Pages

06 December 2024

ആദ്യ പാഠം ചൊല്ലിയ സ്കൂൾ മുറ്റത്തേക്ക് വീണ്ടും

അക്ഷരം പഠിച്ച വിദ്യാലയത്തിലേക്ക് ഒരിക്കല്‍ കൂടി പ്രവേശിക്കുന്നത് ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയാണ്, പ്രത്യേകിച്ച് നാട്ടില്‍ നിന്നും കാതങ്ങള്‍ അകലെ ജീവിക്കുന്നവര്‍ക്ക്. കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് തിരിച്ച് പോകാനുള്ള അവസരം. പഠിപ്പിച്ച അദ്ധ്യാപകര്‍, ഒപ്പം പഠിച്ച




വര്‍, കളി കൂട്ടുകാര്‍...... അവരെയൊക്കെ ഓര്‍ത്തെടുക്കാനുള്ള അവസരം. ഒരര്‍ത്ഥത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ഇതിന് അവസരമൊരുക്കിയത് മൂന്നാര്‍ ഗവ: ലോവര്‍ പ്രൈമറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും. 2024 നവംബര്‍ 23, 24 തിയതികളിലായിരുന്നു മൂന്നാറിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ആഘോഷങ്ങള്‍.  1949 ല്‍ സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ പഠിച്ച സര്‍വ്വശ്രീ ജോര്‍ജ് ജോണ്‍ (ബങ്കളൂര് ), ആര്‍ എസ് മണി, വി എ പരീത് എന്നിവര്‍ തുടങ്ങി ഇപ്പോള്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നവര്‍ വരെ ആഘോഷ പരിപാടികളില്‍ സംബന്ധിച്ചു. ഇതിന് പുറമെ എന്തിനും തയ്യാറായി ഈ സ്‌കൂളില്‍ പഠിക്കാത്തവരും ഒപ്പം കൂടിയപ്പോള്‍ അതു പഴയ മൂന്നാറിന്റെ ഉല്‍സവമായി.  ബങ്കളൂര്‍, മുംബൈ, ഡല്‍ഹി തുടങ്ങി സംസ്ഥാനത്തിന് പുറത്തും അകത്തും നിന്നായി മുന്‍കാല വിദ്യാര്‍ത്ഥികള്‍ ഓടിയെത്തി.



 ഹൈറേഞ്ചിലെ ആദ്യ മലയാളം പള്ളിക്കൂടമാണ് മൂന്നാര്‍ ഗവ: എല്‍ പി സ്‌കൂള്‍. കണ്ണന്‍ ദേവന്‍ കമ്പനി 1926 ല്‍ മൂന്നാര്‍ ഹൈസ്‌കൂള്‍ ആരംഭിക്കുമ്പോള്‍ അതിനൊപ്പം മലയാളം പ്രൈമറി വിഭാഗവും ഉണ്ടായിരുന്നു. തമിഴ് പ്രൈമറി വിഭാഗം 1918 ല്‍ ATPS എന്ന പേരില്‍ ആരംഭിച്ചിരുന്നു. 1949 ല്‍ ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ എല്‍ പി സ്‌കൂള്‍ സ്ഥാപിച്ചപ്പോള്‍ കമ്പനി സ്‌കൂളിലെ ഒന്ന് മുതല്‍ 5 വരെ അങ്ങോട്ട് മാറ്റി. കമ്പനി സ്‌കൂളുകള്‍ 1955 നവംബര്‍ 23 ന് സര്‍ക്കാരിന് കൈമാറി. ജൂബിലി ആഘോഷങ്ങള്‍ക്ക് നവംബര്‍ 23, 24 തിയതികള്‍ തിരഞ്ഞെടുത്തതും യാദൃശ്ചികം. മൂന്നാറില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ജൂബിലി ആഘോഷിക്കുന്നത്. മൂന്നാര്‍ GVHSS ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് മൂന്നാര്‍ GLPS ന്റെ പ്ലാറ്റിനം ജൂബിലിയെ കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമിട്ടത്. വിദ്യാലയ വര്‍ഷാരംഭത്തില്‍ ആലോചന നടന്നുവെങ്കിലും 1924 ലെ മഹാപ്രളയത്തിന്റെ 100-ാം വാര്‍ഷിക ആചരണം ജൂലൈയില്‍ നടത്തണമെന്നതിനാല്‍ അതു കഴിയട്ടെയെന്നായി.  തുടര്‍ന്ന് ആഗസ്ത് അവസാന വാരമാണ് സംഘാടക സമിതി രൂപീകരണം നടന്നത്. MLA ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കോ - ചെയര്‍മാനും വാര്‍ഡ് മെമ്പര്‍ ജനറല്‍ കണ്‍വീനറും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജി മോഹന്‍ കുമാര്‍ കണ്‍വീനറും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ട്രഷററുമായി സംഘാടക സമിതി നിലവില്‍ വന്നു.


  തുടര്‍ന്ന് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ ആഘോഷം സംബന്ധിച്ച അറിയിപ്പുകള്‍ വന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി അന്വേഷണമായി. പലരും 50 കഴിഞ്ഞവര്‍. നവംബര്‍ 23 നായി പലരും കാത്തിരിക്കുകയായിരുന്നു. മൂന്നാറില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും GVHSS OSA അംഗങ്ങളും ആഘോഷം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനി ജീവനക്കാരുടെ മക്കള്‍ക്കും കമ്പനിയെ ആശ്രയിച്ച് ജീവിച്ചവരുടെയും മക്കള്‍ക്കും വേണ്ടി ആരംഭിച്ച വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി - മുന്‍ അധ്യാപക സംഗമത്തിനും അതിഥികളായി എത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്ലാറ്റിനം ജൂബിലി മെമെന്റോ നല്‍കാനുള്ള തുക KDHPC വാഗ്ദാനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 200 രൂപ തുടങ്ങി 10,000 രൂപ വരെ സംഭാവന നല്‍കി. അതോടെ സംഘാടകര്‍ ആത്മവിശ്വാസത്തിലായി.

