Pages

18 September 2015

മൂന്നാറില്‍ സംഭവിച്ചതെന്ത്.....? http://www.madhyamam.com/news/371860/150918

മൂന്നാറില്‍ സംഭവിച്ചതെന്ത്.....?

പെരിയവരൈ പഴയ കാടു ഡിവിഷനിലെ സ്ത്രീ തൊഴിലാളികള്‍ കരുതിയിരിക്കില്ല, അവര്‍ തുടങ്ങി വെച്ച പ്രതിഷേധം ഇത്രയേറെ വൈറലായി മാറുമെന്ന്. സെപ്തംബര്‍ രണ്ടിനു നടന്ന ദേശീയ പൊതു പണിമുടക്ക് വേദിയിലേക്ക് പെരിയവരൈയില്‍ നിന്നുള്ള ആ സ്ത്രീ തോട്ടം തൊഴിലാളികള്‍, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ചപ്പാണിമുത്തിന്‍റെ നേതൃത്വത്തില്‍ എത്തിയത് യൂണിയന്‍ നേതാക്കളോട് പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ്. പത്തു ശതമാനം ബോണസ് മാത്രം നല്‍കുകയും അതില്‍ പ്രതിഷേധിച്ച് ചട്ടപ്പടി ജോലി ആരംഭിക്കുകയും ചെയ്തപ്പോള്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ട യൂണിയനുകള്‍, ചട്ടപ്പടി ജോലി പാടില്ളെന്ന് പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. പക്ഷെ, ആ പ്രതിഷേധം കത്തിക്കയറി. ഒമ്പതു നാള്‍ കണ്ണന്‍ ദേവന്‍ കുന്നിലെ തോട്ടം മേഖല മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറും സ്തംഭിച്ചു. ബോണസും എക്സ്ഗ്രേഷ്യയുമടക്കം 20 ശതമാനം വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍,കണ്ണന്‍ ദേവന്‍ മലകളില്‍ നിന്നും പകര്‍ന്നു നല്‍കിയ ആവേശം ഇന്നിപ്പോള്‍ കേരളത്തിന്‍െറ പശ്ചിമഘട്ടമാകെ പടരുകയാണ്.

എന്തായിരുന്നു സമരത്തിന്‍െറ കാരണം?

