Pages

06 September 2018

റിസോർട്ട​ുകൾക്ക്​ ​േവണ്ടി വാദിക്കുന്നവർ വായിച്ചറിയാൻ


ഒരു വർഷംമുമ്പ്​ മാധ്യമം വാരികയിൽ പ്രസിദ്ധികരിച്ചതാണ്​ പുനർവായനക്ക്​ വേണ്ടി വീണ്ടും

1.കഴിഞ്ഞ ഏതാനം വർഷങ്ങളായി മലയോര മേഖല, പ്രത്യേകിച്ച് ഇടുക്കിയുടെ ഹൈറേഞ്ച് പ്രദേശം സംഘർഷ ഭൂമിയാണ്. കൃത്യമായി പറഞ്ഞാൽ, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഡോ.മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമാണ് ഇടുക്കിയിൽ സംഘർഷത്തിൻറ തീപ്പൊരി വീണത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞ ഇ.എസ്​.എ എന്ന ഇക്കോളിജിക്കൽ സെൻസിറ്റീവ് ഏരിയായും (പരിസ്​ഥിതി സംവേദന പ്രദേശം) കേരള വന നിയമ പ്രകാരമുള്ള ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡും ( പരിസ്​ഥിതി ദുർബല പ്രദേശം) ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നും തുടങ്ങിയ വിവാദം കത്തിക്കയറി. സി.എസ്​.ഐ സഭയും അന്നത്തെ ഇടുക്കി പാർലമെൻംഗമായ കോൺഗ്രസിലെ പി.ടി.തോമസും മാത്രമായിരുന്നു പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിൻറ ആവശ്യകതയെ കുറിച്ച് പറഞ്ഞത്. എന്തായാലും വൈകാതെ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന് കേന്ദ്ര സർക്കാർ തന്നെ ദയാവധം നൽകി.ഇതിന് ചുമതലപ്പെടുത്തിയത് ഡോ.കസ്​തുരി രംഗൻറ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ. കസ്​തുരി രംഗൻ റിപ്പോർട്ടും മലയോര മേഖല അംഗീകരിച്ചില്ല. അതോടെ സംസ്​ഥാന സർക്കാർ ഡോ.ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയെ നിയമിച്ച്  സമരക്കാരെ ശാന്തരാക്കി. ഈ റിപ്പോർട്ടിലെ ശിപാർശകൾ  ഇപ്പോഴും സുരക്ഷിതമായി സെക്രട്ടറിയേറ്റിലുണ്ടാകും. ഇതിനിടെ, പാർലമെൻറ് തെരഞ്ഞെടുപ്പ് വന്നു. ഇടുക്കിയിലടക്കം പ്രധാന ചർച്ചയായത് ഗാഡ്ഗിൽ, കസ്​തുരി രംഗൻ റിപ്പോർട്ടുകൾ. പി.ടി. തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെ  കോൺഗ്രസിൻറ പരിസ്​ഥിതി രാഷ്ട്രിയം പച്ചയായി പുറത്ത് വന്നു, തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ജോയ്സ്​ ജോർജ് ഇടതു പിന്തുണയോടെ ലോകസഭയിലെത്തി.
പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടുകൾക്ക് രാഷ്ട്രിയ കക്ഷികളുടെ കരുത്തിൽ ദയാവധം നൽകിയെങ്കിലും, ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്​കേപ്പ് (എച്ച്.ആർ.എം.എൽ) എന്ന പദ്ധതിയാണ് പിന്നിട് ഇടുക്കിയിലെ പരിസ്​ഥിതി വിരുദ്ധരുടെ ആയുധമായത്. ഏറ്റവും ഒടുവിൽ അവരുടെ സംഘബലത്തിൽ അതും സംഭവിച്ചു– ഐക്യരാഷ്ട്ര വികസന സമിതിയുടെ ഭാഗമായ ജി.ഇ.എഫിൻറ സഹായത്തോടെയുള്ള 36,275,000 യു.എസ്​. ഡോളറിൻറ പദ്ധതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു.
2. എന്താണ് എച്ച്.ആർ.എം.എൽ? ചില കർഷക സംഘടനകൾ പറയുന്നത് പോലെ ഇടുക്കിയിലെ 31 പഞ്ചായത്ത് പ്രദേശങ്ങൾ വനവൽക്കരിക്കാനും ജനങ്ങളെ കുടിയിറക്കി കടുവകൾക്ക് സ്വൈരവിഹാരം നടത്താനുമുള്ള പദ്ധതിയല്ലിത്. പദ്ധതി പ്രദേശത്തെ 11650 ഹെക്ടർ കുടി വന്യ ജീവി സങ്കേതങ്ങളോട് കൂട്ടി ചേർക്കാനും 84600 ഹെക്ടർ വനമാക്കി മാറ്റാനുംപദ്ധതി ലക്ഷ്യമിടുന്നില്ല. മറിച്ച്, ജില്ല നേരിടുന്ന പ്രധാന പ്രശ്നമായ കാലാവസ്​ഥ വ്യതിയാനത്തിന് പരിഹാരം നിർദേശിക്കപ്പെടുകയാണ് ഈ പദ്ധതിയിലുടെ. ഹൈറേഞ്ചിൻറ കാലവാസ്​ഥ മാറിയെന്ന് എല്ലാവരും സമ്മതിക്കുന്നു. ചുട് 2–2.5 ഡിഗ്രി സെൽഷ്യസ്​ ഉയർന്നു. പഴയകാലത്തെ മഴ ഇന്നില്ല, ഇപ്പോൾ 1270 മില്ലി മിറ്ററിൽ താഴെയാണ് മഴ. ഇതു കാർഷിക ഉൽപാദനത്തെ പ്രതികുലമായി ബാധിച്ചു. കിഴക്കൻ അതിർത്തിയിലെ വട്ടവട പഞ്ചായത്ത് ഇതിന് ഉദാഹരണമാണ്. ഏറ്റവും കുടുതൽ ശീതകാല പച്ചക്കറി ഉൽപാദിപ്പിച്ചിരുന്ന വട്ടവട പഞ്ചായത്ത് ഇപ്പോൾ വരൾച്ചയെ നേരിടുകയാണ്. കോവിലൂർ ടൗണിലൂടെ ഒഴുകിയിരുന്ന അരുവി ഇന്നില്ല. മഴക്കാലത്ത് മാത്രമാണ് ഈ അരുവിയിൽ വെള്ളം ഒഴുകുക. വട്ടവടയിൽ മാത്രമല്ല, ഹൈറേഞ്ചിലെ നിരവധിയായ അരുവികൾ ഇല്ലാതായി. വട്ടവടയുടെ മഴക്കാടുകൾ വെട്ടി നശിപ്പിച്ചതിൻറ ദുരന്തം ഇന്ന് ആ നാട്ടുകാർ അനുഭവിക്കുന്നു. ഇതിന് പുറെമയാണ് വെള്ളമൂറ്റുന്ന ഗ്രാൻറിസും യൂക്കാലിപ്സും വ്യവസായികാടിസ്​ഥാനത്തിൽ കൃഷി തുടങ്ങിയത്.  കുടിവെള്ളത്തിന് പോലും കിലോമീറ്ററുകൾ അകലെ കുണ്ടള ഡാമിനെ ആശ്രയിക്കേണ്ടി വന്നതോടെ, ഗ്രാമക്കാർ യൂക്കാലി,ഗ്രാൻറിസ്​ കൃഷിക്കെതിരെ രംഗത്ത് വന്നു. ചുട് കുടുന്നത് മൂന്നാറിൻറ ടുറിസത്തിനും വൈകാതെ തിരിച്ചടിയാകുമെന്ന് സമ്മതിക്കുന്നവർ തന്നെയാണ് പരിസ്​ഥതി–ജൈവൈവിധ്യ പദ്ധതിയെ എതിർക്കുന്നതെന്ന് കാണാം. പദ്ധതി രേഖയിൽ പറയുന്ന 287 ഖണ്ഡികകൾ സസൂക്ഷ്മം വായിച്ച് നോക്കിയിരുന്നുവെങ്കിൽ ഈ പദ്ധതിയെ അന്ധമായി എതിർക്കുമായിരുന്നില്ല. എച്ച്.ആർ.എം.എൽ എന്ന പരിസ്​ഥിതി–ജൈവൈവധ്യ പദ്ധതി ഇടുക്കിയിലെ 31 ഗ്രാമ പഞ്ചായത്തുകൾക്കും എറണാകുളം ജില്ലയിലെ രണ്ടു പഞ്ചായത്തുകൾക്കും തൃശുർ ജില്ലയിലെ അതിരിപ്പള്ളി പഞ്ചായത്തിനും (ഭാഗികം) വേണ്ടി മാത്രമല്ല. മറിച്ച് കേരളത്തിൻറ വ്യവസായ തലസ്​ഥാനമെന്ന് അറിയപ്പെടുന്ന കൊച്ചിക്കും പെരിയാറിനെ  കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ലക്ഷങ്ങൾക്കും  അതിനും ഉപരിയായി ജലവൈദ്യുത പദ്ധതികളുടെ നിലനിൽപ്പിനും വേണ്ടിയുള്ള ദീർഘവീക്ഷണത്തോടെയുള്ളതാണ്. പെരിയാർ, പാമ്പാർ, ചാലക്കുടിപ്പുഴ എന്നിവയുടെ നീർത്തടം എച്ച്.ആർ.എം.എൽ പദ്ധതി പ്രദേശത്താണ്. പാമ്പാർ കിഴക്കോട്ട് ഒഴുകി മുന്നാർ, മറയുർ പഞ്ചായത്തുകളിലുടെ തമിഴ്നാടിലെത്തി കാവേരിയിൽ ചേരുന്നു. ചെറുതും വലുതുമായ കൈവഴികൾ ചേർന്ന്  പെരിയാർ രൂപപ്പെടുന്നതും ഇടുക്കിയിൽ.
കൊച്ചിയിലേക്ക് നോക്കാം. അവിടെ കുടിവെള്ള പദ്ധതികൾ മാത്രമല്ല, വ്യവസായികാവശ്യത്തിന് വെള്ളം നൽകുന്നതും പെരിയാറിൽ നിന്നാണ്. നിരവധി കുടിവെള്ള ജലസേചന പദ്ധതികൾ പെരിയാറിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നു. ഇടമലയാർ ജലസേചന പദ്ധതിയും പെരിയാർ വാലി ജലസേചന പദ്ധതിയും പെരിയാറിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പെരിയാറിൽ വെള്ളമില്ലാതായാൽ ലക്ഷങ്ങളുടെ കുടിവെള്ളം മുടങ്ങുമെന്ന് കണ്ടാണല്ലോ, മുല്ലപ്പെരിയാർ കേസിൽ കൊച്ചി കോർപ്പറേഷനടക്കം പെരിയാറിൻറ തീരങ്ങളിലെ തദ്ദേശ സ്​ഥാപനങ്ങൾ കക്ഷി ചേരാൻ തീരുമാനിച്ചത്. മുവാറ്റുപുഴയാറും നിലനിൽക്കുന്നത് ഇടുക്കി ഡാമിലെ  വെള്ളം മൂലമറ്റം വൈദ്യുതി നിലയത്തിലുടെ പുറത്തേക്ക് ഒഴുക്കുന്നത് കൊണ്ടാണ്. അങ്ങ് വൈക്കം വരെയുള്ളവരുടെ ജലേസ്രാതസാണ് മുവാറ്റുപുഴയാർ.
