Pages

25 April 2011

കുഞ്ഞിപ്പെണ്ണ്  
(കവിത പൂര്‍ണരൂപത്തില്‍:
രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍)

നിന്നെക്കാണാന്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നുവരെ വന്നില്ലാരും...

ചെന്തേങ്ങ നിറമല്ലേലും
ചെന്താമരക്കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും
മുല്ലമൊട്ടിന്‍ പല്ലില്ലേലും

എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാന്‍ ചന്തംതോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നുവരെ വന്നില്ലാരും.

കാതിലൊരു മിന്നുമില്ല
കഴുത്തിലാണേല്‍ അലുക്കുമില്ല
കയ്യിലെന്നാല്‍ വളയുമില്ല
കാലിലാണേല്‍ കൊലുസുമില്ല 
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാന്‍ ചന്തംതോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നുവരെ വന്നില്ലാരും.

തങ്കംപോലെ മനസ്സുണ്ടല്ലോ
തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കെട്ടാന്‍ വന്നില്ലല്ലോ?

''എന്നെ കാണാന്‍ വന്നോരുക്ക്
പൊന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല
പുരയിടവും ബോധിച്ചില്ല

പൊന്നും നോക്കി മണ്ണും നോക്കി
എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശ തോന്നി
എന്നെക്കാണാന്‍ വരുമൊരിക്കല്‍

ഇല്ലേലെന്തേ നല്ല പെണ്ണേ
അരിവാളുണ്ട് ഏന്‍ കഴിയും
ഇല്ലേലെന്തേ നല്ല പെണ്ണേ
അരിവാളുണ്ട് ഏന്‍ കഴിയും

നാടിന്‍പാട്ട്
(നിന്നെക്കണ്ടാല്‍ എന്നെക്കാളും... എന്ന ജനപ്രിയ കവിതയുടെ രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെക്കുറിച്ച് സജി മുളന്തുരുത്തി
13/3/2011 ലെ മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ എഴുതിയത് )


engandiyoor chandrasekharan.jpg

പൂജപ്പുര സെന്‍ട്രല്‍ ജയില്‍. നാലുവര്‍ഷംമുന്‍പ് അവിടെ അസാധാരണമായ ഒരു കവിയരങ്ങിന് വേദിയൊരുങ്ങി. ജയിലിനുള്ളില്‍ കേരള സാഹിത്യഅക്കാദമി സംഘടിപ്പിച്ച സര്‍ഗ സംവാദത്തിന്റെ ഭാഗമായിരുന്നു കവിയരങ്ങ്. അന്നത്തെ അക്കാദമി സെക്രട്ടറി ഐ.വി. ദാസിന്റെ നേതൃത്വത്തിലാണ് എഴുത്തുകാര്‍ എത്തിയത്. കവിയരങ്ങിന് വേദിയൊരുക്കാനുള്ള തയാറെടുപ്പില്‍ ആവേശപൂര്‍വം മുഴുകിയ അന്‍പതോളം തടവുകാര്‍ക്കു നടുവിലേക്ക് ഇരുനിറത്തില്‍ ഉയരം കുറഞ്ഞ ഒരാളുമായി ഐ.വി. ദാസെത്തി. തടവുകാര്‍ക്ക് പരിചിതനേയല്ല രണ്ടാമന്‍.

ഐ.വി. ദാസ് തടവുകാരോട് പറഞ്ഞു: എല്ലാവരും ഒരുനിമിഷം വിശ്രമിക്കുക; ഇത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. കവിയാണ്. കവിയരങ്ങിനു മുന്‍പേ, ഇദ്ദേഹം എഴുതിയ ഒരു കവിത ചൊല്ലും. നിയമത്തിന്റെ കനത്തുയര്‍ന്ന മതില്‍ക്കെട്ടുകളെ സാക്ഷിയാക്കി ഏങ്ങണ്ടിയൂരിന്റെ ശബ്ദം ഉയര്‍ന്നു...

നിന്നെക്കാണാന്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നുവരെ വന്നില്ലാരും...