തൊഴിലാളികള്‍ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍േറഷന്‍ കമ്പനിയില്‍ ഇത്തവണ പത്തു ശതമാനം ബോണസ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അസ്വസ്ഥത പുകഞ്ഞു തുടങ്ങിയിരുന്നു. ആഗസ്ത് 24നാണ് ബോണസ് പ്രഖ്യാപിച്ചത്. ഇത്തവണ 5.02കോടി രൂപയാണ് കമ്പനിയുടെ ലാഭമെന്നാണ് കമ്പനി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 19 ശതമാനമായിരുന്നു ബോണസ്. ആ വര്‍ഷം 15.55 കോടി രൂപയായിരുന്നു ലാഭമെന്നും ഒരു വര്‍ഷം കൊണ്ടു തേയില വിലയില്‍ 68 ശതമാനം ഇടിവുണ്ടായെന്നും കമ്പനി പറയുന്നു. എന്നാല്‍, 20 ശതമാനം ബോണസെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. അതിന്‍െറ തുടര്‍ച്ചയായാണ് സെപ്തംബര്‍ രണ്ടിലെ പൊതു പണിമുടക്ക് ദിവസം പൊതുസമ്മേളന വേദിയിലേക്ക് സ്ത്രീകള്‍ എത്തിയത്. അത് അവിടെ അവസാനിച്ചുവെന്നാണ് നേതാക്കള്‍ കരുതിയത്. എന്നാല്‍, സെപ്തംബര്‍ ഏഴിന് മൂന്നാര്‍ ഉണര്‍ന്നത് സ്ത്രീകളുടെ മുഴക്കമുള്ള ശബ്ദം കേട്ടാണ്. അവര്‍ യൂണിയന്‍ ഓഫീസുകള്‍ക്ക് മുന്നിലത്തെി മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് കമ്പനി ആസ്ഥാനത്തിന് മുന്നിലത്തെി ദേശീയപാത ഉപരോധിച്ചു. ആ സമരമാണ് ഒമ്പതു ദിവസം തുടര്‍ന്നത്. അവിടെ യൂണിയന്‍ നേതാക്കള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വന്നവരെ ഗോബാക്ക് വിളിച്ചു തിരിച്ചയച്ചു. മുദ്രാവാക്യം താളത്തിനൊത്തു വിളിച്ചു ആവേശം പകര്‍ന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ലിസി സണ്ണിയടക്കമുള്ളവര്‍ സമരത്തിന്‍െറ മുന്നിലുണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത് സ്ത്രീ തൊഴിലാളികളാണ്.
സെപ്തംബര്‍ രണ്ടിന് പ്രതിഷേധം ഉയര്‍ന്നുവെങ്കിലും അഞ്ചു ദിവസം കൂടി കഴിഞ്ഞാണ് കരിങ്കൊടിയുമായി സ്ത്രീ തൊഴിലാളികള്‍ സമരത്തിന് എത്തുന്നത്. ഈ ദിവസങ്ങള്‍ക്കിടയിലാണ് സമരത്തിന് ഒരുക്കങ്ങള്‍ നടന്നത്. ഈ സമരത്തിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന സംശയം സമരം തുടങ്ങിയ നാള്‍ മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മൂന്നാര്‍ മേഖലയില്‍ സജീവ സാന്നിദ്ധ്യമുള്ള ഭക്തി സംഘടനയിലേക്കാണ് ചിലര്‍ വിരല്‍ ചൂണ്ടുന്നത്. സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് ഒരു ഡിവിഷനില്‍ 25 വീതം അംഗങ്ങളുള്ള സമിതികളുണ്ട്. ഏതാണ്ട് 3500ഓളം സ്ത്രീകളാണ് ഇത്തരത്തില്‍ സംഘടനയില്‍ സജീവമായി ഉള്ളത്. ഇതിന് പുറമെ, മറ്റൊരു ഭക്തി സംഘടനയും വേണ്ട പിന്തുണ നല്‍കി. സമരം ഇത്ര അച്ചടക്കത്തോടെ അവസാനിക്കാന്‍ കാരണമായതും ഭക്തി സംഘടനയുടെ വഴിയെ സഞ്ചരിച്ചതിനാലാണത്രെ. എന്നാല്‍, മുദ്രാവാക്യം തയ്യാറാക്കി നല്‍കിയത് ഇവരല്ല. അടുത്ത തവണ നിയമസഭാ സീറ്റു സ്വപ്നം കാണുന്ന രണ്ടാംനിര നേതാക്കളിലേക്കാണ് സംശയം നീളുന്നത്.