3.കേരളത്തിൻറ സമ്പദ്ഘടനയിൽ വലിയ മാറ്റം വരുത്തിയതാണ് തേയിലയുടെ വരവ്. ആയിരകണക്കിന് തൊഴിലാളികൾ, തദ്ദേശ സ്​ഥാപനങ്ങൾക്കും സർക്കാരിനും വരുമാനം. ടുറിസം വരുന്നതിന് മുമ്പ് സംസ്​ഥാനത്തെ ഏറ്റവും വരുമാനം കുടിയ പഞ്ചായത്തായി മൂന്നാർ മാറിയത് തേയിലയെ ആശ്രയിച്ചായിരുന്നു. ഇതു തന്നെയാണ് ഏലത്തിൻറ അവസ്​ഥയും. അവിടെയും കോടികളുടെ വരുമാനം നടന്നിരുന്നു. പക്ഷെ, ഇന്ന് കാലാവസ്​ഥ മാറ്റം തോട്ടവിളകളെ ബാധിച്ചിരിക്കുന്നു. ഏലത്തോട്ടത്തിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറഞ്ഞു. തോട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് പകരം സീസൺ സമയങ്ങളിൽ  തമിഴ്നാടിലെ വീടുകളിൽ നിന്നും അതാത് ദിവസം വന്ന് പോകുന്ന അവസ്​ഥയിലേക്ക് ഏലം തോട്ടം തൊഴിലാളികൾ മാറി. തേയില, ഏലം തോട്ടങ്ങൾ അടച്ചു പൂട്ടിലയാലുണ്ടാകുന്ന  അവസ്​ഥയെ കറിച്ച് ചിന്തിച്ചിട്ടുണ്ടോ?  വണ്ടിപ്പെരിയാറിലെ ഏതാനം എസ്​റ്റേറ്റുകൾ അടച്ചിട്ട് വർഷങ്ങളായി. അവിടുത്തെ തൊഴിലാളികളുടെ ജീവിതം ചോദ്യം ചിഹ്നമായി മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിൽ തേയില തോട്ടങ്ങൾ പൂട്ടിയപ്പോൾ അവർ ജോലി തേടി കേരളത്തിലെത്തി. എന്നാൽ, ഇവിടെ തോട്ടങ്ങൾ പൂട്ടിയാൽ എവിടേക്ക്. മൂന്നാറിൽ തേയില തോട്ടത്തിൽ വി.ആർ.എസ്​ ഏർപ്പെടുത്തിയപ്പോൾ അതു സാമുഹ്യ–സാമ്പത്തിക രംഗങ്ങളിൽ പ്രതിഫലിച്ചതും മറക്കാറായിട്ടില്ല.
തേയിലക്കും ഏലത്തിനും കാലാവസ്​ഥ വലിയ ഘടകമാണ്. ഏറ്റവും ഉയരം കൂടിയ ഇടത്ത് തേയില, അതിന് താഴെ ഏലം, അതിനും താഴെ കാപ്പി എന്നാണല്ലോ. ഉയരം കൂടുന്നുവെന്നാൽ  തണുപ്പും വർദ്ധിക്കുന്നുവെന്നർഥം. അപ്പോൾ തണുപ്പില്ലാതെ ഉയരം കൂടിയിട്ടും കാര്യമില്ല. ആ മണ്ണ്  മറ്റു കൃഷികൾക്കായിരിക്കും അനുയോജ്യം. എച്ച്.ആർ.എം.എൽ പദ്ധതി പ്രദേശത്ത് 14200 ഹെക്ടറാണ് തേയില. 42000 ഹെക്ടറിൽ ഏലവും. 1980കളിൽ 60,000 ഹെക്ടറിലായിരുന്നു ഏലം. പച്ചപ്പൊന്നായ ഏലത്തിന് മാത്രമല്ല, കറുത്ത പൊന്നായ കുരുമുളകിനെയും കാലാവസ്​ഥ മാറ്റം പിടികൂടിയിട്ടുണ്ട്. കുരുമുളകിൻറ ഉൽപാദനം കുറഞ്ഞു. കുരുമുളകിനെ പല തരം രോഗങ്ങൾ പിടികൂടി.
4.പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണല്ലോ ടുറിസത്തെ കാണുന്നത്. ഹൈറേഞ്ചിൻറ പ്രധാന വരുമാന മാർഗമായും ടുറിസം മാറിയിട്ടുണ്ട്. പുകയില്ലെങ്കിലും ടുറിസം സൃഷ്​ടിക്കുന്ന പാരിസ്​ഥതിക പ്രശ്നങ്ങൾ ഏറെയാണ്. ഹോട്ടലുകൾക്ക് വേണ്ടിയുള്ള വനനശീകരണമാണ് ഇതിൽ പ്രധാനം. ജലേസ്രാതസുകളായ പുൽമേടുകളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. മൂന്നാറിൽ മാത്രം 250ഓളം ഹോട്ടലുകളോ റിസോർട്ടുകളോ ഉണ്ട്. സംസ്​ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ളത് പള്ളിവാസൽ പഞ്ചായത്തിലാണ്. ചിന്നക്കനാൽ, മറയുർ പഞ്ചായത്തുകളും ഹോട്ടലുകളുടെ കാര്യത്തിൽ പിന്നിലല്ല. അശാസ്​ത്രിയമാണ് ടൂറിസം പ്രവർത്തനങ്ങൾ. പരിസ്​ഥിതിക്കിണങ്ങാത്ത തരത്തിലള്ള ബഹുനില കെട്ടിടങ്ങൾ. അനിയന്ത്രിതമായ ി എത്തുന്ന വാഹനങ്ങളും പരിസ്​ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ മാത്രം പ്രതിവർഷം രണ്ടു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്നു. വരയാടുകളുടെ അഭയകേന്ദ്രമായ ഇരവികുളത്ത് അഞ്ചു ലക്ഷം സഞ്ചാരികളാണ് എത്തിയത്. മൂന്നാറിൽ മാത്രം പ്രതിവർഷം 4745 ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ സംസ്​കരിക്കാൻ മാർഗമില്ല. ചില ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം മുതിരപ്പുഴയാറിലേക്ക് തുറന്നു വിട്ടിരുന്നത് അടുത്തകാലത്താണ് കണ്ടെത്തിയത്. ടൂറിസം തിരിച്ചടിക്കാതിരിക്കണമെങ്കിൽ ചില സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണ്. 
5.  എച്ച്.ആർ.എം.എല്ലിലേക്ക് മടങ്ങാം. ജനകീയ പങ്കാളിത്തത്തോടെയുള്ള പരിസ്​ഥിതി–ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ഏറ്റവും പുതിയ നിർദേശമാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഗെയിം സാങ്ഞ്ചറികളിലുടെയാണ്. നെല്ലിക്കാപ്പെട്ടി, ഇരവികുളം എന്നിവ ആ ഗണത്തിൽപ്പെടുന്നു. ഇതിൻറ അടുത്ത ഘട്ടമായിരുന്നു വന്യജീവി സങ്കേതങ്ങളും ദേശിയ ഉദ്യാനങ്ങളും. തുടർന്ന് ബയോസ്​ഫിയർ റിസർവുകൾ നിലവിൽ വന്നു. എന്നാൽ,ഇതിലൊന്നിലും ജനകീയ പങ്കാളിത്തമുണ്ടായിരുന്നില്ല. അതിനാൽ തന്നെ സംരക്ഷണ പ്രവർത്തനങ്ങളിൽ അതിൻറതായ പരിമിതികളും പരാധീനതകളും ഉണ്ടായിരുന്നു. തുടർന്നാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഇക്കോ ഡവലപ്മെൻറ ് കമ്മിറ്റികളുടെ രൂപീകരണം. അതിനും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. വന്യജീവി സങ്കേതങ്ങളും ദേശിയ ഉദ്യാനങ്ങളും മാത്രമല്ല, വനം–പരിസ്​ഥിതി പ്രവർത്തനങ്ങൾ എന്ന് തെളിയിക്കുന്നതായിരുന്നു കമ്മ്യൂണിറ്റി റിസർവ്  എന്ന പുതിയ ആശയത്തിൻറ പിറവിക്ക് പിന്നിൽ. എന്നാൽ, അതിനും വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ലക്ഷ്യം കൈവരിക്കാനായില്ല. ഇവിടെയാണ് പരമ്പരാഗത സംരക്ഷണ പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് സംരക്ഷണ പ്രവർത്തനങ്ങൾ ഏങ്ങനെ എത്തിക്കാനാകുമെന്ന അന്വേഷണം നടന്നത്. ഇതിൻറ മറുപടിയാണ് യഥാർഥത്തിൽ ലാൻഡ് സ്​കേപ്പ് പദ്ധതി.
വന്യജീവി സങ്കേതങ്ങൾ, ദേശിയ ഉദ്യാനങ്ങൾ എന്നിവയൊക്കെ ചെറിയ ഒരു പ്രദേശം കേന്ദ്രീകരിച്ചാണ്. ബയോസ്​ഫിയർ റിസർവ്  എന്നത് നിരവധി സംരക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വലിയ പ്രദേശങ്ങളും. ഇതിൽ നിന്നും വിത്യസ്​തമാണ് ലാൻഡ് സ്​കേപ്പ് പദ്ധതിയെന്ന പുതിയ ആശയം. പലതരം ഭൂ വിനിയോഗമുള്ള ഒരു വലിയ പ്രദേശത്തെ ഒരുയുണിറ്റായി കണ്ട് ജൈവവൈവിധ്യ–പരിസ്​ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നതാണ് പ്രത്യേകത. എച്ച്.ആർ.എം.എല്ലിനായി തെരഞ്ഞെടുക്കപ്പെട്ടത് 164700 ഹെക്ടർ പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്നും 40 മീറ്റർ മാത്രം ഉയരമുള്ള പൂയംകുട്ടി തുടങ്ങി ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ ആനമുടി (2695 മീറ്റർ)വരെ ഇതിൽ ഉൾപ്പെടുന്നു. തേയില, ഏലം, കുരുമുളക്, കപ്പ, വാഴ തുടങ്ങി നെല്ല് വരെയുള്ള കൃഷികൾ,മഴ നിഴൽ പ്രദേശങ്ങൾ, കരിമ്പും ചന്ദനവും ഈറ്റയും  വന്യ ജീവിസങ്കേതങ്ങൾ,  ജലവൈദ്യൂത പദ്ധതിക്ക് വേണ്ടിയുള്ള ഡാമുകൾ എന്നിവയെ ഒന്നിച്ച് കണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