മൂന്നാര്‍ ഗവ: എല്‍ പി സ്‌കൂള്‍ ആഫീസില്‍ സംഘാടക സമിതി ഓഫീസ് തുറന്നതോടെ ആരംഭിച്ചു ഒരുക്കങ്ങള്‍. ദേവികുളം MLA അഡ്വ A രാജ ഉല്‍ഘാടനം നിര്‍വഹിച്ചു. ജനപ്രതിനിധികളും അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും PTA ഭാരവാഹികളും സംബന്ധിച്ചു. തുടര്‍ന്ന് നവംബര്‍ 23നുള്ള കാത്തിരിപ്പായിരുന്നു. രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ വാര്‍ഡ് മെമ്പര്‍ കെ അഷ്ടലഷ്മി ജൂബിലി പതാക ഉയര്‍ത്തി. ആദ്യ ബാച്ച് വിദ്യാര്‍ത്ഥി ജോര്‍ജ് ജോണ്‍ സാര്‍ ഭാര്യക്കും മകള്‍ക്കും പേരകുട്ടികള്‍ക്കും ഒപ്പം ബങ്കളൂരില്‍ നിന്നും രാവിലെ തന്നെ എത്തി. പിന്നാലെ മുംബൈയില്‍ നിന്നും  ഉണ്ണികൃഷ്ണനും ഭാര്യയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സഹോദരി സൗമിത്രിയും എത്തി. മൂന്നാറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടി എത്തിയതോടെ ഉല്‍സവാന്തരീക്ഷമായി. 



Lt Col ഡികോത്, സഹോദരന്‍ Col ലാന്‍സി, സഹോദരി തെരേസ (ദല്‍ഹി), മൂവാറ്റുപുഴയില്‍ നിന്നും സജീയും ഭര്‍ത്താവും പി പി ലളിതയും V K പ്രഭാകരനും തുടങ്ങിയവരും എത്തിയതോടെ പഴയ ക്ലാസ് മുറികള്‍ സജീവമായി. എ സുരേഷ് എത്തിയത് കുട്ടികള്‍ക്കുള്ള സ്‌കെച്ച് പെന്‍ സെറ്റുമായാണ്. SN ടൂറിസ്റ്റ് ഹോമിലെ സജീവ് എത്തിയത് രണ്ട് കെയ്സ് കുപ്പിവെള്ളവും ഒരു പെട്ടി ബിസ്‌ക്കറ്റുമായി. ദീര്‍ഘകാലത്തിന് ശേഷം മൂന്നാറില്‍ എത്തിയവര്‍ വിശേഷങ്ങള്‍ ചോദിച്ചറിയുന്നുണ്ടായിരുന്നു. പഴയ ഓര്‍മ്മകളുമായി ക്ലാസ് മുറികള്‍ അരനൂറ്റാണ്ടിന് അപ്പുറത്തേക്ക് പോയപ്പോള്‍ അദ്ധ്യാപകര്‍ക്കും കൗതുകം. ഉച്ചക്ക് സ്‌കൂളില്‍ തന്നെ ഭക്ഷണമൊരുക്കി. സമൂഹത്തിന്റെ ഉന്നത പദവിയിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അവര്‍ക്കൊപ്പം വന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരെയും സ്‌കൂള്‍ ഭക്ഷണത്തിന് ക്ഷണിക്കാന്‍ ഹെഡ്മിസ്ട്രസ് ലിസിക്ക് മഠി. ക്ഷണിച്ചാല്‍ വരുമോ എന്നൊരു സംശയം. എന്നാല്‍, ഞങ്ങളുടെ സ്‌കൂള്‍, ഞങ്ങളുടെ ഭക്ഷണം എന്നായിരുന്നു അതിഥികളുടെ നിലപാട്. റഷീദയും ശോഭനയും എത്തിയതോടെ ഫോട്ടോ സെഷന്‍ സജീവമായി. അപ്പോഴെക്കും വിളംബര ജാഥക്ക് സമയമായി. കുട്ടികളെ സ്റ്റാര്‍ട്ടിംഗ് പോയിന്റായ മോസ്‌ക് ജംഗ്ഷനിലേക്ക് കൊണ്ടുപോകാന്‍ ഗവ:ഹൈസ്‌കൂളിന്റെ സ്‌കൂള്‍ ബസുകള്‍ എത്തിയിരുന്നു. GLPS ല്‍ പഠിക്കാത്ത R മോഹന്‍, M വിശ്വനാഥന്‍ എന്നിവര്‍ എന്തിനും തയ്യാറായി മോസ്‌ക് ജംഗ്ഷനിലുണ്ടായിരുന്നു. അവിടം മുതല്‍ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വരെയായിരുന്നു വിളംബര ജാഥ.




 ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റീന ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. വഴിയൊരുക്കാന്‍ മുന്നിലും പിന്നിലും പൊലീസ്. വിളംബരവുമായി കൊട്ട് മേളം. രണ്ടു വരിയായി, ഗതാഗതം തടസപ്പെടുത്താതെ വിളംബര ജാഥ കടന്ന് പോകാന്‍ സൗകര്യമൊരുക്കാന്‍ മോഹന്‍ കുമാര്‍, ലിജി, K A മജീദ്, PTA പ്രസിഡന്റ് മുത്ത്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു. കുട്ടികളെ വിവിധ വേഷം ധരിപ്പിച്ച് രക്ഷിതാക്കളും ഒപ്പം നിന്നു. ജാഥ സമാപിച്ചപ്പോള്‍ ഫുഡ് പാക്കറ്റുമായി KHRA മൂന്നാര്‍ യൂണിറ്റ് ORS പാലത്തിലുണ്ടായിരുന്നു.

നവംബര്‍ 24 ..... പഴയ മൂന്നാര്‍ ഉണര്‍ന്നത് കണ്ട് മറന്ന മുഖങ്ങളെ കണികണ്ടാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂന്നാര്‍ GLPS ല്‍ പഠിച്ചിറങ്ങി, ഉയരങ്ങളില്‍ നിന്നും ജീവിതത്തിന്റെ ഉയരങ്ങള്‍ തേടി പോയവര്‍ രാവിലെ തന്നെ എത്തി കൊണ്ടിരുന്നു. നിലവിലെ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ കൈ പിടിച്ചും സ്‌കൂള്‍ ഗേറ്റ് കടന്നു. കുട്ടികളെ പോലെ ചിലര്‍ പാര്‍ക്കിലെ കാഴ്ചകള്‍ കണ്ട് നടന്നു.






 വന്നവരൊക്കെ നേരെ പോയത് ക്ലാസ് മുറികളിലേക്ക്.   ഓരോത്തരും ഗേറ്റ് കടന്നു വരുമ്പോള്‍ അവരെ ആലിംഗനം ചെയ്യാന്‍ പഴയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കൂട്ടുകാര്‍ കാത്തുനിന്നു. ജീവിതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നിമിഷങ്ങള്‍ .....

സംഘാടക സമിതി ഭാരവാഹിയായ പി പി ലളിതയും സ്‌കുള്‍ സ്റ്റാഫ് സെക്രട്ടറി ഷേര്‍ളിയടെ നേതൃത്വത്തില്‍ അദ്ധ്യാപികമാരും ഓരോത്തരെയും സ്വീകരിച്ച് രജസ്ട്രേഷന്‍ കാര്‍ഡ് നല്‍കാന്‍ സജീവമായിരുന്നു. സ്‌കുള്‍ പിടിഎം സുലൈമാന്‍ സഹായിയായി ആകെ നിറഞ്ഞു നിന്നു. യുവ കവയത്രി ഡോണ പ്രിന്‍സ് കോമ്പയറുടെ ദൗത്യം ഏറ്റെടുക്കാന്‍ രാവിലെ തന്നെ എത്തി. സ്‌കുള്‍ ഹാളിന് സമിപം ആദ്യകാല മൂന്നാറിന്റെ ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ആകെ ഒരു ഉല്‍സവ മേളം. 

പൂര്‍വ്വ വിദ്യാർഥിനികളും അദ്ധ്യാപികമാരും ചേര്‍ന്ന് പ്രാര്‍ഥനാ ഗാനം ആലപിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ആദ്യ ബാച്ച് വിദ്യാർഥികളായ ജോര്‍ജ് ജോണ്‍, മുന്‍ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആര്‍ എസ് മണി, ദേവികുളത്തെ ന്യുസ് ഏജന്റ് വി എ പരീത്, അടുത്ത തലമുറയിലെ സീബി ആന്റണി, ഇപ്പോഴത്തെ സ്‌കുള്‍ ലീഡര്‍ സാന്‍ഡ്ര, ഹെഡ്മിസ്ട്രസ് ലിസി ടി ആന്റണി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. സംഘാടകരാരും വേദിയില്‍ ഉണ്ടായിരുന്നില്ലെന്നതാണ് പ്രത്യേകത.



 തുടര്‍ന്ന് മൈക്ക് സദസിലേക്ക്...... നിരവധി പേര്‍ പഴയ ഓർമകള്‍ പങ്കുവെച്ചു. സ്‌കൂള്‍ മുറ്റത്ത് ഓടി കളിച്ചതും തൊട്ടടുത്ത ആറ്റില്‍ ചാടി കളിച്ചതും കാല് മുറിഞ്ഞതും തുടങ്ങിയ പഴയകാല ഓര്‍മകള്‍......ലോവര്‍ പ്രൈമറി ക്ലാസുകളിലെ ഓര്‍മകള്‍ കേള്‍ക്കാന്‍ തന്നെ രസം. അന്നത്തെ കാളവണ്ടികളും സ്‌കൂളിന് മുകളിലൂടെയുള്ള റോപ് വേയും ഒക്കെ പുതിയ തലമുറക്ക് പുതിയ അറിവുകള്‍........ 





പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയ വിശിഷ്ട അതിഥികളും ഇതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു. പ്ലാറ്റിനം ജൂബിലി സമ്മേളനം എ രാജ എം.എല്‍.എയാണ് ഉല്‍ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപകരെ KDHPC മാനേജർ ജേ ൺ പെരേര ആദരിച്ചു. ജനപ്രതിനിധികളും മറ്റും ആശംസകള്‍ നേര്‍ന്നു.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴെക്കും കുട്ടികളുടെ കലാപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പുര്‍വ്വ വിദ്യാര്‍ഥിയായ ടി ടി ജെയിംസും ജോണ്‍ ക്വീന്റസും നേതൃതം നല്‍കിയ ഗാനമേള അരങ്ങു തകര്‍ത്തു. പൂർവ്വ വിദ്യാർത്ഥികളും പാടി. വന്നവര്‍ ഓരോത്തരായി മടങ്ങാന്‍ തയ്യാററെടുക്കുമ്പോഴും പലര്‍ക്കും സ്‌കൂള്‍ മുറ്റം വിടാന്‍ മടി. എല്ലാവരും പ്ലാറ്റിനം ജൂബിലി മെമെൻേറായും വാങ്ങി ഇനിയും ഹൈസ്‌കുളിന്റെ ശതാബ്ദി ആ്ഘോഷങ്ങള്‍ക്ക് കാണാമെന്ന് പറഞ്ഞാണ് മടങ്ങിയത്. ഗാനമേള കഴിഞ്ഞതോടെ ഹെഡ്മിസ്ട്രസ് പ്ലാറ്റിനം ജൂബിലി പതാക താഴ്ത്തി. അതോടെ രണ്ടു ദിവസത്തെ ആഘോഷങ്ങള്‍ക്കും കൊടിയിറങ്ങി. 





പുര്‍വ്വ വിദ്യാര്‍ഥികള്‍ അല്ലെങ്കിലും അതിനേക്കാളും ആവേശത്തോടെ തുടക്കം മുതല്‍ ഒപ്പം നിന്ന ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. എം ഭൗവ്യ, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ ഹെപ്സി കൃസ്റ്റിനാല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജാക്വലിന്‍ മേരി, എസ്. സജീവ്, ആര്‍ മോഹന്‍, എം വിശ്വനാഥന്‍ തുടങ്ങിയവരെ മറക്കാനാകില്ല. പരിപാടി വിജയിപ്പിക്കുന്നതിൽ മൂന്നാറിലെ അടക്കം മാധ്യമ പ്രവർത്തകർ പിന്തുണ നൽകി. മൂന്നാറിലെ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പബ്ലിസിറ്റി കമ്മിറ്റി പ്രവർത്തിച്ചത്. താല്‍ക്കാലിക സ്റ്റുഡിയോ തുറന്ന് ആവശ്യക്കാര്‍ക്ക് ഫോട്ടോ പ്രിന്റ് നല്‍കിയ ആതവന്‍ ഫോട്ടോസിലെ മാരിമുത്തു, തിരക്കുകള്‍ മാറ്റി വെച്ച് ആദ്യവസാനം സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ചേലക്കല്‍ ഗണേശ്, സി കെ ബാബുലാല്‍,വി കെ പ്രഭാകരന്‍, പി എസ് സതീഷ്, ലിജി, സണ്ണി ഇലഞ്ഞിക്കല്‍, എ സുരേഷ്തു , സജി തുടങ്ങി എത്രയോ പേര്‍. ഇതേസമയം, ഇതിനോട് പുറം തിരിഞ്ഞു നിന്നവരുമുണ്ട്. അതും സ്‌കൂള്‍ വളപ്പിലെ ചിലര്‍. 

മലയാളം സ്‌കുള്‍ അണെങ്കിലും കുട്ടികള്‍ തമിഴ് വംശജരാണ് എന്ന പ്രത്യേകതയും ഈ സ്‌കൂളിനുണ്ട്. ഒരിക്കല്‍ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയതായിരുന്നു സ്‌കൂള്‍. ഹെഡ്മാസ്റ്ററായി എത്തിയ കാളിയപ്പൻ സാറാണ് പുതിയ "മന്ത്രം " ചൊല്ലി സ്‌കുളിനെ നിലനിര്‍ത്തിയത്. അന്നു മുതല്‍ തമിഴ് അദ്ധ്യാപകരെയും നിയമിച്ചു തുടങ്ങി. മുന്നാര്‍ മേഖലയിലെ തമിഴ് വംശജര്‍ മലയാളം പഠിച്ചു തുടങ്ങിയത് കേരളത്തില്‍ പി എസ് സി പരീക്ഷ എഴുതാനാണ്. അവരുടെ പിന്‍തലമുറയും അതേ വഴിക്ക് പോകുന്നതിനാല്‍ ഈ സ്‌കുളില്‍ എത്തുന്നവരില്‍ ബഹുഭൂരിക്ഷവും തമിഴ് വംശജര്‍......................

പരിപാടിയിൽ എത്താനാകാത്ത വിഷമത്തിൽ അങ്ങ് ദൂരെ ഇരുന്ന ഇന്ദിര ചേച്ചിയും ലഷ്മി ചേച്ചിയും നസീമുദീനും തുടങ്ങി പലരും ഇടക്കിടെ വിളിച്ച് കാര്യങ്ങൾ അന്വഷിക്കുന്നുണ്ടായിരുന്നു. അതാകട്ടെ ഞങ്ങൾക്ക് ഏറെ സന്തോഷം പകർന്നു.
















