Pages

24 January 2011


 ശാസ്ത്ര ക രംഗത്ത് കേരളം അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ലോകമായ പ്രശംസിച്ച ചന്ദ്രയാന്‍ ദൌത്യത്തിന് ചുക്കാന്‍ പിടിച്ചതും മലയാളിയാണെന്നതും അഭിമാനിക്കാന്‍ വക നല്‍കുന്നു. മലയാളികളായ ശാസ്ത്രഞ്ജര്‍ ലോകത്തിനാകെ മാതൃകയായി മാറുമ്പോഴും മലയാള നാട് ചീഞ്ഞ് നാറുകയാണ്. ബഹിരാകാശത്ത് പോലും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരാണ് നമ്മുടെ  ശാസ്ത്രഞ്ജര്‍.പക്ഷെ, മാലിന്യം സംസ്കരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്താന്‍ ഇത്രയും കാലമായി കഴിഞ്ഞിട്ടില്ല. അതോ, അത്തരം ഗവേണത്തിന് കേരളം അവസരം ഒരുക്കാത്തതോ?
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമായിരിക്കും ഉണ്ടാവുക^ മാലിന്യ സംസ്കരണം എന്നത്. ഗ്രാമം നഗരത്തിന് കീഴടങ്ങിയതോടെ കേരളമാകെ മാലിന്യ സംസ്കരണം ഗുരുതരമായ ആരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. മാലിന്യം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതും നഗരങ്ങളിലെ മാലിന്യം പഞ്ചായത്തുകളിലേക്ക് എത്തുന്നതും പലയിടത്തും ക്രമസമാധാന പ്രശ്നമായും മാറുന്നുണ്ട്. മാലിന്യ സംസ്കരണത്തിന്റെ പേരില്‍ തൃശൂരിലെ ലാലൂര്‍, തിരുവനന്തപുരത്തെ വിളപ്പില്‍ശാല, കോഴിക്കോടെ ഞരളംപറമ്പ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി സമരം തുടരുന്നു. ഗുരുവായൂരിലെ മാലിന്യം പേറേണ്ടി വരുന്ന ചക്കുംക്കണ്ടം നിവാസികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ പോലുമില്ല. ക്ഷേത്രവിശ്വാസികള്‍ വോട്ട്മറിച്ചാലൊയെന്ന ഭയം.
കൊച്ചിയും കൊല്ലവും കോട്ടയവും അടക്കമുള്ള നഗരങ്ങളും മൂന്നാറും കുമളിയും കോവളവും ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും മാലിന്യ സംസ്കരണത്തിന് വഴിതേടുകയാണ്.
കേരളത്തിലാകെ മാലിന്യ സംസ്കരണം ഗുരുതരമായ പ്രശ്നമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നിട്ടും എന്ത് കൊണ്ട് കേരളത്തിന് അനുയോജ്യമായ സംസ്കരണ മാതൃകക്ക് വേണ്ടി ഗവേഷണം നടക്കുന്നില്ല. അന്യ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി അവിടുത്തെ രീതികള്‍ പഠിക്കുന്നതൊഴിച്ചാല്‍ ഈ രംഗത്ത് ഗവേഷണമില്ലെന്നത് മലയാളിക്കാകെ നാണക്കേടാണ്. അമ്പിളി മാമനെ പിടിക്കാം, മുറ്റത്തെ ചവറ് നശിപ്പിക്കാന്‍ പദ്ധതിയില്ലെന്നത് മലയാളി ശാസ്ത്ര ലോകത്തിന്റെ നിറം കെടുത്തുമെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

22 January 2011



തിരുവനന്തപുരം: 18 മാസത്തെ ഇടവേളക്ക് ശേഷം നടന്ന പറമ്പിക്കുളം^ആളിയാര്‍ പദ്ധതി (പി.എ.പി)കരാര്‍ പുനരവലോകന ചര്‍ച്ചക്ക് തമിഴ്നാട് എത്തിയത് കേരളത്തെ കുടുക്കാനുള്ള തന്ത്രവുമായി. കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്ന വെള്ളവും തമിഴ്നാടിലേക്ക് തിരിച്ച് വിടാനുള്ള പദ്ധതികളുമായാണ് തമിഴ്നാട് സംഘം എത്തിയത്.
ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ നദീതടങ്ങളിലെ ജലം പങ്കിടുന്നത് സംബന്ധിച്ച് കേരളവും തമിഴ്നാടും 1970ല്‍ ഒപ്പിട്ടതാണ് പി.എ.പി.കരാര്‍. 1958 മുതല്‍ മുന്‍കാല പ്രാബല്യമുള്ള കരാറിലെ വ്യവസ്ഥ പ്രകാരം മുപ്പത് വര്‍ഷം കൂടുമ്പോള്‍ കരാര്‍ പുനരവലോകനം ചെയ്യേണ്ടതാണ്. 19 ാമത് ചര്‍ച്ചയാണ് ഇത്തവണ തിരുവനന്തപുരത്ത് നടന്നത്.
ചാലക്കുടിപ്പുഴയിലേക്ക് വെള്ളം തരുന്ന കാര്യത്തില്‍ കേരളത്തെ കുടുക്കാനുള്ള പദ്ധതിയുമായാണ് ഇത്തവണ തമിഴ്നാട് എത്തിയത്. ഇതുവരെ നടന്ന ചര്‍ച്ചകളിലൊന്നും  ഉയര്‍ന്നുവരാതിരുന്നതാണ് തമിഴ്നാടിന്റെ ഈ നിര്‍ദേശം. കേരള ഷോളയാര്‍ അണക്കെട്ട് ഫെബ്രുവരി ഒന്നിനും സെപ്റ്റംബര്‍ ഒന്നിനും നിറക്കണമെന്നതാണ് കരാര്‍ വ്യവസ്ഥ. ഇതിന് പകരം അതാത് മാസം തമിഴ്നാട് ഷോളയാറില്‍ നിന്ന് കേരള അതിര്‍ത്തിയില്‍ വെള്ളം തരാമെന്നാണ് തമിഴ്നാട് പറയുന്നത്. ഇതിനായി നീരൊഴുക്കിന്റെ അടിസ്ഥാനത്തില്‍ പാറ്റേണ്‍ തയാറാക്കുമത്രെ. ഇത് പരിശോധിക്കാമെന്ന് കേരളം സമ്മതിച്ചുവെങ്കിലും ഇതിലെ ചതിക്കുഴി തിരിച്ചറിഞ്ഞിട്ടില്ല. വര്‍ഷത്തില്‍ രണ്ട് തവണ കേരള ഷോളയാര്‍ അണക്കെട്ട് തമിഴ്നാട് നിറക്കുന്നത് മൂലമാണ് ചാലക്കുടിപ്പുഴയില്‍ വേനലില്‍ പോലും ജലക്ഷാമം അനുഭവപ്പെടാത്തത്. മാസം തോറും  അതിര്‍ത്തിയില്‍ വെള്ളം തന്ന് തുടങ്ങുന്നത് ഇത് അട്ടിമറിക്കാനാണത്രെ. മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പ്രയോജനപ്പെടുത്താന്‍ കഴിയുകയുമില്ല. കേരള ഷോളയാറില്‍ നിശ്ചിതമാസങ്ങളില്‍ വെള്ളം കിട്ടാതെ വരുന്നതോടെ ചാലക്കുടിപ്പുഴയില്‍ വരള്‍ച്ചക്ക് കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതിരപ്പിള്ളി വെള്ളചാട്ടത്തേയും ബാധിക്കും. തമിഴ്നാടില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഷോളയാര്‍,പെരിങ്ങല്‍കുത്ത് വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതും.
അനുബന്ധ കരാറിലെ വ്യവസ്ഥ പ്രകാരം ആനമലയാറില്‍ നിന്നുള്ള രണ്ടര ടി.എം.സി വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടണമെന്ന ആവശ്യം ഇത്തവണയും അവര്‍ ആവര്‍ത്തിച്ചു. ഇതിനായി കേരളം തയസാറാക്കിയ സാങ്കേതിക റിപ്പോര്‍ട്ട് തമിഴ്നാടിന് കൈമാറാനും അതില്‍ അവരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം.