6. നേരത്തെ സുചിപ്പിച്ച വൈദ്യുതി ഉൽപാദന രംഗത്തെ കുറിച്ച് പരിശോധിക്കാം.പള്ളിവാസൽ,മാടുപ്പെട്ടി, ചെങ്കുളം, പന്നിയാർ,നേര്യമംഗലം, ഇടുക്കി, ഇടമലയാർ, പാമ്പാർ, മാങ്കുളം  തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികൾ പെരിയാർ, മുതിരപ്പുഴ നദിതടങ്ങളിലുണ്ട്. ജലസേചന വകുപ്പിൻറ  ഭൂതത്താൻകെട്ട് ഉൾപ്പടെ എട്ടു ജലസംരണികളുടെ വൃഷ്​ടി പ്രദേശം 10416 ഹെക്ടറാണ്. ഈ പ്രദേശവും എച്ച്.ആർ.എം.എല്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പദ്ധതികളാണ് കേരളത്തിന് വെളിച്ചം പകരുന്നത്. അതിന് മഴയും നീരൊഴുക്കും ഉറപ്പു വരുത്തണമെങ്കിൽ അവശേഷിക്കുന്ന പുൽമേടുകളും കാടും സംരക്ഷിക്കപ്പെടണം. റവന്യൂ ഭൂമിയിലെ ഷോലക്കാടുകളും തേയില തോട്ടങ്ങൾക്കിടയിലെ ഷോലകളും സംരക്ഷിക്കണം. അതല്ലാതെ സ്വകാര്യ ഭുമിയിൽ വനവൽക്കരണം സാധ്യമാകില്ലല്ലോ?
തേയില, ഏലത്തോട്ടങ്ങളിലെ വനനശീകരണവും തടയണം. വൈദ്യുതിയും വിറകും ഉപയോഗിച്ചാണ് തേയിലുടെ സംസ്​കരണം. ഒരു കിലോ തേയിലക്ക് 1.89 കിലോ വിറക് വേണ്ടി വരും. ഇതിന് പകരം സൗരോർജം ഉപയോഗിക്കണമെന്നാണ് എച്ച്.ആർ.എം.എൽ നിർദേശിക്കുന്നത്. തണൽ വേണ്ടാത്ത പുതിയ ഇനം ഏലതൈകൾ വന്നതോടെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഏലം എസ്​റ്റേറ്റ് ഉടമകൾ അവകാശപ്പെടുന്ന മഴക്കാടുകളാണ ്ഇതിലുടെ ഇല്ലാതാകുന്നത്. ഏലക്കാടുകളിലെ രാസ വളം പ്രയോഗത്തിന്പകരം ജൈവവളങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്നത് എങ്ങനെയാണ് കർഷക വിരുദ്ധമാകുന്നത്. ഏതാനം വർഷം മുമ്പു വരെ എലക്കാടുകൾ വന്യജീവികളുടെ വിഹാര കേന്ദ്രങ്ങൾ കൂടിയായിരുന്നു. കുരങ്ങും കാട്ടുപ്പന്നിയുമൊക്കെ അക്കാലത്ത് ധാരാളം.
7.ഇരവികുളം, ചിന്നാർ, കുറഞ്ഞിമല, ആനമുടിഷോല, പാമ്പാടുംപാറ ഷോല, മതികെട്ടാൻ, തട്ടേക്കാട്, ഇടുക്കി എന്നിവയാണ് പദ്ധതി പ്രദേശത്തെ വന്യജീവി സങ്കേതങ്ങൾ. ഇതിൽ കുറിഞ്ഞിമല സങ്കേതം വന്യജീവികൾക്ക് വേണ്ടിയല്ല, 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നിലകുറിഞ്ഞികൾ സംരക്ഷിക്കാനാണ്. തട്ടേക്കാടാകട്ടെ ലോകപ്രശസ്​ത പക്ഷി സങ്കേതവും. ലോകത്ത് തന്നെ അപൂർവമായി കാണുന്ന വരയാടുകൾക്ക് വേണ്ടിയാണ് ഇരവികുളം.ചിന്നാറിലെ ചാമ്പൽ മലയണ്ണാനും ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്നു. ഔഷധസസ്യങ്ങളുടെ കലവറ കുടിയാണ് ചിന്നാറും മതികെട്ടാൻ മേഖലയും. പശ്ചിമഘട്ടത്തിലെ 94 ഇനം സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നവയാണ്. 1044 ഇനം പുഷ്പിക്കുന്ന സസ്യങ്ങളുണ്ട്. ഇതിൽ 395 എണ്ണംവംശനാശം നേരിടുന്നവവും 38 ഇനങ്ങൾ അപൂർവ്വമായതും. 265 ഇനം ചിത്ര ശലഭങ്ങളിൽ 22 ഇനങ്ങൾ വംശനാശ ം നേരിടുന്നവതാണ്. 72 ഇനം മൽസ്യങ്ങളിൽ 23ഉം 122 ഇനം ഉരഗങ്ങളിൽ 42ഉം വംശ നാശ ഭീഷണിയിലാണ്.
8. യഥാർതത്തിൽ മണ്ണിനെ ഒരിക്കൽ കൂടി കർഷകർക്ക് പാകപ്പെടുത്തി കൊടുക്കുവാനാണ് എച്ച്.ആർ.എം.എൽ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ട ഭൂമിയിൽ അതിൻറതായ വൈവിധ്യമുണ്ട്. വന്യജീവി സങ്കേതങ്ങൾ–37100 ഹെക്ടർ, ഷോല–84600 ഹെക്ടർ, കെ.എഫ്.ഡി.സി, എച്ചഎ.എൻ.എൽ എന്നിവയുടെ വാണിജ്യാടിസ്​ഥാനതതിലുള്ള യുക്കാലി–31580 ഹെക്ടർ, തേയില–14200ഹെക്ടർ, ഏലം–4200 ഹെക്ടർ, ഈറ്റക്കാടുകൾ–70,000 ഹെക്ടർ, ആദിവാസി സങ്കേതങ്ങൾ–7200 ഹെക്ടർ, ജലവൈദ്യുത പദ്ധതികൾ–10416 ഹെക്ടർ, ടുറിസം–10,00 ഹെക്ടർ തുടങ്ങി 164700 ഹെക്ടർ ഭൂമിക്കും അതിൻറതായ വിത്യസ്​തയുണ്ട്. ഒരോന്നിനെയും നിലനിർത്തിയാണ് പരിസ്​ഥിതി–വൈവൈവിധ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് പറയുന്നത്. ഭൂവിനിയോഗത്തിലെ വാണിജ്യവൽക്കരണത്തിനകത്ത് നിന്നുള്ള സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നർഥം. തേയില, ഏലം തുടങ്ങി ഓരോന്നിൻറയും ഉൽപാദനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും മൽസ്യ കൃഷിയും കാലിവളർത്തലും ജീവനോപാധിയാക്കുന്നതിനെ കുറിച്ചും പറയുന്നു. മുമ്പ് രോഗം വന്നും വരൾച്ച ബാധിച്ചും കുരുമുളക് നശിച്ചപ്പോൾ ഹൈറേഞ്ചിലെ കർഷകരെ പിടിച്ച് നിറുത്തിയത് കാലിവളർത്തൽ ആയിരുന്നല്ലോ.
9.പശ്ചിമഘട്ടത്തിനായി യു.എൻ.ഡി.പി അനുവദിച്ച ഏക പദ്ധതിയാണ് എച്ച്.ആർ.എം.എൽ. തീരദേശത്തിന് വേണ്ടി സമാനമായ രണ്ടു പദ്ധതികൾ ഈസ്​റ്റ് ഗോദാവരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും നടപ്പാക്കുന്നുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രത്തിന് പുറത്തുള്ള ഭൂമി ഇപ്പോഴത്തെ രീതിയിൽ നിലനിർത്തുകയെന്നതിന് അപ്പുറം ഇവിടെ വനവൽക്കരണമോ കടുവ സങ്കേതമോ ഒന്നും ലക്ഷ്യമിടുന്നില്ല. 400 കെ വി ലൈൻ വന്നാൽ, അതിന് താഴെ റേഡിയേഷൻ ഉണ്ടാകുമെന്നും പേസ്​മേക്കർ അടക്കമുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ പ്രവർത്തിക്കില്ലെന്നും കുടംകുളം–മാടക്കത്തറ ലൈനിലെ എതിർക്കുന്നവർ പറയുന്നത് പോലെയാണ് ഇതും. പദ്ധതിയുടെ ആലോചന ഘട്ടത്തിൽ അതിൽ സംബന്ധിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത അതേ ജനപ്രതിനിധികളാണ് പിന്നിട് എതിർപ്പുമായി രംഗത്ത് വന്നത്. പശ്ചിമഘട്ട സംരക്ഷണമെന്നാൽ, ഇ.എഫ്.എൽ പ്രഖ്യാപനവും പ്രദേശമാകെ വനവൽക്കരണവുമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതിന് കഴിയാതെ പോയി. ഇതിന് ശ്രമിക്കേണ്ട പഞ്ചായത്ത് തല ജൈവവൈവിധ്യ പരിപാലന സമിതികളുടെ അദ്ധ്യക്ഷന്മാർ പഞ്ചായത്ത് പ്രസിഡൻറുമാരാണെന്നാതണ് തിരിച്ചടിക്ക് മറ്റൊരു കാരണം. രാഷ്ട്രിയ പാർട്ടികളൊക്കെ പദ്ധതിയുടെ ശത്രുക്കളായി. അതിരിപ്പള്ളി ജലവൈദ്യുതി പദ്ധതിയെ എതിർക്കാൻ പരിസ്​ഥിതിയെ കൂട്ടുപിടിക്കുന്നവർ അവിടെ നിന്നും നേരെ ഇടുക്കിയിലെത്തുമ്പോൾ പരിസ്​ഥിതി വിരുദ്ധരാകുന്നുവെന്നതും വിചിത്രം.
എച്ച്.ആർ.എം.എൽ പദ്ധതിയെന്നാൽ അമേരിക്കൻ പദ്ധതിയെന്നാണ് മറ്റൊരു ആരോപണം. ഓരോ പ്രദേശത്തിൻറയും വിവരങ്ങൾ വിരൾ തുമ്പിൽ ലഭിക്കുമ്പോൾ വിവരങ്ങൾ ചോർത്താൻ അമേരിക്കക്ക് ഇത്രയും പണം മുടക്കണമോ?  ജോൺ ഹോപ്കിൻസ്​ മെഡിക്കൽ ഇൻസ്​റ്റിറ്റ്യുട്ട് മൂന്നാറിനടുത്ത് സ്​ഥാപിക്കാനുള്ള ആലോചനയെ തകർത്തത് ആരോഗ്യ രഹസ്യങ്ങൾ ചോർത്തുമെന്ന പേരിലായിരുന്നല്ലോ? കേരളത്തിൽ ധവള വിപ്ലവത്തിന് തുടക്കമിട്ട സ്വീസ്​ സർക്കാരിൻറ സഹായമുള്ള മാടുപ്പെട്ടിയിലെ ഇൻഡോ–സ്വീസ്​ െപ്രാജക്ടും കേരളത്തിനാകെ വെളിച്ചം പകരുന്ന കാനഡയുടെ സഹകരണമുള്ള ഇടുക്കി ജലവൈദ്യുത പദ്ധതിയും വിവരങ്ങൾ ചോർത്താൻ സ്​ഥാപിച്ചതല്ലെന്ന് തിരിച്ചറിയണം. 

04 September 2018

മുല്ലപ്പെരിയാർ വിവാദങ്ങളിൽ നി​ന്നാഴിഞ്ഞ്​ ഡോ.കെ.സി.തോമസ്​


 മുല്ലപ്പെരിയാർ ജലനിരപ്പ്​ ഉയർത്തുന്നതിനെ ചൊല്ലി വിവാദങ്ങൾ കത്തിക്കറിയു​േമ്പാഴും അതിൽനിന്നൊക്കെ അകന്ന്​  കേ​ന്ദ്ര ജല കമ്മീഷൻ മുൻ ചെയർമാൻ ഡോ.കെ.സി.തോമസ്​. ഇദേഹം ജല കമ്മീഷൻ ​െചയർമാനായിരിക്കെയാണ്​ ജലനിരപ്പ്​ 136 അടിയിലേക്ക്​ താഴ്​ത്തിയതും അണക്കെട്ട്​ ബലപ്പെടുത്തൽ ജോലികൾക്ക്​ നിർദേശം നൽകിയതും. പിന്നിട്​ ജലനിരപ്പ്​ 145 അടിയാക്കാൻ തീരുമാനിച്ചതും ഇദേഹത്തിൻറ കാലയളവിലാണ്​. 96-ാംവയസിൽ വിവാദത്തിനില്ലെന്നും അന്നത്തെ കാര്യങ്ങൾ അവിടെ അവസാനിച്ചുവെന്നുമാണ്​ വി​ശ്രമ ജീവിതം നയിക്കുന്ന ഡോ. തോമസ്​ പറയുന്നത്​.കേന്ദ്ര സെക്രട്ടറിയുമായിരുന്നു ഇദേഹം.
മുല്ലപ്പെരിയാർ പ്രശ്​നത്തിൽ ഒന്നും പറയാനില്ല. മുല്ലപ്പെരിയാറിൽ നേരിട്ട്​ സന്ദർശിച്ചാണ്​ തീരുമാനമെടുത്ത്​. അന്ന്​ അവിടെ ചെല്ല​േമ്പാൾ ആനകളുണ്ടായിരുന്നു. ഒപ്പമുണ്ടായിര​ുന്ന വനപാലകൾ ആനയെ ഒക്കെ ഒാടിച്ച ശേഷമാണ്​ പരിശോധിച്ചത്​. തുടർന്ന്​ തിരുവനന്തപുരത്തേക്ക്​ മടങ്ങി. തുടർന്ന്​ യോഗം ചേർന്നാണ്​ ജലനിരപ്പ്​ കുറച്ചത്​-അദേഹം പറഞ്ഞു.
1979ൽ അന്നത്തെ പീരുമേട്​ എം.എൽ.എ സി.എ.കുര്യൻ നിരാഹാരം ആരംഭിച്ചതിനെ തുടർന്നാണ്​ മുഖ്യമന്ത്രി സി.എച്ച്​.മുഹമ്മദ്​കോയയുടെ അഭ്യർഥനയെ ത​ുടർന്ന്​ ഡോ.കെ.സി.തോമസിനെ പ്രധാനമന്ത്രി മുല്ലപ്പെരിയാറിലേക്ക്​ അയച്ചത്​. നവംബര്‍ 25ന് തിരുവനന്തപുരത്ത്​  ചേര്‍ന്ന യോഗത്തിലാണ്​  ജലനിരപ്പ് 136 അടിയായി താഴ്​ത്തുന്നതിന്​ തീരുമാനിച്ചത്​.  മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ  അണക്കെട്ടിന് താഴെയായി പുതിയ ഡാം നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവും ഉന്നതതല യോഗം മുന്നോട്ട് വെച്ചു.പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് വരെ ഇപ്പോഴത്തെ  ഡാം സുരക്ഷിതമായി നിലനിർത്താൻ ബലപ്പെടുത്തൽ  ജോലികളും നിര്‍ദേശിച്ചു. ദീര്‍ഘകാല, ഹൃസ്വകാല പദ്ധതികളാണ് നിര്‍ദ്ദേശിച്ചത്. സ്പില്‍വേയിലെ വെൻറിലേറ്ററുടെ എണ്ണം 13 ആയി ഉയർത്താനും നിര്‍ദേശിക്കപ്പെട്ടു. 136 അടിക്ക് മേലെയുള്ള ജലം പെരിയാറിലേക്ക് ഒഴുക്കാനായിരുന്നു ഇത്. 1979 ഡിസംബര്‍ 20ന് ഇരു സംസ്ഥാനങ്ങളെയും എന്‍ജിനിയര്‍മാര്‍ ഇപ്പോഴത്തെ അണക്കെട്ടിന് 1300 അടി താഴെയായി പുതിയ ഡാമിന് സ്ഥലം  കണ്ടെത്തിയതാണ. എന്നാല്‍, തമിഴ്‌നാടിന് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുന്നതിലായിരുന്നു താല്‍പര്യം.
അണക്കെട്ടിൻറ ഉയർന്ന ജലനിരപ്പ്​ 155 അടിയാണെങ്കിലും ബലക്ഷയത്തെ തുടർന്ന്​  1964ൽ 152 അടിയാക്കി കുറച്ചിരുന്നു. അണക്കെട്ടിൽ വിള്ളൽ കണ്ടതിനെ തുടർന്ന്​ 1964 എപ്രിലിൽ കേ​ന്ദ്ര ജല കമ്മീഷനും കേരള, തമിഴ്​നാട്​ ഉദ്യോഗസ്​ഥരും അണക്കെട്ട്​ സന്ദർശിച്ചാണ്​ ജലനിരപ്പ്​ താഴ്​ത്തിയത്​.  ചോർച്ച കണ്ടതിനെ തുടർന്നാണ്​ 1978 മെയിൽ  കേന്ദ്ര ജല കമീഷന്‍ നിർദേശ പ്രകാരം ജലനിരപ്പ് 145 അടിയായി കുറച്ചത്​. എങ്കിലും ചോർച്ച തുടരുകയായിരുന്നു. ഇതേ തുടർന്നാണ്​  1979 നവംബറില്‍ സി.എ.കുര്യന്‍ വണ്ടിപ്പെരിയാറില്‍  നിരാഹാര സമരം ആരംഭിച്ചത്​.  ഡോ. കെ.സി.തോമസ്​ വിരമിക്കുന്നതിന്​  തൊട്ട്​  മുമ്പ്​  1980 ഏപ്രില്‍ 29ന് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട്  കേന്ദ്ര ജല കമീഷന്‍  വിളിച്ച യോഗമാണ്​ അടിയന്തിര ബലപ്പെടുത്തൽ ജോലികളും കേബിള്‍ ഉപയോഗിച്ചുള്ള ബലപ്പെടുത്തൽ ജോലികളും പൂർത്തിയാക്കി ജലനിരപ്പ് 145അടിയായി ഉയർത്താൻ അനുമതി നൽകിയത്​.
ഹൈസ്​കുൾ പഠനം കഴിഞ്ഞ്​ ജന്മനാടായ ഇരിവിപേരുരിൽ നിന്നും തിരുവല്ല വരെ നടന്ന്​ എത്തി അവിടെ നിന്നും കാളവണ്ടിയിൽ തിരുവന്തപുരത്ത്​ ഉപരിപഠനത്തിന്​ എത്തിയതാണ്​ തോമസ്​. ഇൻറർമീഡിയറ്റിന്​ ശേഷം തിരുവനന്തപുരം എൻജിയറിംഗ്​ കോളജ്​ ആരംഭിച്ചപ്പോൾ അവിടെ ചേർന്നു. രണ്ടാമത്​ ബാച്ച്​ വിദ്യാർഥിയായിരുന്നു. ബിരുദം പൂർത്തിയാക്കി അവിടെ ലക്​ചററായി ജോലി നോക്കവെയാണ്​ ഉപരിപഠനത്തിന്​ അമേരിക്കയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. കേണൽ ഗോദവർമ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അമേരിക്കയിൽ നിന്നും എൻജിനിയറിംഗ്​ സയൻസിൽ ഡോക്​ടറേറ്റ്​ നേടിയ ആദ്യ മലയാളിയാണ്​. 1950ൽ കേന്ദ്ര ജല-ഉൗർജ കമ്മീഷൻ രൂപീകരിച്ചത്​ മുതൽ ഒപ്പമുണ്ടായിരുന്നു.  വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ്​ നാട്ടിൽ മടങ്ങിയെത്തിയത്​.