29 August 2024

ഇരുളില്‍ തെളിഞ്ഞ തിരിനാളം

 




ത്മകഥ എന്നത് ഒരു വ്യക്തിയുടെ മാത്രം കഥയല്ല, നാടിന്റെ ചരിത്രവും സംസ്‌കാരവും തുടങ്ങി അദേഹവുമായി ബന്ധപ്പെട്ട നിരവധി ദേശങ്ങളുടെയും വ്യക്തികളുടെയും വിശേഷങ്ങള്‍ കൂടിയാണ്. രൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ അദ്ധ്യാപകനായിരുന്ന പ്രെഫ. പി.സുകുമാരന്‍ രചിച്ച 'ഇരുളില്‍ തെളിഞ്ഞ തിരിനാള' വും അങ്ങനെ തന്നെ. എന്നാല്‍, ഇതില്‍ പ്രശസ്തമായ വൈദ്യമഠത്തിന്റെ കഥ കൂടി പറഞ്ഞു പോകുന്നു. സുകുമാരന്‍ സാര്‍ ദീര്‍ഘകാലം വൈദ്യമഠത്തിലെ ചികില്‍സയിലായിരുന്നു എന്നതാണ് അതിന് കാരണം. സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളുടെ വളര്‍ച്ചയും തളര്‍ച്ചയും ഈ പുസ്തകത്തിലുണ്ട്. കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തില്‍ ലളിതമായി പഠിപ്പിക്കുന്നത് പോലെയാണ് ആത്മകഥയും എഴുതിയിട്ടുള്ളത്. രസകരമായി വായിച്ചു പോകാം. തൃശൂരില്‍ എന്റെ അയല്‍വാസിയായിരുന്നു അദേഹം.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയിലെ ജനനം തുടങ്ങി ജീവിത കഥ ആരംഭിക്കുകയാണ്. ആ ഗ്രാമത്തിന്റെ ഭംഗി, അവിടെത്തെ വിശേഷങ്ങള്‍, സ്‌കൂളുകള്‍,ക്ഷേത്രങ്ങള്‍ അങ്ങനെ ആ നാട്ടിലെ പ്രധാന വ്യക്തികള്‍, പറമ്പിലെ പണിക്കാര്‍ അവരെയൊക്കെ പരിചയപ്പെടുത്തുന്നു. സ്‌കൂള്‍ പഠന കാലത്ത് ഒപ്പം കൂടിയ വാതമാണ് വില്ലനായി മാറിയത്. വൈദ്യമഠത്തില്‍ ചികില്‍സിച്ചതും അങ്ങനെയാണ്. അവിടെ നിന്നും പ്രഡിഗ്രി പഠനത്തിന് പാലക്കാട് എത്തുന്നതോടെ വായനക്കാരും അവിടെക്ക് പോകുന്നു. എന്‍ എസ് എസ് കോളജിലെ എന്‍ജിനിയറിംഗ് പഠനം പുര്‍ത്തിയാകുന്നത് വരെ പാലക്കാടാണ്. എന്‍ജിനിയറിംഗ് കോളജിന്റെ ബാലാരിഷ്ടതകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു. അവധിക്കാലത്ത് ചെര്‍പ്പുളശേരിയിലെ പാരലല്‍ കോളജില്‍ അദ്ധ്യാപകനായതും എന്‍ജിനിയംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ട്യുഷനെടുത്തതും വാതം പിടിപ്പെട്ടു പഠനം മുടങ്ങിയതും വിശദമായി പറഞ്ഞു പോകുന്നു. തമിഴകത്തെ സേലത്ത് ഇരുമ്പു കമ്പനിയില്‍ ജോലിയിലിരിക്കെ രോഗം മൂര്‍ഛിച്ചു നാട്ടില്‍ വന്നതാണ് സര്‍ക്കാര്‍ ജോലി കിട്ടാന്‍ നിമിത്തമായത്. ആ സമയത്താണ് എന്‍ജിനിയറിംഗ് കോളജിലേക്ക് ലക്ചര്‍മാരെ ക്ഷണിച്ചുള്ള അറിയിപ്പ് വന്നത്. പിന്നാലെ വൈദ്യുതി ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് എന്നിവിടങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു. എല്ലായിടത്തും നിയമനം കിട്ടി. എങ്കിലും അദ്ധ്യാപനത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്ന് ലക്ചര്‍ നിയമനം സ്വീകരിച്ചു. തിരുവനന്തപുരത്തായിരുന്നു ആദ്യ നിയമനം. അവിടുത്തെ താമസം, ലോഡ്ജില്‍ ഒപ്പമുണ്ടായിരുന്നു പിന്നിട്‌ െഎഎസ്ആര്‍ഒ ചെയര്‍മാനായ എസ്. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍, കോളജിലെ സഹപ്രവര്‍ത്തകര്‍ അങ്ങനെ വിശേഷങ്ങള്‍ നീണ്ടു പോകുന്നു. പിന്നിടാണ് തൃശൂരില്‍ എത്തുന്നത്. വിരമിക്കുന്നത് വരെ തൃശൂരില്‍ തുടര്‍ന്നു. എന്‍ജിനിയറിംഗ് കോളജിന് സമീപം വീടു നിര്‍മ്മിച്ചതും വിവാഹവും ബോംബെ െഐഎടിയിലെ എം ടെക് പഠന കാലവും പറയുന്നുണ്ട്. 

വിരമിച്ച ശേഷമാണ് കുറ്റിപ്പുറം എം ഇ എസ് എന്‍ജിനിയറിംഗ് കോളജില്‍ ചേരുന്നത്. ഏറെക്കാലം ജോലി ചെയ്തു. കുറ്റിപ്പുറം റോഡ് പണിയെ തുടര്‍ന്ന് യാത്ര ബുദ്ധിമുട്ടായപ്പോള്‍ അവസാനിപ്പിച്ചു. പിന്നിട് തൃശൂരിന് സമീപമുള്ള രണ്ടു കോളജുകളിലും വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ചു. സ്വാശ്രയ കോളജുകളുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടറിഞ്ഞ അദേഹം പിന്നിട് വിശ്രമ ജീവിതത്തിലേക്ക് നീങ്ങി. ഇതിനിടെ പഠന പുസ്തകവും പുറത്തിറക്കി. 