ആനമലയാര്‍ വെള്ളം തമിഴ്നാടിന് നല്‍കുന്നതില്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ എടുത്ത തീരുമാനം കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 1970ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് പെരിയാര്‍ നദീതടത്തില്‍ കേരളം വിഭാവനം ചെയ്ത പദ്ധതികള്‍ പൂര്‍ത്തീകരിച്ച ശേഷം ആനമലയാര്‍ വെള്ളം തമിഴ്നാടിന് നല്‍കാമെന്നാണ് അനുബന്ധകരാര്‍. 200 ടി.എം.സി ശേഷിയുള്ള വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരുന്നത്. മൂന്നാര്‍, പൂയംകുട്ടി, പെരിഞ്ചാംകുട്ടി തുടങ്ങിയ ജലസംഭരണികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിനും പുറമെ, ആനമലയാര്‍ വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടുന്നതോടെ പെരിയാറിലെ നീരൊഴുക്ക് വീണ്ടും കുറയും. എറണാകുളം ജില്ലയുടെ കുടിവെള്ളത്തേയും ഇത് ബാധിക്കും. പെരിയാറിലെ നിരവധി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളെയും ബാധിക്കുമെന്നത് മറച്ച് പിടിച്ചാണ് ആനമലയാര്‍ വെള്ളം നല്‍കാനുള്ള നീക്കമെന്ന് പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജലവിഭവ മന്ത്രിയായിരിക്കെ നടത്തിയ ചര്‍ച്ചയില്‍ ആനമലയാര്‍ വെള്ളം നല്‍കാന്‍ ധാരണയായെങ്കിലും പിന്നീട് കേരളം പിന്‍മാറുകയായിരുന്നു.
ആനമലയാര്‍ വെള്ളം തമിഴ്നാടിന് നല്‍കുമ്പോള്‍ അതിന് ആനുപാതികമായി ചിറ്റൂര്‍ പുഴയില്‍  വെള്ളം കിട്ടണമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അവര്‍ മൌനം പാലിക്കുകയാണ്. ആനമലയാറില്‍ ജലവൈദ്യുതി പദ്ധതി സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബോര്‍ഡ് പദ്ധതി തയാറാക്കിയത്. എന്നാല്‍,ഈ പദ്ധതി നടപ്പാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജലസംഭരണിക്ക് വേണ്ടി 300 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടണമെന്നതാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
ഇതേസമയം അപ്പര്‍ നീരാറിലെ വെള്ളം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം ആനമലയാര്‍ സാങ്കേതിക റിപ്പോര്‍ട്ട് പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ ജനുവരി 31വരെ അപ്പര്‍ നീരാറിലെ വെള്ളം കേരളത്തിന് ഉപയോഗിക്കാമെന്നാണ് കരാര്‍ വ്യവസ്ഥ. ഇടുക്കി, ഇടമലയാര്‍ പദ്ധതികള്‍ പൂര്‍ത്തിയായതിനാല്‍ വെള്ളം തിരിച്ച് വിടുന്നത് നിര്‍ത്തണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. അപ്പര്‍ നീരാര്‍ വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടുന്നതും പെരിയാറിലെ ജലനിരപ്പ് കുറയാന്‍ കാരണമാകും.
പറമ്പിക്കുളം മേഖലയില്‍ നിന്നുള്ള നിരൊഴുക്ക് 16.5 ടി.എം.സി കവിഞ്ഞാല്‍ അധികജലം കേരളത്തിന് എന്നത് 12.5 ടി.എം.സി കവിഞ്ഞാല്‍ എന്നാക്കണമെന്ന കേരള ആവശ്യത്തോട് തമിഴ്നാട് യോജിച്ചില്ല. 14 ടി.എം.സി കവിഞ്ഞാല്‍ എന്നാക്കാമെന്ന് സമ്മതിച്ചുവെങ്കിലും അതിലും നിബന്ധനവെച്ചു. നീരാറില്‍ നിന്നുള്ള വെള്ളം പറമ്പിക്കുളത്തിന്റെ കണക്കില്‍ പെടുത്തില്ലെന്നായി തമിഴ്നാട്. ഇതിനോട് കേരളം യോജിച്ചില്ല.

10 January 2011

മുല്ലപ്പെരിയാറില്‍നിന്ന് ശേഖരിച്ച സാമ്പിള്‍ 
ഉറപ്പുള്ള ഭാഗത്തേത്; കേരളം പരാതി നല്‍കും
സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം മുല്ലപ്പെരിയാറില്‍ പരിശോധനക്കെത്തിയ സംഘം അണക്കെട്ടിന്റെ ബലമറിയാന്‍ സാമ്പിളെടുത്തത്  ഡാമിന്റെ ഉറപ്പുള്ള ഭാഗത്ത് നിന്ന്.
അണക്കെട്ട് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചിട്ടുള്ള സുര്‍ക്കി കെട്ടിന്റെ ഭാഗത്ത് നിന്ന് സാമ്പിളെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കേരളം ഉന്നതാധികാര സമിതിക്ക് പരാതി നല്‍കും.
ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച് സ്റ്റേഷന്‍, പുണെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന്‍ എന്നിവയിലെ സാങ്കേതിക വിദഗ്ധരുടെ സംഘമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പരിശോധന നടത്താനാണ് സാമ്പിള്‍ ശേഖരിച്ചത്. മേസറി കോണ്‍ക്രീറ്റുള്ള ഭാഗത്ത് നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ഇത് തമിഴ്നാടിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമായ സുര്‍ക്കി ഉപയോഗിച്ചാണ് അണക്കെട്ട് നിര്‍മിച്ചതെന്നും അതിനാല്‍ മറ്റൊരു ഭാഗത്ത് നിന്ന് സാമ്പിള്‍ എടുക്കണമെന്ന് കേരള പ്രതിനിധികള്‍  ആവശ്യപ്പെട്ടുവെങ്കിലും സംഘം വഴങ്ങിയില്ല. തങ്ങളുടെ ജോലിയില്‍ ഇടപെടരുതെന്നും പരാതിയുണ്ടെങ്കില്‍ ഉന്നതാധികാര സമിതിക്ക്   നല്‍കാനുമായിരുന്നു നിര്‍ദേശം. ഇതിനെതുടര്‍ന്ന്് മുല്ലപ്പെരിയാര്‍ സെല്‍ പരാതി തയാറാക്കി ജലവിഭവ വകുപ്പിന് കൈമാറി.   11ന്  ചേരുന്ന യോഗത്തിന് ശേഷമായിരിക്കും കത്ത് അയക്കുകയെന്ന് അറിയുന്നു.
 ഉന്നതാധികാര സമിതിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന് കേരളം തയാറാക്കിയ മറുപടി നല്‍കാതിരുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുല്ലപ്പെരിയാര്‍ സെല്ലിന്റെ യോഗം 11ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരുന്നത്.
അതിനിടെ, സാങ്കേതിക റിപ്പോര്‍ട്ടിന് കേരളം തയാറാക്കിയ മറുപടി സെക്രട്ടറിയേറ്റില്‍ കുടുങ്ങിയതായി അറിയുന്നു. മറുപടി ലഭിക്കാതിരുന്നത് മൂലമാണ്  കേരളത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ വിലയിരുത്തലുണ്ടായത്. ഇരു സംസ്ഥാനങ്ങളോടും അണക്കെട്ട് സംബന്ധിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും തമിഴ്നാട് മാത്രമാണ് കൃത്യസമയത്ത് മറുപടി നല്‍കിയത്. മറുപടി കേരളത്തിന് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ നിയന്ത്രണം പൂര്‍ണമായും തമിഴ്നാടിനായതിനാല്‍ വിവരങ്ങള്‍ കേരളത്തിന്റെ പക്കല്‍ ലഭ്യമല്ലെന്ന മറുപടിയാണ് കേരളം തയാറാക്കിയിരുന്നത്. അണക്കെട്ടിന്റെ ഓരോ സമയത്തെയും ജലനിരപ്പ്, ആയക്കെട്ട്, വൈദ്യുതി ഉല്‍പാദനം, കൃഷിക്കായി തിരിച്ച് വിടുന്ന വെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ കേരളത്തിന്റെ പക്കല്‍ ലഭ്യമല്ലെന്നും മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന തമിഴ്നാട് അനുവദിച്ചിട്ടില്ലെന്നും തയാറാക്കിയ മറുപടിയില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ വിദഗ്ധ സംഘത്തെ അയക്കുന്നുവെങ്കില്‍ അതില്‍ മുമ്പ് ഈ വിഷയം കൈകാര്യം ചെയ്തവരെ ഉള്‍പ്പെടുത്തരുതെന്നും അഭ്യര്‍ഥിച്ചു. മന്ത്രി എന്‍.കെ.പ്രേമചന്ദ്രനും മുല്ലപ്പെരിയാര്‍ കേസില്‍ ഹാജരാകുന്ന അഭിഭാഷകരും അംഗീകാരം നല്‍കിയ മറുപടി സെക്രട്ടറിയേറ്റിലെ ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു.
 ഫെബ്രുവരി 17, 18 തീയതികളില്‍ നടക്കുന്ന വാദത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങളും  മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തുന്നതും  11ലെ യോഗം ചര്‍ച്ച ചെയ്യും.

07 January 2011

മുല്ലപ്പെരിയാര്‍; വീണ്ടും കുരുക്കിലേക്ക് 
കാലപ്പഴക്കത്തെ തുടര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയണമെന്ന കേരളത്തിന്റെ ആവശ്യത്തെ മറികടക്കാനുള്ള തമിഴ്നാടിന്റെ നീക്കം ശക്തമാക്കി. പുതിയ അണക്കെട്ട് നിര്‍മ്മിക്കും മുമ്പ് നിലവിലുള്ള ഡാം ബലപ്പെടുത്തണമെന്ന പുതിയ തന്ത്രമാണ് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ തമിഴ്നാട് സ്വീകരിക്കുന്നത്. ഇത് കേരളത്തെ കുരുക്കാനാണെന്ന് വേണം കരുതാന്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ജല കമീഷന്റെ സാന്നിദ്ധ്യം ഉന്നതാധികാര സമിതിയിലും പ്രത്യക്ഷപ്പെട്ടതാണ് ആശങ്കക്ക് കാരണം.