കുഞ്ഞിപ്പെണ്ണിന്റെ ചന്തം വര്‍ണിച്ച്, ജീവിതം പറഞ്ഞ്, മനസ്സു വരച്ചുകാട്ടി, പൊന്നിനുവേണ്ടി പേശുന്ന ലോകവും അരിവാളേന്തി താന്‍ നിവര്‍ന്നുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുന്ന അവസാനഭാഗവും ചൊല്ലിത്തീര്‍ന്നപ്പോള്‍ ഇളകിപ്പോയത് കല്ലും ഇരുമ്പും കാക്കിയും നിശബ്ദതയും തീര്‍ത്ത സെന്‍ട്രല്‍ ജയിലിന്റെ പതിവുലോകമാണ്. ഏതാനും തടവുപുള്ളികള്‍ പൊട്ടിക്കരഞ്ഞു. ചിലര്‍ വിതുമ്പി. ഒട്ടേറെ വേദികളില്‍ 'കുഞ്ഞിപ്പെണ്ണിനെ അവതരിപ്പിച്ച് കയ്യടിനേടിയ കവിയുടെതൊണ്ടയിടറി. തടവുകാരുടെ കണ്ണീര്‍ അത്രയേറെ ഉള്ളുലയ്ക്കുന്നതായിരുന്നു. ഒരിക്കല്‍ക്കൂടി പാടിക്കേള്‍ക്കണമെന്ന് അവര്‍ പറഞ്ഞു. മരവിച്ച തടവറയുടെ മനസ്സിലേക്ക് ചന്ദ്രശേഖരന്‍ ഉള്ളുരുകി പാടിക്കൊടുത്തു.

കവിതയ്ക്കൊടുവില്‍ പൂജപ്പുര ജയിലിലെ കണ്ണീരുനിറഞ്ഞ തടവുകാരുടെ മുഖങ്ങള്‍ ഇന്നും ചന്ദ്രശേഖരന്റെ മനസ്സിലുണ്ട്. കുഞ്ഞിപ്പെണ്ണില്‍ ഉടനീളം കവി പാകിയ ആഴത്തിലുള്ള മനുഷ്യസ്നേഹത്തിന്, ഗ്രാമീണക്കാഴ്ചകള്‍ക്ക് മലയാളം കടപ്പെട്ടിരിക്കുന്നത് പാട്ടുനിലച്ചു യാത്രയായ ഒരു മുത്തശ്ശിയോടാണ്. അച്ഛമ്മ എന്ന് ചന്ദ്രശേഖരന്‍ വിളിക്കുന്ന, അച്ഛന്റെ അമ്മ ലക്ഷ്മിയോട്.

ഉല്‍സവകാലമെത്തിയാല്‍ നാടകവും കഥാപ്രസംഗവും ആയിരുന്നു അന്ന് നാട്ടിന്‍പുറത്തിന്റെ രാത്രിവിഭവങ്ങള്‍. ഏങ്ങണ്ടിയൂരില്‍ ഗ്രാമസേവാസംഘം എന്ന ഗ്രാമീണകലാസമിതിയുടെ നാടകങ്ങള്‍ കുഞ്ഞുന്നാളിലേ ചന്ദ്രശേഖരന്റെ മനസ്സിന്റെ തിരശീലയില്‍ പതിഞ്ഞു. ഒപ്പം സാംബശിവന്റെ കഥാപ്രസംഗങ്ങളും. എന്നാല്‍ കാണാന്‍ അവസരമില്ല. ഉൌണും ഉറക്കവുമൊഴിഞ്ഞ് കാത്തിരുന്നാലും കരയാതെ കാര്യം നടക്കില്ലെന്നതാണു വീട്ടിലെ സ്ഥിതി. കരഞ്ഞാല്‍ അച്ഛന്‍ അനുവാദം തരും.

കരയാന്‍ കൂട്ടും പ്രേരണയുമായി വന്നതോ? സാക്ഷാല്‍ അച്ഛമ്മ. കലാകാരിയായ അച്ഛമ്മയ്ക്കു നാടകവും കഥാപ്രസംഗവും ബഹുപ്രിയമാണ്. പക്ഷെ, കൂട്ടുവേണം. അങ്ങനെ കൊച്ചുമകന്റെ കണ്ണീരുനേടിയ വിജയം കൊണ്ട് വേട്ടയ്ക്കൊരുമകന്‍ കടവിലും ശ്രീനാരായണ സ്കൂളിലും പനയംകുളങ്ങര ക്ഷേത്രത്തിലുമെല്ലാം അച്ഛമ്മയും കുട്ടിയും നാടകവും കഥാപ്രസംഗവുമെല്ലാം കണ്ടുനടന്നു.
ആ നടപ്പിലാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തന്റെ മനസ്സിലെ കവിത കണ്ടെടുക്കുന്നത്.

