Pages

06 January 2013

എന്തിനാണ് സര്‍ അണക്കരയില്‍ വിമാനത്താവളം





ഇനിയിപ്പോള്‍ ഒട്ടും കുറക്കണ്ടെന്ന് കരുതിയിരിക്കാം. വിമാനത്തവളത്തിന്‍െറ കാര്യത്തില്‍ ഇടുക്കി ജില്ലക്ക് മാത്രം എന്തിന് അയിത്തം. അതോ വിമാനത്താവളം വരുന്നതോടെ പിന്നോക്ക ജില്ലയെന്ന പേര് ദോഷം മാറുമെന്നോ? ഇടുക്കി ജില്ലയിലെ അണക്കരയില്‍ വിമാനത്താവളം നിര്‍മ്മിക്കാമെന്ന് കണ്ടത്തെിയവരുടെ ബുദ്ധി അപാരം. പക്ഷെ ഒരു സംശയം. അണക്കരയില്‍ ആര്‍ക്ക് വേണ്ടിയാണ് സര്‍ ഈ വിമാനത്താവളം?
ഇടുക്കി ജില്ലയുടെ നെല്ലറയായ അണക്കരയിലെ കര്‍ഷകര്‍ക്കൂം ഈ മേഖലയിലെ ഏലത്തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വിമാനത്താവളം വേണ്ട. വിളിപ്പാടകലെയുള്ള തമിഴ്നാട് അതിര്‍ത്തിക്കപ്പുറത്തുള്ള കര്‍ഷകര്‍ക്കും അണക്കരയില്‍ വിമാനത്താവളം വേണമെന്ന് ആഗ്രഹമില്ല.പിന്നെ, ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍-അവര്‍ കൊച്ചിയില്‍ വിമാനമിറങ്ങി കാറില്‍ നാട് കാണാന്‍ എത്തുന്നവരാണ്. അവര്‍ക്ക് അണക്കരക്ക് സമീപത്തെ കുമളി മാത്രമല്ല ലക്ഷ്യം. മൂന്നാറും കുമരകവും ആലപ്പുഴയും അവരുടെ ചാര്‍ട്ടിലുണ്ടാകും.ഇനി അണക്കരയില്‍ വിമാനമിറങ്ങിയാല്‍ തന്നെ ഇടുക്കി ജില്ലയിലെ ‘മനോഹരമായ’ റോഡിലൂടെ മൂന്നാറിലും ഇടുക്കിയിലും വാഗമണ്ണിലുമൊക്കെ എത്താന്‍ എത്ര മണിക്കുറുകള്‍ വേണ്ടി വരും. ഇടുക്കി ജില്ലയില്‍ നിന്ന് കാര്യമായ പ്രവാസികള്‍ ഇല്ലാത്തതിനാല്‍ അതിനുള്ള സാധ്യതയുമില്ല. പിന്നെ ഈ വിമാനത്താവളം പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ള ഒരു കൂട്ടരുണ്ട്. തമിഴ്നാടിലെ തേവാരത്ത് സ്ഥാപിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണ ശാലയുമായി ബന്ധപ്പെട്ട ശാസ്ത്രഞ്ജര്‍. അവര്‍ക്ക് വേണ്ടി ഇടുക്കിയുടെ നെല്ലറ തകര്‍ക്കണമോ? ആയിരം എക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിന് വേണ്ടിവരുന്നത്. പതിനായിരകണക്കിന് കുടുംബങ്ങള്‍ കുഴിയൊഴിപ്പിക്കപ്പെടും. പണ്ട് ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു ഇടുക്കി ജില്ലയിലെ കുടിയൊഴുപ്പിക്കല്‍. ഇനി വിമാനത്താവളത്തിന് വേണ്ടിയാകാം. ഇവിടെ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ എവിടെക്ക് പോകുമെന്ന ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു.
ഇനി വിമാനത്താവളം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നമോ? പശ്ചിമഘട്ടത്തിലെ ഈ വിമാനത്താളവത്തിലൂടെയാകാം ഭാവിയില്‍ ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍ ഇല്ലാതാകുന്നത്. ഇപ്പോള്‍ തന്നെ ഏലത്തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം സംഭവിച്ച് കഴിഞ്ഞു. നാളെ വിമാനത്താവളവും വരുന്നതോടെ അത് കൂടുതല്‍ രൂക്ഷമാകില്ളെന്ന് ആര്‍ക്ക് പറയാനാകും.അത് കൊണ്ട് അണക്കരയിലെ പാടങ്ങളും ഇടുക്കിയുടെ കിഴക്കന്‍  മലനിരകളും  അങ്ങനെ തന്നെ നില്‍ക്കട്ടെ..............ഞങ്ങള്‍ ഇടുക്കിക്കാര്‍ക്ക് വിമാനം വേണ്ട, റോഡ് മതി.

No comments:

Post a Comment