വല്ലാത്തൊരു അനുഭവമായിരുന്നു അത്, നാൽപത് വർഷത്തിന് ശേഷം അന്നത്തെ പത്താം ക്ലാസ് വിദ്യാർഥി, അധ്യാപികയുടെ കാലിൽ വീണ് മാപ്പ് അപേക്ഷിക്കുകയെന്നത്.ടീച്ചറിൻറ പാദങ്ങൾ കണ്ണീർകൊണ്ട് നനഞ്ഞപ്പോൾ, ഒരുപക്ഷെ ഒരു അധ്യാപികക്ക് ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയായി മാറിയിരിക്കാം.മുന്നാർ ഗവ.ഹൈസ്കുളിലെ 1976-77 ബാച്ച്എസ്.എസ്.എൽ.സി വിദ്യാർഥികൾ നാലുപതിറ്റാണ്ടിന് ശേഷം സംഗമിച്ചപ്പോഴാണ് അപൂർവ്വമായ മാപ്പ് പറച്ചിലും ഉണ്ടായത്.ഇക്കഴിഞ്ഞ മെയ് 27നായിരുന്നു മൂന്നാർ ഗവ.ഹൈസ്കുളിൽ ഒത്ത്ചേരൽ സംഘടിപ്പിച്ചത്. സ്വാഗതവും അധ്യക്ഷ പ്രസംഗവും കഴിഞ്ഞ്, ഹാജർ വിളിച്ച് തുടങ്ങി. ഹാജർ വിളിക്കുന്നതിനൊപ്പം അന്നത്തെ ഗണിതാധ്യാപിക പാൻസി വില്യം ഒാരോത്തർക്കും പൂച്ചെട്ട് സമ്മാനിക്കും. ആൻഡ്രൂസിൻറ പേരു വിളിച്ചതോടെ, ടീച്ചറിൻറ പക്കൽ നിന്നും പൂച്ചെട്ട് വാങ്ങിയതിനൊപ്പം കൈപിടിച്ച് ഒരു നിമിഷം മൗനം. പിന്നെ അടക്കി പിടിച്ച കരച്ചിൽ . അടുത്ത നിമിഷം ടീച്ചറിൻറ കാൽക്കൽ വീണ്- ‘പഠിക്കുേമ്പാൾ ഒത്തിരി ഉപദ്രവിച്ചിട്ടുണ്ട്,മാപ്പ് തരണം, ശപിക്കരുത്, അന്ന് പഠിക്കാൻ ഉപദേശിച്ചപ്പോൾ അനുസരിച്ചില്ല’ആൻഡ്രുസിൻറ പശ്ചാത്താപമായിരുന്നു കേട്ടത്. ആൻഡ്രുസിൻറ കരച്ചിലിൽ ചടങ്ങ് നടന്ന ഹാൾ നിശബ്ദമായി. മറ്റുള്ളവരുടെ കണ്ണുകളും നനഞ്ഞു. ഒപ്പം ടീച്ചറിൻറയും. വേദിയിലുണ്ടായിരുന്ന അന്നത്തെ കായികാധ്യാപകൻ ഒ.പി.പോൾ സാർ ഇടപ്പെട്ടാണ് ആൻഡ്രുസിനെ സ്വന്തം ഇരിപ്പിടത്തിലേക്ക് മടക്കിയത്. പഠിക്കുേമ്പാൾ ക്ലാസിലെ സീനിയർ ആയിരുന്നു ആൻഡ്രുസ്. ടീച്ചറാകെട്ട ആ വർഷമാണ് മൂന്നാർ ഹൈസ്കൂളിൽ അധ്യാപികയായി എത്തിയത്.
ടീച്ചറിൻറ മറുപടിയാണ് ആൻഡ്രൂസിനടക്കം എല്ലാവർക്കും തണലായത്. ഒരു അധ്യാപകർക്കും ആരെയും ശപിക്കാനാകില്ല. അവർ ശകാരിച്ചാലും പിണങ്ങിയാലും അത് അപ്പോഴത്തേക്ക് മാത്രമാണ്. വിദ്യാർഥികൾ എത്ര വളർന്നാലും അവർ അധ്യാപകർക്ക് കുഞ്ഞുങ്ങൾ മാത്രമാണ്-പാൻസി ടീച്ചർ പറഞ്ഞു.
നാൽപത് വർഷം മനസിൽ കൊണ്ട് നടന്ന സ്വകാര്യ ദു:ഖമാണ് ആൻഡ്രുസ് ആ വേദിയിൽ കണ്ണീരിലൂടെ ഇല്ലാതാക്കിയത്.പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഗുരു-ശിഷ്യ ബന്ധത്തിന് അതിൻറതായ അർഥമുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയായിരുന്നു. പ്രായവും സ്ഥാനവും ഗുരു-ശിഷ്യബന്ധത്തിന് തടസമാകുന്നില്ല.
1977ൽ മലയാളം മീഡിയത്തിൽ പഠിച്ച 31പേരിൽ 18പേരും ഒമ്പതാം ക്ലാസിൽ നിന്നും മറ്റ് സ്കൂളിലേക്ക് പോയ മൂന്നു പേരുമാണ് ചടങ്ങിനെത്തിയത്.അന്നത്തെ കുട്ടികളിൽ ചിലരിന്ന് അധ്യാപികമരാണ്, മാധ്യമ പ്രവർത്തകർ, ബിസിനസുകാർ തുടങ്ങി സ്വയംതൊഴിൽ കണ്ടെത്തിയവർ വരെയുണ്ട്. പലരും കുടുംബവുമായി എത്തി. ചിലരുടെ വിരൽതുമ്പിൽ പേരക്കുട്ടികളുണ്ടായിരുന്നു.
No comments:
Post a Comment