03 September 2018

​പ്രളയമെടുക്കാത്ത ചോദ്യങ്ങൾ

2018 സെപ്​തംബർ ഒന്ന്​, രണ്ട്​ മൂന്ന്​ തിയതികളിൽ മാധ്യമത്തിൽ പ്രസിദ്ധികരിച്ചത്​
--------------------------------------------------------------------------------------------------------------------------

മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയ പഠന റിപ്പോർട്ട്​ സംസ്​ഥാന വൈദ്യുതി ബോർഡും ദുരന്ത നിവാരണ അതോറിറ്റിയും കാണാതെ പോയതാണോ? ഒന്നുറുപ്പ്​ പെരിയാർനദിയുടെ തീരത്തുള്ളവരുടെ പ്രാർഥന കേട്ടു. അല്ലെങ്കിൽ ഇടുക്കിയിലും പീരുമേടിലും പെയ്​ത മഴ മുല്ലപ്പെരിയാറിലായിരുന്നുവെങ്കിൽ......
 മുല്ലപ്പെരിയാർ മേഖലയിൽ രണ്ട്​ ദിവസം കൊണ്ട്​ 65 സെൻറി മീറ്റർ മഴ പെയ്​താൽ  ജലനിരപ്പ്​ 136അടിയിൽ നിൽക്കു​േമ്പാൾ പോലും 160 അടിക്ക്​ മ​ുകളിലുയർന്ന്​ അണക്കെട്ടിന് മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ഒഴുകുമെന്നും അങ്ങനെയുണ്ടായാൽ അണക്കെട്ട് തകരുമെന്നും അടിവരയിട്ട് പറഞ്ഞിട്ടുണ്ട് ഡൽഹി ​​െഎ.​െഎ.ടിയുടെ പ്രളയ പഠന റിപ്പോർട്ട്​.
മുല്ലപ്പെരിയാർ തകർന്നാൽ ആ വെള്ളം ഒഴുകിയെത്തുക ഇടുക്കിയിലേക്കായിരിക്കുമെന്ന്​ ഒാർക്കുക. എന്നിട്ടും എന്ത്​ കൊണ്ട്​ ദുരന്ത നിവാരണ ​അതോറിറ്റിയും വൈദ്യുതി ബോർഡും മുൻകരുതൽ എടുത്തില്ല. ഇവിടെയാണ്​ അണക്കെട്ട്​ മാനേജ്​മെൻറിൽ പരാജയം സംഭവിച്ചുവെന്ന്​ ചൂണ്ടിക്കാട്ടുന്നത്​. ആഗസ്​ത്​ 14 മുതൽ 17വരെയുള്ള നാല്​ ദിവസങ്ങളിലായി ഇടുക്കിയിൽ 811 മില്ലി മീറ്റർ മഴയാണ്​ ​പെയ്​തത്​. മുല്ലപ്പെരിയാറിൽ നിന്നും കിലോമീറ്റർ അകലെയുള്ള പീരുമേടിൽ പെയ്​ത മഴ കൂടി അറിയണം-ആഗസ്​ത്​ 12, ഒമ്പത്​ 25, പത്തിന്​ 16, 15ന്​ 27, 16ന്​ 35, 17ന്​ 19, 18ന്​ 10 സെൻറി മീറ്റർ വീതവുമാണ്​ മഴ പെയ്​തത്​. 12 മുതലുള്ള ആറ്​ ദിവസം കൊണ്ട്​ പെയ്​ത്​ 140 സെൻറി മീറ്റർ മഴയാണ്​. അഴുതയിലെ ചെക്ക്​ ഡാം കവിഞ്ഞ്​ വെള്ളം അഴുതയാറിലൂടെ പമ്പയിലെത്തി. പീരുമേടിൽ പെയ്​ത മഴ ഏതാനം കിലോ മീറ്റർ അപ്പുറത്തേക്ക്​ മാറി മുല്ലപ്പെരിയാറിലാണ്​ പെയ്​തിരുന്നതെങ്കിൽ? അതേ കുറിച്ച്​ കെ.എസ്​.ഇ.ബോർഡും ദുരന്ത നിവാരണ അതോറിറ്റിയും ആലോചിച്ചിരു​ന്നുവോ?  തെക്ക്​-പടിഞ്ഞാറൻ മൺസൂണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയുന്നത്​ അപൂർവ്വമാണ്​. ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്​ത ശേഷം നിറഞ്ഞി​േട്ടയില്ല. എന്നാൽ, 1924ലെയും 1961ലെയും പ്രളയത്തിൽ മുല്ലപ്പെരിയാർ തുറന്ന്​ വിട്ടത്​ പെരിയാർനദിതടത്തിൽ വലിയ നാശത്തിന്​ കാരണമായിട്ടു​​​​ണ്ട്​. ഇക്കാര്യം സംസ്​ഥാന സർക്കാർ മുല്ലപ്പെരിയാർ കേസിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്​. 2011ലെ വടക്ക്​ കിഴക്കൻ മൺസുണിൽ,  മുല്ലപ്പെരിയാർ അപകട ഭീഷണി ഉയർത്തിയ ഘട്ടത്തിൽ ഇടുക്കിയിൽ പരമാവധി വൈദ്യുതി ഉൽപാദനം നടത്തി ജലനിരപ്പ്​ കുറച്ചതും ഒാർക്കണം.
ഇടുക്കിയിൽ ജൂലൈ ഒന്നിന്​  2351 അടിയായിരുന്ന ജലനിരപ്പ്​ ജൂലൈ എട്ട്​ മുതലാണ് ​ഉയർന്ന്​ തുടങ്ങിയത്​. 2403അടിയാണ്​ പൂർണ ജലനിരപ്പ്​. പരമാവധി ജലനിരപ്പ്​ 2408.5 അടിയും. 2403അടിയിൽ ഡാം നിറഞ്ഞ്​ കിടക്കു​​മ്പാൾ പ്രളയമുണ്ടായാൽ ആ വെള്ളം  ഉൾക്കൊള്ളാനാണ്​ ഇത്​. 2403 അടിക്ക്​ മുകളിൽ 5.748 ടി.എം.സി അടി(ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയും.
മുമ്പ്​ ഇടുക്കി തുറന്നത്​ വടക്ക്​-കിഴക്കൻ മൺസൂൺ കാലത്താണ്​. അതിന്​ കാരണമായത്​ മുല്ലപ്പെരിയാറിലെ വെള്ളവും. ഇടുക്കി പദ്ധതി പ്രദേശത്ത് ​മഴ കുറവായിരിക്കും. അതിനാൽ ജലനിരപ്പ്​ ഉയരുന്നത്​ വളരെ സാവധാനമാണ്​. എന്നാൽ, കാലവർഷത്തിൽ അങ്ങനെയല്ല. ജലനിരപ്പ്​ ഉയരുന്നത്​ വേഗത്തിലാണ്​. പുറമെ വൃഷ്​ടി പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയും മുന്നിൽ കാണണം. പക്ഷെ, എവിടെയോ പിഴച്ചു. പഴയത്​ പോ​െല അണക്കെട്ട്​ തുറക്കാനുള്ള അധികാരം വൈദ്യുതി ബോർഡിന്​ മാത്രമല്ല. അവർക്ക്​ നിർദേശം സമർപ്പിക്കാം. ദുരന്ത നിവാരണ അതോറിറ്റിയാണ്​ അറിയിപ്പ്​ നൽകേണ്ടത്​. അത്​ കൊണ്ടായിരിക്കും വർഷങ്ങളായി ചെറു​േതാണിയിലെ പാർട്ടി ആഫീസ്​ കേന്ദ്രികരിച്ച്​ പ്രവർത്തിക്കുന്ന വൈദ്യുതി മന്ത്രി എം.എം.മണി ട്രയൽ റൺ നടത്തുമെന്ന്​ പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയത്​. ജൂലൈ 26ന്​ ആദ്യ മുന്നറിയിപ്പ്​ നൽകി. ജൂലൈ 30ന്​ 2395 അടിയിൽ എത്തിയപ്പോൾ രണ്ടാമത്​ മുന്നറിയിപ്പും നൽകി. എന്നിട്ടും എന്ത്​ കൊണ്ട്​ കനത്ത മഴ വരുന്നത്​ വരെ കാത്തിരുന്നു? ആഗസ്​ത്​ ഒമ്പതിന്​ ഉച്ചക്ക്​ 12നാണ്​ ഒരു ഷട്ടർ നാല്​ മണിക്കുർ നേര​ത്തേക്ക്​ എന്ന്​ പറഞ്ഞ്​ ഉയർത്തിയത്​. എന്നാൽ, പിന്നിട്​ ഷട്ടറുകൾ ഒന്നൊന്നായി തുടർന്നു. ഇപ്പോഴും തുടരുന്നു.
കേന്ദ്ര ഭൗമശാസ്​​​​ത്ര മന്ത്രാലയത്തിലെ സെക്രട്ടറിയും കാലാവാസ്​ഥാ ശാസ്​ത്രജ്ഞനുമായ എം.രാജീവൻ പറയുന്നത്​ ശരിയെങ്കിൽ ഗുരുതരമായ വീഴ്​ചയാണ്​ ഇത്തവണയും സംഭവിച്ചത്​. കനത്ത മഴ പെയ്യുമെന്ന സൂചന അഡീഷണൽ ചീഫ്​ സെക്രട്ടറിയെ കാലവാസ്​ഥാ കേന്ദ്രത്തിൽ നിന്നും ഫോണിൽ വിളിച്ചറിയിച്ചിരുന്നുവെന്നാണ്​ അദേഹം പറയുന്നത്​. പ്രത്യേക ബുള്ളറ്റിനും ഇറക്കി.  യഥാസമയം അണക്കെട്ട്​ തുറക്കാതിരുന്നതും വെള്ളപ്പൊക്കത്തിന്​ കാരണമായെന്നാണ്​ അദേഹം പറയുന്നത്​. മഴ മുൻകുട്ടി കണ്ട്​ അണക്കെട്ടുകൾ ക്രമീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ്​ ഇതിന്​ അർഥം. അതായത്​​ നാല്​ ജില്ലകളിലെങ്കിലും മഹാപ്രളയത്തിന്​ കാരണം കനത്ത മഴ മാത്രമല്ല. എന്നാൽ, പതിവ്​ പോലെ കാലാവസ്​ഥ ​നിരീക്ഷണ കേന്ദ്രത്തെ വൈദ്യുതി ബോർഡ്​ ക​ുറ്റപ്പെടുത്തു​േമ്പാഴും ഒരു കാര്യം അവർ രഹസ്യമായി സമ്മതിക്കുന്നു- വൈദ്യുതി ഉൽപാദനത്തിനുള്ള വെള്ളം തുറന്ന്​ വിട്ട്​ കോടികൾ നഷ്​ടം വരുത്തിയെന്ന ആഡിറ്റ്​ റിപ്പോർട്ടിനെ വൈദ്യുതി ബോർഡ്​ ഭയക്കുന്നു-പ്രത്യേകിച്ച്​ ആഡിറ്റ്​ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്​ഥൻ വൈദ്യുതി ബോർഡ്​ ചെയർമാനായിരിക്കെ.
ഇൻഡ്യൻ കാലാവസ്​ഥ കേന്ദ്രം പ്രവചനമാണ്​ നൽകുന്നതെന്നും അത്​ ഒാരോത്തരെയും വിളിച്ച്​ പറയാനികില്ലെന്നും രാജീവൻ പറയുന്നു.മഴ പെയ്യുമോയെന്നും അത്​ എത്രത്തോളം പെയ്യുമെന്നും മനസിലാ​ക്കേണ്ടത്​ അണക്കെട്ട്​ മാനേജ്​മെൻറജിൻറ ഭാഗമാണ്​. ജൂൺ,ജൂലൈ മാസങ്ങളിൽ മഴ സാധാരണയിൽ കൂടുതലായിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ബോർഡിൻറ തന്നെ കണക്കുകൾ പ്രകാരം ജൂണിൽ 759.5 ദശലക്ഷം യൂണിറ്റ്​(എം യു) വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നീരൊഴുക്കാണ്​ സംസ്​ഥാനമാകെ പ്രതീക്ഷിച്ചത്​. എന്നാൽ, ഒഴുകിയെത്തിയത്​ 1504.651എം യു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളവും. ജൂലൈയില​ും നീരൊഴുക്ക്​ ഇരട്ടിയിലേറെയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട്​ തുറന്ന്​ വിട്ടതാണ്​ പെരിയാർ നദിതടത്തിലെ പ്രളയത്തിന്​ കാരണമെന്ന്​ കേരളം സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്​മൂലത്തിൽ പറയു​േമ്പാൾ തന്നെ എന്ത്​ കൊണ്ട്​ കേരളത്തിലെ അണക്കെട്ടുകളെ കുറിച്ച്​ ഇവിടെ മൗനം പാലിച്ചു. എന്നാൽ,  തമിഴ്​നാട്​ ആ കണക്ക്​ സുപ്രിം കോടതിയിൽ അറിയിച്ചിട്ടുണ്ട്​. ഇടുക്കി,ഇടമലയാർ അണക്കെട്ടുകളിൽ നിന്നായി 36.28 ടി എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം പെരിയാറിലേക്ക്​ തുറന്ന്​ വിട്ടതാണ്​ മഹാപ്രളയത്തിന്​ കാരണമെന്നാണ്​ അവർ ചൂണ്ടിക്കാട്ടുന്നത്​. ഇടുക്കി നിറയാൻ വേണ്ടതിൻറ പകുതിയോളം വെള്ളം പെരിയാറിലൂടെ ഒഴുകി. അണക്കെട്ടുകൾ തുറന്നതിനാൽ 54 ലക്ഷം ജനങ്ങളെ ബാധിച്ചുവെന്നും തമിഴ്​നാട്​ പറയുന്നു.ആഗസ്​ത്​ 15ന്​ മുതലാണ്​ മുല്ലപ്പെരിയാർ തുറന്നതെന്നും അന്ന്​ 1.247ടി.എംസിയും 16ന്​ 2.022 ടി.എം.സിയും ഇടുക്കിയിലേക്ക്​ ഒഴുകി. എന്നാൽ, 15ന്​ ഇടുക്കിയിൽ നിന്നും 13.79 ടി.എം.സിയും 16ന്​ 4.472 ടി.എം.സിയും തുന്ന്​ വിട്ടു. 14 മുതൽ 19വരെ 28.54 ടി.എം.സി അടി വെള്ളം ഇടുക്കിയിൽ നിന്നും പെരിയാറിലേക്ക്​ ഒഴുകി. ഇടമലയാറിൽ നിന്നും 7.74 ടി.എം.സി അടിയും. ഇതിന്​ പുറമെ പെരിയാറിൻറ കൈവഴിയായ മുതിരപ്പുഴയാറിലെ അണക്കെട്ടുകളൊക്കെ തുറന്നു. ഇൗ കണക്കുകൾ ശരിയെങ്കിൽ അണക്കെട്ടുകൾ മുൻക്കൂട്ടി  തുറന്നിരുന്നുവെങ്കിൽ മഹാപ്രളയം തടയാമായിരുന്നില്ലേ?

