Pages

15 October 2015

History of panchayath

http://www.madhyamam.com/news/376866/151013

വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങളിലേക്ക്. 73,74 ഭരണഘടന ഭേദഗതിയിലൂടെ പഞ്ചായത്തീ രാജ്, നഗരപാലിക നിയമം പ്രാബല്യത്തില്‍ വന്നതോടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൃത്യമായും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നു. എന്നാല്‍, മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 1963ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി 1979 വരെയാണ് അധികാരത്തില്‍ തുടര്‍ന്നത്. അംഗങ്ങള്‍ പലരും മരണപ്പെട്ടതിനാല്‍ ക്വാറം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ പോലും ഉണ്ടായിരുന്നു. ഇതുമൂലം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യവും. 1979 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ നേതൃത്വം എത്തി. ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അന്നത്തെ കോണ്‍ഗ്രസ്-എസും (കേരളത്തില്‍ എ.കെ.ആന്‍റണി നേതൃത്വം നല്‍കിയത്) ഒരുമിച്ചതും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയത്തിന് വിത്തുപാകിയതും ഈ തെരഞ്ഞെടുപ്പായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് സി.പി.ഐ നേതാവ് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും 1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ എത്തിയതും.
1979ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നതോടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് എന്ന പ്രതീക്ഷ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരിലുണ്ടായെങ്കിലും പിന്നിട് തെരഞ്ഞെടുപ്പ് നടന്നത് 1988ലാണ്.
രാജ്യം ബ്രിട്ടീഷ് ഭരണത്തിലായിരിക്കുമ്പോള്‍ തന്നെ പ്രാദേശിക സര്‍ക്കാര്‍ എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഗ്രാമ പഞ്ചായത്തു തലം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി എന്ന ആവശ്യം ഉന്നയിച്ചത് 1909ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനമാണ്. ഇന്ത്യയുടെ തനതായ രാഷ്ട്രീയ-സാങ്കേതിക പാരമ്പര്യ പഞ്ചായത്തുകള്‍ എന്ന ആവശ്യമാണ് 1916ല്‍ ഗാന്ധിജി ഉയര്‍ത്തിയത്. ഇതു പിന്നിട് ഗ്രാമസ്വരാജ് എന്ന സങ്കല്‍പ്പത്തിലേക്ക് മാറി.
എന്നാല്‍, പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണ്. 1958ല്‍ ദേശീയ കൗണ്‍സിലിന്‍െറ തീരുമാന പ്രകാരം ബല്‍വന്ത് റായ് കമ്മിറ്റിയെ പഠനത്തിനായി ചുമതലപ്പെടുത്തി. ത്രിതല ഭരണ സംവിധാനം വേണമെന്നതടക്കമുള്ള ശിപാര്‍ശകളാണ് സമര്‍പ്പിച്ചത്. പ്രാദേശിക സര്‍ക്കാരുകള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അശോക് മത്തേ കമ്മിറ്റിയെ നിയോഗിച്ചത് 1977ല്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരാണ്. പ്രാദേശിക ഭരണത്തിന് കുടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി വേണമെന്നും അശോക് മത്തേ കമ്മിറ്റി ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് 1978 ദന്ത്വാല കമ്മിറ്റി, 1984ല്‍ ഹനുമന്ത് റാവു കമ്മിറ്റി, 1985ല്‍ ജി.വി.കെ.റാവു കമ്മിറ്റി, 1988ല്‍ തുഗോണ്‍ കമ്മിറ്റി എന്നിവരും പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ശിപാര്‍ശ നല്‍കി.
ഇതിന്‍െറ തുടര്‍ച്ചയായിരുന്നു 64,65 ഭരണഘടനാ ഭേദഗതികള്‍. 1989ല്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ കടമ്പ കടന്നില്ല. പിന്നീട് 73,74 ഭരണഘടനാ ഭേദഗതിയിലൂടെയാണ് രാജ്യം പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങള്‍ 1992ല്‍ പാസാക്കിയത്. 1993 ഏപ്രില്‍ 24ന് ഇതു പ്രാബല്യത്തില്‍വന്നു. 
