Pages

20 February 2017

തമിഴ്നാടിലെ വിശ്വാസവോട്ട്




 തമിഴ്നാട് നിയമസഭയില്‍ വീണ്ടുമൊരു വിശ്വാസ വോട്ട്. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഭരണകഷിയായ എ.ഐ.എ.ഡി.എം.കെയിലുണ്ടായ തര്‍ക്കമാണ്  രാഷ്ട്രിയ പ്രതിസന്ധിയായി മാറിയതും, അവരുടെ മരണത്തിന് ശേഷം രണ്ടാമത് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടന്നതും വിശ്വാസവോട്ടിലേക്ക് പോയതും. തമിഴ്നാട് നിയമസഭ വീണ്ടുമൊരു വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങിയപ്പോള്‍, തമിഴകം ഓര്‍ക്കുന്നത് 29വര്‍ഷം മുമ്പ് നടന്ന സമാനമായ സംഭവങ്ങള്‍. ഇത്തവണയും മോശമായിരുന്നില്ലല്ളോ പ്രകടനം. കസേര കളി, സ്പീക്കറെ ഉപരോധിക്കല്‍, ഉന്തും തള്ളും ഒടുവില്‍ ഡി.എം.കെ അംഗങ്ങളെപുറത്താക്കലും.
ദേശിയതലത്തില്‍ കുപ്രസിദ്ധി നേടിയ സംഭവ വികാസങ്ങളാണ് 1988ല്‍ നടന്നത്. എം.എല്‍.എമാരെ കൂട്ടത്തോടെ അയോഗ്യരാക്കല്‍, സഭക്കകത്ത് അടിപിടി, പൊലീസിന്‍റ ഇടപ്പെടല്‍ അങ്ങനെ പലതും കണ്ടു. സ്പീക്കറായിരുന്ന പി.എച്ച്.പാണ്ഡ്യനായിരുന്നു താരം. ഒടുവില്‍ നിയമസഭ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
മുഖ്യമന്ത്രിയായിരിക്കെ 1987 ഡിസംബര്‍ 24ന് എം.ജി.ആര്‍ മരിച്ചതോടെയാണ് അന്നും ഭരണകക്ഷിയായി എ.ഐ.എ.ഡി.എം.കെയില്‍ കലാപത്തിന് തുടക്കമായത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇദയകനിയെന്നറിയപ്പെട്ട അന്നത്തെ പ്രചരണ വിഭാഗം സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന  ജയലളിതയും മുതിര്‍ന്ന നേതാവ് ആര്‍.എം. വീരപ്പനും അവകാശം ഉന്നയിച്ചതായിരുന്നു തര്‍ക്കത്തിന് തുടക്കം. ഇതേ തുടര്‍ന്നാണ് വി.ആര്‍.നെടുഞ്ചെഴിയനെ താല്‍ക്കാലിക മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍, എം.ജി.ആറിന്‍െറ വിധവ ജാനകിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് പിന്നിട് വീരപ്പന്‍ പറഞ്ഞത്. നെടുഞ്ചെഴിയനെ ‘വെട്ടുകയായിരുന്നു’ ലക്ഷ്യം. ഇത്തവണ, ഒ.പന്നീര്‍ശെല്‍വം മുന്നാം തവണയും മുഖ്യമന്ത്രിയായതോടെ ശശികലയാണ് ആ സ്ഥാനത്ത് എത്തേണ്ടതെന്ന് എടപ്പാടി പഴനിസാമി പറഞ്ഞതിന് തുല്യമായിരുന്നു അന്നത്തെ നീക്കവും. കേസൊന്നും ഇല്ലാതിരുന്നതിനാല്‍ അന്ന് ജാനകി നിയമസഭാകക്ഷി നേതാവാകുക മാത്രമല്ല, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. ജയലളിത ഭൂരിപക്ഷം അവകാശപ്പെട്ടതിനാല്‍, പിന്തുണക്കുന്ന എം.