ചന്ദ്രശേഖരന്‍ സ്വന്തം കവിത ആദ്യം മനസ്സില്‍ പാടി; പിന്നെ വേദിയില്‍ പാടി. പാട്ടിനൊപ്പം ആട്ടവും കൊട്ടും ഇൌ കവിതകളില്‍ ഉച്ചത്തില്‍ മുഴങ്ങി. പിന്നെയും ഏറെക്കഴിഞ്ഞാണ് അവയില്‍ പലതിലും അച്ചടിമഷി പുരണ്ടത്. കടലാസില്‍ വെട്ടിത്തിരുത്തിയ കവിതകളല്ല, അനുഭവിച്ച ജീവിതം ചൊല്ലിപ്പഠിച്ച കവിതകളായിരുന്നു ഇവയില്‍ ഏറെയും.

നൃത്തച്ചുവടു വയ്ക്കുമ്പോഴുള്ള താളത്തോടെ കേരളം പാടുന്ന 'കുഞ്ഞിപ്പെണ്ണ് എന്ന കവിത എഴുതിയത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആണെന്ന് കവിത ഹൃദയത്തിലേറ്റുന്ന ഭൂരിപക്ഷം പേരും അറിയുന്നില്ല. കാരണം ജനം അതിനെ പാടിപ്പതിഞ്ഞൊരു നാടന്‍പാട്ടായി കണക്കാക്കി. ഫലമോ? തെരുവില്‍ മൂളുന്ന ഒാരോ നാടന്‍പാട്ടു സിഡിയുടെയും ഉള്ളിലിരുന്ന് കുഞ്ഞിപ്പെണ്ണ് പാടുന്നുണ്ട്. കുഞ്ഞിപ്പെണ്ണിലെ ആദ്യത്തെ രണ്ടു വരികള്‍ നാടന്‍പാട്ടില്‍ നിന്നു കടം കൊണ്ടതാണെന്ന സത്യം ഒട്ടേറെ വേദികളില്‍ കവി പറഞ്ഞിട്ടുണ്ട്.

കവിതയുടെ പിറവിയെ കുറിച്ച് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പറയുന്നു:
'...നിന്നെക്കാണാന്‍ എന്നാക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ... എന്ന ആദ്യവരി നാടോടിപ്പാട്ടുകളില്‍ നിന്നു വീണു കിട്ടിയതാണ്. ഇരുപതുവര്‍ഷം മുന്‍പാണ് ആകാശവാണിയുടെ തൃശൂര്‍നിലയത്തില്‍ കുഞ്ഞിപ്പെണ്ണ് ആദ്യമായി അവതരിപ്പിച്ചത്. സത്യത്തില്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സമത എന്ന വനിതാ ഗ്രൂപ്പിനുവേണ്ടി തയാറാക്കിയതാണ് ഇത്.

കല്യാണപ്രായം കഴിഞ്ഞും കല്യാണം നടക്കാത്ത ഒട്ടേറെ പെണ്‍കുട്ടികളുടെ അവസ്ഥ ചുറ്റുപാടും കാണുമ്പോള്‍ ഉണ്ടായ മനസ്സിന്റെ പിടച്ചില്‍ കവിതയ്ക്ക് കാരണമായിട്ടുണ്ട്. ഇൌ കവിത കേട്ടശേഷം ഒരുപാട് സ്ത്രീകള്‍ തന്നെ വിളിച്ച് കടപ്പാട് അറിയിച്ചെന്ന് കവി വെളിപ്പെടുത്തുന്നു. 'കുഞ്ഞിപ്പണ്ണ് കേള്‍ക്കാന്‍വേണ്ടി മാത്രം സ്കൂളുകാരും കലാസമിതിക്കാരും പ്രത്യേക അവസരം ഉണ്ടാക്കി കവിയെ കൊണ്ടുപോയിട്ടുണ്ട്. ഇൌയൊരൊറ്റ കവിതയുടെ പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ കവിക്കു യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. സന്തോഷത്തോടെ വന്നു സംസാരിച്ചവര്‍ എത്രയേറെ.

