഷികള്‍ ഏറ്റെടുക്കുകയായിരുന്നു. ആളുകളെ കുടിയൊഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. ഈ ബഹളത്തിനിടെയില്‍ വസ്തുതകള്‍ കാണാതെ പോയി.
എ) പശ്ചിമഘട്ടത്തിന്‍്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക, ബി) പശ്ചിമഘട്ടത്തിലെ ഏതൊക്കെ പ്രദേശങ്ങള്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി സംവേദന പ്രദേശമായി (ഇ.എസ്.എ )പ്രഖ്യാപിക്കണമെന്ന് രേഖപ്പെടുത്തുക, സി) എല്ലാ താല്‍പ്പര കക്ഷികളുമായി ചര്‍ച്ച നടത്തി പശ്ചിമഘട്ടത്തിന്‍്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിര്‍ദ്ദശേങ്ങള്‍ നല്‍കുക, ഡി) ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും സഹായത്തോടെ പശ്ചിമഘട്ടത്തിന്‍്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനുമായി പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള മാതൃകകള്‍ നിര്‍ദേശിക്കുക, ഇ) കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദശേിക്കുന്നതടക്കമുള്ള, പശ്ചിമഘട്ടം നേരിടുന്ന മറ്റ¥േതാരു ഗൗരവ പരിസ്ഥിതി പ്രശ്നങ്ങളും കൈകാര്യം ചെയ്യക.
എഫ്) താഴെ പറയുന്നവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുക.
1)അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
2) ഗുണ്ടിയ ജലവൈദ്യുത പദ്ധതി
3.രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ (മഹാരാഷ്ട്ര) ഖനികള്‍, ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ പദ്ധതികള്‍, എന്നിവ തുടര്‍ന്നും വികസിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കുക എന്നിങ്ങനെയായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങള്‍.
 പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി കാണുന്നുവെന്നാണ് സമിതി വിലയിരുത്തിയത്. ഗോദാവരി, കൃഷ്ണ, നേത്രാവതി,കാവേരി, കുന്തി, വൈഗൈ എന്നി മഹാനദികളുടെയും മറ്റനേകം നദികളും പുഴകളും ഉല്‍ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ  സംസ്ഥാനങ്ങളിലെ  25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പപശചിമഘട്ടത്തെയാണ്. ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ  പശ്ചിമഘട്ടത്തിന്‍െറ ജൈവവൈവിധ്യ മൂല്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുഴുവന്‍ പശ്ചിമഘട്ടവും ഇ.എസ്.എ യായി പ്രഖ്യാപിക്കെണ്ടാതാണെങ്കിലും എല്ലാ പ്രദേശവും ഒരേ അളവില്‍ കാണാനാകില്ല. സംരക്ഷണത്തിനും വികസനത്തിനുമായി പ്രദേശങ്ങള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മനുഷ്യരെ കുടിയോഴിപ്പിക്കണമെന്നോ മനുഷ്യര്‍ പോകാത്ത പ്രദേശങ്ങള്‍ ഉണ്ടാകണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും പരസ്പരപൂരകങ്ങളായതിനാല്‍  പശ്ചിമഘട്ടത്തെ മൂന്നു മേഖലകളാക്കി തരം തിരിച്ചു.
1. അതീവ പ്രാധാന്യ മേഖല   (പരിസ്ഥിതി സംവേദന  മേഖല 1), 2. മിത പ്രാധാന്യ മേഖല (പരിസ്ഥിതി സംവേദന മേഖല  2)
3.  കുറഞ്ഞ പ്രാധാന്യ മേഖല (പരിസ്ഥിതി സംവേദന മേഖല  3) എനിങ്ങനെയാണിത്.
ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ ആകാമെന്നും ഏതൊക്കെ നിയന്ത്രിക്കപ്പെടണമെന്നും തീരുമാനിക്കാന്‍ തക്കവണ്ണം തദ്ദേശ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അഥായത് ഗ്രാമസഭകള്‍ ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന്.
എങ്ങനെയാണു ഋടദ തിരിച്ചറിഞ്ഞത്?
മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച് ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച് ഓരോ ചതുരത്തിനും ഒന്ന് മുതല്‍ 10 വരെ മാര്‍ക്ക് നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. മൂന്നു മാര്‍ക്കില്‍ കുറവ് ലഭിച്ച ചതുരങ്ങള്‍ ഋടദ 3 ആയും മൂന്ന്  മുതല്‍അഞ്ചു  വരെ മാര്‍ക്ക് ലഭിച്ചവ ഋടദ രണ്ടു  ആയും അഞ്ചിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവ ഋടദ ഒന്നായും തെരഞ്ഞെടുത്തു. കേരളത്തിലെ 15 താലൂക്കുകള്‍  ഋടദ ഒന്നിലും  രണ്ടു താലൂക്കുകള്‍ ഋടദ രണ്ടിലും എട്ടു താലൂക്കുകള്‍ ഋടദ മൂന്നിലും ഉള്‍പ്പെട്ടു.
ഏതെങ്കിലും താലൂക്ക് ഇ.എസ്.എ മേഖലയാണെന്ന് പറഞ്ഞാല്‍ ആ താലൂക്ക് മുഴുവന്‍ ഉള്‍പ്പെടില്ളെന്നും പരിസ്ഥിതി സംവേദന മേഖലയായി സംരക്ഷണം അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ആ താലൂക്കിലുണ്ട് എന്ന് മാത്രമാണ് അതിനര്‍ത്ഥമെന്നും സമിതി വ്യക്തമാക്കിയിരുന്നു. അതെവിടെയാണെന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തുകളാണ്. അതും ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം. പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍  ഇപ്പോള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പുനപ്പരിശോധിക്കാവുന്നതാണ്. 25 താലൂക്കുകളിലായി ആകെ 18 പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്.
പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പശ്ചിമഘട്ടത്തിന്‍്റെ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍്റെ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കൊണ്ടുവരുന്നതിനുള്ള മാതൃക നിര്‍ദ്ദേശിക്കുക എന്നതും സമിതിയുടെ ചുമതലയായിരുന്നു.
പശ്ചിമഘട്ട പരിസ്ഥിതി സമിതി
 റിട്ട. സുപ്രീം കോടതി ജഡ്ജി അല്ളെങ്കില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ചെയര്‍മാനും 33 അംഗങ്ങളും അടങ്ങുന്ന സമിതിയെയാണ് നിര്‍ദ്ദേശിച്ചത്. വനം, ഹൈഡ്രോളജി, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി, സാമൂഹികശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിന്നും വിദഗ്ധര്‍, ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ (ഓരോ സംസ്ഥാനത്ത് നിന്നും മൂന്നു വര്‍ഷം വീതം മാറി)  ഓരോ സംസ്ഥാനത്ത് നിന്നും സന്നദ്ധ സംഘടനകളുടെ പ്രതിനിധി എന്നിവരും അംഗങ്ങളാകും.
റിട്ട.  ജഡ്ജി അല്ലങ്കെില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ചെയര്‍മാനായി 10 അംഗങ്ങള്‍ അടങ്ങുന്ന സംസ്ഥാനതല സമിതിയെും നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി ജില്ലാതല പരിസ്ഥിതി സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല,  ടൂറിസ്റ്റ് സ്ഥലങ്ങളിലെ വ്യാപാര  സ്ഥാപനങ്ങളില്‍ നിന്നടക്കം മൂന്നു വര്‍ഷം  കൊണ്ട്, ഘട്ടം ഘട്ടമായി പ്ളാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക, പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്റ്റേഷനുകളും അനുവദിക്കരുത്,  പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ മേഖലക്ക് നല്‍കരുത്, വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്,  ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും  പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്‍്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം പുതിയ വ്യവസായങ്ങള്‍, പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്‍്റെയും മാലിന്യ സംസ്കരണത്തിന്‍്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദശേങ്ങള്‍ തയ്യാറാക്കണം, മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്. (മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്), പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍   പ്രോല്‍സാഹിപ്പിക്കണം, നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം,  ജല വിഭവ പരിപാലനം തദേശ  സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം, ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക തുടങ്ങിയ ശിപാര്‍ശകളാണ് നല്‍കിയത്.
രാസവള പ്രയോഗത്തില്‍  നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കതേികവുമായ എല്ലാ സഹായവും ലഭ്യമാക്കുക, കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്‍്റെ ഉല്‍്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക, രണ്ടു കന്നുകാലിയെങ്കിലുമുള്ള  കുടുംബത്തിനു ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ ആവശ്യമായ സഹായം നല്‍കുക,  തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല, (നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യക)  സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക,
സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും, സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും, സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്. സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കണം. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്്.
നിര്‍മ്മാണഘട്ടത്തില്‍ നിശ്ചയിക്കപ്പെട്ട കാലാവധി പിന്നിട്ട  താപനിലയങ്ങളും ഡാമുകളും  ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകളും  ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യന്‍ ശുപാര്‍ശ ചെയ്യന്നു.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക, വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക,  ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവയുടെ പ്രവര്‍ത്തനം  2016 ഓടെ അവസാനിപ്പിക്കണം.
പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യന്ന കര്‍ഷകര്‍,  പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍, നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍,  കാവുകള്‍ സംരക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക്്  “സംരക്ഷണ സേവന വേതനം’ നലകണമെന്നും നിര്‍ദേശിച്ചിരുന്നു. അതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും നിര്‍ദേശിച്ചു.

കസ്തുരി രംഗന്‍ കമ്മിറ്റി
ഡോ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ കേരളത്തില്‍ നിന്നാണ് കടുത്ത എതിര്‍പ്പ് ഉയര്‍ന്നത്. മലയോര മേഖലയിലെ സാമുദായിക സംഘടനകള്‍ക്കൊപ്പം രാഷ്ട്രിയ പാര്‍ട്ടികളും രംഗത്ത് വന്നതോടെ റിപ്പോര്‍ട്ടിന് എതിരെ സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചു.  2012 ഡിസംബര്‍ 12ന് കേരള നിയമസഭ മാധവ്ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെ പ്രമേയവും പാസാക്കി. ഇതിന്‍െറ തുടര്‍ച്ചയായാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യറാക്കാന്‍ ദേശിയ ആസൂത്രണ കമ്മീഷനാംഗം ഡോ. കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ സമിതിയെ 2012 ആഗസ്ത് 17ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ഒരു റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയമിച്ചത് തന്നെ ആദ്യ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു.
ഡോ.കസ്തുരി രംഗന്‍ കമ്മിറ്റി പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയത്. തിരുവനന്തപരുത്ത് എത്തിയ സമിതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുമായും രാഷ്ട്രിയ കഷികളുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ്,ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രിയ കക്ഷികള്‍ എതിര്‍ക്കാനുള്ള കാരണങ്ങള്‍ പുറത്ത് വന്നത്. കേരളത്തില്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്ക് വന്‍തോതില്‍ കരിങ്കല്ലും മണലും ആവശ്യമുണ്ടെന്നും അവ പശ്ചിമഘട്ടത്തില്‍ മാത്രമാണ് ലഭ്യമെന്നുമാണ് ചില രാഷ്ട്രിയ കക്ഷികള്‍ ചൂണ്ടിക്കാട്ടിയത്. ഖനന നിരോധനമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കാരണമെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പുറമെ, പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍  കേരളത്തില്‍നിലവിലുള്ള നിയമങ്ങള്‍ മതിയെന്നും പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ അതു പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ബി.ജെ.പി മാത്രവും. ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ച കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിന്‍െറ കേരള ഘടകവും റിപ്പോര്‍ട്ടിനെ തള്ളി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍െറ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഇടുക്കി എം.പി. പി.ടി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതും ഇതിനൊപ്പം വായിക്കാം.
