Pages

14 January 2013

എന്തിനായിരുന്നു ഈ പണിമുടക്ക്?




സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യപകരുടെയും പണിമുടക്ക് അവസാനിച്ചു, അഥവാ അവസാനിപ്പിച്ചു. സമര സമിതി മുന്നോട്ട് വെച്ച പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളിലൊന്ന് പോലും അംഗീകരിക്കാതെയാണ് സമരം അവസാനിച്ചത്. പതിവ് പോലെ സര്‍ക്കാര്‍ ആഫീസുകള്‍ വീണ്ടും സജീവമാകുമ്പോള്‍ അറിയാതെയെങ്കിലും ചോദിച്ച് പോകുന്നു എന്തിനായിരുന്നു ഈ പണിമുടക്ക്.
സമരം പിന്‍വലിക്കുന്നതിന് കാരണമായി പറയുന്ന ഒത്ത് തീര്‍പ്പ് വ്യവസ്ഥകളില്‍ പുതുയില്ല. പണിമുടക്കിന് മുമ്പ് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി വിളിച്ച് കൂട്ടിയ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കില്‍ അന്ന് തന്നെ പരിഹാരം കാണുമായിരുന്ന വിഷയങ്ങളായിരുന്നു ഇവ. അന്ന് പക്ഷെ, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ഏക ആവശ്യത്തിലാണ് സമര സമിതി ഉറച്ച് നിന്നത്. സംഘടനയെന്ന നിലയില്‍ നോട്ടിസ് നല്‍കിയ വിഷയത്തില്‍ ഉറച്ച് നില്‍ക്കണമെന്നതിനോട് യോജിക്കുന്നു. പക്ഷെ, പണിമുടക്കെന്ന അവസാനത്തെ ആയുധം പ്രയോഗിക്കും മുമ്പ് അതിന്‍െറ നെല്ലും പതിരും പരിശോധിക്കേണ്ടതായിരുന്നു-അതും ഈ ആഗോളികരണ കാലത്ത് സര്‍വരും സംഘടിത പ്രസ്ഥാനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുമ്പോള്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നതിന് മുമ്പ് പൊതുജനമെന്ന അസംഘടിത വിഭാഗത്തെ കുറിച്ച് കൂടി ആലോചിക്കണം. ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആഫീസില്‍ എന്തെങ്കിലും കാര്യത്തിന് പോയിട്ടുള്ളവര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ  സമരത്തെ പിന്തുണക്കുമെന്ന് കരുതാനാകുമോ? മുമ്പ് ബാങ്കുകളില്‍ ഇതായിരുന്നു അവസ്ഥ, വായ്പക്ക് പോകുന്നവരെ വട്ടം കറക്കിയിരുന്ന ബാങ്കുകള്‍ ഇപ്പോള്‍ വായ്പ വേണോ വായ്പയെന്ന് വിളിച്ച് ചോദിക്കുന്നു-ഒരു സിനിമയില്‍ തിരക്കഥ വേണോ തിരക്കഥയെന്ന് ശ്രീനിവാസന്‍ വിളിച്ച് ചോദിക്കുന്നത് പോലെ. സര്‍ക്കാര്‍ ജീവനക്കരും ആഫീസുകളും കൂടുതല്‍ ജനസൗഹൃദമാകുന്നില്ളെങ്കില്‍ ഒരു സമരവും വിജയിക്കില്ളെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം. ഈ സമരം വിജയിക്കാതെ പോയത് സര്‍ക്കാരിന്‍െറ നേട്ടമല്ല, മറിച്ച് ജനപിന്തുണയില്ളെന്ന തിരിച്ചറിവാണ് സമരത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

