Pages

12 June 2010

എന്തിനാണ് മൂന്നാറില്‍ വീണ്ടുമൊരു ടൌണ്‍ഷിപ്പ് 
കേരള സര്‍ക്കാര്‍ നവീന മൂന്നാര്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കരുതിയത് മൂന്നാറിലെ  ഇപ്പോഴത്തെ ടൌണ്‍ഷിപ്പ് വികസിപ്പിക്കുമെന്നും നൂറ്റാണ്ടുകളായി ടാറ്റയുടെ വാടകക്കാരായി കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നുമാണ്. കണ്ണന്‍ദേവന്‍ കമ്പനി മൂന്നാറില്‍ തേയില കൃഷിക്കായി എത്തിയപ്പോള്‍ ആരംഭിച്ചതാണ് മൂന്നാറിലെ പ്ളാന്റെഷന്‍ ടൌണ്‍. 1924 ലെ വെള്ളപ്പൊക്കത്തിലും പിന്നിട് തീ പടുത്തത്തിലും ടൌണ്‍ നശിക്കുകയും പുതുക്കി പണിയുകയും ചെയ്തതൊഴിച്ചാല്‍ മറ്റ് മാറ്റമൊന്നും വന്നിട്ടില്ല. നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളും ആയിരക്കണക്കിന് വീടുകളുമാണ് ടാറ്റ ടീക്ക് പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ വാടകക്കാരായി കഴിയുന്നത്. നവീന ടൌണ്‍ ഷിപ്പ് വരുന്നതോടെ തങ്ങളുടെ കടകള്‍ക്കും വീടുകള്‍ക്കും പട്ടയം കിട്ടുമെന്ന് സ്വപ്നം കണ്ടവരും ഇവരാണ്. അവരില്‍ ചുമട്ട് തൊഴിലാളികളുണ്ട്, ഡ്രൈവറന്മാരുണ്ട്, ചെറുകിട വ്യാപാരികളുണ്ട്, കൂലിപ്പണിക്കാരുണ്ട്.....പക്ഷെ, ഇപ്പോള്‍.......................
മൂന്നാറില്‍  ടൂറിസം സോണ്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി 1072 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്. നിലവിലെ ടൌണ്‍ഷിപ്പ് ഏറ്റെടുക്കുന്നതിനല്ല തീരുമാനം. ടൌണിലെ കുറച്ച് ഭൂമി ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും ഇപ്പോഴത്തെ ടൌണിന് പുറത്ത് നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. അവിടെ ടൂറിസം സോണായി വികസിപ്പിച്ച് പുതിയ ടൌണ്‍ ഷിപ്പ് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.അവിടെ ആര്‍ക്കായിരിക്കും ഭൂമി നല്‍കുക? ഏറ്റെടുക്കുന്ന ഭൂമിക്ക് പട്ടയം വിതരണം ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയും അവശേഷിക്കുന്നു. ടൂറിസം ആവശ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. വ്യവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമി പതിച്ച് നല്‍കാന്‍ കഴിയുമോയെന്നതാണ് ആശങ്കക്ക് കാരണം. ടൂറിസം വ്യവസായത്തിന്റെ പരിധിയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയില്‍ ഹോട്ടലും റിസോര്‍ട്ടും സ്കൂളും തുടങ്ങി ഒരു ടൌണ്‍ഷിപ്പിന് വേണ്ടെതൊക്കെ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. കുറെ കുത്തകക്കാര്‍ ഇതിന്റെ മറവില്‍ ഭൂമി സ്വന്തമാക്കുമെന്നത് പോകട്ടെ, ഇനിയൊരു ടൌണ്‍ ഷിപ്പിനെ താങ്ങാനുള്ള ശേഷി മൂന്നാിറിനുണ്ടോ? കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞ മൂന്നാറിലെ കാലാവസ്ഥ ഇപ്പോള്‍ തന്നെ മാറിമറിഞ്ഞു. ഇനിയും കുറച്ച് കെട്ടിടങ്ങള്‍ വന്നാല്‍ സംശയമില്ല, മൂന്നാറിന്റെ ആവാസ വ്യവസ്ഥ മാറും. അതോടെ ടൂറിസവും അവസാനിക്കും. കൊഡൈക്കാനലും ഊട്ടിയും ഈ അവസ്ഥയില്‍ എത്തിയതിനാലാണ് ജനം മൂന്നാറിനെ തേടിയെത്തുന്നതെന്നത് മറക്കണ്ട. മൂന്നാറിലെ ടൂറിസം വ്യവസായികള്‍ക്ക് ഇതൊരു പാഠമാണ്. കാരണം മൂന്നാറില്‍ എത്തുന്നവരില്‍ നിന്ന് എങ്ങനെ പണം പിടിച്ചെടുക്കാമെന്നാണല്ലോ ചിന്ത.