എത്രയോ വിദ്യാര്‍ഥികള്‍ക്ക് അദേഹം ട്യുഷന്‍ നല്‍കിയതും പറയുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. അതില്‍ പ്രധാനം ഫോേട്ടാകളുടെ വലുപ്പമാണ്. ധാരാളം ചിത്രങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ഏതാണ്ട് സ്റ്റാമ്പ് സൈസിലുള്ളവ. ചിത്രങ്ങളുടെ വലുപ്പം കൂട്ടാമായിരുന്നു. മറ്റൊന്ന് അദേഹം ഇപ്പോള്‍ താമസിക്കുന്ന പ്രദേശത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നതാണ്. സ്ഥലം വാങ്ങി വീട് പണിതു എന്നതില്‍ അവസാനിക്കുന്നു. മജസ്റ്റിക് റോഡിലെ എന്‍ജിനിയറിംഗ് കോളജ് അദ്ധ്യാപക കൂട്ടായ്മയെ കുറിച്ചും വീട്ടമ്മമാരുടെ ദിവസമുള്ള ഒത്തുചേരലും പറയാമായിരുന്നു. എങ്കിലും പൊതുവെ നല്ല പുസ്തകം. ആദ്യകാലത്തെ എന്‍ജിനിയറംഗ് പഠനത്തെ കുറിച്ച് കൃത്യമായ വിവരണം തരുന്നു.

തൃശൂര്‍ അയ്യന്തോളിലെ ഗ്രീന്‍ ബുക്‌സ് മംഗളോദയമാണ് പ്രസാധകര്‍. വില 250 രൂപ. 9495061923 എന്നതാണ് സുകുമാരന്‍ സാറിന്റെ നമ്പര്‍.  






20 July 2024

ചരിത്രത്തെ കേട്ടറിഞ്ഞും രചിച്ചും മൂന്നാര്‍


 


കേട്ടറിവ് മാത്രമുള്ള മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിയും അക്കഥകള്‍ പുതു തലമുറക്ക് പകര്‍ന്ന് നല്‍കിയും മൂന്നാറിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ മാതാപിതാക്കളോ, മുത്തഛനോ മുത്തശ്ശിയോ മാത്രം അനുഭവിച്ചറിഞ്ഞ 1924ലെ മഹാപ്രളയം ഇന്നത്തെ തലമുറക്ക് കേട്ടറിവ് മാത്രമാണ്. ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ മാത്രം അന്വേഷിച്ച് പോകുന്ന പ്രകൃതി ദുരന്തം. കൊല്ലവര്‍ഷം 1099ലുണ്ടായ പ്രളയമെന്നതിനാല്‍ 99ലെ വെള്ളപ്പൊക്കമെന്ന് ഇന്നും വിളിക്കപ്പെടുന്ന മഹാപേമാരി. തകഴിയും  പത്രാധിപരായിരുന്ന കെ എം മാത്യുവും കാക്കനാടനും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അന്ന് നാടിനുണ്ടായ  നഷ്ടവും മരിച്ചവരുടെ എണ്ണവും എത്രയെന്ന് ഇനിയും രേഖപ്പെടുത്താത്ത പ്രളയം. മഹാത്മാ ഗാന്ധിയും മഹാരാജാവും നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയ പ്രളയത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ച കേരളത്തിന്റെ ഏക പ്രദേശവും മൂന്നാര്‍ ആണെന്നതാണ് ശ്രദ്ധേയം. തിരുവിതാംകൂറിലും മലബാറിലും വലിയ തോതില്‍ നഷ്ടം സംഭവിക്കുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്തുവെങ്കിലും എവിടെയെങ്കിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതായം അറിവില്ല. ഒരുപക്ഷെ,ലോകത്ത് തന്നെ ഇതാദ്യമായിരിക്കാം മഹാപ്രളയത്തിന്റെ നൂറാം വാര്‍ഷികം പിന്‍തലമുറ ആചരിക്കുന്നത്.  




മൂന്നാർ ജിവിഎച്ച്എസ്എസ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ ഫോക്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോര്‍ ആന്റ് കള്‍ച്ചര്‍, മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് എന്നിവയുടെ സഹകരണത്തോടെയാണ്  ജൂലൈ 17,18,19 തിയതികളിലായി മൂന്നു നാള്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. കോളജ് ഓഫ് എന്‍ജിനിയറിംഗിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെങ്കിലും കനത്ത മഴയും കാറ്റും മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി അവധി പ്രഖ്യാപിക്കപ്പെട്ടതിനാല്‍  മൂന്നാര്‍ മൈനര്‍ ബസിലിക്കയുടെ പാരിഷ് ഹാളിലേക്ക് മാറ്റി. 100 വര്‍ഷം മുമ്പ് പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് എത്തിയവര്‍ക്ക് അഭയമൊരുക്കിയ അതേ പാരിഷ്  ഹാളിലേക്ക് അനുസ്മരണ പരിപാടികള്‍ എത്തി ചേര്‍ന്നുവെന്നത് യാദൃശ്ചികം. കണ്ണന്‍ ദേവന്‍ കമ്പനിയില്‍ അന്ന് മാനേജറായിരുന്ന ക്രോളി ബോയ്ഡ് വെള്ളം നീന്തി കയറി പള്ളിയില്‍ എത്തപ്പെട്ടത് എഴുതിയിട്ടുണ്ട്. പ്രളയകാലത്തേതടക്കം പരംജ്യോതി നായിഡു പകര്‍ത്തിയ മൂന്നാറിന്റെ ആദ്യകാല ചിത്രങ്ങള്‍, മൂന്നാറിന് ചുറ്റുമുണ്ടായ പെട്ടിമുടി അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍, മൂന്നാര്‍ കാഴ്ചകള്‍ എന്നിവക്ക് പുറമെ ദേവികുളം സബ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ പകര്‍ത്തിയ ചിത്രങ്ങളും 1924 ജൂലൈ മാസത്തെ നസ്രാണി ദീപികയും മൂന്നാര്‍ പാരിഷ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന് പുറമെ ഓലക്കുടകളും. ഏറ്റവും വലിയ ഓലക്കുടകള്‍ തുടങ്ങി കുഞ്ഞന്‍ കുടകള്‍ വരെയുള്ളവ പയ്യന്നൂരില്‍ നിന്നാണ് എത്തിച്ചത്. ഒട്ടാകെ 35 കുടകള്‍. 