06 January 2013

എന്തിനാണ് സര്‍ അണക്കരയില്‍ വിമാനത്താവളം





ഇനിയിപ്പോള്‍ ഒട്ടും കുറക്കണ്ടെന്ന് കരുതിയിരിക്കാം. വിമാനത്തവളത്തിന്‍െറ കാര്യത്തില്‍ ഇടുക്കി ജില്ലക്ക് മാത്രം എന്തിന് അയിത്തം. അതോ വിമാനത്താവളം വരുന്നതോടെ പിന്നോക്ക ജില്ലയെന്ന പേര് ദോഷം മാറുമെന്നോ? ഇടുക്കി ജില്ലയിലെ അണക്കരയില്‍ വിമാനത്താവളം നിര്‍മ്മിക്കാമെന്ന് കണ്ടത്തെിയവരുടെ ബുദ്ധി അപാരം. പക്ഷെ ഒരു സംശയം. അണക്കരയില്‍ ആര്‍ക്ക് വേണ്ടിയാണ് സര്‍ ഈ വിമാനത്താവളം?
ഇടുക്കി ജില്ലയുടെ നെല്ലറയായ അണക്കരയിലെ കര്‍ഷകര്‍ക്കൂം ഈ മേഖലയിലെ ഏലത്തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വിമാനത്താവളം വേണ്ട. വിളിപ്പാടകലെയുള്ള തമിഴ്നാട് അതിര്‍ത്തിക്കപ്പുറത്തുള്ള കര്‍ഷകര്‍ക്കും അണക്കരയില്‍ വിമാനത്താവളം വേണമെന്ന് ആഗ്രഹമില്ല.പിന്നെ, ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍-അവര്‍ കൊച്ചിയില്‍ വിമാനമിറങ്ങി കാറില്‍ നാട് കാണാന്‍ എത്തുന്നവരാണ്. അവര്‍ക്ക് അണക്കരക്ക് സമീപത്തെ കുമളി മാത്രമല്ല ലക്ഷ്യം. മൂന്നാറും കുമരകവും ആലപ്പുഴയും അവരുടെ ചാര്‍ട്ടിലുണ്ടാകും.ഇനി അണക്കരയില്‍ വിമാനമിറങ്ങിയാല്‍ തന്നെ ഇടുക്കി ജില്ലയിലെ ‘മനോഹരമായ’ റോഡിലൂടെ മൂന്നാറിലും ഇടുക്കിയിലും വാഗമണ്ണിലുമൊക്കെ എത്താന്‍ എത്ര മണിക്കുറുകള്‍ വേണ്ടി വരും. ഇടുക്കി ജില്ലയില്‍ നിന്ന് കാര്യമായ പ്രവാസികള്‍ ഇല്ലാത്തതിനാല്‍ അതിനുള്ള സാധ്യതയുമില്ല. പിന്നെ ഈ വിമാനത്താവളം പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ള ഒരു കൂട്ടരുണ്ട്. തമിഴ്നാടിലെ തേവാരത്ത് സ്ഥാപിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണ ശാലയുമായി ബന്ധപ്പെട്ട ശാസ്ത്രഞ്ജര്‍. അവര്‍ക്ക് വേണ്ടി ഇടുക്കിയുടെ നെല്ലറ തകര്‍ക്കണമോ? ആയിരം എക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിന് വേണ്ടിവരുന്നത്. പതിനായിരകണക്കിന് കുടുംബങ്ങള്‍ കുഴിയൊഴിപ്പിക്കപ്പെടും. പണ്ട് ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു ഇടുക്കി ജില്ലയിലെ കുടിയൊഴുപ്പിക്കല്‍. ഇനി വിമാനത്താവളത്തിന് വേണ്ടിയാകാം. ഇവിടെ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ എവിടെക്ക് പോകുമെന്ന ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു.
ഇനി വിമാനത്താവളം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നമോ? പശ്ചിമഘട്ടത്തിലെ ഈ വിമാനത്താളവത്തിലൂടെയാകാം ഭാവിയില്‍ ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍ ഇല്ലാതാകുന്നത്. ഇപ്പോള്‍ തന്നെ ഏലത്തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം സംഭവിച്ച് കഴിഞ്ഞു. നാളെ വിമാനത്താവളവും വരുന്നതോടെ അത് കൂടുതല്‍ രൂക്ഷമാകില്ളെന്ന് ആര്‍ക്ക് പറയാനാകും.അത് കൊണ്ട് അണക്കരയിലെ പാടങ്ങളും ഇടുക്കിയുടെ കിഴക്കന്‍  മലനിരകളും  അങ്ങനെ തന്നെ നില്‍ക്കട്ടെ..............ഞങ്ങള്‍ ഇടുക്കിക്കാര്‍ക്ക് വിമാനം വേണ്ട, റോഡ് മതി.

05 January 2013

മൂന്നാറിനെ കലാപഭൂമിയാക്കരുതെ...

ദയവായി മൂന്നാറിനെ കലാപഭൂമിയാക്കരുതെ...മൂന്നാറില്‍ ജനവാസം ആരംഭിച്ചത് മുതല്‍ ഭാഷാപരമായ തര്‍ക്കമുണ്ട്. മൂന്നാറിനെ മദിരാശിയില്‍ ലയിപിക്കണമെന്ന ആവശ്യവുമുണ്ടായിരുന്നു. അതവസാനിച്ചത് സംസ്ഥാന പുനരേകീകരണ കമീഷന്‍ റിപ്പോര്‍ട്ട് വന്നതോടെയാണ്. അത് വരെ ഭാഷാസമരത്തിന് നേതൃത്വം നല്‍കിയിരുന്നവര്‍ പിന്‍വാങ്ങുകയും തായ് മൊഴി തമിഴ്, തായ് നാട് ഇന്‍ഡ്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നിടും പലരും ഭാഷാ പ്രശ്നം കുത്തിപൊക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ദേശിയ രാഷ്ട്രിയ നേതാക്കളുമുണ്ട്. എന്നാല്‍ ഇതൊന്നും ഒരു ചലനവും സൃഷ്ടിച്ചില്ല, അഥവാ ഇതിനെ തമിഴ് വംശജര്‍ അടക്കം ഗൗരവമായി കണ്ടില്ല. ആരെങ്കിലും ഏതെങ്കിലും സിഡി പ്രചരിപ്പിച്ചാല്‍, ദയവായി അതിനെ നുളയിലെ നുള്ളുക. വന്‍പ്രചരണം നല്‍കി വൈകാരിക പ്രശ്നമാക്കി മാറ്റാതിരിക്കാന്‍ മാധ്യമങ്ങളടക്കം ശ്രദ്ധിക്കണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിലെ മലയാളികള്‍ക്കുണ്ടായ നഷ്ടം ഇനിയും പരിഹരിച്ചിട്ടില്ല. മൂന്നാറില്‍ പ്രശ്നക്കാരെ കണ്ടത്തെുകയാണ് വേണ്ടത്, അവര്‍ക്ക് രഹസ്യമായി പിന്തുണ നല്‍കുന്ന വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന രാഷ്ട്രിയക്കാരെയും, അതല്ലാതെ വീണ്ടും ഭാഷയുടെ പേരില്‍ കലാപ ഭൂമിയാക്കരുത്.

03 January 2013

Parampikulam Aliayar

http://www.madhyamam.com/epaper/epapermain.php?view=thumb&page=6&mode=single&ecode=15