പരിസ്ഥിതി സംവേദന പ്രദേശം, അതീവ പരിസ്ഥിതി സംവേദന പ്രദേശം എന്നി നിലകളില്‍ പശ്ചിമഘട്ടത്തെ വേര്‍തിരിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശം അംഗീകരിക്കാനാവില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.  ആശുപത്രികളെ ചുവപ്പ് വ്യവസായങ്ങളുടെ പട്ടികയില്‍പ്പെടുത്തിയതിനെയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തു. ജലവൈദ്യൂതി പദ്ധതികള്‍, അണക്കെട്ടുകള്‍ തുടങ്ങിയ കാര്യങ്ങളിലും എതിര്‍പ്പ് അറിയിച്ചിരുന്നു. ക്വാറികള്‍ക്കും മണല്‍ ഖനനനത്തിനും അനുമതി നല്‍കുന്നത് സുപ്രിം കോടതി മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചായിരിക്കുമെന്നും അഞ്ച് ഏക്കറില്‍ താഴെയുള്ള ചെറുകിട വ്യവസായ യൂണിറ്റുകളാണ് ഇവയെന്നുമാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
പശ്ചിമഘട്ടത്തെ മൂന്നു സോണുകളാക്കി തിരിച്ച മാവധ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും വിത്യസ്തമായി  രണ്ടു ഭൂപ്രദേശങ്ങളായാണ് കസ്തുരിരംഗന്‍ കമ്മിറ്റി കണ്ടത്.60ശതമാനം മനുഷ്യവാസമുള്ള പ്രദേശങ്ങള്‍,കൃഷിത്തോട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാംസ്കാരിക ഭൂപ്രദേശമായും ബാക്കിയുള്ളവയെ പ്രകൃതിപരമായ അഥവാ നാച്ചുറല്‍ ഭൂപ്രദേശമായും വേര്‍തിരിച്ചു. സംരക്ഷിത വനമേഖല, ലോകപൈതൃക പ്രദേശം, വന്യജീവി ഇടനാഴികള്‍ എന്നിവ രണ്ടാമത് പട്ടികയില്‍ വരുന്നു. പരിസ്ഥിതി സംവേദന പ്രദേശമായി (ഇ.എസ്.എ) ഈ മേഖലയെ വിജ്ഞാപനം ചെയ്യണമെന്നാണ് കസ്തുരി രംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തതു.
പരിസ്ഥിതിയെ നശിപ്പിക്കുന്നതും പാരിസ്ഥിതികമായി വലിയ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്നും പരിസ്ഥിതി സൗഹാര്‍ദ വികസനം പ്രോല്‍സാഹിപ്പിക്കണമെന്നുമായിരുന്നും അഭിപ്രായം. കാപ്പി,ഏലം എന്നിവ കൃഷി ചെയ്യുന്ന ഇടുക്കിയിലും വയനാടിലും മനുഷ്യരും പ്രകൃതിയും തമ്മില്‍ “സൗഹാര്‍ദ്ദം’വേണമെന്നും നിര്‍ദ്ദേശിച്ചു. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പാക്കാനും ആവശ്യമായ പിന്തുണയും മേല്‍നോട്ടവും വഹിക്കാന്‍ കേന്ദ്രം ആരംഭിക്കണമെന്നായിരുന്നു മറ്റൊരു നിറദ്ദേശം.
കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഫലമായി പശ്ചിമഘട്ട മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന താപമേഖലകള്‍,മഴയുടെ ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആവാസവ്യവസ്ഥയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈര്‍പ്പം കൂടിയ പ്രദേശങ്ങള്‍ കുറയുകയും വരള്‍ച്ചയുടെ ഫലമായി ആവസാസവ്യവസ്ഥിയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. താപനിലയിലുണ്ടാകുന്ന മാറ്റം, മഴയിലുകുന്ന കുറവ്, മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തണം. വൃക്ഷവിളകളും സസ്യയിനങ്ങളും സംയുക്തമായി കൃഷി ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കുക, അധിക താപത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കുന്ന സസ്യയിനങ്ങള്‍ നട്ടുവളര്‍ത്തുക, പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ കാട്ടുതി സംബന്ധിച്ച്മുന്നറിയിപ്പ്  നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ നിര്‍ദ്ദേശങ്ങളുടെ പട്ടികയിലുണ്ട്.

പരിസ്ഥിതിസംവേദന പ്രദേശം അഥവാ ഇ.എസ്.എ
മലയോര മേഖലയില്‍ ഏറെ തെറ്റിദ്ധാരണ പരത്തിയതാണ് ഇ.എസ്.എ. ഡോ.മാധവ്ഗാഡ്ഗില്‍ കമ്മിറ്റിയും തുടര്‍ന്ന്  നിയമിക്കപ്പെട്ട ഡോ.കസ്തുരി രംഗന്‍ കമ്മിറ്റിയും  നിര്‍ദ്ദേശിക്കപ്പെട്ട പരിസ്ഥിതി സംവേദന മേഖലക്കെതിരെയായിരുന്നു സമരം. ഇ.എസ്.എയായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്ത് മാത്രമാണ് നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നത്. ഇ.എസ്.എക്ക് പൊതുവില്‍ സ്വീകാര്യമായ നിര്‍വനമില്ളെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞത്. പ്രകൃതിദത്തമായ, പരിസ്ഥിതിക്ക് വളരെ എപ്പം നശിപ്പിക്കാന്‍ കഴിയുന്ന പരിസ്ഥിതി ഘടകങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നൊരു നിര്‍വചനമുണ്ടെങ്കിലും അതു സ്വീകരിക്കുന്നില്ളെന്നും ഗാഡ്ഗില്‍ കമ്മിറ്റി വിലയിരുത്തി.