1924 ജൂലൈ 17നാണ്  കുണ്ടളവാലി റെയില്‍വേ തകര്‍ന്നത്. 18ന് അന്നത്തെ മൂന്നാര്‍ ടൗണും അടുത്ത ദിവസം മറ്റു പ്രദേശങ്ങളും പഴയ ആലുവ-മൂന്നാര്‍ റോഡും തകര്‍ന്നു. അതേ ദിവസം തന്നെ അനുസ്മരണ പരിപാടികള്‍ക്കായി തിരഞ്ഞെടുത്തതും അതിനാലാണ്. പ്രതികൂല കാലാവസ്ഥ ഇതിന് തടസമായില്ല. 

17ന് ഉച്ചക്ക് രണ്ടിന് ദേവികുളം സബ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു. ഫോക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ മൈനര്‍ ബസലിക്ക റെക്ടര്‍ റവ.ഫാ. മൈക്കിള്‍ മലയ്ഞ്ചി സീനിയര്‍ സിറ്റിസണ്‍ ഒ.പി.ജോര്‍ജിന് കൈമാറി. പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ആന്റ് കള്‍ച്ചര്‍ മുന്‍ ഡയറക്ടര്‍ ഡോ.പ്രഗതി രാജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൂന്നാര്‍ എ.ഇ ഒ സി.ശരവണകുമാര്‍, അസോസിയേഷന്‍ പ്രസിഡന്റ് എം ജെ ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ ലിജി ഐസക് സ്വാഗതവും വി.ശക്തിവേലു നന്ദിയും പറഞ്ഞു. സബ് കളക്ടര്‍ക്കുള്ള ഉപഹാരം ട്രഷറര്‍ എസ്. സജീവ് കൈമാറി. 


വൈകിട്ട് മൂന്നാര്‍ ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച 100 ദീപം തെളിയിക്കല്‍ ചടങ്ങ് മൂന്നാറിന്റെ ചരിത്രത്തില്‍ പുതിയതായിരുന്നു. 100 വര്‍ഷത്തെ ഓര്‍മ്മപുതുക്കി ഒരു നൂറ്റാണ്ട് മുമ്പ്  മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ദീപങ്ങള്‍ തെളിയിച്ചത്.  മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലെ മുന്‍ സ്‌പോര്‍ട്‌സ് ക്യാപ്ടന്‍ ജി. മോഹന്‍ കുമാര്‍ ആദ്യ ദീപം തെളിയിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ജി.പീറ്റര്‍, എം.രാജേന്ദ്രന്‍, ഹൈഞ്ചേ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സാജൂ വര്‍ഗീസ്, എന്‍ജി.ജ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് എം.രാജന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കോരിച്ചൊരിയുന്ന മഴയിലും ദീപം തെളിയിക്കാന്‍ എത്തി. എം. വിശ്വനാഥന്‍ നന്ദി പറഞ്ഞു.

18ന് രാവിലെ പ്രദര്‍ശനം ആരംഭിച്ചതിനൊപ്പം പ്രകൃതി ദുരന്തങ്ങളും ഫോക്‌ലോറും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡോ.പ്രഗതി മുഖ്യപ്രഭാഷണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ അവര്‍ സദസുമായി പങ്കുവെച്ചു. പൂമ്പാറ്റയും പക്ഷികളുമൊക്കെ കാലാവസ്ഥയിലണ്ടാകുന്ന മാറ്റങ്ങളുടെ സൂചന നല്‍കുന്നതായി അവര്‍ പറഞ്ഞു. തെളിഞ്ഞ ആകാശമാണെങ്കില്‍ പോലും പുറത്ത്് ഉണക്കാനിട്ടിരിക്കുന്ന മുളകും ഗോതമ്പും മറ്റും എടുക്കാന്‍ പറയുന്ന മുത്തശ്ശിമാരുണ്ടായിരുന്നു. ഇവയൊക്കെ അകത്ത് എത്തിച്ച് കഴിയുമ്പോഴെക്കും മഴയും എത്തും. അത്തരം അറിവുകള്‍ ഇന്നില്ലാതായി. ആര്‍ക്കിട്ടെക്ട് സൂര്യ, നീനു സുകുമാരന്‍, നജ്മല്‍ ഹസ്‌ന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി ആര്‍ ജയിന്‍ ഉപഹാരങ്ങള്‍ നല്‍കി. തുടന്ന് ആര്‍ഡിഒ ആഫീസിലെ ഇന്‍േറണ്‍ഷിപ്പ് വിദ്യാര്‍ഥികളുമായി സംവാദമായിരുന്നു. മൂന്നാറിനെ കുറിച്ചും നാടിനെ കുറിച്ചും കാഴ്ചപ്പാടുള്ള യുവസംഘം, അവരുടെ മനസിലുള്ള ആശയങ്ങള്‍ പങ്കുവെച്ചു..    