മൂന്നാറില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്ത് കൊണ്ട് ടൌണ്‍ പ്രദേശത്തെ ഒഴിവാക്കിയെന്നതിനും ഉത്തരം തേടേണ്ടതാണ്. മൂന്നാര്‍ ടൌണിന് ചുറ്റുമായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം വ്യാജ പട്ടയ ലോബി സ്വന്തമാക്കുകയും അത് റിസോര്‍ട്ടുകള്‍ക്കായി കൈമാറുകയും ചെയ്തതായി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി കൈവശപ്പെടുത്തിയ ഈ ഭൂമി സംരക്ഷിക്കാന്‍ ആരൊക്കെയോ ശ്രമിച്ചുവെന്ന് വേണം കരുതാന്‍. ആങ്ങള ചത്താലും തരക്കേടില്ല, നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന സമീപനം സ്വീകരിക്കുന്ന ചിലരാണ് ഇതിന് പിന്നില്‍. അത് കൊണ്ടാണല്ലോ മൂന്നാറിനെ കുറിച്ച് സംസാരിക്കുന്നവരെ ടാറ്റയുടെ ഏജന്റുമാരാക്കുന്നത്. ടാറ്റയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ആരുടെ കൈകളിലാണ് എത്തപ്പെട്ടതെന്ന് അറിയേണ്ടതല്ലേ? മല കയറി വന്ന പുത്തനുള്ളവര്‍ ഭൂമി സ്വന്തമാക്കി. അവര്‍ അവിടെ ഹോട്ടലും റിസോര്‍ട്ടും കെട്ടിപൊക്കി. മൂന്നാറുകാര്‍ക്ക് ഇതൊക്കെ കാണാനാണ് വിധി. മൂന്നാറിന്റെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ മൂന്നാറുകാര്‍ക്ക് പങ്കില്ലല്ലോ.........................

08 June 2010

മൂന്നാറിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാതെയുള്ള ടുറിസം വികസന പദ്ധതി നടപ്പാക്കരുത്
 മൂന്നാര്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം പരിഗണിക്കാതെ ടുറിസം വകുപ്പ് തയ്യാറാക്കിയിട്ടുള്ള ടുറിസം വികസന പദ്ധതികള്‍ നടപ്പാക്കരുതെന്ന് മാധവന്‍ പിള്ള ഫൌണ്ടേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാര്‍^ വികസനവും സംരക്ഷണവും എന്ന സെമിനാര്‍ ആവശ്യപ്പെട്ടു. മൂന്നാറിന് പുറമെ, സമീപത്തെ പള്ളിവാസല്‍, മറയുര്‍, കാന്തല്ലൂര്‍, വട്ടവട, ചിന്നക്കനാല്‍ എന്നി പഞ്ചായത്തുകളും ഉള്‍പ്പെടുത്തിയാണ് ടുറിസം വികസന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഒരു പ്രദേശത്തിന്റെ വികസനത്തിനായി ടുറിസം വകുപ്പ് മാത്രമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതിനേയും സെമിനാര്‍ ചോദ്യം ചെയ്തു. ഈ പ്ലാന്‍ അതേപടി നടപ്പാക്കിയാല്‍ മൂന്നാര്‍ മേഖല പൂര്‍ണമായും ടൂറിസവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്കായി തുറന്ന് കൊടുക്കമെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. മൂന്നാറിന് താങ്ങാന്‍ കഴിയുന്നതാകണം പദ്ധതികള്‍.
ആദിവാസി മൂപ്പന്‍ കൃഷ്ണന്‍ മുതുവാന്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.