പരിസ്ഥിതി സംവേദന പ്രദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ കര്‍ഷകരെ കുടിയിറക്കുമെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് വേണം കരുതാന്‍.  പല വന്യജീവി സങ്കതത്തേിനകത്തും മറയൂരിലെ ചന്ദന റിസര്‍വിനകത്തും  കര്‍ഷകരും അവരുടെ കൃഷിയും യാതൊരു തടസവുമില്ലാതെ തുടരുമ്പോള്‍  വനം-വന്യജീവി വകുപ്പിന് യാതൊരു പങ്കാളിത്തവുമില്ലാത്ത പരിസ്ഥിതി സംവേദന പ്രദേശങ്ങളിലുള്ളവരെ കുറിയിറക്കുമെന്ന് പറയുന്നതിലെ പൊരുത്തക്കേട് ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇ.എസ്.എയായി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒരിടത്തും കുടിയിറക്കുണ്ടായിട്ടില്ല.
പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി  സംസ്ഥാന സര്‍ക്കാര്‍ കൊണ്ട്വന്ന വന നിയമത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ എഫ് എല്‍) എന്നതിന് തുല്യമാണ് ഇ.എസ്.എയെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമായത്.  കുടിയിറക്ക് കടന്ന് വന്നതും ഇതിലൂടെയാകാം. മുമ്പ് വനമായിരുന്ന ഒരു നിശ്ചിത പ്രദേശമാണ് ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണവുമുണ്ടാകും. എന്നാല്‍, ഇ.എസ്.എ യില്‍ വനം വകുപ്പിന് യാതൊരു പങ്കുമില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇ.എസ്.എ പ്രഖ്യാപിക്കുന്നത്. ഇന്‍ഡ്യയിലെ ആദ്യ ഇ.എസ്.എ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മുറൂദ്-ജന്‍ജിറ കടല്‍തീരമാണ്. കടലില്‍ സ്ഥിതി ചെയ്യന്ന ജന്‍ജിറ കോട്ടയുടെ കൂടി സംരക്ഷണം ലക്ഷ്യമിട്ട് 1989 ജനുവരിയിലാണ് ഇ.എസ്.എ നിലവില്‍ വന്നത്. അവിടെ കപ്പല്‍ അുറ്റകുറ്റ പണി നടത്താനുള്ള യൂണിറ്റ് സ്ഥാപിക്കുന്നത് കോട്ടക്കും തീര പ്രദേശത്തെ ടുറിസം പ്രവര്‍ത്തനത്തിനും തടസമാകുമെന്ന പരാതിയിലായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നടപടി. തുടര്‍ന്ന് 1989 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ  ദൂണ്‍വാലിയെ ഇ.എസ്.എയായി പ്രഖ്യാപിച്ചത് ക്വാറി വരുന്നത് തടയുന്നതിനാണ്.
1972ല്‍ സ്റ്റോക്ക്ഹോമില്‍  ഐക്യ രാഷ്ട്രസഭ വിളിച്ച്ചേര്‍ത്ത മനുഷ്യരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്‍െറ തീരുമാന പ്രകാരമാണ് പരിസ്ഥിതി (സംരക്ഷണ)നിയമം കൊണ്ടുവന്നതെന്ന് നിയമത്തിന്‍െറ ആമുഖത്തില്‍ പറയുന്നു.ജലം, വായു, ഭൂമി, മനുഷ്യരുടെ നിലനില്‍പ്, മറ്റ് ജീവജാലകങ്ങള്‍, സസ്യം തുടങ്ങിയവയാണ് പരിസ്ഥിതിയെന്നും നിയമത്തില്‍ പറയുന്നു. വനവും വന്യജീവികളുമായും വനം വകുപ്പുമായും പരിസ്ഥിതി (സംരക്ഷണ)നിയമത്തിനും ഇ.എസ്.എക്കും  ബന്ധമില്ല. വന്‍തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, ഖനനം, ഭൂമിയുടെ ഘടന മാറ്റുന്നത്, മരങ്ങള്‍ മുറിക്കുന്നത് എന്നിവയാണ് ഇ.എസ്.എ പ്രകാരം തടയുന്നത്.

ഇ.എസ്.എയിലെ നിയന്ത്രണങ്ങള്‍
ഡോ.മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയില്‍ നിന്നും വിത്യസ്ഥമായി വില്ളേജിനെയാണ് ഇ.എസ്.എയുടെ അടിസ്ഥാന യൂണിറ്റായി കസ്തുരിരംഗന്‍ കമ്മിറ്റി കണ്ടത്. സംസ്ഥാനത്തെ 123 വില്ളേജുകളെ ഇ.എസ്.എയായി പ്രഖ്യാപിച്ചു. ഒരു വില്ളേജിലെ 20 ശതമാനം പ്രദേശമെങ്കിലും പരിസ്ഥിതി സംവേദനമായി കണ്ടാല്‍ ആ വില്ളേജിനെ ഇ.എസഎ.എയായി പ്രഖ്യാപിക്കുകയായിരുന്നു. 123 വില്ളേജുകളില്‍  47 ഉം ഇടുക്കി ജില്ലയിലാണ്.  ഉടുമ്പഞ്ചോല താലൂക്കിലെ-23, ദേവികുളം താലൂക്കിലെ-12, പീരുമേടിലെ എട്ട്, തൊടുപുഴയിലെ നാല് എന്നിങ്ങനെയാണ് ഇടുക്കിയിലെ ഇ.എസ്.എ വില്ളേജുകള്‍. കണ്ണുരില്‍ തലശേരി താലൂക്കിലെ മൂന്നും കൊല്ലത്ത് പത്തനാപുരം താലൂക്കിലെ എട്ടും കോട്ടയത്ത് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒന്നും മീനച്ചിലിലെ മൂന്നും വില്ളേജുകള്‍ പട്ടികയിലുണ്ട്. കോതമംഗലം താലൂക്കില്‍ -ഒന്ന്, കോഴിക്കോട്-അഞ്ച്, കൊയിലാണ്ടി-രണ്ടു, വടകര-രണ്ടു, -നിലമ്പുര്‍-പത്ത്, പാലക്കാട്-മൂന്ന്ആലത്തുര്‍-ഒന്ന്, ചിറ്റുര്‍-മൂന്ന്, മണ്ണാര്‍ക്കാട്-ഏഴ്, , കോഴഞ്ചേരി-രണ്ട്, റാന്നി-നാല്, നെടുമങ്ങാട്-നാല്,നെയ്യാറ്റിന്‍കര-മൂന്ന്, മുകുന്ദപുരം-ഒന്ന്, മാനന്തവാടി-നാല്,സുല്‍ത്താന്‍ബത്തേരി-രണ്ട്, വൈത്തിരി-ഏഴ്.