രണ്ടാം ദിവസം ഉച്ചക്ക് ശേഷം നടന്ന ചര്‍ച്ച, വലിയൊരു അനുഭവമായിരുന്നു. ഒഎസ്എ വൈസ് പ്രസിഡന്റ് പ്രൊഫ. ടി.എ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി വിഭാഗമായ മുതുവാര്‍ സമുദായത്തില്‍ നിന്നുള്ള കവി സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായ അശോകന്‍ മറയൂരിന്റെ പ്രഭാഷണം മുതുവാര്‍ സമുദായത്തെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നതായിരുന്നു. നിരവധി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ റിട്ട. അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍ കുരങ്ങണിയിലും പെട്ടിമുടിയിലും വെള്ളത്തൂവല്‍ പെന്‍സ്‌റ്റോക്ക് അപകടങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട മുരുകയ്യക്കും ഒത്തിരി പറയാനുണ്ടായിരുന്നു. പി പി ലളിത, സലീമ, അജിത എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. 

ഒരുപക്ഷെ, മൂന്നാറില്‍ ആദ്യമായി തെയ്യം അവതരിപ്പിച്ചതും ഈ ചടങ്ങിനോട് അനുബന്ധിച്ചാണ്. കര്‍ക്കിടക മാസത്തില്‍ അവതരിപ്പിക്കുന്ന തെയ്യമാണ് കണ്ണൂരില്‍ നിന്നുള്ള സംഘം അതവരിപ്പിച്ചത്. തെയ്യം ആടികയറിതോടെ പാരിഷ് ഹാളിലും സമ്മര്‍ദ്ദത്തിലാകുകയായിരുന്നു. ഒടുവില്‍ തെയ്യങ്ങള്‍ ആടിതളര്‍ന്ന് വീണതോടെ സദസ്  നിശബ്ദമായി. തെയ്യം കലാകാരന്മാര്‍ക്കുള്ള ഉപഹാരങ്ങള്‍ സബ്കളക്ടര്‍ വി.എം. ജയകൃഷ്ണന്‍ സമ്മാനിച്ചു.  

സമാപന ദിവസം രാവിലെ നടന്ന വട്ടമേശ സമ്മേളനം 2030ലെ മൂന്നാറിലേക്കുള്ള ദൂരത്തെ കുറിച്ചായിരുന്നു. മൂന്നാറില്‍ ജനിച്ച് വളര്‍ന്നവര്‍ മൂന്നാറിന്റെ വിവിധ വിഷയങ്ങളെ കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്നാറിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയേണ്ടത് മൂന്നാറുകരാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ ചര്‍ച്ച. മൂന്നാറിന്റെ ഭാവി രേഖ എം ജെ ബാബു അവതരിപ്പിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആര്‍.മോഹനും വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ച്  എം സെന്തില്‍കുമാറും വനിതാ ശാക്തികരണത്തെ കുറിച്ച് സലീമ സലീമും പി പി ലളിതയും ഗതാഗത പ്രശ്‌നങ്ങളെ കുറിച്ച് ജി. മോഹന്‍ കുമാറും സംസാരിച്ചു. വിദ്യാഭ്യാസ മേഖലയെ കുറിച്ച് മണിസാറും വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ച് സണ്ണി ഇലഞ്ഞിക്കലും പ്രാഫ. ടി എ ചന്ദ്രനും കായിക രംഗത്തെ കുറിച്ച്  എം. രാജേന്ദ്രനും എം വിശ്വനാഥനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് എഡ്‌വിന്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകയായ ജോമോള്‍, ലാലു ജോര്‍ജ്, സാജന്‍ ജോര്‍ജ്., സെല്‍വി, ദിവ്യ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെുടത്തു. 

സമാപന സമ്മേളനത്തില്‍ അഡ്വ എ.രാജ എം.എല്‍ എ, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.മുത്തുപ്പാണ്ടി, മുന്‍ എംഎല്‍എ എ കെ മണി, മൂന്നാര്‍ ഗവ.ഹൈസ്‌കള്‍ ഹെഡ്മാസ്റ്റര്‍ ലോബിന്‍ രാജ്, ഫോക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍, സണ്ണി ഇലഞ്ഞിക്കല്‍, ലിജി ഐസക്,എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഗവ.ഹൈസ്‌കുളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ എം മേഘനാ ഗായത്രിക്കുള്ള വി. ഗുണലാന്‍ സ്മാരക അവാര്‍ഡ് പി മുത്തുപ്പാണ്ടി സമ്മാനിച്ചു. ഉപന്യാസ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.കെ.മണി വിതരണം ചെയ്തു. 

വിശിഷ്ടാഥികള്‍ക്ക്  അംബികാദേവി, എം. രാജന്‍, എഡ്‌വിന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 

2018ലെ പ്രളയത്തെ നേരില്‍ കണ്ടവര്‍ ഒരുനൂറ്റാണ്ട് മുമ്പുണ്ടായ മഹാപ്രളയകാലത്ത്തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച യാതനകളെ കുറിച്ച് ആലോചിച്ചും പ്രളയത്തില്‍ മരിച്ച പൂര്‍വികരുടെ ആത്മാവിന് ശാന്തി നേര്‍ന്നുണമാണ് പാരിഷ് ഹാളിന്റെ പടി ഇറങ്ങിയത്.