അംഗീകൃത യൂണിയനുകളെ മാറ്റി നിര്‍ത്തിയാണ് സമരം നടന്നത്.  ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.ടി, സി.ഐ.ടി.യു എന്നീ അംഗീകൃത യൂണിയനുകള്‍ക്ക് എതിരെ കാലങ്ങളായി തോട്ടം മേഖലയില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. ഒരു തമിഴ് സംഘടന തയ്യാറാക്കിയ
ഡോക്യുമെന്‍ററിയില്‍ നേതാക്കളെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ഇതു നേരത്തെ എസ്റ്റേറ്റുകള്‍തോറും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനും പുറമെയാണ്  തോട്ടം തൊഴിലാളി നേതാക്കളുടെ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തു വന്നത്. യൂണിയന്‍ ആപ്പീസില്‍ ചായ വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് പോലും കമ്പനി വീടു നല്‍കുന്നു. ചില നേതാക്കള്‍ക്ക് അഞ്ചു ആറും വീടുണ്ടത്രെ. എം.എല്‍.എയായിരുന്ന ജി.വരദനും ഐ.എന്‍.ടി.യു.സി നേതാവായിരുന്ന എം.മുത്തുസ്വാമിയും ലായങ്ങളിലാണ് താമസിച്ചിരുന്നത്. ഇവരില്‍ വരദനും ഭാര്യയും കമ്പനി തൊഴിലാളിയായിരുന്നു. മുത്തുസ്വാമിയുടെ ഭാര്യയും തൊഴിലാളിയായിരുന്നു. ആ സ്ഥാനത്താണ് ഇപ്പോഴത്തെ കുട്ടിനേതാക്കള്‍ വരെ ക്വാര്‍ട്ടേഴ്സുകള്‍ സ്വന്തമാക്കിയത്. യഥാര്‍ത്ഥത്തില്‍ യൂണിയന്‍ നേതാക്കള്‍ക്ക് എതിരെ കാലങ്ങളായി നിലനിന്ന വികാരമാണ് സമരത്തിന് കാരണമായത്. വോട്ടുബാങ്കിന് വേണ്ടി ചിലര്‍ തുടങ്ങി വെച്ച കൂട്ടുകെട്ട് ഇത്തവണ യൂണിയനുകള്‍ക്ക് എതിരായി മാറുകയായിരുന്നു.
മുമ്പ് ലായത്തില്‍ വീടുകിട്ടാനും ആശ്രിതര്‍ക്ക് താല്‍ക്കാലികമായി ജോലി ലഭിക്കാനും അവരെ സ്ഥിരപ്പെടുത്താനും അംഗീകൃത യൂണിയന്‍െറ സഹായം വേണമായിരുന്നു. യൂണിയനുകളുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ കിട്ടുവാനും ഗതികെട്ട് അവര്‍ നേതാക്കളെ ‘മണിയടിച്ചു’ നിന്നു. എന്നാല്‍ ഇന്നു തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഇതിലൊന്നും കാര്യമില്ളെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. അതുമല്ളെങ്കില്‍ മൂന്നാറില്‍  ഇറങ്ങിയാല്‍ ജോലിക്ക് ക്ഷാമമില്ല. പിന്നെയെന്തിന് യൂണിയന്‍ നേതാക്കളെ ഭയക്കണമെന്ന് അവര്‍ ചിന്തിച്ചു.
ഇത്തവണത്തെ ബോണസ്  നിമിത്തമായെന്ന് മാത്രം. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഷങ്ങളായി നീറികിടന്ന അമര്‍ഷമാണ് അഗ്നി പര്‍വ്വതം പോലെ പുറത്തേക്ക് ചാടിയത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവര്‍ പലതും കണ്ടും കേട്ടും പരസ്പരം പരിദേവനങ്ങള്‍ പങ്കുവെക്കുന്നു. വാര്‍ഷിക വരിസംഖ്യയില്‍ ഒപ്പിടുന്നതില്‍ അവസാനിക്കുന്നു എസ്റ്റേറ്റ് തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ അവകാശമെന്ന് പലരും പറഞ്ഞു കൊടുത്തതും അവരുടെ മനസിലുണ്ടായിരുന്നു. ഇവിടെ അംഗീകൃത യൂണിയനുകള്‍ക്ക് മാനേജ്മെന്‍റാണ് വാര്‍ഷിക വരി സംഖ്യ ശമ്പളത്തില്‍ നിന്നും പിടിച്ചു കൊടുക്കുന്നത്. അതിന് വേണ്ടത് തൊഴിലാളികളുടെ ഒപ്പും. അല്ലാതെ യൂണിയന്‍ ഭാരവാഹിത്വങ്ങളിലൊന്നും തൊഴിലാളികളില്ല.