പശ്ചിമഘട്ടത്തിന്‍െറ ആകെ വിസ്തൃയുടെ 37ശതമാനം മാത്രമാണ് പരിസ്ഥിതി സംവേദന പ്രദേശമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തിന്‍െറ പശ്ചിമഘട്ട താലൂക്ക് വിസ്തൃതിയുടെ 57.9ശതമാനം മാത്രമാണ് പട്ടികയിലുള്‍പ്പെടുത്തിയത്.
ഇ.എസ്.എയില്‍ ഖനനം, പാറ ഖനനം, മണല്‍ വാരല്‍ എന്നിവ നിരോധിക്കുകയും ഇപ്പോഴുള്ളവ അഞ്ചു വര്‍ഷത്തിനകമോ പാട്ടകരാര്‍ അവസാനിക്കുന്നത് അനുസരിച്ചോ നിര്‍ത്തലാക്കുകയും വേണമെന്ന ശിപാര്‍ശയാണ് യഥാര്‍ഥത്തില്‍ റിപ്പോര്‍ട്ടുകള്‍ക്ക് വെല്ലുവിളിയായി പ്രക്ഷോഭത്തിന് കാരണമായത്. ചുവപ്പ് കാറ്റഗറിയില്‍പ്പെട്ട വ്യവസായങ്ങള്‍ നിരോധിക്കണം. എന്നാല്‍, ഭക്ഷ്യ, ഫല സംസ്കരണ വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കണം. 20,000 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുത്. പുതിയ ടൗണ്‍ഷിപ്പുകളും പ്രദേശ വികസന പദ്ധതികളും നിരോധിക്കണം. ഇതനുസരിച്ച് ഇടുക്കിയിലെ അണക്കരയില്‍ വിമാനത്താവളം നിര്‍മ്മിക്കാനാകില്ല.
ഇ.എസ്.എ പ്രദേശങ്ങളില്‍ നിരോധന നിയന്ത്രണ സംവിധാനത്തിന ്രൂപം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതി ആഘാത പഠന ഏജന്‍സിയുടെ സുക്ഷ്മപരിശോധനക്ക് ശേഷമായിരിക്കണം ഇ.എസ്.എ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. താപ വൈദ്യുതി നിലയങ്ങള്‍ക്ക് അനുമതി നല്‍കരുത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതിയാകാം. ഇ.എസ്.എ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പ്രാദേശിക സമൂഹത്തിന്‍െറ പങ്കാളിത്തം ഉറപ്പ് വരുത്തണം. ഇ.എസ്.എ പ്രദേശങ്ങളിലെ പദ്ധതികള്‍ക്ക് ഗ്രാമസഭയുടെ മുന്‍കൂട്ടിയുള്ള അനുമതിയും എന്‍.ഒ.സിയും നേടിയിരിക്കണം. വനാവകാശ ചട്ടവും കര്‍ശനമായി പാലിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതില്‍ ഏതാണ് കര്‍ഷര്‍ക്ക് ദോഷമാകുന്നത്?
എന്നാല്‍, കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരെ ഇടുക്കിയിലും വയനാടിലും കോഴിക്കോടും ഒരു വിഭാഗം സമരവുമായി തെരുവിലറങ്ങി.വിശ്വാസികളെ അണിനിരത്തിയാണ് സമരം നടന്നത്. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടു ഭരണമുന്നണിയും പ്രതിപക്ഷവും ഒരു പോലെ ഉണര്‍ന്നു.അവര്‍ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഏക ജനപ്രതിനിധി കോണ്‍ഗ്രസിലെ ഇടുക്കി എം.പി.പി.ടി.തോമസിന് എതിരെ കോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി രംഗത്തു വന്നപ്പോള്‍ സംരക്ഷിക്കാന്‍ പരിസ്ഥിതിവാദികളായ രാഷ്ട്രിയക്കാരും ഉണ്ടായിരുന്നില്ളെന്നത് ശ്രദ്ധേയം. ഡോ.കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരെയും കേരള നിയമസഭ പ്രമേയം പാസാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുളള ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് ഇ.എസ്.എ നിര്‍ണ്ണയിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, കര്‍ഷക വിരുദ്ധനിര്‍ദ്ദശേങ്ങള്‍ ഉപേക്ഷിക്കണമെന്നും, സഭയുടെ പൊതുവികാരം മാനിച്ച് സംസ്ഥാനഗവണ്മെന്‍റ് സമര്‍പ്പിക്കുന്ന നിര്‍ദ്ദശേങ്ങള്‍ പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനം കൈക്കോളളാവൂ എന്നും ഈ സഭ കേന്ദ്രഗവണ്മെന്‍്റിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു 2014 ജനുവരി 30ന് പാസാക്കിയ പ്രമേയം.


ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി

ഡോ.മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയെ തിരുത്താന്‍ നിയോഗിച്ച ഡോ.കസ്തീരി രംഗന്‍ കമ്മിറ്റിയും  ആകെ ചര്‍ച്ച ചെയ്യപ്പെട്ടത് ഇ.എസ്.എ മാത്രമാണ്. റിപ്പോര്‍ട്ടിലെ മറ്റൊരു ശിപാര്‍ശകളും സര്‍ക്കാര്‍ പോലും സര്‍ക്കാരും ഗൗരവത്തിലെടുത്തില്ല. കര്‍ഷകരുടെ പേരില്‍ ആള്‍ക്കൂട്ടം ഇ.എസ്.എക്ക് എതിരെ രംഗത്ത് വന്നപ്പോള്‍ സര്‍ക്കാരും ആ വികാരത്തിനൊപ്പം ചേര്‍ന്നു. അതിന്‍െറ ഫലമാണ് ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ നിയമനം. ഗാഡ്ഗില്‍ കമ്മിറ്റി താലൂക്കാടിസ്ഥാനത്തില്‍ ഇ.എസ്.എ ശിപാര്‍ശ ചെയ്തപ്പോള്‍ കസ്തുരി രംഗന്‍ കമ്മിറ്റി വില്ളേജിനെയാണ് അടിസ്ഥാന യൂണിറ്റാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ കമ്മിറ്റി അതാത് സര്‍വേ നമ്പരുകളില്‍ ഇ.എസ്.എയെ തളച്ചിട്ടു.
കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ 2013 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗമാണ് ഇ.എസ്.എ അതിര്‍ത്തികള്‍ പുന:പരിശോധിക്കാന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനമെടുത്തത്. കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ഡോ.വി.എന്‍.രാജശേഖരന്‍ പിള്ള, റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സിറിയക് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. എന്നാല്‍, തുടക്കത്തിലെ ഇ.എഫ്.എല്‍ റദ്ദാക്കണമെന്ന ആവശ്യമാണ് സമിതിയില്‍ നിന്നുണ്ടായത്. ഇ.എസ്.എക്കായി ഹരിത മേഖല കണ്ടത്തൊന്‍ കസ്തുരി രംഗന്‍ കമിറ്റി റിമോട്ട് സെന്‍സിങ് സാങ്കേിത വിദ്യ പ്രയോജനപ്പെടുത്തി, ശൂന്യാകാശ വകുപ്പ്, ബയോടെക്നോളജി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും വിവരം ശേഖരിച്ചതിലുടെ റബ്ബറും ഏലക്കാടുകളും വനത്തിന്‍െറ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നും പറഞ്ഞു തുടങ്ങിയതോടെ സര്‍ക്കാര്‍ അജണ്ടയാണ് ഉമ്മന്‍ കമ്മിറ്റിയിലുടെ പുറത്തു വരുന്നതെന്ന ആക്ഷേപം പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുണ്ടായത് സ്വഭാവികം.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രണ്ടു കമിറ്റികളും ഇ.എസ്.എയായി കണ്ടത്തെിയ പ്രദേശങ്ങളില്‍ ഫീല്‍ഡ് സര്‍വേ നടത്തി ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും വനവും തോട്ടങ്ങളും വേര്‍തിരിക്കണമെന്ന ശിപാര്‍ശയാണ് പ്രധാനമായും ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. അതായത് വനം മാത്രമായി ഇ.എസ്.എ നിജപ്പെടുത്തണമെന്ന്. പട്ടികയില്‍ ഉള്‍പ്പെടാത്ത പശ്ചിമട്ടത്തിലെ മറ്റു പ്രദേശങ്ങളിലെ വനഭൂമിയും പുല്‍മേടുകളും പാറക്കെട്ടുകളും കാവുകളും കണ്ടത്തെി അവ സംരക്ഷിക്കണമെന്നും പശ്ചിമഘട്ട മേഖലയില്‍ 500 മീറ്ററിന് മേല്‍ ഉയരുമുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ ഉയരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും എട്ടു മീറ്ററായി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഇ.എഫ്.എല്‍ നിയമം റദ്ദാക്കണം, സ്വകാര്യ ഭൂമിയലുളള മരങ്ങള്‍ മുറിക്കുന്നതിന് അനുവദം ആവശ്യമില്ല, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണ സേവന വേതനം നല്‍കണം, വനമായി സംരക്ഷിക്കേണ്ട പ്രദേശത്തിനകത്തെ ഖനനം നിരോധിക്കണം, അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കണം, അശസാസ്ത്രിയവും അനിയന്ത്രിതവുമായ കുഴല്‍ കിണര്‍ നിര്‍മ്മാണം തടയണം, യൂക്കാലി, അക്കേഷ്യ, തേക്ക് തുടങ്ങിയ ഏകവിള കൃഷികള്‍ നിരോധിക്കണം, സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതിന് നിരോധനം പാടില്ല, 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമിയുടെ കൈവശമുള്ളവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും പട്ടയം നല്‍കണം തുടങ്ങിയ ശിപാര്‍ശകളാണ് സമര്‍പ്പിച്ചതെങ്കിലും ഇ.എസ്.എയും ഇ.എഫ്.എല്ലുമായി ബന്ധപ്പെട്ടവ മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചത്.
ഡോ.ഉമ്മന്‍ കമ്മിറ്റി തെളിവെടുപ്പ് നടത്തുമ്പോള്‍ തന്നെയാണ് കേന്ര വനം-പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ.കസ്തുരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗികരിച്ച് 2013നവംബര്‍ 16ന് ഓഫീസ് മെമോറാണ്ടം പുറപ്പെടുവിച്ചത്. ഹരിത ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ഓഫീസ് മെമോറാണ്ടം പുറത്തിറങ്ങിയത്.  പക്ഷെ ആ ഉത്തരുവകളും കേരളത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കരടു വിഞ്ജാപനം പുറപ്പെടുവിച്ചപ്പോള്‍ കേരളത്തെ സംബന്ധിച്ച ഭാഗം ഒഴിവാക്കിയിരുന്നുവെന്ന് കാണുമ്പോഴാണ് ഇതിലെ രാഷ്ട്രിയ സ്വാധീനം എത്രയെന്ന് വ്യക്തമാകുക. കേരളത്തിലെ ഇ.എസ്.എ പ്രദേശങ്ങള്‍ സംസ്ഥാന ജൈവവൈവധ്യ ബോര്‍ഡിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കുമെന്ന് കരടു വിഞ്ജാപനത്തില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്തുതല സമിതികളുടെ ശിപാര്‍ശ പ്രകാരം പ്രാദേശിക തലത്തില്‍ ഇ.എസ്.എയുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ച് പരസ്യപ്പെടുത്തിയത്. ഇടുക്കിയിലെ മതികെട്ടാന്‍ വന്യ ജീവി സങ്കേതം പൂര്‍ണമായും ഇ.എസ്.എക്ക് പുറത്തയാതടക്കം പലയിടത്തും പ്രതിഫലിച്ചത് പ്രാദേശിക താല്‍പര്യമായിരുന്നു.  റബ്ബറും ഏലവും തേയിലയും അടക്കമുള്ള തോട്ടങ്ങള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെട്ടുവെന്ന പരാതിയും ഉയര്‍ന്നു. ഇ.എസ്.എ പട്ടികയുടെ പുന:പരിശോധനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.