വികസനത്തിന് നിര്‍വചനം വേണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി. എസ്. വിജയന്‍ പറഞ്ഞു. പശ്ചിമഘട്ടത്തില്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല. മൂന്നാറില്‍ ഇനി ടൂറിസം വികസനം വേണ്ട, ഉള്ളത് തന്നെ ധാരാളം. 1036 ഏക്കര്‍ ഏറ്റെടുത്ത് ടൂറിസം വികസിപ്പിക്കാനുള്ള നീക്കം എതിര്‍ക്കപ്പെടണം. മുന്നാറില്‍ വര്‍ഷങ്ങളായി തുടരുന്ന ഭൂ സര്‍വേ എന്ത് കൊണ്ട് പൂര്‍ത്തിയാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആളില്ലാത്തതാണ് പ്രശ്നമെങ്കില്‍ സര്‍വേ ജോലികള്‍ സ്വകാര്യ മേഖലക്ക് കരാര്‍ നല്‍കണം. 17922 ഏക്കര്‍ ഭൂമി വനം വകുപ്പിന് കൈമാറാനുള്ള തീരുമാനം നടപ്പാക്കാതിരിക്കുന്നതിനും ന്യായികരണമില്ല.
തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ നശിപ്പിക്കപ്പെടുകയാണ്. ദേവാലയങ്ങള്‍, സെമിത്തേരി,കല്യാണമണ്ഡപം  എന്നിവക്ക് വേണ്ടി പാടം നികത്താന്‍ അനുമതി തേടിയുള്ള അപേക്ഷകള്‍ വര്‍ദ്ധിച്ച് വരികയാണ്. കേരളത്തിലെ വനവും തണ്ണീത്തടങ്ങളും ഒരിഞ്ച് പോലും ഇനിയും നശിപ്പിക്കപ്പെട്ട് കൂട. ഇനിയും നശിപ്പിക്കാന്‍ ഭൂമിയില്ലെന്ന് തിരിച്ചറിയണമെന്നും അദേഹം പറഞ്ഞു.
മൂന്നാറില്‍ വര്‍ദ്ധിച്ച് വരുന്ന തിരക്ക് കുറക്കുന്നതിനായി ടൂറിസം സോണിന്  ടൂറിസം വകുപ്പ് ശിപാര്‍ശ നല്‍കിയിരുന്നതായി  ടൂറിസം ഡയറക്ടര്‍ എം. ശിവശങ്കര്‍ പറഞ്ഞു. ടൂറിസം സോണിനായി നിര്‍ദേശിക്കപ്പെട്ട 1036 ഏക്കര്‍ സ്ഥലം ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. ഇവിടെ പൊതുവായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. ചരിത്രപരമായും സാംസ്കാരിക പരവുമായ വസ്തുക്കള്‍ സംരക്ഷിക്കപ്പെടും. ഈ മേഖലയിലെ കെട്ടിട നിര്‍മ്മാണത്തിലടക്കം നിയന്ത്രണം കൊണ്ട് വരുന്നതിനും വ്യവസ്ഥയുണ്ട്. ഒമ്പത് മീറ്ററായിരിക്കും കെട്ടിടത്തിന്റെ പരമാവധി ഉയരം^അദേഹം പറഞ്ഞു.
മൂന്നാറിന്റെ സമ്പത്ത് പ്രകൃതിയാണ്. എന്നാല്‍ അശാസ്ത്രിയമായ വികസനമാണ് ഇവിടെ നടപ്പാക്കിയത്^ ഹൈറേഞ്ച് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്റ് മോഹന്‍ സി. വര്‍ഗീസ് പറഞ്ഞു.
മൂന്നാറിന് ചുറ്റുമായി നാല് ദേശിയ ഉദ്യാനങ്ങളും രണ്ട് വന്യജീവി സങ്കേതങ്ങളും ഉള്ളതിനാല്‍ അത് കൂടി കണക്കിലെടുത്ത് വേണം ഏത് തരം വികസന പദ്ധതിയും തയ്യാറാക്കാനെന്ന് റിട്ട. എ. സി. എഫ്് ജെയിംസ് സക്കറിയ പറഞ്ഞു. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനമായ ജൈവവൈവിധ്യ മേഖലയാണ് ഇവിടം. പെരിയാര്‍, ചാലക്കുടിപുഴ, കാവേരി എന്നി നദികളിലേക്കുള്ള കൈവഴികളും ഇവിടെ നിന്നാണ്^അദേഹം ചുണ്ടിക്കാട്ടി.
