Pages

01 October 2016

ജയലളിതയുടെ ബോഡിനായ്ക്കനുര്‍ ചിത്രം



ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍ പുറത്തു വിടണമെന്നാണ് പ്രധാന പ്രതപക്ഷമായ ഡി എം കെയൂടെ പ്രസഡിന്‍റ് എം.കരുണാനിധിയുടെ  ആവശ്യം. ഓര്‍മ്മ വരുന്നത് ജയലളിതയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ്. 1989ലെ തെരഞ്ഞെടുപ്പില്‍ ഇടുക്കിയോട് ചേര്‍ന്നുള്ള ബോഡിനായ്ക്കനുര്‍ മണ്ഡലത്തിലാണ് അവര്‍ മല്‍സരിച്ചത്. അന്ന് മൂന്നാര്‍ മാതൃഭൂമി ലേഖകനായ ഞാന്‍ തെരഞ്ഞെുടപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി പോയിരുന്നു. ദിനമലര്‍ എന്ന തമിഴ് പത്രത്തിന് വേണ്ടി ചിത്രങ്ങളെടുക്കാന്‍ മൂന്നാറില്‍ നിന്നുള്ള സി.കുട്ടിയാപിള്ളയും ഉണ്ടായിരുന്നു. കരിമ്പൂച്ചകളുടെ അകമ്പടിയോടെ രഥത്തിലാണ് അവരുടെ മണ്ഡല പര്യടനം. ഭക്ഷണവും വിശ്രമമവും വസ്ത്രം മാറലുമൊക്കെ ഈ രഥത്തില്‍. പാതിരാത്രി വരെ പര്യടനം. ഇത്തരത്തിലൊരു ദിവസത്തെ യാത്രക്കിടെയാണ് ജയലളിത രഥത്തിലിരുന്നു വസ്ത്രങ്ങള്‍ നേരെയിടുന്നത് കുട്ടിയാപിള്ളയുടെ കാമറ കണ്ണുകള്‍ കണ്ടത്.വൈകിയില്ല, ക്ളിക്ക്...ക്ളിക്ക്. പക്ഷെ, ഇതു കഴിഞ്ഞതും കുട്ടിയാപിള്ളയുടെ തോളില്‍ കരിമ്പൂച്ചകളുടെ കൈകള്‍ വീണു. ഏതു ചിത്രം കൊടുക്കണമെന്ന് തങ്ങള്‍ പറയുമെന്നും ഇപ്പോള്‍ എടുത്ത ഫിലിം നല്‍കണമെന്നുമായിരുന്നു ആവശ്യം. അപ്പോഴാണ് കുട്ടിയാപിള്ള അറിയുന്നത് കേരളമല്ല, തമിഴ്നാടെന്നും കേരളത്തിലെ നേതാക്കളുടെ അടുക്കളയില്‍ കയറുന്നത് പോലെ എളുപ്പമല്ല, രഥത്തിലെ വസ്ത്രം നേരെയിടുന്നതിന്‍റ ചിത്രം എടുക്കുന്നതെന്നും. അന്ന് ജയലളിതയുടെ പാര്‍ട്ടിയുടെ ചിഹ്നം പുവന്‍കോഴിയായിരുന്നു. തമിഴ്നാടില്‍ പൂവന്‍കോഴികള്‍ക്ക് ഏറ്റവും ഡിമാന്‍റുണ്ടായിരുന്നത് ആ തെരഞ്ഞെടുപ്പിലാണ്. ജീവനുള്ള ചിഹ്നവുമായാണ് പ്രവര്‍ത്തകര്‍ വോട്ടു പിടിച്ചിരുന്നതും പ്രചരണ വാഹനങ്ങളില്‍ സഞ്ചരിച്ചിരന്നതും. ജയലളിത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുമ്പോഴും ഞാനുണ്ടായിരുന്നു. പുവന്‍ കോഴികളുടെ സമ്മേളനമായിരുന്നുവെന്ന് വേണമെങ്കില്‍ ആ ദിവസത്തെ പറയാമായിരുന്നു. അത്തരം ജയലളിതയുടെ ചിത്രം പുറത്ത് വിടണമെന്നാണ് കലൈഞ്ജര്‍ പറയുന്നത്. ഇപ്പോള്‍ മന്ത്രി ഒ.പന്നീര്‍ശെല്‍വമാണ് ബോഡിനായ്ക്കനുരിന്‍െറ പ്രതിനിധി.

1 comment: