Pages

14 January 2013

എന്തിനായിരുന്നു ഈ പണിമുടക്ക്?




സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യപകരുടെയും പണിമുടക്ക് അവസാനിച്ചു, അഥവാ അവസാനിപ്പിച്ചു. സമര സമിതി മുന്നോട്ട് വെച്ച പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളിലൊന്ന് പോലും അംഗീകരിക്കാതെയാണ് സമരം അവസാനിച്ചത്. പതിവ് പോലെ സര്‍ക്കാര്‍ ആഫീസുകള്‍ വീണ്ടും സജീവമാകുമ്പോള്‍ അറിയാതെയെങ്കിലും ചോദിച്ച് പോകുന്നു എന്തിനായിരുന്നു ഈ പണിമുടക്ക്.
സമരം പിന്‍വലിക്കുന്നതിന് കാരണമായി പറയുന്ന ഒത്ത് തീര്‍പ്പ് വ്യവസ്ഥകളില്‍ പുതുയില്ല. പണിമുടക്കിന് മുമ്പ് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി വിളിച്ച് കൂട്ടിയ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കില്‍ അന്ന് തന്നെ പരിഹാരം കാണുമായിരുന്ന വിഷയങ്ങളായിരുന്നു ഇവ. അന്ന് പക്ഷെ, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ഏക ആവശ്യത്തിലാണ് സമര സമിതി ഉറച്ച് നിന്നത്. സംഘടനയെന്ന നിലയില്‍ നോട്ടിസ് നല്‍കിയ വിഷയത്തില്‍ ഉറച്ച് നില്‍ക്കണമെന്നതിനോട് യോജിക്കുന്നു. പക്ഷെ, പണിമുടക്കെന്ന അവസാനത്തെ ആയുധം പ്രയോഗിക്കും മുമ്പ് അതിന്‍െറ നെല്ലും പതിരും പരിശോധിക്കേണ്ടതായിരുന്നു-അതും ഈ ആഗോളികരണ കാലത്ത് സര്‍വരും സംഘടിത പ്രസ്ഥാനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുമ്പോള്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നതിന് മുമ്പ് പൊതുജനമെന്ന അസംഘടിത വിഭാഗത്തെ കുറിച്ച് കൂടി ആലോചിക്കണം. ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആഫീസില്‍ എന്തെങ്കിലും കാര്യത്തിന് പോയിട്ടുള്ളവര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ  സമരത്തെ പിന്തുണക്കുമെന്ന് കരുതാനാകുമോ? മുമ്പ് ബാങ്കുകളില്‍ ഇതായിരുന്നു അവസ്ഥ, വായ്പക്ക് പോകുന്നവരെ വട്ടം കറക്കിയിരുന്ന ബാങ്കുകള്‍ ഇപ്പോള്‍ വായ്പ വേണോ വായ്പയെന്ന് വിളിച്ച് ചോദിക്കുന്നു-ഒരു സിനിമയില്‍ തിരക്കഥ വേണോ തിരക്കഥയെന്ന് ശ്രീനിവാസന്‍ വിളിച്ച് ചോദിക്കുന്നത് പോലെ. സര്‍ക്കാര്‍ ജീവനക്കരും ആഫീസുകളും കൂടുതല്‍ ജനസൗഹൃദമാകുന്നില്ളെങ്കില്‍ ഒരു സമരവും വിജയിക്കില്ളെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം. ഈ സമരം വിജയിക്കാതെ പോയത് സര്‍ക്കാരിന്‍െറ നേട്ടമല്ല, മറിച്ച് ജനപിന്തുണയില്ളെന്ന തിരിച്ചറിവാണ് സമരത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

No comments:

Post a Comment