കാലപ്പഴക്കത്തെ തുടര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയണമെന്ന കേരളത്തിന്റെ ആവശ്യത്തെ മറികടക്കാനുള്ള തമിഴ്നാടിന്റെ നീക്കം ശക്തമാക്കി. പുതിയ അണക്കെട്ട് നിര്‍മ്മിക്കും മുമ്പ് നിലവിലുള്ള ഡാം ബലപ്പെടുത്തണമെന്ന പുതിയ തന്ത്രമാണ് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ തമിഴ്നാട് സ്വീകരിക്കുന്നത്. ഇത് കേരളത്തെ കുരുക്കാനാണെന്ന് വേണം കരുതാന്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ജല കമീഷന്റെ സാന്നിദ്ധ്യം ഉന്നതാധികാര സമിതിയിലും പ്രത്യക്ഷപ്പെട്ടതാണ് ആശങ്കക്ക് കാരണം.
കേന്ദ്ര ജല കമീഷന്‍ തമിഴ്നാടിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന പരാതി നേരത്തെ മുതല്‍ കേരളത്തിനുണ്ട്. ഇക്കാര്യം സുപ്രിം കോടതിയിലും നേരത്തെ കേരളം പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് അനുകൂലമായി വിധി വരാന്‍ കാരണമായതും കേന്ദ്ര ജല കമീഷന്റെ റിപ്പോര്‍ട്ടുകളായിരുന്നു. എന്നാല്‍ വിദഗ്ദാംഗങ്ങളെന്ന നിലയില്‍ കേന്ദ്ര ജല കമീഷനിലെ മുന്‍ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നാധികാര സമിതിയിലെത്തി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉതാധികാര സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിള്ളതും കേന്ദ്ര ജലകമീഷന്റെ കീഴിലുള്ള ഏജന്‍സികളോടാണ്. ജനുവരി ഏഴിന് ഉന്നതാധികാര സമിതി ചേരുന്നതിന് മുമ്പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം മുല്ലപ്പെരിയാറില്‍ എത്തിയത്.
ഇതേ സമയം, അണക്കെട്ട് തുടര്‍ന്നും ബലപ്പെടുത്തി സംരക്ഷിക്കുന്നതിന് എതിരെ കേരളം ഉന്നതാധികാര സമിതിക്ക് കത്ത് നല്‍കി. ഇത്രയും പഴക്കമുള്ള അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് വേണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ട കാര്യവും കത്തില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂചലന മേഖലയിലാണ് നിലവിലുള്ള അണക്കെട്ട്. പുതിയ അണക്കെട്ടിന് അനുമതി നല്‍കുകയും അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വരെ ഇപ്പോഴത്തെ അണക്കെട്ട് സംരക്ഷിക്കുന്നതിന് വേണ്ടി അറ്റകുറ്റ പണികള്‍ അനുവദിക്കാമെന്നും കത്തില്‍ പറയുന്നു. എന്നാല്‍, ഇത് ഭാവിയില്‍ കുരുക്കായി മാറുമെന്നാണ് പറയുന്നത്. അണക്കെട്ട് ബലപ്പെടുത്തിയെന്ന കാരണം ചുണ്ടിക്കാട്ടി പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്ന് തമിഴ്നാട് പിന്മാറുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.കേന്ദ്ര ജലകമീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതോടെ അണക്കെട്ടിന് അപകട ഭീഷണിയില്ലെന്ന വാദമാണ് ഇപ്പോള്‍ തന്നെ തമിഴ്നാടിന്റെത്. അണക്കെട്ട് ബലപ്പെടുത്തിയെന്നതിന്റെ പേരിലാണ് ജലനിരപ്പ് വര്‍ദ്ധിപ്പിക്കാന്‍ നേരത്തെ സുപ്രിം കോടതി അനുമതി നല്‍കിയത്.
ഇതിനിടെ, പുതിയ അണക്കെട്ടിന് അനുമതി ലഭിച്ചാല്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏറ്റവും കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും വേണ്ടിവരില്ലേയെന്നും അത് വരെ ഇപ്പോഴത്തെ ഡാം നിലനിര്‍ത്തണമെന്ന് ഉന്നതാധികാര സമിതിയിലെ വിദഗ്ധര്‍ പറഞ്ഞതും ഗൌരവത്തോടെ കാണേണ്ടി വരും.
ഇപ്പോഴത്തെ സംഘത്തിന്റെ സന്ദര്‍ശനവും കേരളം അറിഞ്ഞിരുന്നില്ല. തമിഴ്നാട് ഇക്കാര്യം മറച്ച് പിടിച്ചുവെന്ന പരാതി കേരളം അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന പരിശോധനകളെ കരുതലോടെ സമീപിക്കണമെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി ജസ്റ്റിസ് കെ.ടി.തോമസ് ശക്തമായ നിലപാട് സ്വീകരിച്ചാല്‍ മാത്രമെ പ്രതീക്ഷക്ക് വകയുള്ളു.
No comments:
Post a Comment