പഴയത് പോലെ വീടുകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നില്ല. മുമ്പ് പശു വളര്‍ത്തല്‍ തോട്ടം തൊഴിലാളികളുടെ വരുമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കമ്പനി നിയന്ത്രണം കൊണ്ടുവന്നു. രണ്ടു പശുക്കളെ മാത്രമേ ഒരു കുടുംബത്തിന് വളര്‍ത്താന്‍ അനുമതിയുള്ളു. എസ്റ്റേറ്റിന് പുറത്തു നിന്നും പശുവിനെ വാങ്ങാന്‍ പാടില്ല. പശു തേയിലത്തോട്ടത്തില്‍ കയറിയാല്‍ ആയിരം രൂപവരെയാണ് പിഴ. ഇതിന് പുറമെയാണ് ഇന്‍സെന്‍റീവ് തര്‍ക്കം. പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയുടെ നിലവിലെ ശമ്പള കരാര്‍ പ്രകാരം ജനുവരി,ഫെബ്രുവരി, ആഗസ്ത് മാസങ്ങളില്‍ മിനിമം കൂലി കിട്ടാന്‍ 16കിലോ കൊളുന്ത് എടുക്കണം. മറ്റു മാസങ്ങളില്‍ 21കിലോ കൊളുന്തെടുക്കണം. അധികമെടുക്കുന്ന കൊളുന്തിന് സീസണ്‍ വേളകളില്‍ ഇന്‍സന്‍റീവ് കൊടുക്കാറുണ്ട്. തൊഴിലാളിക്ക് ഒരു രൂപ ലഭിക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ക്കും  മാനേജ്മെന്‍റ് അസിസ്റ്റന്‍റിനമൊക്കെ വലിയ തുക നല്‍കുന്നു. മാസത്തില്‍ മൂന്നു ദിവസം അവധിയെടുത്താല്‍ ഇന്‍സെന്‍റീവ് നല്‍കില്ളെന്നും പറയുന്നു. ഇതിന് പുറമെയാണ് എടുക്കുന്ന കൊളുന്തില്‍ നിന്നും തൂക്കം കുറക്കുന്നത്. നേരത്തെ കൈകൊണ്ട് കൊളുന്തെടുക്കുമ്പോള്‍ കൃത്യമായും രണ്ടിലയും കൂമ്പും മാത്രമാണ് എടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കത്രിക ഉപയോഗിച്ച് കൊളുന്ത് എടുക്കുമ്പോള്‍ കൂടുതല്‍ ഇല വരുന്നുവെന്ന കാരണത്താല്‍ വേസ്റ്റെന്ന പേരില്‍ പത്തു ശതമാനം തൂക്കം കുറക്കുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിലൂടെ വലിയ തുക കമ്പനിക്ക് ലഭിക്കുന്നുവത്രെ. പ്ളാന്‍േറഷന്‍ ലേബര്‍ ആക്ട് പ്രകാരം സൗജന്യ ചികില്‍സാണ്. പക്ഷെ, വേണ്ടത്ര മരുന്നും ഡോക്ടര്‍മാരുമില്ല. ചെറിയ രോഗത്തിന് പോലും തമിഴ്നാടിലെ തേനി അല്ളെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. കമ്പനിയുടെ ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളൊന്നുമില്ളെന്ന് തൊഴിലാളികള്‍ പറയുന്നു.
അമര്‍ഷം പുകയാന്‍ വേറെയും കാരണങ്ങളുണ്ട്.  ഈ മണ്ണില്‍ ജനിച്ച് ഈ മണ്ണില്‍ വളരുന്നുവരാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്കിവിടെ സ്വകാര്യ സ്വത്തില്ല. എന്നാല്‍,  മല കയറി വന്നവര്‍ ഏതാനും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ ഭൂമി  വെട്ടി പിടിച്ചു അവിടെ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി. ഇതു തോട്ടം തൊളിലാളികളുടെ മാത്രമല്ല, മൂന്നാറുകാരുടെ മുഴുവന്‍ മനസ്സില്‍ നീറുന്ന അനുഭവമായി കിടക്കുന്നു. അതിനാലാണ് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരികളും ഡ്രൈവര്‍ന്മാരും തുടങ്ങി എല്ലാവരും അണിനിരന്നത്.