എല്‍.എമാരെ രാജ്ഭവനില്‍ അണിനിരത്തിയാണ് ജാനകി മുഖ്യമന്ത്രിയാകനുള്ള അവകാശം സ്ഥാപിച്ചത്. 132 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരില്‍ 33 പേരായിരുന്നു ജയലളിത പക്ഷത്ത്. ഇപ്പോഴത്തെ തമിഴ്നാട് പി.സി.സി പ്രസിഡന്‍റ് തിരുനാവക്കരശ്, വി.ആര്‍.നെടുഞ്ചെഴിയന്‍, പണ്‍രുട്ടി രാമചരന്ദന്‍, കെ.എ.ശെങ്കോട്ടയന്‍ തുടങ്ങിയവര്‍ ജയ പക്ഷത്തുണ്ടായിരുന്നു. ആ.എം.വീരപ്പന്‍, പി.എച്ച്.പാണ്ഡ്യന്‍, കെ.എ.കൃഷ്ണസാമി തുടങ്ങിയവര്‍ ജാനകി പക്ഷത്തും.
1988 ജനുവരി ഏഴിനാണ് ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായി സത്യപ്രതജ്ഞ ചെയ്ത്ത്. 28ന് വിശ്വാസ വോട്ട് തേടാന്‍ നിയമസഭ സമ്മേളിച്ചപ്പോഴാണ് പ്രക്ഷുബ്ദമായ സംഭവങ്ങളിലേക്ക് നീങ്ങിയത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായ ബന്ധപ്പെട്ട സംഭവങ്ങളുടെ പേരില്‍ പ്രതിപക്ഷത്തെ  ഡി.എം.കെയിലെ പത്ത് അംഗങ്ങളെ സഭയില്‍ നിന്നും പുറത്താക്കി. 34 അംഗങ്ങളാണ് ഡി.എം.കെക്കുണ്ടായിരുന്നത്. ജയപക്ഷത്തെ 33 എം.എല്‍.എമാര്‍ കൂറുമാറിയതായി ചൂണ്ടിക്കാട്ടി അയോഗ്യരാക്കി. കോണ്‍ഗ്രസിലെ 61 അംഗങ്ങള്‍ സഭയില്‍ എത്തിയില്ല.
ബഹളവും സംഘര്‍ഷവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്. 111 അംഗങ്ങള്‍ മാത്രം വോട്ട് രേഖപ്പെടുത്തിയ വിശ്വാസ വോട്ടെടുപ്പില്‍ 99 പേര്‍ ജാനകി രാമചന്ദ്രനെ പിന്തുണച്ചതായും വിശ്വാസ വോട്ടെടുപ്പ് നേടിയതായും സ്പീക്കര്‍ പ്രഖ്യാപിച്ചു. സഭയില്‍ എം.എല്‍.എമാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് പൊലീസ് നിയമസഭക്കകത്ത് കയറി. അകത്തും പുറത്തും സംഘര്‍ഷത്തിലേക്ക് നീങ്ങി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ജനുവരി 30ന് തമിഴ്നാടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജാനകി രാമചന്ദ്രന് അവരുടെ പാര്‍ട്ടിയെ രക്ഷിക്കാനായില്ല. രണ്ടു സീറ്റിലാണ് ജയിച്ചത്. ജയലളിതയുടെ നേതൃത്വത്തില്‍ രുപംകൊണ്ട എ.ഐ.എ.ഡി.എം.കെ 27 ഇടത്ത് ജയിച്ചു. പിന്നിടാണ് രണ്ട് എ..ഡി.എം.കെ.കളും ലയിച്ചത്.
1988ന്‍െറ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. അന്നത്തെ സ്പീക്കര്‍ പി.എച്ച്.പാണ്ഡ്യന്‍ ഇപ്പോള്‍ ഒ.പന്നീര്‍ശെല്‍വം ക്യാമ്പിലുണ്ട്.

No comments:

Post a Comment