ശില്‍പം തോല്‍ക്കും പോലെ കൈക്കുറ്റം തീര്‍ന്ന കവിത സൃഷ്ടിച്ച കവി, വീട്ടിലെയും തൊടിയിലെയും മരക്കഷണങ്ങളില്‍നിന്ന് കവിത തോല്‍ക്കുന്ന ശില്‍പ്പങ്ങളും തീര്‍ത്തു. തച്ചുശാസ്ത്ര വിദഗ്ധനായിരുന്ന പിതാവും മരപ്പണിക്കുള്ള തൊഴില്‍ശാലയും വീട്ടില്‍ തന്നെയുള്ളപ്പോള്‍ ഉള്ളില്‍ കവിതയുള്ള ചന്ദ്രശേഖരന്‍ ശില്‍പ്പിയാകാതെ തരമില്ലല്ലോ? ഇതിനിടെ 'വീതൂണ്, 'പൂപ്പാട്ടും തീപ്പാട്ടും ഇങ്ങനെ രണ്ടു കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കി. ചലച്ചിത്രഗാന ശാഖയുടെ വഴിത്താരയില്‍ സാന്നിധ്യമറിയിക്കാനും കഴിഞ്ഞു.

ബിജു വര്‍ക്കി സംവിധാനം ചെയ്ത 'ചന്ദ്രനിലേക്കൊരു വഴി  ആയിരുന്നു ആദ്യമായി പാട്ടെഴുതിയ സിനിമ. അതില്‍ എഴുതിയ മൂന്നുപാട്ടില്‍ രണ്ടെണ്ണം തുയിലുണര്‍ത്തുപാട്ടും ഒന്ന് കുറത്തിപ്പാട്ടും ആയിരുന്നു. ഇതുവരെ പത്തോളം സിനിമകള്‍ക്കു പാട്ടെഴുതിയ ചന്ദ്രശേഖരന്‍ ഒടുവില്‍ എഴുതുന്നത് സന്തോഷ് ശിവന്റെ 'ഉറുമി എന്ന ചിത്രത്തിനു വേണ്ടിയാണ്. തിരുവനന്തപുരത്തെ മ്യൂസിക് ഗ്രൂപ്പായ അവിയല്‍ അവതരിപ്പിച്ച 'നടനട ചന്ദ്രശേഖരന്റെ രചനയാണ്.

നാട്ടിക മണപ്പുറത്തിനു സമീപം ഭാര്യ ഉഷ, മക്കളായ ഒന്‍പതാംക്ളാസുകാരി ശ്രീലക്ഷ്മി, ഏഴാം ക്ളാസുകാരന്‍ ശരത്ചന്ദ്രന്‍ എന്നിവരൊപ്പം ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ കൊച്ചുജീവിതം. മനസ്സില്‍ ആഴത്തിലുള്ള നന്‍മയാണ് ഉച്ചത്തിലുള്ള പാട്ടായി പുറത്തുവരുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ കാലത്ത് ഇറങ്ങിയ ആല്‍ബങ്ങളില്‍ ഒന്നില്‍ അയത്നലളിതമായി ചന്ദ്രശേഖരന്‍ ഇങ്ങനെ എഴുതിപ്പോയത്...

'...പച്ചില പഴുക്കില പച്ചില
പഴുക്കില വച്ചുകളിക്കാലോ
ഒാലപ്പന്തിന്റേറും കൊണ്ട്
ഒാടിയൊളിക്കാലോ...

കുഞ്ഞിക്കനവുകള്‍
നെഞ്ചില്‍ ചേര്‍ത്ത് കൂട്ടം കൂടാലോ
തിരിയും ഭൂമിയെ കാല്‍പ്പന്താക്കി
തട്ടിയുരുട്ടാലോ...

പാട്ടു പതയുന്ന വരികളുടെ മുഴക്കങ്ങളില്‍, നാടന്‍ശീലുകളില്‍ ഒരു അടയ്ക്കാകുരുവിയെപ്പോലെ പറ്റിക്കൂടിയിരുന്ന് ആരോ ചോദിക്കുകയാണ്; മറക്കുമോ നിങ്ങളിനിയുമീ നാടിന്‍ പാട്ടുകാരനെ.

No comments:

Post a Comment