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറന്നതാണ്​ അവിടെ പ്രളയത്തിൻറ തോത്​ വർദ്ധിപ്പിച്ചത്​. മഴക്ക്​ പുറമെ അണക്കെട്ടിലെ വെള്ളവും അപ്രതീക്ഷമായി എത്തിയപ്പോൾ ജനങ്ങൾ ഒറ്റപ്പെട്ടു. വേണ്ടത്ര മുന്നറിയിപ്പ്​ നൽകാതെയാണ്​ അണക്കെട്ട്​ തുറന്നതെന്ന്​ എല്ലാവരും സമ്മതിക്കുന്നു.  ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്​ടറും അണക്കെട്ട്​ തുറന്നത്​ അറിഞ്ഞില്ല. മുന്നറിയിപ്പുകൾ ഇല്ലാതെ അണക്കെട്ട് തുറന്നപ്പോൾ തകർന്നത് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലെ നിരവധി വീടുകളാണ്.
അണക്കെട്ട്​ തുറന്നതിൽ വീഴ്ച്ചയുണ്ടായതായി ചീഫ് സെക്രട്ടറി ടോം ജോസ് തുറന്ന് സമ്മതിക്കുകയും ചെയ്​തു. അണക്കെട്ട് തുറക്കും മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച്ച പറ്റിയിട്ടുണ്ട്. എന്നാൽ, ജൂലൈ 15 മുതൽ ഡാമിൻറ റെഗ​ുലേറ്ററുകൾ തുറന്നിരുന്നുവെന്നാണ്​ വൈദ്യുതി മന്ത്രി പറയുന്നത്​.  മണ്ണ് കൊണ്ട് നിർമ്മിച്ച  ബാണാസുര സാഗർ ഡാമിന്റെ  പരമാവധി ജലനിരപ്പ് 775.60 മീറ്ററും ആണ്. ജലം പുറത്ത് വിടുന്നത് കോൺക്രീറ്റ് നിർമിത സ്പിൽ വേ വഴിയും. ഇതു സംബന്ധിച്ച അറിയിപ്പുകൾ അധികാരികളെ യഥാസമയം അറിയിക്കുകയും പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തു .എന്നാൽ ആഗസ്റ്റ് 9 ആയപ്പോഴേക്കും പദ്ധതി പ്രദേശത്ത് 442 മില്ലിമീറ്റർ വരെ മഴ പെയ്തതിനെ തുടർന്ന് കൂടുതൽ ജലം ഡാമിൽ നിന്നും ഒഴുക്കിവിട്ടു തുടങ്ങി. ആഗസ്റ്റ് 15, 16, 17 തിയതികളിൽ അത് സെക്കന്റിൽ 18.5 ഘന മീറ്റർ വരെ ജലം ഒഴുകിയെത്താൻ തുടങ്ങി. ഇത്തരത്തിൽ വലിയ തോതിൽ ജലനിരപ്പ് ഡാമിൽ ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ അടിയന്തിരമായി തുറന്നു. ഇത്തരമൊരു അടിയന്തിര സാഹചര്യമുണ്ടായത് ഇ-മെയിൽ മുഖാന്തിരവും വാട്ട്സാപ്പ് സന്ദേശത്തിലൂടെയും ജില്ലാ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തുവെന്നാണ്​ വൈദ്യുതി വകുപ്പ്​ പറയുന്നത്​. ഇക്കാലയളവിൽ ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കി വിട്ടത്​ വെള്ളത്തിന്റെ അളവ് 230 ദശലക്ഷം ഘനമീറ്ററാണ്​. 
കാവേരിയുടെ പോഷകനദിയായ കബിനിയുടെ കരിമ്പൻതോടിലാണ്​ ബാണാസുരസാഗർ. കിഴക്കോട്ട്​ ഒഴുകേണ്ട വെള്ളം തടഞ്ഞ്​ നിർത്തി തുരങ്കത്തിലുടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിൽ എത്തിക്കുകയാണ്​ ചെയ്യുന്നത്​. 