എം. ജി. രാധാകൃഷ്ണന്‍, ജി. വിജയരാഘവന്‍, സി. ഗൌരിദാസന്‍ നായര്‍,ഡോ. പി. എസ്. ഈസ, യു. വി. ജോസ്, പ്രൊഫ. കുഞ്ഞികൃഷ്ണന്‍, ജോസഫ്. സി. മാത്യു, പി. കെ. ഉത്തമന്‍, പെരുവന്താനം ജോണ്‍, ടോണി തോമസ്, ഗിരിഷ് ജനാര്‍ദ്ദനന്‍, ബിജു പങ്കജ്, കെ. പി. സേതുനാഥ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബാലന്‍ മാധവന്‍ സ്വാഗതവും സോണിയ ജേക്കബ്ബ് നന്ദിയും പറഞ്ഞു.

05 June 2010





ചില പരിസ്ഥിതി ചിന്തകള്‍
 പാരിസ്ഥിതിക കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അവബോധമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും പല കാരണങ്ങളാല്‍ പാരിസ്ഥിതി^പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ ദിനംപ്രതി സമ്മര്‍ദ്ദം വര്‍ദ്ധിച്ച് വരുന്നു. ടൂറിസമടക്കമുള്ള വ്യവസായത്തിനായി കേരളത്തിന്റെ മണ്ണും വെള്ളവും ചുഷണം ചെയ്യപ്പെടുകയാണ്.
ഭൂമിശാസ്ത്രപ്രകാരവും പാരിസ്ഥിതികമായും ഒട്ടേറെ പരിമിതികളും വൈവിധ്യവും സങ്കീര്‍ണതകളും നിറഞ്ഞ കേരളത്തില്‍ വികസനവും പരിസ്ഥിതിയും തമ്മിലുള്ള പാരസ്പര്യം അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയൂം ചെയ്യുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി നയത്തില്‍ തന്നെ ചുണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാലാവസ്ഥയും പാരിസ്ഥിതിക പ്രത്യേകതകളും കാരണം കേരളത്തിന്റെ ആവാസ വ്യവസ്ഥ അതിലോലമാണ്. ജൈവ ഭൂഘടനയില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശവമുമാണ് കേരളം. എന്നാല്‍ പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങളെ പുന:ക്രമികരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തണ്ണീര്‍ത്തടങ്ങളാണ് ഏറ്റവും കൂടുതല്‍ ഇല്ലാതായി കൊണ്ടിരിക്കുന്നത്. പുത്തന്‍ വ്യവസായികള്‍ ലിക്ഷ്യമിടുന്നതും തണ്ണീര്‍ത്തടങ്ങളെയാണ്. വെള്ളം അടുത്ത് കിട്ടുമെന്നതാണ് വ്യവസായികളെ തണ്ണീര്‍ത്തടങ്ങളെ തേടിയെത്താന്‍ പ്രേരിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കല്‍ വേണ്ടതില്ലെന്നതും അനൂകൂലമായി കാണുന്നു. കണ്ടല്‍ക്കാടുകളും നെല്‍വയലുകളും ഇത്തരത്തില്‍ നശിപ്പിക്കപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ വനങ്ങള്‍ അതിവേഗം നശിപ്പിക്കപ്പെടുന്നു. തീരദേശം നാശഭീഷണി നേരിടുന്നു. മണല്‍^കളിമണ്‍ ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നദികളും പുഴകളും ഇല്ലാതാകുന്നു. വനം^പരിസ്ഥി സംരക്ഷണത്തിനായി 24 നിയമങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് വേണം കരുതാന്‍.