കേന്ദ്ര ജല കമീഷന്‍ തമിഴ്നാടിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന പരാതി നേരത്തെ മുതല്‍ കേരളത്തിനുണ്ട്. ഇക്കാര്യം സുപ്രിം കോടതിയിലും നേരത്തെ കേരളം പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് അനുകൂലമായി വിധി വരാന്‍ കാരണമായതും കേന്ദ്ര ജല കമീഷന്റെ റിപ്പോര്‍ട്ടുകളായിരുന്നു. എന്നാല്‍ വിദഗ്ദാംഗങ്ങളെന്ന നിലയില്‍ കേന്ദ്ര ജല കമീഷനിലെ മുന്‍ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നാധികാര സമിതിയിലെത്തി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉതാധികാര സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിള്ളതും കേന്ദ്ര ജലകമീഷന്റെ കീഴിലുള്ള ഏജന്‍സികളോടാണ്. ജനുവരി ഏഴിന് ഉന്നതാധികാര സമിതി ചേരുന്നതിന് മുമ്പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം മുല്ലപ്പെരിയാറില്‍ എത്തിയത്.
ഇതേ സമയം, അണക്കെട്ട് തുടര്‍ന്നും ബലപ്പെടുത്തി സംരക്ഷിക്കുന്നതിന് എതിരെ കേരളം ഉന്നതാധികാര സമിതിക്ക് കത്ത് നല്‍കി. ഇത്രയും പഴക്കമുള്ള അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് വേണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ട കാര്യവും കത്തില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂചലന മേഖലയിലാണ് നിലവിലുള്ള അണക്കെട്ട്. പുതിയ അണക്കെട്ടിന് അനുമതി നല്‍കുകയും അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വരെ ഇപ്പോഴത്തെ അണക്കെട്ട് സംരക്ഷിക്കുന്നതിന് വേണ്ടി അറ്റകുറ്റ പണികള്‍ അനുവദിക്കാമെന്നും കത്തില്‍ പറയുന്നു. എന്നാല്‍, ഇത് ഭാവിയില്‍ കുരുക്കായി മാറുമെന്നാണ് പറയുന്നത്. അണക്കെട്ട് ബലപ്പെടുത്തിയെന്ന കാരണം ചുണ്ടിക്കാട്ടി പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്ന് തമിഴ്നാട് പിന്മാറുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.കേന്ദ്ര ജലകമീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതോടെ അണക്കെട്ടിന് അപകട ഭീഷണിയില്ലെന്ന വാദമാണ് ഇപ്പോള്‍ തന്നെ തമിഴ്നാടിന്റെത്. അണക്കെട്ട് ബലപ്പെടുത്തിയെന്നതിന്റെ പേരിലാണ് ജലനിരപ്പ് വര്‍ദ്ധിപ്പിക്കാന്‍ നേരത്തെ സുപ്രിം കോടതി അനുമതി നല്‍കിയത്.
ഇതിനിടെ, പുതിയ അണക്കെട്ടിന് അനുമതി ലഭിച്ചാല്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏറ്റവും കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും വേണ്ടിവരില്ലേയെന്നും അത് വരെ ഇപ്പോഴത്തെ ഡാം നിലനിര്‍ത്തണമെന്ന് ഉന്നതാധികാര സമിതിയിലെ വിദഗ്ധര്‍ പറഞ്ഞതും ഗൌരവത്തോടെ കാണേണ്ടി വരും.
ഇപ്പോഴത്തെ സംഘത്തിന്റെ സന്ദര്‍ശനവും കേരളം അറിഞ്ഞിരുന്നില്ല. തമിഴ്നാട് ഇക്കാര്യം മറച്ച് പിടിച്ചുവെന്ന പരാതി കേരളം അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന പരിശോധനകളെ കരുതലോടെ സമീപിക്കണമെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി ജസ്റ്റിസ് കെ.ടി.തോമസ് ശക്തമായ നിലപാട് സ്വീകരിച്ചാല്‍ മാത്രമെ പ്രതീക്ഷക്ക് വകയുള്ളു.