തോട്ടം തൊഴിലാളികളൂടെ ശമ്പളം
റബ്ബര്‍,ഏലം, തേയില തോട്ടം തൊഴിലാളികളുടെ ശമ്പളം നിശ്ചയിക്കുന്നത് തൊഴിലാളി, മാനേജ്മെന്‍റ് , സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മറ്റിയാണ്. നിലവിലെ കരാര്‍ പ്രകാരം തേയില തൊഴിലാളിക്ക് 185 രൂപയും റബ്ബര്‍ തൊഴിലാളിക്ക് 265 രൂപയും ഏലം തൊഴിലാളിക്ക് 215 രൂപയും ഒരു ദിവസം ലഭിക്കും. ഇതിന് പുറമെ ക്ഷാമബത്തയും. 2011 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍വന്ന പുതുക്കിയ കൂലി വ്യവസ്ഥ വരുമ്പോള്‍ അന്ന് തേയിലയില്‍ 38.61 രൂപയുടെയും റബ്ബറില്‍ 80.62 രൂപയുടെയും ഏലത്തില്‍ 56.17 രൂപയുടെയും വര്‍ദ്ധനവ് വരുത്തിയിരുന്നു. അധിക കൊളുന്തെടുത്തു കുടുതല്‍ കൂലി ലഭിക്കുമെന്നതാണ് തേയില തൊഴിലാളികളുടെ കൂലിയില്‍ കുറവു വരാന്‍ കാരണം. ഈ കരാറിന്‍െറ കാലാവധി കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ചു. അതിന്മുമ്പ് തന്നെ കൂലി പുതുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ വിവിധ യൂണിയനുകള്‍ കൂലി 500 രുപയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ സമരവും ആരംഭിച്ചു. ഇതേസമയം, തേയിലുടെ നാടായ അസമില്‍ 115 രൂപയാണ് കൂലി. 95 രൂപയില്‍നിന്നാണ് 115 രൂപയായി ഉയര്‍ത്തിയത്. കരാര്‍ പ്രകാരം അടുത്ത വര്‍ഷം 126 രൂപയും 2017ല്‍ 137 രൂപയുമായി കൂലി വര്‍ദ്ധിക്കും. ഇതിന് പുറമെ ക്ഷാമബത്തയും.
മൂന്നാറിലെ തേയിലയുടെ ചരിത്രം
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു ബ്രിട്ടീഷിന്‍റേതെങ്കിലും തേയിലയുടെ കുത്തക ചൈനക്കായിരുന്നു. അതു തകര്‍ക്കാനുള്ള ബ്രിട്ടീഷ് ശ്രമത്തിന്‍െറ ഭാഗം കൂടിയായിരുന്നു കണ്ണന്‍ ദേവന്‍ കുന്നുകളിലേക്കുള്ള തേയിലുടെ വരവ്. 1881ലാണ് ആദ്യ തേയിലച്ചെടി നടുന്നത്. 1894 ഓടെ 26 എസ്റ്റേറ്റുകളായി. ഈ എസ്റ്റേറ്റുകളിലേക്കാണ് തമിഴ് തൊഴിലാളികളെ കൊണ്ടു വന്നത്. ആദ്യ കാലത്തു പുരുഷന്മാരെ മാത്രമാണ് കൊണ്ടുവന്നത്. കങ്കാണിമാരുടെ കീഴില്‍ അവര്‍ ഷെഡ്ഡുകളില്‍ കഴിഞ്ഞു. ഇടക്കിടെ നാട്ടില്‍ പോകുന്നത് ഒഴിവാക്കാനാണ് കുടുംബത്തിനൊപ്പം തോട്ടം തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയതും സ്ത്രീകള്‍ക്ക് ജോലി നല്‍കിയതും. എന്നാല്‍, ആദ്യ കാലത്തു മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് കമ്പനിയായ അന്നത്തെ കണ്ണന്‍-ദേവന്‍ കമ്പനിക്കെതിരെ ശബ്ദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും 1940കളുടെ അവസാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.കാമരാജും ജി.രാമനാനുജവും ഡി.എം.കെ നേതാവ് അണ്ണാദുരൈയും മൂന്നാറിലെ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപ്പെടുമ്പോള്‍ അത് അന്നുണ്ടായിരുന്ന ഏക യൂണിയന് എതിരെ കൂടിയായിരുന്നു. 1948 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.കാമരാജ്, ഐ.എന്‍.ടി.യു.സി ദേശീയ നേതാവ് കന്തുഭായ് ദേശായ് എന്നിവര്‍ മൂന്നാറിലത്തെി. 1948 മാര്‍ച്ച് 30നാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ രണ്ടാമതൊരു യൂണിയന്‍ ആരംഭിക്കുന്നത്. അന്നത്തെ മദിരാശിയില്‍ രജിസ്റ്റര്‍ ചെയ്ത സൗത്ത് ഇന്ത്യന്‍ പ്ളാന്‍േറഷന്‍ യൂണിയന്‍ ആയിരുന്നു അത്.