മൂന്നാറിനെ മുക്കിയത്​ മാടുപ്പെട്ടി
1924ലെ പ്രളയത്തിൽ പുനർനിർമ്മിക്കപ്പെട്ടതാണ്​ തെ​ക്കേ ഇൻഡ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ.എന്നാൽ, ഇത്തവണ സ്വാതന്ത്ര്യ ദിനം മൂന്നാറുകാർക്ക്​ മാത്രമല്ല, മുതിരപ്പുഴയാറിലെ തീരത്തുള്ളവർക്കൊക്കെ ഭീതിയുടെ ദിവസമായിരുന്നു. കനത്ത മഴക്ക്​ പുറമെ മാടു​​പ്പെട്ടി ഡാം തുറന്നാണ്​ കാരണം. 
കനത്ത മഴയും ഉരുൾപ്പൊട്ടലും മൂന്നാർ മേഖലയിൽ തുടരുന്നതിനിടെയാണ്​ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ മാടുപ്പെട്ടിയും നിറഞ്ഞ്​ തുടങ്ങിയത്​. മൂന്നാർ ടൗണിലേക്ക്​ എത്തുന്ന കന്നിമലയാറും നല്ലതണ്ണിയാറും നിറഞ്ഞൊഴുകുന്നതിനാൽ, മാടുപ്പെട്ടി തുറക്കുന്നത്​ സൃഷ്​ടിക്കുന്ന ഗുരുതരമായ പ്രശ്​നങ്ങൾ ആഗസ്​ത്​ 13ന്​ ചൂണ്ടിക്കാട്ടിയിരുന്നു. മാടുപ്പെട്ടി ചെറിയ തോതിൽ തുറന്ന്​ മുതിരപ്പുഴയാറിലെ ജലനിരപ്പ്​ ക്രമീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഒരു ഷട്ടർ തുറന്നത്​ 14ന്​ വൈകിട്ട്​. എന്നിട്ടും ജലനിരപ്പ്​ കുറഞ്ഞില്ല. 15ന്​ മൂന്ന്​ ഷട്ടറുകളും തുറന്നു. ഇതോടെ മൂന്നാർ ടൗണിൽ വെള്ളമെത്തി. പഴയ മൂന്നാർ മുങ്ങി. 1942ൽ നിർമ്മിച്ച തൂക്ക്​ പാലം ഒലിച്ച്​ പോയി. ദിവസങ്ങളോളം ഒറ്റപ്പെട്ടു. മാടുപ്പെട്ടി വെള്ളം എത്തുന്ന മൂന്നാർ ഹെഡ്​വർക്​സ്​ അണക്കെട്ടിൻറ ഷട്ടറുകൾ ഉയർത്താൻ കഴിയാതെ വന്നതാണ്​ പഴയ മൂന്നാർ മുങ്ങാൻ കാരണമെന്നും പറയുന്നു. 
ഇതിൻറ തുടർച്ചയായി പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളും തുറന്നു. ആ വെള്ളം എത്തിയതും പെരിയാറിലേക്ക്​. സാധാരണ മഴ​ക്കാലത്ത്​ കല്ലാർകുട്ടിയും ലോവർ പെരിയാറും തുറന്ന്​ വിടുന്നതാണെങ്കിലും ഇത്രയും വെള്ളം എത്തിയത്​ ഇതാദ്യം. പെരിയാറിലെയും കൈവഴികളിലേയുമായി ഇടുക്കിയും മുല്ലപ്പെരിയാറും ഇടമലയാറും അടക്കമുള്ള അണക്കെട്ടുകളിലേയും പെരിഞ്ചാംകുട്ടി, പൂയംകുട്ടിയാറുകളിലുടെയും വെള്ളം എത്തിയത്​ ഭൂതത്താൻക്കെട്ടിലൂടെ പെരിയാറിലേക്ക്​. എന്നാൽ, പെരിയാറിന്​ പഴയത്​ പോലെ വീതിയുണ്ടോ? 1961ലെ പ്രളയത്തെ കുറിച്ച്​പഠിച്ച അന്നത്തെ പൊതുമരാമത്ത്​ വകുപ്പിൻറ റിപ്പോർട്ടിൽ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നിപ്പോൾ കയ്യേറ്റം വീണ്ടും വർദ്ധിച്ചു. പെരിയാറിൻറ വീതി കുറഞ്ഞു. അതോടെ സ്വഭാവികമായി വെള്ളപൊക്കത്തിൻറ അളവ്​ കൂടി. വെള്ളം പലവഴിക്ക്​ തിരിഞ്ഞൊഴുകി. ഫ്ലഡ്​ ലെവൽ മാർക്കില്ലാത്തതതും എമർജൻസി ആക്​ഷൻ പ്ലാൻ ഇല്ലാത്തതും ഇതിന്​ കാരണമാണെന്ന്​ ഡാം സുരക്ഷാ അതോറിറ്റി അംഗമായിരുന്ന മുൻ കെ.എസ്​.ഇ.ബോർഡ്​ അംഗം കെ.കെ.കറുപ്പൻകുട്ടി പറയുന്നു.

മധ്യതിരുവിതാംകുർ പ്രളയത്തിൽ
ആഗസ്​ത്​ 14ന്​ അർദ്ധരാത്രിയിലാണ്​ പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വെള്ളം എത്തുന്നത്​. പമ്പയാർ കവിഞ്ഞൊഴുകി വെള്ളം കടകളിലേക്കും വീടുകളിലേക്കും കയറിയപ്പോഴാണ്​ പലരും അറിഞ്ഞതെന്ന്​ റാന്നി എം.എൽ.എ രാജൂ എബ്രഹാം തന്നെ പറഞ്ഞിരുന്നു. പമ്പയാറിൽ ചെറുതും വലുതമായ ഒമ്പത്​ അണക്കെട്ടുകളാണുള്ളത്​. മധ്യതിരുവിതാംകുർ പ്രളയത്തിൽ മുങ്ങാൻ ഇൗ അണക്കെട്ടുകളും അച്ചൻകോവിലാറിൻറ വൃഷ്​ടിപ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലും കാരണമായി. പമ്പ മുങ്ങിയതിനാൽ ശബരിതീർഥാടകർക്കും പോകാനായില്ല. ഇവിടെയും മുന്നൊരുക്കമുണ്ടായില്ല. ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ, കക്കി അണക്കെട്ടുകൾ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നുവെന്നാണ്​ ഉയരുന്ന പരാതി. അണക്കെട്ടിലെ ജലനിരപ്പ്​ പുർണതയിൽ നിലനിർത്താൻ ചിലർ നടത്തിയ ശ്രമങ്ങളാണ്​ ഇവിടെ പഴവായി മാറിയത്​. ചില സ്വകാര്യ ജലവൈദ്യുത പദ്ധതികളുടെ താൽപര്യങ്ങളും ഇതിന്​ പിന്നിലുണ്ടോയെന്ന്​ സംശയിക്കുന്നു.  
ഡാമിന്റെ ഷട്ടറുകൾ ആറടി ഉയരത്തിൽ തുറന്നത് നാട്ടുകാർ അറിഞ്ഞില്ല. 15 ന് പുലർച്ചെ ഉച്ചഭാഷിണിയിലുടെ മുന്നറിയിപ്പു കേട്ടാണ് ജനം ഉണർന്നത്. അപ്പോഴേക്കും പ്രളയജലം ഇരച്ചെത്തിയിരുന്നു. കഴിഞ്ഞ 14 ന് രാത്രിയിലാണ്​ പമ്പ, കക്കി അണക്കെട്ടുകളുടെ ഷട്ടറുകൾ അധികമായി തുറന്നതെന്ന് വൈദ്യുതി ബോർഡിലെ ജീവനക്കാർ തന്നെ വ്യക്തമാക്കുന്നു. ഷട്ടറുകൾ മൂന്നടി ഉയർത്തുമെന്നായിരുന്നു രാത്രി 11ന് അധികൃതർക്കു ലഭിച്ച വിവരം. 14ന് വൈകിട്ട് വരെ പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളിൽ നാലെണ്ണം മാത്രമാണു തുറന്നിരുന്നത്. രണ്ടെണ്ണം ഒരടി വീതവും രണ്ടെണ്ണം ഒന്നര അടി വീതവും ഉയർത്തിയാണ് തുറന്നിരുന്നത്. കക്കി - ആനത്തോട് സംഭരണിയിലെ നാല് ഷട്ടറുകളിൽ രണ്ടെണ്ണം ഒന്നര അടി വീതം തുറന്നിരുന്നു. അപ്പോൾ തന്നെ ശബരിമല - പമ്പയിൽ ജലനിരപ്പ് നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. 
മഴ ശക്തമായതോടെ രാത്രി 11ന് സ്ഥിതിഗതികൾ വഷളായി. രണ്ട് സംഭരണികളുടെയും എല്ലാ ഷട്ടറുകളും രണ്ടടി വരെ ഉയർത്തുകയുമായിരുന്നു. രാവിലെയായിട്ടും ജലനിരപ്പ് നിയന്ത്രണവിധേയമല്ലെന്നു കണ്ടതോടെ ഷട്ടറുകൾ ആറടി വരെ ഉയർത്തി. ഇതാണ് പമ്പാനദിയിൽ ജലനിരപ്പ് 12 അടിയോളം ഉയരാൻ പ്രധാന കാരണം. 15ന് രാവിലെ റാന്നിയും പത്തുമണിയോടെ അയിരൂർ, കോഴഞ്ചേരി, ആറന്മുള മേഖലകളും മുങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ വെള്ളം ചെങ്ങന്നൂരിലുമെത്തി. ഡാമുകളിലെ വെള്ളത്തോടൊപ്പം ഇരുപതോളം കേന്ദ്രങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തു. 
കഴിഞ്ഞ ഒൻപതിനാണ് കക്കി സംഭരണിയുടെ ഷട്ടറുകൾ 2013-നു ശേഷം ആദ്യമായി തുറന്നത്. 10 നു രാവിലെ പമ്പയുടെ ഷട്ടറുകളും തുറന്നു. ഒൻപത്, 10 തീയതികളിൽ പമ്പ് കരകവിഞ്ഞൊഴുകി.