ഇ.എസ്.എയുടെ വിസ്തൃതി കുറയുന്നു

കൃഷി ഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇ.എസ്.എയില്‍ നിന്നും ഒഴിവാക്കണമെന്ന ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് ഈ ചുമല ഏല്‍പ്പിച്ചത് കേരള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തെയാണ്. പഞ്ചായത്തു തലത്തില്‍ പഞ്ചായത്തു പ്രസിഡന്‍റ് അദ്ധ്യക്ഷനായും കൃഷി ഓഫീസര്‍, വില്ളേജാഫീസര്‍, വനംവകുപ്പിലെ റെയ്ഞ്ച് ആഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഇ.എസ്.എ മേഖലയുടെ അതിര്‍ത്തികള്‍ പുന:ക്രമികരിച്ചപ്പോഴാണ് മതികെട്ടാന്‍ വന്യജീവി സങ്കേതമടക്കം ജൈവവൈവധി്യ മേഖലകള്‍ ഇ.എസ്.എക്ക് എ പുറത്തായത്. കേരള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രം തയ്യറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇ.എസ്.എ മേഖല 9659.03 ചതുരുശ്ര കിലോമീറ്ററായി കുറഞ്ഞിരുന്നു. കസ്തുരി രംഗന്‍ കമ്മിറ്റി സംസ്ഥാനത്തെ 123 വില്ളേജുകളിലെ 13108 ചതുരശ്ര കിലോമീറ്റാണ് ഇ.എസ്.എയായി നിശ്ചയിച്ചത്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതു 12906.88 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇതില്‍ നിന്നാണ് 3247.85 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കപ്പെട്ടത്. ഇ.എസ്.എയായി പ്രഖ്യാപിച്ചതില്‍ 7547.90 ചതുരശ്ര കിലോമീറ്റര്‍ വനവും 880.21 ചതുശ്ര കിലോമീറ്റര്‍ വനം പ്ളാന്‍െറഷനും 306.60 ചതുരശ്ര കിലോമീറ്റര്‍ ജലസംഭരണിയുമാണ്. അഞ്ചു ദേശിയ ഉദ്യാനങ്ങള്‍, 17 വന്യജീവി സങ്കേതങ്ങള്‍, ഒരു കമ്മ്യുണിറ്റി റിസര്‍വ് എന്നിവയുടെ വിസ്തൃതി മാത്രം 3213.24 ചതുരശ്ര കിലോമീറ്ററാണ്. 2008ലെ കണക്കനുസരിച്ച് കേരളത്തിലെ വന മേഖലയുടെ വിസ്തൃതി 9400 ചതുരശ്ര കിലോമീറ്ററാണെന്നിരിക്കെയാണ് പശ്ചിമഘട്ടത്തിലെ 9659.03 ചതുരശ്ര കിലോമീറ്ററിനെ ഇ.എസ്.എയായി നിര്‍ദ്ദേശിച്ചത്.
എന്നാല്‍, ഈ വിസ്തൃതി വീണ്ടും കറുഞ്ഞു. വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കപ്പെട്ട ഇ.എസ്.എ മാപ്പിനെതിരെ പരാതികള്‍ വന്നതോടെയാണ് വീണ്ടും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചത്. റബ്ബര്‍, ഏലം, തേയില തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതോടെ ഇ.എസ്.എയുടെ വിസ്തൃതി വീണ്ടും കുറഞ്ഞു. അതിന് ശേഷമാണ് കഡ്സട്രല്‍ മാപ്പുപയോഗിച്ച് ഇ.എസ്.എ അതിര്‍ത്തികള്‍ നിശ്ചയിച്ചത്. ഇതും ഒരുതരത്തിലുള്ള ശാസ്ത്രിയ പഠനങ്ങളും കൂടാതെ പഞ്ചായത്തു പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചതനുസരിച്ച് കഡസ്ട്രല്‍ ഭൂപടത്തില്‍ വനം, ജനവാസ കേന്ദ്രം കൃഷി ഭൂമി, തോട്ടങ്ങള്‍, നദി, ജലസംഭരണി എന്നിങ്ങനെ അടയാളപ്പെടുത്തുകയായിരുന്നു. പ്രാദേശിക രാഷ്ട്രിയ താല്‍പര്യമാണ് ഇതിലും പ്രകടമായതെന്ന് ഭൂപടങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും.