കേരളത്തില്‍ തിരുവിതാംകൂറില്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ തന്നെ പട്ടണങ്ങളെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങള്‍ ഉണ്ടായിരുന്നു. നികുതി ദായകര്‍ക്ക് ഒൗദ്യോഗികാംഗങ്ങളെ തെരഞ്ഞെടുക്കാന്‍ 1912ല്‍ അനുമതി നല്‍കി. 1920 മുനിസിപ്പല്‍ നിയമ പ്രകാരം മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. 1925ലെ വില്ളേജ് ഗ്രാമ പഞ്ചായത്ത് റഗുലേഷന്‍ പ്രകാരം ഏഴു പഞ്ചായത്തുകള്‍ രൂപീകരിച്ചു.
തെരുവു ശുചീകരണം, ശുദ്ധജല വിതരണം, മാലിന്യ നിര്‍മാജനം, ശ്മശനാന നിര്‍മ്മാണം, റോഡുകളുടെയും കടത്തുകളുടെയും മേല്‍നോട്ടം,പ്രാഥമിക വിദ്യഭ്യാസം എന്നിവയായിരുന ചുമതലകള്‍. സ്വത്തു നികുതി, വാഹന നികുതി, തൊഴില്‍ നികുതി എന്നിവയായിരുന്നു വരുമാനം.
1940ല്‍ വില്ളേജ് യൂണിയന്‍ ആക്ട് പ്രകാരം വില്ളേജ് യൂണിയനുകള്‍ നിലവില്‍വന്നു. വില്ളേജ് യൂണിയനുകളും വില്ളേജ് പഞ്ചായത്തുകളും 1949 തിരു-കൊച്ചി സംയോജനം വരെ തുടര്‍ന്നു.
1914ല്‍ കൊച്ചി വില്ളേജ് പഞ്ചായത്ത് റെഗുലേഷന്‍ നിയമത്തോടെ ഒരു താലൂക്കിന് ഒന്ന് എന്ന തോതില്‍ അന്നത്തെ അഞ്ചു താലൂക്കിലും അഞ്ചംഗ വില്ളേജ് പഞ്ചായത്ത് രൂപീകരിച്ചു. 50 രൂപ കരം അടക്കുന്നവര്‍ക്കും ബിരുദധാരികള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഭരണസമതിയില്‍ അംഗമാകാന്‍ കഴിയുമായിരുള്ളു. 1922ല്‍ കൊച്ചി പഞ്ചായത്തു റെഗുലേഷന്‍ നിലവില്‍ വന്നു. അതോടെ അധികാരം വര്‍ധിച്ചു. 1949 ആയപ്പോ¤െഴക്കും 100 വില്ളേജ് പഞ്ചായത്തുകള്‍ ഉണ്ടായിരുന്നു.
മലബാറില്‍ 1867ലെ മദ്രാസ് ടൂണ്‍ ഇംപ്രൂമെന്‍റ് ആക്ട് പ്രകാരം കോഴിക്കോട്, തലശേരി, പാലക്കാട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചു. സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രമാണിമാരും ലോക്കല്‍ മജിസ്ട്രേട്ട്, പൊതുമാരമത്ത് റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്നതായിരന്നു ഭരണസമതി. 1884ലെ മദ്രാസ് ലോക്കല്‍ ബോര്‍ഡ്സ് ആക്ട് അനുസരിച്ച് പ്രാദേശിക ഭരണത്തിനായി ജില്ലാ,താലൂക്ക് ബോര്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്തു.
1950ലെ തിരു-കൊച്ചി പഞ്ചായത്തീരാജ് ആക്ട് നിലവില്‍ വരുമ്പോള്‍ 550 പഞ്ചായത്തുകളാണുണ്ടായിരുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശവും രഹസ്യ ബാലറ്റുമായിരുന്നു തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. 1951ല്‍ മദ്രാസ് പഞ്ചായത്തു ആക്ടും നിലവില്‍ വന്നു. മലബാര്‍, കാസര്‍ഗോഡ് പ്രദേശത്തായി 399 പഞ്ചായത്തുകളാണുണ്ടായിരുന്നത്. മലബാര്‍ ജില്ലാ ബോര്‍ഡിന്‍െറ പരിധിയില്‍പ്പെടാത്ത ഇടങ്ങളില്‍ മാത്രമായിരുന്നു പഞ്ചായത്ത്.
കേരളത്തിനു മുഴുവന്‍ ബാധകമായ പൊതു പഞ്ചായത്തു നിയമം ഉണ്ടാകുന്നത് 1960ലാണ്. കേരളത്തില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഒൗപചാരിക ഉദ്ഘാടനം 1960 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എറണാകുളത്ത് നിര്‍വഹിച്ചെങ്കിലും ആ നിയമം പ്രാബല്യത്തില്‍ വരുന്നത് 1962 ജനുവരി 1 മുതലുമാണ്. 1960ല്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ഇതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 1956 നവംബര്‍ ഒന്നിന് കേരളം പിറവിയെടുക്കുമ്പോള്‍ 892 പഞ്ചായത്തുകളാണ് ആകെ ഉണ്ടായിരുന്നത്. 1959 ല്‍ പഞ്ചായത്ത് അതിര്‍ത്തികളുടെ പുനര്‍ നിര്‍ണയത്തിനുള്ള ഏകാംഗ കമ്മീഷനായി നിയോഗിക്കപ്പെട്ട ഒ.ചന്തുമേനോന്‍ കമ്മീഷന്‍്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1962 ജനുവരിയില്‍ കേരളത്തില്‍ 922 പഞ്ചായത്തുകള്‍ രൂപീകരിക്കുകയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പടെ എട്ട് നഗരസഭകളുടെയും അതിര്‍ത്തികള്‍ വിപുലീകരിക്കുകയും ചെയ്തു. ഭരണത്തിന്‍െറ അടിസ്ഥാന ഘടകം പഞ്ചായത്തായിരിക്കണമെന്നും താലൂക്ക്, ജില്ലാ തലങ്ങളില്‍ ഭരണസമിതികള്‍ ഉണ്ടായിരിക്കണമെന്നുമായിരുന്നു ശിപാര്‍ശ.
സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 1958ഡിസംബര്‍ എട്ടിന് കേരള പഞ്ചായത്ത് ബില്ലും 1959 എപ്രില്‍ 16ന് ജില്ലാ കൗണ്‍സില്‍ ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. പിന്നിട് 1960ല്‍ കേരള പഞ്ചായത്ത് ആക്ടും 1961ല്‍ നഗരസഭാ ബില്ലും പാസാക്കി. കേരളത്തില്‍ ഏകീകൃത നിയമം വന്നതിനുശേഷമുള്ള ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് 1963 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. 922 പഞ്ചായത്തുകളില്‍ നിന്നായി 7714 മെമ്പര്‍മാരെയാണ് തെരഞ്ഞെടുത്തത്. 1964 ജനുവരി ഒന്നിനാണ് ഭരണസമിതി അധികാരത്തില്‍ വന്നത്.
തുടര്‍ന്ന് 1964ല്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സില്‍-ജില്ലാ പരിഷത്ത് ബില്‍ അവതരിപ്പിച്ചുവെങ്കിലും പാസാക്കുന്നതിന് മുമ്പ് മന്ത്രിസഭ മാറി. 1967ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ പഞ്ചായത്തും ജില്ലയും ചേര്‍ന്ന രണ്ടു തട്ട് സംവിധാനമാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ,അതും പാസായില്ല. 1971ല്‍ അവതരിപ്പിച്ച ബില്ല് 1978ല്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കി.1980 മെയ് 18ന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയെങ്കിലും നടപ്പായില്ല. 1987ലെ നായനാര്‍ സര്‍ക്കാരാണ് ജില്ലാ ഭരണ നിയമം നടപ്പാക്കാന്‍ നടപടിയെടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ 1991ല്‍ ജില്ലാ കൗണ്‍സിലുകള്‍ വന്നു. പക്ഷെ, ഒരൊറ്റ വര്‍ഷമെ ആയുസുണ്ടായുള്ളു.
ഭരണഘടനാ ഭേദഗതി
73,74 ഭരണഘടനാ ഭേദഗതി അനുസരിച്ചുള്ള കേരളാ പഞ്ചായത്ത് രാജ് നിയമം 1994ഉം, കേരള മുനിസിപ്പല്‍ നിയമം 1994ഉം കേരള നിയമസഭ പാസ്സാക്കി. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതി 1995 ഒക്ടോബര്‍ രണ്ടിന് അധികാരമേറ്റു.
1996 ജൂലൈയില്‍ രൂപീകരിച്ച അധികാര വികേന്ദ്രീകരണ (സെന്‍ കമ്മിറ്റി) കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1999 അവസാനം കേരള പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിച്ചുകൊണ്ട് പല വിധത്തിലുള്ള ഭരണാധികാരങ്ങളും സാമ്പത്തികാധികാരങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കേരളം ചരിത്രം സൃഷ്ടിച്ചു. തുടര്‍ന്ന് 2005ലും 2010ലും നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ കൃത്യത അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ കേരളത്തിന്‍റെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു.
2010ല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ തദ്ദേശ സ്ഥാപന ഭരണസമിതികള്‍ ചുമതലയെടുക്കത്തക്ക നിലയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കേരളത്തിലെ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളുടെയും യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. 2010നവംബര്‍ ഒന്നിന് അധികാരമേറ്റ ഭരണസമിതികളുടെ കാലാവധി ഈ വര്‍ഷം നവംബര്‍ 1ന് അവസാനിക്കുകയാണ്. നവംബര്‍ രണ്ടിനും അഞ്ചിനുമായി പുതിയ ഭരണ സമതിയംഗങ്ങളെ കേരളം തെരഞ്ഞെടുക്കും.
- See more at: http://www.madhyamam.com/news/376866/151013#sthash.U1t4ga42.dpuf

No comments:

Post a Comment