യൂണിയന്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമല്ല, സംഘ പ്രവര്‍ത്തനത്തിന് തമിഴ്നാട് ഐ.എന്‍.ടി.യു.സിയില്‍ ഒരാളെയും കാമരാജ് വിട്ടുകൊടുത്തു. അടുത്ത കാലത്ത് മരണമടഞ്ഞ ആര്‍.കുപ്പുസ്വാമി 1950 ജനുവരിയിലാണ് മൂന്നാറിലത്തെുന്നത്. അന്ന് അടിമകളെ പോലെയാണ് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. 12 മണിക്കൂര്‍ ജോലി, ഒരു വീട്ടില്‍ അഞ്ചു കുടുംബങ്ങള്‍, രണ്ടു ദിവസം ജോലി ചെയ്താല്‍ ഒരു ദിവസത്തെ കൂലി, ഒരണയും അര അണയും ചെലവുകാശ്, കണക്ക് തീര്‍ത്തു കൂലി കൊടുക്കുന്നത് ആറു മാസത്തിലൊരിക്കല്‍, രണ്ടു തരം പേ സ്ളിപ്പ്, കറുപ്പ് പേ സ്ളിപ്പ് കിട്ടുന്ന തൊഴിലാളിയുടെ കടം ഒരിക്കലും അവസാനിക്കില്ല, കങ്കാണിയെ മാറാനും കഴിയില്ല വീടുതുറന്നു കൊടുക്കുന്നതും അടക്കുന്നതും കങ്കാണി, കങ്കാണിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്ക് ഒരിക്കലും പണിയില്ല, പുറമെ പൊലീസിന്‍െറ പീഡനവും അങ്ങനെ വല്ലാത്തൊരു സാഹചര്യമായിരുന്നു. പക്ഷെ, യൂണിയനുകളെ പരസ്പരം തമ്മിലടിപ്പിക്കുന്നതില്‍ മാനേജ്മെന്‍റ് വിജയിച്ചു. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന ബ്രിട്ടീഷ് നയം കൃത്യമായി മൂന്നാറിലെ ദ്വരമാര്‍ നിര്‍വഹിച്ചു. വൈകാതെ തമിഴ് തോട്ടം തൊളിലാളികളുടെ പ്രശ്നം ഭാഷാ പ്രശ്നമായി മാറി, മൂന്നാറിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട കുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ മൂന്നാര്‍,പീരുമേട് മേഖലകളെ തമിഴ്നാടില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു സമരം തുടങ്ങി. 1956ല്‍ സംസ്ഥാന പുനരേകീകരണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ ഭാഷാസമരം തുടര്‍ന്നു. ഇതിനിടയിലാണ് എ.ഐ.ടി.യു.സിയും മൂന്നാറില്‍ യൂണിയന്‍ രൂപീകരിച്ചത്. റോസമ്മ പുന്നൂസ്,സ്റ്റാന്‍ലി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബാങ്ക് ഉദ്യോഗം രാജിവെച്ച സി.എ.കുര്യന്‍െറ പ്രവര്‍ത്തന മേഖലയും  മൂന്നാറിലാക്കി.

