Pages

06 June 2013

പരിസ്ഥിതി ദിന ചിന്തകള്‍..........





വികസനവും പരിസ്ഥിതിയും തമ്മിലെ ഏറ്റുമുട്ടലിനും  കടുത്ത ജലക്ഷാമത്തിനുമിടെ ഒരു പരിസ്ഥിതി ദിനം കൂടി. ലോകം പരിസ്ഥിതി സൗഹാര്‍ദ വികസനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കേരളം ടുറിസത്തിലും വ്യവസായത്തിലും അധിഷ്ഠിതമായ വികസനത്തിലേക്ക് കുതിക്കുന്നത്. ഇതിന് തണ്ണീര്‍ത്തടങ്ങള്‍ പോലും നികത്തുന്നു. അതേസമയം മറുഭാഗത്ത് മഴയില്ളെന്നും വെള്ളമില്ളെന്നും പരിതപിക്കുന്നു.
പരമ്പരാഗത വ്യവയ സങ്കല്‍പങ്ങളില്‍നിന്ന് ആധുനിക വ്യവസായത്തിലേക്ക് തിരിഞ്ഞതും ഭൂമാഫിയ വേരുറുപ്പിച്ചതുമാണ് കേരളം നേരിടുന്ന പരിസ്ഥിതി. അടുത്ത കാലത്ത് ടുറിസം രംഗത്തുണ്ടായ വളര്‍ച്ചയും പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. ടുറിസം വികസിച്ചിടത്തൊക്കെ പരിസ്ഥിതി പ്രശ്നങ്ങള്‍ തലപൊക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊട്ടിയിലാണ് സമാന അവസ്ഥയുണ്ടായത്. ഊട്ടിയിലും കുന്നൂരിലും ജലക്ഷാമം രൂക്ഷമായതോടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസമെന്ന ആശയത്തിലേക്ക് വഴിമാറി. എന്നാല്‍, കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രകൃതിയെ വന്‍തോതില്‍ നശിപ്പിക്കുന്നു. മൂന്നാര്‍, വാഗമണ്‍, കുട്ടനാട്, കുമരകം, വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കലാവസ്ഥ മാറിക്കഴിഞ്ഞു. പ്രകൃതിയുമായി പൊരുത്തപ്പെടാത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഇവിടങ്ങളില്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെയാണ് സീപ്ളെയില്‍ പോലുള്ള പദ്ധതികള്‍. ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സംസ്ഥാനത്തെ കായലുകളെ വിമാനത്താവളങ്ങളാക്കുന്നെന്നാണ് ആക്ഷേപം. മല്‍സ്യബന്ധനത്തെയും പക്ഷികളുടെ വരവിനെയും സീപ്ളെയില്‍ ദോഷകരമായി ബാധിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വി.എസ്. വിജയന്‍ പറയുന്നു. പശ്ചിമഘട്ട മഴക്കാടുകളായ ഏലമലക്കാടുകള്‍ ടൂറിസം റിസോര്‍ട്ടുകളായി മാറുന്നതും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകും.
തണ്ണീര്‍ത്തടങ്ങളും പുല്‍മേടുകളും നശിപ്പിച്ചതാണ് ഇത്തവണത്തെ വരള്‍ച്ചക്കും ജലക്ഷാമത്തിനും കാരണം. അടുത്ത വര്‍ഷത്തേക്ക് മഴവെള്ളം സംഭരിച്ചിരുന്ന കുളങ്ങളും തോടുകളും ഭൂമാഫിയകള്‍ നികത്തി. തൊഴിലാളികളെ കിട്ടാനില്ളെന്നും നെല്‍കൃഷി ലാഭകരമല്ളെന്നും പറഞ്ഞ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. കൃഷിയില്ലാതായ പാടത്ത് ഉയര്‍ന്നത് റിസോര്‍ട്ടുകളും വ്യവസായ സ്ഥാപനങ്ങളും. വ്യവസായത്തിന് ഭൂമിയില്ളെന്ന കാരണം കണ്ടത്തെി നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇതോടെ നികത്തിയ നെല്‍വയലുകള്‍ കരഭൂമിയാകും. നെല്‍വയലുകള്‍ നികത്തിയാണ് ആറന്മുളയിലും അണക്കരയിലും വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഭൂഗര്‍ഭ ജലത്തിന്‍െറ അളവില്‍ 27 ശതമാനം ശോഷണം സംഭവിച്ചിരിക്കെയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ.എസ്. ഫൈസി പറഞ്ഞു.
ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനംപിടിച്ച പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രാഷ്ട്രീയം മറന്ന് കക്ഷികള്‍ രംഗത്ത് വന്നതും ബദല്‍ കമ്മിറ്റിയെ നിയോഗിച്ചതും പരിസ്ഥിതി സംരക്ഷണത്തിലെ കേരളത്തിന്‍െറ ‘താല്‍പര്യം’ വ്യക്തമാക്കുന്നു. മതസംഘടനകള്‍വരെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തു.
പശ്ചിമഘട്ട മലനിരകളിലെ ആദിവാസി സങ്കേതങ്ങളിലേക്ക് വികസനത്തിന്‍െറ പേരില്‍ റോഡും വാഹനങ്ങളും എത്തിക്കാന്‍ കൂട്ടുപിടിച്ചത് വനാവകാശ നിയമത്തെയാണെന്നത് ശ്രദ്ധേയം. ആദിവാസി സങ്കേതങ്ങളില്‍ റോഡും കെട്ടിടങ്ങളും നിര്‍മിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കില്ളെന്ന് വന്നതോടെയാണ് വനാവകാശനിയമത്തെ മറയാക്കിയത്. ആദിവാസികള്‍ക്ക് വേണ്ടിയെന്ന കാരണം കണ്ടത്തെിയാണ് നിര്‍മാണാവശ്യങ്ങള്‍ക്ക് വനഭൂമി ഉപയോഗപ്പെടുത്തുന്നത്. അട്ടപ്പാടി മാതൃകയില്‍ മറ്റ് ആദിവാസി സങ്കേതങ്ങളിലും വനം നശിപ്പിക്കാന്‍ ഇത് കാരണമാകും.
സംസ്ഥാനത്തെ നദികളും വന്‍തോതില്‍ മലിനമാകുന്നു. പെരിയാറിന്‍െറ തീരത്തെ ഏലൂര്‍ വ്യവസായ മേഖലയില്‍നിന്നായിരുന്നു ആദ്യകാലത്ത് വ്യവസായ മലീനകരണം സംബന്ധിച്ച പരാതിയെങ്കില്‍ ഇപ്പോള്‍ സംസ്ഥാനമാകെ വ്യാപിച്ചു. നീറ്റാ ജലാറ്റില്‍ കമ്പനിയില്‍നിന്നുള്ള മാലിന്യം ഒഴുക്കിയതിനെതുടര്‍ന്ന് ചാലക്കുടി പുഴയിലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയത് രണ്ട് നാള്‍ മുമ്പാണ്. കിലോമീറ്ററുകള്‍ ദൂരത്തില്‍ മല്‍സ്യങ്ങള്‍ പുഴയില്‍ പൊങ്ങികിടന്നു. പുഴയെ ആശ്രയിക്കുന്ന ആയിരങ്ങളാണ് ദുരതത്തിലായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട ഇത്തവണ കടുത്ത വരള്‍ച്ചയാണ് നേരിട്ടത്. നൂറകണക്കിന് ഹൗസുബോട്ടുകളാണ് വേമ്പനാടിനും അഷ്ടമുടിക്കായലിനും ഭീഷണിയാകുന്നത്. മത്സ്യ സമ്പത്ത് നശിക്കാനും പരിസര മലിനീകരണത്തിനും ഇത് കാരണമാകുന്നു.
ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധി പടരാന്‍ പ്രധാന കാരണം ഹൗസ് ബോട്ടുകളില്‍നിന്നുള്ള മാലിന്യവും കുട്ടനാട്ടില്‍ നീരൊഴുക്ക് ഇല്ലാതായതുമാണെന്ന് വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരത്തെ കരമനയാറും സീവേജ് പൈപ്പുകളില്‍നിന്നുള്ള മാലന്യം വഹിക്കുന്നു.  മണല്‍വാരലിനെ തുടര്‍ന്ന് പുഴകള്‍ ഇല്ലാതാകുമ്പോഴാണ് മാലിന്യം നിക്ഷേപിച്ച് നികത്താനും അതുവഴി കയ്യേറ്റത്തിനും അവസരമൊരുക്കുന്നത്. മാലിന്യം നിക്ഷേപിച്ച് കുളങ്ങളും തോടുകളും നികത്തിയ തന്ത്രമാണ് ഭൂമാഫിയ പുഴകളിലും സ്വീകരിക്കുന്നത്.
നിയമങ്ങളും അവ സംരക്ഷിക്കാന്‍ പ്രത്യേക വകുപ്പുകളുമുണ്ടെങ്കിലും ഫലപ്രദമല്ളെന്നാണ് വിലയിരുത്തല്‍. മലീനികരണ നിയന്ത്രണ ബോര്‍ഡില്‍ ഒരു സമുദായത്തിന്‍െറ പ്രതിനിധിയായി ഇടം കണ്ടത്തെിയ വ്യക്തിക്ക് നിരവധി പാറമടകളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.



No comments:

Post a Comment