Pages

04 July 2013

നീലകുറിഞ്ഞി പൂക്കുന്നത് പൊലെയായി മൂന്നാര്‍ മേള

മൂന്നാര്‍ മേള-മൂന്നാറിന്‍െറ ദേശിയ ഉല്‍സവമായിരുന്നു. അതിന് പിന്നില്‍ ഏറെപേരുടെ അദ്ധ്വാനമുണ്ടായിരുന്നു, മാധ്യമങ്ങളുടെ പിന്തുണയും.
1970കളുടെ അവാസനം ഇടുക്കി അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പുഷ്പ ഫല സസ്യ പ്രദര്‍ശനം ജനകീയ പങ്കാളിത്തത്തോടെയുള്ള മൂന്നാര്‍ മേളയാക്കി മാറ്റുന്നതിന് ഒരു സംഘം യുവാക്കള്‍ നടത്തിയ പരിശ്രമം ഇന്നത്തെ മൂന്നാറിന് ഓര്‍മ്മയുണ്ടാകില്ല. അന്ന് ദേവികുളം സബ് കലക്ടര്‍ കെ.ജെ.അല്‍ഫോണ്‍സ് (കണ്ണന്താനം), കൊച്ചിന്‍ ബാങ്ക് മാനേജറായിരുന്ന എം.ടി.ആന്‍റണി തുടങ്ങിയവര്‍ നല്‍കിയ പിന്തുണയും അവരുടെ ഇടപ്പെടലുമാണ് 1982ല്‍ ആദ്യ മൂന്നാര്‍ മേളക്ക് തിരി തെളിയാന്‍ കാരണം. പിന്നിട് 1983ല്‍ വിപുലമായാണ് മൂന്നാര്‍ മേള നടത്തിയത്. അന്നത്തെ ആ സംഘം പലവഴിക്ക് സ്ഥലം മാറ്റപ്പെട്ടതോടെ മൂന്നാര്‍ മേളയും മുടങ്ങി.പിന്നിട് 1989ല്‍ ജെയിംസ് വര്‍ഗീസ് സബ് കലക്ടറായി എത്തിയതോടെ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ രൂപപ്പെട്ട യുവസംഘമാണ് മൂന്നാം മേളയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. അന്നത്തെ ഇടുക്കി കലക്ടര്‍ ഏലിയാസ് ജോര്‍ജ്, ഡി.എഫ്.ഒയായിരുന്ന വി.ഗോപിനാഥന്‍, മൂന്നാറിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ സി എ കുര്യന്‍, ആര്‍.കുപ്പുസ്വാമി, സുന്ദരമാണിക്യം,എം.വൈ.ഒൗസേഫ്, മര്‍ച്ചന്‍റസ് അസോസിഷേന്‍ ഭാരവാഹികളായ അന്തരിച്ച സി.കെ.കൃഷ്ണന്‍, കെ.എം.കാദര്‍കുഞ്ഞ്, ടാറ്റ ടിയിലെ അന്തരിച്ച എബ്രഹാം വര്‍ഗീസ്, ടി.ദാമു തുടങ്ങിയവരുടെ പിന്തുണ കൂടിയായതോടെ മൂന്നാറിലെ യുവസംഘം വിജയം കാണുകയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മേള നടന്നുവെങ്കിലും പിന്നിട് മുടങ്ങി. ഇപ്പോള്‍ കുറിഞ്ഞി പൂക്കുന്നത് പോലെയായി മേള.
മൂന്നാറിന്‍െറ ടുറിസം വികസനം ലക്ഷ്യമിട്ടാണ് മൂന്നാര്‍ മേള ആവിഷ്കരിച്ചത്. മൂന്നാറില്‍ ടുറിസം വന്‍ വ്യവസായവും വ്യാപാരവും ആയി മാറിയതോടെ ഇനിയെന്ത് മേള എന്നാകും ചിന്ത.

No comments:

Post a Comment