മൂന്നാറിലെ സമരങ്ങള്‍
1952ലാണ് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ ആദ്യമായി ബോണസ് സമരം നടന്നത്. ലാഭമില്ലാത്തിനാല്‍ ബോണസില്ളെന്ന് മാനേജ്മെന്‍റ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സമരം. 13 ദിവസം സമരം നീണ്ടു. പണിമുടക്കിയ ദിവസങ്ങളിലെ ശമ്പളവും 8.25 ശതമാനം ബോണസും 500 രൂപ അഡ്വാന്‍സും വാങ്ങിയാണ്  സമരം അവസാനിച്ചത്. ലേബര്‍ കോടതിയിലാണ് അന്നു തീരുമാനമുണ്ടായത്.
1958ല്‍ ഒക്ടോബറില്‍ നടന്ന തൊഴില്‍ സമരത്തിലാണ് രണ്ടു തൊഴിലാളികള്‍ രക്തസാക്ഷികളായത്. അന്നു ഐ.എന്‍.ടി.യു.സിയും എ.ഐ.ടി.യു.സിയും ഒന്നിച്ച് സമരത്തിനിറങ്ങിയെങ്കിലും ഐ.എന്‍.ടി.യു.സി പിന്മാറി. അന്നത്തെ തൊഴില്‍ മന്ത്രി ടി.വി തോമസ് നേരിട്ടു മൂന്നാറിലത്തെിയാണ് സമരത്തിന് ആവേശം പകര്‍ന്നത്. ഒക്ടോബര്‍ 19ന് ടി.വി.തോമസ്  മൂന്നാറില്‍ നിന്നും മടങ്ങിയതിന്‍െറ പിറ്റേന്നാണ് ഗൂഡാര്‍വിള എസ്റ്റേറ്റിലും തലയാര്‍ എസ്റ്റേറ്റിലും നടന്ന പൊലീസ് വെടിവെപ്പില്‍ ഹസന്‍ റാവുത്തര്‍,പാപ്പമ്മാള്‍ എന്നിവര്‍ മരണമടഞ്ഞത്. പിറ്റേന്ന് അന്നത്തെ പൊലീസ് മന്ത്രി വി.ആര്‍.കൃഷ്ണയ്യരും സ്ഥലത്ത് എത്തി. എങ്കിലും സമരം അവസാനിച്ചത് നവംബര്‍ ആദ്യവാരമാണ്. സമരത്തിനിടെ രണ്ടു യൂണിയനുകളും പരസ്പരം ഏറ്റുമുട്ടി, മാനേജര്‍മാരും ആക്രമിക്കപ്പെട്ടു. അന്നത്തെ എം.എല്‍.എ റോസമ്മ പുന്നൂസും ചെല്ലയ്യയും നിരാഹാര സമരവും നടത്തിയിരുന്നു.
1968 നവംബറില്‍ 19 ദിവസത്തെ പണിമുടക്ക് നടന്നത് മിനിമം വേജസ് എന്ന ആവശ്യം ഉന്നയിച്ചാണ്. 1974ല്‍ അഞ്ചു ദിവസം സമരം നടന്നു. എങ്കിലും മൂന്നാറിന്‍െറ ചരിത്രത്തില്‍ രേഖപ്പെടുത്തുക ഇപ്പോഴത്തെ സ്ത്രീ സമരമായിരിക്കും.
1951ല്‍ പ്ളാന്‍റേഷന്‍ ലേബര്‍ ആക്ട് എന്ന കേന്ദ്രനിയമം വന്നതോടെയാണ് രാജ്യത്തെ തോട്ടം തൊഴിലാളികളുടെ കഷ്ടകാലം അവസാനിച്ചത്. കെ. കാമരാജിന്‍െറയും ഐ.എന്‍.ടി.യു.സി നേതാവ് കന്തുഭായ് ദേശായിയുടെയും മൂന്നാര്‍ സന്ദര്‍ശനവും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥയുമാണ് ഇത്തരമൊരു നിയമത്തിന് വഴി തുറന്നത്. നിയമം വന്നതോടെ മുറി ഇംഗ്ളീഷുമായി തോട്ടം തൊഴിലാളികളെ അടക്കി ഭരിച്ചിരുന്ന കങ്കാണിമാര്‍ക്ക് നിയന്ത്രണമായി. എട്ടുമണിക്കൂര്‍ ജോലി, 20 ദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരുദിവസത്തെ ഓവര്‍ ടൈം, ശുദ്ധജലം, ലായങ്ങളിലെ വീടുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം, മാസ ശമ്പളം, ക്ഷാമ ബത്ത, വാര്‍ഷിക അവധി, സൗജന്യ ചികില്‍സ തുടങ്ങി നിരവധിയായ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു. സംസ്ഥാനത്തെ തേയില, ഏലം, റബ്ബര്‍ തോട്ടങ്ങളില്‍ മെച്ചപ്പെട്ട ജീവിത സൗകര്യമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയിലായിരുന്നുവെന്ന് പറയാം. തൊഴിലാളികളുടെ മക്കള്‍ക്ക് കൂടി പ്രവേശനം നല്‍കുന്ന ഹൈറേഞ്ച് സ്കൂള്‍ ആണ് മാനേജ്മെന്‍റ് എടുത്തു കാട്ടുന്നത്. ഇവിടെ പഠിച്ച  തൊഴിലാളികളുടെ മക്കളാണ് സിവില്‍ സര്‍വീസില്‍ എത്തിയത്.