ഫലത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരിന്‍െറ പഠന റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുകയായിരുന്നു കേരളം.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് മലയോര കര്‍ഷകര്‍ക്കുള്ള എതിര്‍പ്പ് ചൂഷണം ചെയ്യുന്നതില്‍ ആരൊക്കെയോ വിജയിച്ചിരിക്കുന്നു. ഇത്തവണയും പട്ടയമെന്ന തുറപ്പ് ശീട്ടു തന്നെയാണ് പുറത്തെടുത്തത്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്കും ഏലമിതര കൃഷിക്കായി ഏലമലക്കാടുകളിലെ (സി.എച്ച്.ആര്‍) ഭൂമി പരിവര്‍ത്തനം ചെയ്തവര്‍ക്കും പട്ടയം നല്‍കാന്‍ 1977ലെ എ.കെ.ആണ്‍റനി സര്‍ക്കാര്‍ തീുരമാനിച്ചതാണെങ്കിലും ഇതിന് തടസമായത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും പരിസ്ഥിതി നിയമവുമാണ്. ഒടുവില്‍ 1992ല്‍ 285888 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെങ്കിലും പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹരജികളെ തുടര്‍ന്ന് പട്ടയം വൈകി ഇപ്പോഴും പട്ടയം ലഭിക്കാത്തവര്‍ ആയിരങ്ങളാണ്. സ്വഭാവികമായി പരിസ്ഥിതി നിയമമെന്ന് കേട്ടാല്‍ മലയോര കര്‍ഷകര്‍ ഭീതിയിലാകും.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഇ.എസ്.എ മാനദണ്ഡ പ്രകാരം ഏലമലക്കാടുകളുടെ നിയന്ത്രണം ഇല്ലാതാകുകയാണ്. സി.എച്ച്.ആര്‍ നിയമ പ്രകാരം ഭൂമിയുടെ അവകാശം റവന്യുവിനും അതിലെ വൃക്ഷങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്. എന്നാല്‍, ഏലത്തോട്ടങ്ങള്‍ പൂര്‍ണമായും ഇ.എസ്.എക്കു പുറത്തായതോടെ ഇനി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പിന്‍െറ അനുമതി വേണ്ടിവരില്ളെന്ന വാദമായിരിക്കും ഉയരുക. വന്‍തോതില്‍ ടൂറിസം വല്‍ക്കരണത്തിലേക്കായിരിക്കും ഇതു വഴി തുറക്കുക. അണക്കരയിലെ വിമാനത്താവളത്തിനുള്ള തടസങ്ങളും ഇതോടെ നീങ്ങും. വനം കയ്യേറി ആദിവാസികള്‍ കൃഷി ചെയ്തും കൈവശം വെച്ചും അനുഭവിച്ച ഭൂമികൃഷി ഭൂമിയണെന്ന തരത്തില്‍ നിയമം നിര്‍മ്മാണം നടത്തിയവരാണ് മലയാളികള്‍. ആദിവാസികളുശട അന്യാധീനപ്പെട്ട ഭൂമിഏറ്റെടുക്കല്‍നിയമത്തെ മറികടക്കാനാണ് അന്ന് അങ്ങനെ ചെയ്തതു. ഇന്നിപ്പോള്‍ കിഴക്കന്‍ മലകളുടെ സംരക്ഷണം തന്നെ അട്ടിമറിച്ചു.
പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ളെന്നാണോ ജനങ്ങളുടെ അഭിപ്രായം? അല്ളെന്ന് ഉറപ്പായും  പറയാന്‍ കഴിയും. കിഴക്കന്‍ മലയുടെ വര്‍ത്തമാനകാല ചരിത്രം മനസിലാക്കുന്നവര്‍ക്കറിയാം നാടിന്‍െറ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകത. ഏലത്തോട്ടങ്ങളുടെ താലൂക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉടുമ്പഞ്ചോലയിലെ കാലാവസ്ഥക്കുണ്ടായ മാറ്റം ആ നാട്ടിലെ കൃഷിക്കാര്‍ മനസിലാക്കും.അടുത്ത കാലംവരെ ഉച്ചക്ക് പോലും തണുപ്പായിരുന്ന നെടുങ്കണ്ടത്തും ഉടുമ്പഞ്ചോലയിലും ഇപ്പോള്‍ മഴക്കാലത്തു പോലും പഴയ തണുപ്പില്ല. ഇതിന് കാരണം മറ്റൊന്നല്ല, ഏലത്തോട്ടങ്ങള്‍ ഇല്ലാതായി എന്നത് തന്നെ. 1977 ജനുവരി ഒന്നിന് മുമ്പായി 20384.59 ഹെക്ടര്‍ സ്ഥലം ഏലമിതര കൃഷിക്കായി പരിവര്‍ത്തനം ചെയ്യപ്പട്ടു.
മുമ്പ് ഏത് ഭാഗത്തേക്ക് നോക്കിയാലും വെള്ളി അരിഞ്ഞാണം പോലെ അരുവികള്‍ കാണാമായിരുന്നു.അവിടെ നിന്നും മുളയിലൂടെയും ഹോസിലൂടെയുമായിരുന്നു കര്‍ഷകര്‍  കുടിവെള്ളം കൊണ്ട് വന്നിരുന്നത്. ഇന്നിപ്പോള്‍ എത്ര അരുവികള്‍ അവശേഷിക്കുന്നുണ്ട്. ഉറവകള്‍ പോലും വറ്റി വരണ്ടു. വയനാടിന്‍െറയും ഇടുക്കിയുടെയും  കാലാവസ്ഥ മാറി, കാര്‍ഷിക വിളകളുടെ ഉല്‍പാദനം കുറഞ്ഞു. പഴയത് പോലെ കുരുമുളകും ഏലവും ഒന്നും കിട്ടുന്നില്ല. നഷ്ടപ്പെട്ട മണ്ണിന്‍െറ ജൈവാംശം തിരിച്ച് കിട്ടണമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വേണം.  അടുത്ത തലമുറക്കും അതിനടുത്ത തലമുറക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവര്‍ക്ക് വെള്ളവും ഭൂമിയും വേണമോയെന്ന് ആലോചിക്കണം. പട്ടം താണുപിള്ളയുടെ കാലഘട്ടത്തിലും ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരവും മലമ്പനിയോടും വന്യജീവികളോടും പൊരുതി  മുന്‍തലമുറ കൃഷി ഭൂമിയാക്കിയതാണ് മണ്ണ്. അത് കൃഷി ഭൂമിയായി ഇന്നത്തേത് പോലെയെങ്കിലും സംരക്ഷിക്കപ്പെടണം.






No comments:

Post a Comment