Pages

10 January 2011

മുല്ലപ്പെരിയാറില്‍നിന്ന് ശേഖരിച്ച സാമ്പിള്‍ 
ഉറപ്പുള്ള ഭാഗത്തേത്; കേരളം പരാതി നല്‍കും
സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം മുല്ലപ്പെരിയാറില്‍ പരിശോധനക്കെത്തിയ സംഘം അണക്കെട്ടിന്റെ ബലമറിയാന്‍ സാമ്പിളെടുത്തത്  ഡാമിന്റെ ഉറപ്പുള്ള ഭാഗത്ത് നിന്ന്.
അണക്കെട്ട് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചിട്ടുള്ള സുര്‍ക്കി കെട്ടിന്റെ ഭാഗത്ത് നിന്ന് സാമ്പിളെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കേരളം ഉന്നതാധികാര സമിതിക്ക് പരാതി നല്‍കും.
ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച് സ്റ്റേഷന്‍, പുണെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന്‍ എന്നിവയിലെ സാങ്കേതിക വിദഗ്ധരുടെ സംഘമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പരിശോധന നടത്താനാണ് സാമ്പിള്‍ ശേഖരിച്ചത്. മേസറി കോണ്‍ക്രീറ്റുള്ള ഭാഗത്ത് നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ഇത് തമിഴ്നാടിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമായ സുര്‍ക്കി ഉപയോഗിച്ചാണ് അണക്കെട്ട് നിര്‍മിച്ചതെന്നും അതിനാല്‍ മറ്റൊരു ഭാഗത്ത് നിന്ന് സാമ്പിള്‍ എടുക്കണമെന്ന് കേരള പ്രതിനിധികള്‍  ആവശ്യപ്പെട്ടുവെങ്കിലും സംഘം വഴങ്ങിയില്ല. തങ്ങളുടെ ജോലിയില്‍ ഇടപെടരുതെന്നും പരാതിയുണ്ടെങ്കില്‍ ഉന്നതാധികാര സമിതിക്ക്   നല്‍കാനുമായിരുന്നു നിര്‍ദേശം. ഇതിനെതുടര്‍ന്ന്് മുല്ലപ്പെരിയാര്‍ സെല്‍ പരാതി തയാറാക്കി ജലവിഭവ വകുപ്പിന് കൈമാറി.   11ന്  ചേരുന്ന യോഗത്തിന് ശേഷമായിരിക്കും കത്ത് അയക്കുകയെന്ന് അറിയുന്നു.
 ഉന്നതാധികാര സമിതിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന് കേരളം തയാറാക്കിയ മറുപടി നല്‍കാതിരുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുല്ലപ്പെരിയാര്‍ സെല്ലിന്റെ യോഗം 11ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരുന്നത്.
അതിനിടെ, സാങ്കേതിക റിപ്പോര്‍ട്ടിന് കേരളം തയാറാക്കിയ മറുപടി സെക്രട്ടറിയേറ്റില്‍ കുടുങ്ങിയതായി അറിയുന്നു. മറുപടി ലഭിക്കാതിരുന്നത് മൂലമാണ്  കേരളത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ വിലയിരുത്തലുണ്ടായത്. ഇരു സംസ്ഥാനങ്ങളോടും അണക്കെട്ട് സംബന്ധിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും തമിഴ്നാട് മാത്രമാണ് കൃത്യസമയത്ത് മറുപടി നല്‍കിയത്. മറുപടി കേരളത്തിന് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ നിയന്ത്രണം പൂര്‍ണമായും തമിഴ്നാടിനായതിനാല്‍ വിവരങ്ങള്‍ കേരളത്തിന്റെ പക്കല്‍ ലഭ്യമല്ലെന്ന മറുപടിയാണ് കേരളം തയാറാക്കിയിരുന്നത്. അണക്കെട്ടിന്റെ ഓരോ സമയത്തെയും ജലനിരപ്പ്, ആയക്കെട്ട്, വൈദ്യുതി ഉല്‍പാദനം, കൃഷിക്കായി തിരിച്ച് വിടുന്ന വെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ കേരളത്തിന്റെ പക്കല്‍ ലഭ്യമല്ലെന്നും മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന തമിഴ്നാട് അനുവദിച്ചിട്ടില്ലെന്നും തയാറാക്കിയ മറുപടിയില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ വിദഗ്ധ സംഘത്തെ അയക്കുന്നുവെങ്കില്‍ അതില്‍ മുമ്പ് ഈ വിഷയം കൈകാര്യം ചെയ്തവരെ ഉള്‍പ്പെടുത്തരുതെന്നും അഭ്യര്‍ഥിച്ചു. മന്ത്രി എന്‍.കെ.പ്രേമചന്ദ്രനും മുല്ലപ്പെരിയാര്‍ കേസില്‍ ഹാജരാകുന്ന അഭിഭാഷകരും അംഗീകാരം നല്‍കിയ മറുപടി സെക്രട്ടറിയേറ്റിലെ ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു.
 ഫെബ്രുവരി 17, 18 തീയതികളില്‍ നടക്കുന്ന വാദത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങളും  മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തുന്നതും  11ലെ യോഗം ചര്‍ച്ച ചെയ്യും.

No comments:

Post a Comment