കണ്ണന്‍ ദേവനില്‍ നിന്നും കണ്ണന്‍ ദേവനിലേക്ക്
ഈ സമരത്തോടെ തകര്‍ന്നടിഞ്ഞത് യൂണിയനുകളുടെ വിശ്വാസ്യത മാത്രമല്ല, രാജ്യത്തിനാകെ മാതൃകയെന്ന നിലയില്‍ കൊണ്ടു വന്ന തൊഴിലാളി-മുതലാളി പങ്കാളിത്ത കമ്പനിയുമാണ്. 2005 ഏപ്രില്‍ ഒന്നിനാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍റേഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ വരുന്നത്. 2004 എപ്രിലില്‍ തെന്മല എസ്റ്റേറ്റില്‍ പരീക്ഷിച്ചു വിജയം കണ്ട പങ്കാളിത്ത മാതൃകയായിരുന്നു ഇത്. അന്ന്  തോട്ടം മേഖലയില്‍ നിലനിന്ന പ്രതിസന്ധിയില്‍ കരകയറാണ് 12500 തൊഴിലാളികളടക്കം 13000 ജീവനക്കാരെ  മുതലാളിമാരാക്കിയത്. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടുപേര്‍ മാത്രമാണ് ജീവനക്കാരുടെ പ്രതിനിധികള്‍. 60 ശതമാനത്തിന്‍െറ പ്രാതിനിധ്യം രണ്ടു പേരിലൊതുങ്ങുന്നു. ഇത്രയേറെ ഓഹരി ഉടമകളുള്ള കമ്പനി എങ്ങനെ പ്രൈവറ്റ് ലിമിറ്റഡാകുമെന്ന സംശയവും ഉയരുന്നുണ്ട്.


- See more at: http://www.madhyamam.com/news/371860/150918#sthash.vBKJBpCe.dpuf

No comments:

Post a Comment