സൈലന്റ്വാലിയും പൂയംകുട്ടിയും പ്ലാച്ചിമടയും പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ വിജയമാണെങ്കിലും പിന്നിടുണ്ടായ പ്രശ്നങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്താന്‍ കഴിയാതെ പോകുന്നു. കൃഷിക്ക് വേണ്ടിയുള്ള കുടിയേറ്റത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ കയ്യേറ്റമാണ് മൂന്നാറെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപ്പെടല്‍ ഉണ്ടായില്ല. വംശനാശ ഭീഷണി നേരിടുന്ന നീലകുറിഞ്ഞികള്‍ വളര്‍ന്നിരുന്ന പുല്‍മേടുകളും ജലസ്രോതസായ കുന്നുകളും ഏലക്കാടുകളും വിനോദ സഞ്ചാരികള്‍ക്ക് കൂട് ഒരുക്കാന്‍ എന്ന പേരില്‍ നശിപ്പിക്കപ്പെട്ടു. മുന്നാര്‍ മേഖലയുടെ കാലാവസ്ഥക്ക് തന്നെ വ്യതിയാനം വരുത്തക്ക തരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നതോടെ വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ വ്യവസ്ഥക്കും മാറ്റം വന്ന് തുടങ്ങി. കായലുകളില്‍ ഹൌസ് ബോട്ടുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും കാണാതെ പോകുന്നു. മലവും മൂത്രവും തുടങ്ങി ഡീസലും ഓയിലും വെള്ളത്തില്‍ കലരുന്നു. കുട്ടനാടന്‍ മേഖലയില്‍ പലതരം രോഗങ്ങള്‍ പകരാനും ഇത് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരത്തിന് എന്ന പേരില്‍ വന്‍ തോതില്‍ കായലുകളും നികത്തപ്പെടുന്നു. കണ്ടല്‍ക്കാടുകള്‍ മറ്റ് പലതിനുമായി വെട്ടി നിരത്തപ്പെടുന്നു.
 പ്രകൃതിക്ക് മേലുള്ള കയ്യേറ്റം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ വൈകാതെ കേരളം കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ചുണ്ടിക്കാട്ടുന്നു. ഇപ്പോള്‍ തന്നെ അമിത ഭൂഗര്‍ഭ ജല ചുഷണം മൂലം പലയിടത്തും ശുദ്ധജലം കിട്ടുന്നില്ല.
വാഹനങ്ങളുടെ മലിനികരണവും നിയന്ത്രിക്കാനാകുന്നില്ല. വാഹനങ്ങളുടെ എണ്ണം പെരുകുന്നതനുസരിച്ച് റോഡ് വികസപ്പിക്കാനും മരവും പുഴയും ഇല്ലാതാക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെ പേരില്‍ എങ്ങും എസിയായതും മറ്റൊരു ആഘാതമായി.
മനുഷ്യരുടെ ആര്‍ഭാടത്തിന് പരിധി നിശ്ചയിക്കേണ്ടതും പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണെന്ന് ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി. എസ്. വിജയന്‍ പറഞ്ഞു. പണമുള്ളവന് ആര്‍ഭാടമൊരുക്കാന്‍ വേണ്ടി സഹിക്കപ്പെടുന്നത് പാവപ്പെട്ടവനാണ്. വീട്ടിലും കാറിലും ഓഫീസിലും എസി ഉള്ളവര്‍ കാലാവസ്ഥ വ്യതിയാനം എന്തെന്നറിയുന്നില്ല. ഇത്തരക്കാര്‍ പോകുന്ന കടകളിലും എസിയായിരിക്കും. ഈ എസികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ചുട് സഹിക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. പ്രകൃതിയെ ഇല്ലാതാക്കി വ്യവസായം സ്ഥാപിച്ചാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നതും അതാത് നാട്ടുകാരല്ല. കുറച്ച് പേര്‍ക്ക് ജോലി കിട്ടിയേക്കാം. എന്നാല്‍ അവിടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവിടുത്തുകാര്‍ക്ക് വേണ്ടിയായിരിക്കില്ല. വീതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. 'ക്രിട്ടിക്കല്‍ കൃഷി ഭൂമിയായ'ഇവിടെ വന്‍കിട വ്യവസായങ്ങള്‍ പാടില്ല. എല്ലാം വാണിജ്യാടിസ്ഥാനത്തില്‍ കാണാതെ സുസ്ഥിരമായ വികസനത്തെ കുറിച്ച് ആലോചിക്കണം^അദേഹം പറഞ്ഞു.