മുല്ലപ്പെരിയാറിൽ കനത്ത മഴ പെയ്യാതിരുന്നത്​ പോലെയുള്ള ഏതോ ശക്​തി ചാലക്കുടിപുഴയുടെ തീരത്തുള്ളവരെയും രക്ഷിച്ചുവെന്ന്​ വേണം കരുതാൻ. എന്നാൽ, ചാലക്കുടി ടൗണടക്കം മുങ്ങി. ചാലക്കുടിപുഴയിലെ പെരിങ്ങൽകുത്ത്​ അണക്കെട്ടിൻറ  ഷട്ടറുകളുടെ പ്രവർത്തനം തടസപ്പെട്ടതിനാൽ അണക്കെട്ട്​ കവിഞ്ഞ്​ ഒഴുകുകയായിരുന്നു  ദിവസങ്ങളോളം. ജീവനക്കാർ ഉയർന്ന സ്​ഥലങ്ങളിൽ അഭയം കണ്ടെത്തി. പെരിങ്ങൽകുത്ത്​ വൈദ്യുതി നിലയം ട്രിപ്പായി പ്രവർത്തനം നിലച്ചു. അണക്കെട്ടുകൾ കവിഞ്ഞൊഴുകാൻ പാടില്ല, കവിഞ്ഞൊഴുകുന്നത്​ തകർച്ചക്ക്​ കാരണമാകുമെന്നാണ്​ പൊതുവെ വിലയിരുത്തൽ. എന്തായാലും പെരിങ്ങൽകുത്ത്​ അണക്കെട്ട്  സംരക്ഷിക്കപ്പെട്ടു. തമിഴ്​നാടിൻറ നിയന്ത്രണത്തിലു​ള്ള കേരളത്തിനകത്തെ പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകൾ  തുറന്ന്​ വിട്ടതും വാൾപ്പാറ മേഖലയിലെ അതിശക്​തമായ മഴയുമാണ് പെരിങ്ങൽകുത്ത്​,​ഷോളയാർ അണക്കെട്ടുകൾ നിറഞ്ഞ് ​ഒഴുകാൻ കാരണമായത്​. എത്ര വെള്ളം ഒഴുകിയെന്ന്​ പോലും കണക്കില്ല. 
ചാലക്കുടിപുഴയിലെ സാഹചര്യം വൈദ്യുതി ബോർഡ്​ മുൻകൂട്ടി കണ്ടില്ലെങ്കിലും ചാലക്കുടിപുഴ സംരക്ഷണ സമിതി കണ്ടിരുന്നു. കനത്ത മഴ വരാൻ സാധ്യതയുള്ളതിനാൽ പെരിങ്ങൽകുത്ത്​, കേരള ഷോളയാർ അണക്കെട്ടുകളിൽ വെള്ളം സംഭരിക്കാൻ കളിയുന്ന തരത്തിൽ തുറന്ന്​ വിടണമെന്നും ചാലക്കുടിപുഴയിൽ ഫ്ലഡ്​ മാപ്പിംഗ്​ നടത്തി,ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കണമെന്നും സംരക്ഷണ സമിതി ജൂലൈ പകുതിയോടെ സർക്കാരിനോട്​ ആവശ്യപ്പെട്ടിരുന്നുവെന്ന്​ സെക്രട്ടറി എസ്​.പി.രവി പറഞ്ഞു. തൃശുർ കലക്​ടർക്കും മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഗവേഷകനായ ഡോ.സി.ജി.മധുസൂദനനും ഇത്​ സംബന്ധിച്ച്​ നിവേദനം നൽകി. 
മഴ മുൻകൂട്ടി കണ്ട പി.എ.പിയിലെ സംയുക്​ത ജലക്രമീകരണ ബോർഡിലെ ഉദ്യോഗസ്​ഥരും ഉണർന്ന്​ പ്രവർത്തിച്ചു. പറമ്പിക്കുളത്ത്​ നിന്നും തുറന്ന്​ വിടുന്ന വെള്ളത്തി​െൻറ അളവ്​ നിയന്ത്രിക്കണമെന്ന കേരളത്തി​െൻറ ആവശ്യം തമിഴ്​നാട്​ അംഗീകരിച്ചിരുന്നു. എന്നാൽ, മഴ ശക്​തിയായതോടെ അപ്രതീക്ഷമായി കുരിയാർകുറ്റി, കാരാപ്പാറ എന്നിവിടങ്ങളിൽ നിന്നും വെള്ളം എത്തിയെന്നാണ്​ പറയുന്നത്​. പറമ്പിക്കുളം തുറക്കുന്നുവെന്ന വിവരം 15ന്​ രാത്രിയിലാണ്​ തൃശുർ കലക്​ടറെ അറിയിച്ചത്​. 
കുട്ടനാടിനെ വീണ്ടും പ്രളയത്തിൽ മുക്കിയതും അണക്കെട്ടുകളാണ്​. പമ്പയാറിലെ അണക്കെട്ടുകൾ തുറന്നതും അച്ചൻകോവിലാറും മണിമലയാറും നിറഞ്ഞ്​ ഒഴുകി എത്തിയതും കുട്ടനാടിനെ മുക്കി. 1961ലെ പ്രളയത്തിൽ ചൂണ്ടിക്കാട്ടിയ കാര്യമാണ്​ കുട്ടനാടിലെ പ്രളയജലം കടല​ലിലേക്ക്​ ഒഴുക്കാൻ സംവിധാനം വേണമെന്നത്​. തോട്ടപ്പള്ളി സ്​പിൽവേയും തണ്ണീർമുക്കം ബണ്ടുമാണ്​ കുട്ടനാടിലെ വെള്ളം പുറത്തേക്ക്​ ഒഴുക്കേണ്ടത്​. ആലുവപുഴയെ കടല​ിലേക്ക്​ തുറന്ന്​ വിടുന്നതിനും തടസങ്ങളുണ്ട്​. ആ തടസങ്ങളൊക്കെ മനുഷ്യനിർമ്മിതമാണ്​. 
എന്നാൽ, അണക്കെട്ടുകൾ തുറന്നതിന്​പതിവ്​ പോലെ കാലാവസ്​ഥ കേന്ദ്രത്തെ പഴിചാരുകയാണ്​ വൈദ്യുതി ബോർഡ്​. 
ഡാമുകൾ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന്​ മന്ത്രി എം.എം.മണി പറയുന്നു. സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന കലാവസ്​ഥ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി യിലെ ജലസംഭരണികളിൽ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതും. ഈ വർഷം സംസ്ഥാനത്ത് പൊതുവിൽ സാധാരണ തോതിലാകും മഴ ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നല്ല മഴയുണ്ടാവും എന്നുമായിരുന്നു ​െഎ എം ഡിയുടെ പ്രവചനം. ഇപ്പോഴുണ്ടായ പേമാരിയെ കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നൽകിയത്. 
സംസ്ഥാനത്ത് പെയ്ത മഴയുടെ തോത് പരിശോധിച്ചാൽ 2018 ആഗസ്റ്റ് 7 വരെയുള്ള ശരാശരി 13.8 മില്ലിമീറ്ററിൽ നിന്നും ഉയർന്ന് 128.6 മില്ലിമീറ്റർ വരെ ഉയർന്നതായി കാണാം. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ആഗസ്റ്റ് 16ന് 295 മില്ലിമീറ്റർ മഴയാണ് ചെയ്തത്.
മഴ ശക്തിപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുകയും നടപടിക്രമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇടുക്കി ഡാമിൽ ട്രയൽ റൺ നടത്താനും വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ മനസ്സിലാക്കി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി വെള്ളത്തിന്റെ നിരപ്പ് 2390 അടി ആകുമ്പോൾ തന്നെ ആദ്യ മുന്നറിയിപ്പ് നൽകാനും 2395 ന് അടുത്ത അറിയിപ്പ് നൽകാനും 2399 ന് അന്തിമ അറിയിപ്പ് നൽകി വെള്ളം തുറന്ന് വിടാനും തീരുമാനിച്ചതനുസരിച്ചാണ് ഇടുക്കി ചെറുതോണി ഡാം തുറന്ന് ആഗസ്റ്റ് 9 ന് ജലം ഒഴുക്കി വിട്ടത്.
ഈ പേമാരി ക്കാലത്ത് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെ നിന്നും അധികമായ ജലം ഇടുക്കിയിലേക്ക് ഒരു സെക്കന്റിൽ ഏകദേശം 650 ഘനമീറ്റർ എന്ന അളവിൽ വരെ ഒഴുക്കി വിടുകയും ചെയ്തു. 
ഈ അവസരങ്ങളിൽ ഡാമിന്റെ സുരക്ഷിതത്വത്തിനായി ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
അതേ സമയം ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും 7500 ക്യുബിക് മീറ്റർ ഒരു സെക്കന്റിൽ എന്ന തോതിൽ ജലം ഒഴുക്കി കളയേണ്ടി വന്നത് സൂചിപ്പിക്കുന്നത് പെരിയാറിന്റെയും മറ്റും വൃഷ്ടി പ്രദേശങ്ങളിലും സമതലങ്ങളിലും ലഭിച്ച അമിത മഴ കൂടിയാണ് പെരിയാറിലും സമീപ പ്രദേശങ്ങളിലും വലിയ തോതിൽ ജലനിരപ്പ് ഉയരാൻ കാരണമായത്​.
സാധാരണ ഗതിയിൽ ചെയ്യുന്ന മഴയുടെ 20 - 22 ശതമാനം വഹിക്കാനുള്ള ശേഷിയാണ് ഇടുക്കി സംഭരണിക്ക് ഉള്ളത്. എന്നാൽ മഴയുടെ അളവ് വൻതോതിൽ കൂടുമ്പോൾ ആകെ പെയ്ത മഴയുടെ 10 - 12 ശതമാനം വെള്ളമേ സംഭരണിയിൽ ശേഖരിക്കാൻ കഴിയൂ.
ഇടമലയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്റാണ്.  ആഗസ്റ്റ് 9 ന് ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി.
ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലാ ഭരണാധികാരികളെ അറിയിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി ആഗസ്റ്റ് 15,16, 17 തീയതികളിൽ ശരാശരി 295 മില്ലിമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട് അവിടെ. 
പറമ്പിക്കുളം, അപ്പർ ഷോളയാർ, കാരപ്പാറ, കുരിയാർകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ള അധിക ജലവും കൂടി എത്തിച്ചേർന്ന സാഹചര്യം പൊരിങ്ങൽക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയിലേക്ക് നയിച്ചത്-അദേഹം പറയുന്നു.