Pages

28 July 2014

കറണ്ടുകട്ടിന്‍െറ കാണാപാഠങ്ങള്‍

മാധ്യമത്തില്‍ പ്രസിദ്ധികരിച്ച ലേഖനം

മാനം നോക്കി കൃഷി ചെയ്തിരുന്നു ഒരു കാലമുണ്ടായിരുന്നു പണ്ടു ഇന്‍ഡ്യയില്‍. മഴയും വേനലും മുന്‍ക്കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രം പുരോഗമിച്ചപ്പോള്‍ കൃഷി ഇല്ലാതായിയെന്നത് മറ്റൊരു കാര്യം. എന്നാല്‍, കേരളത്തില്‍ ഇപ്പോഴും വൈദ്യുതി വിളക്ക് തെളിയണമെല്‍ മാനം നോക്കണമെന്നതാണ് അവസ്ഥ. മഴയെ മാത്രം ആശ്രയിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും കനത്ത മഴക്കാലത്ത് പോലും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തപ്പെടുമ്പോഴാണ് ഇതെന്ത് കൊണ്ട് എന്ന അന്വേഷണത്തിന് പ്രസക്തി ഏറുക. സംസ്ഥാനത്തെ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കുകയും വൈദ്യുതി നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിലൂടെ വൈദ്യുതി ധൂര്‍ത്ത് തടയകുയും ചെയ്താല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാമെന്നാണ് കണക്കുകള്‍ പറയുന്നത്.
വൈദ്യുതി ബോര്‍ഡിന്‍െറ കണക്ക് പ്രകാരം 2014-15വര്‍ഷത്തില്‍ 21696.65 ദശലക്ഷം യൂണിറ്റ് (എം.യു) വൈദ്യുതി സംസ്ഥാനത്ത് ആവശ്യമുണ്ട്. ഇതിന്  വൈദ്യുതി ബോര്‍ഡിന്‍െറ പക്കലുള്ളതും കേന്ദ്ര വിഹിതവും സംസ്ഥാനത്തെ സ്വകാര്യ ചെറുകിട നിലയങ്ങളില്‍ നിന്നുള്ളതെല്ലാം ചേര്‍ത്താലും പിന്നെയും 4366.2 എം.യു വൈദ്യുതി കണ്ടത്തെണം. വൈദ്യുതി ഉപഭോഗത്തില്‍ അഞ്ചു ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന വൈദ്യുതി ഉല്‍പാദനം 6924.02 എം.യു ആണ്. ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതും ജലപദ്ധതികളില്‍ നിന്നാണ്. നിര്‍മ്മാണത്തിലുള്ള പദ്ധതികളില്‍ നിന്നായി 543.18 എം.യു വൈദ്യതി ഉല്‍പാദിപ്പിക്കാമെന്ന് വൈദ്യുതി ബോര്‍ഡ് കണക്ക് കൂട്ടുന്നുവെങ്കിലും ഇവ എപ്പോള്‍ പൂര്‍ത്തികരിക്കുമെന്ന് പറയാനാകില്ല. അതിരപ്പള്ളി അടക്കം 19 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചാല്‍ 878.93 എം.യു വൈദ്യുതി ഉല്‍ദിപ്പിക്കാമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നു. കേരളത്തിന്‍െറ പ്രത്യേക പരിതസ്ഥിതിയില്‍ കാറ്റ്, സൗരോര്‍ജ പദ്ധതികള്‍ ലാഭകരമാകില്ളെന്നാണ് ബോര്‍ഡ് പറയുന്നത്. ഇനി ജലവൈദ്യുതി പദ്ധതിയിലേക്ക് തന്നെ മടങ്ങിയാലോ? ഇവിടെയാണ് നേരത്തെ പറഞ്ഞ കലാവസ്ഥ നിരീക്ഷണത്തിന്‍െറ പ്രസക്തി. സംസ്ഥാനത്ത് വര്‍ഷത്തില്‍ 3000 മില്ലി മീറ്റര്‍ മഴ, 44 നദികള്‍ എന്നിവയൊക്കെ പഴങ്കഥയാകുന്ന കാലഘട്ടത്തിലാണ് കേരളം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചത് 2520 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ 26ശതമാനം അധികം മഴ ലഭിച്ചു. പെയ്യുന്ന മഴവെള്ളം ഒഴുകി പോകുന്നതല്ലാത്തെ അവ മണ്ണില്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ല. ജലസംഭരണികള്‍ പലതും മാനത്ത് കാര്‍മേഘം കണ്ടാല്‍ തുറന്ന്വിടേണ്ട അവസ്ഥിയിലുള്ളതാണ്. മണലും ചെളിയും അടിഞ്ഞ് സംഭരണശേഷിയുടെ അളവ് കുറഞ്ഞിരിക്കുന്നു. പശ്ചിമഘട്ടത്തിലെ പാറ ഖനനവും വനം കയ്യേറ്റവും മുലം വെള്ളം സംഭരിച്ച് നിറുത്താന്‍ മണ്ണിന് കഴിയാതെ വന്നു. അതുകൊണ്ടു തന്നെ ജലവൈദ്യുതി പദ്ധതികളുടെ ഉല്‍പാദനം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയില്ല.
ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ പാരമ്പര്യേതര പദ്ധതികളും പ്രതീക്ഷിച്ച രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കില്ളെന്നിരിക്കെ ലഭ്യമായ വൈദ്യുതിയിലാണ് ആശ്രയം. വൈദ്യുതി ധൂര്‍ത്തും പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗവും നിയന്ത്രിക്കുകയാണ് ഇതിന് പോംവഴി. നമ്മുടെ ജലവൈദ്യുതിയുടെ 58ശതമാനമാണ് പീക്ലോഡ് ഡിമാന്‍റിന് വേണ്ടി വരുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ള വൈകുന്നരം ആറുമുതല്‍ രാത്രി പത്തുവരെയുള്ള സമയത്തെയാണ് പീക് ലോഡ് എന്നതു കൊണ്ടു ഉദേശിക്കുന്നത്. ഈ സമയത്താണ് വെളിച്ചതിന് വേണ്ടി വൈദ്യുതിയുടെ ആവശ്യം പരമാവധി വേണ്ടി വരുന്നത്. മറ്റു സമയങ്ങളില്‍, വൈദ്യുതി ഉപയോഗം താരതമ്യേന കുറവായിരിക്കും. ഈ സമയത്തെ ആവശ്യത്തിന് വേണ്ടി മാത്രമായി വൈദ്യുതി നിലയം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയില്ളെന്നിരിക്കെ, ആവശ്യവും ലഭ്യതയും പൊരുത്തപ്പെടാനാണ് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കളടക്കം തീരുമാനിച്ചാല്‍ സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ടി വരില്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുതല്‍ വൈദ്യുതി വേണ്ടി വരുന്ന വാട്ടര്‍ പമ്പ്, മിക്സി, ഇസ്തിരിപ്പെട്ടി, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവ പീക്ലോഡ് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. ചെറുകിട വ്യവസായികള്‍ മോട്ടോര്‍, വെല്‍ഡിങ് സെറ്റ് തുടങ്ങിയവും ഈ സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കണം. പീക്ക്ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയിടുന്നതിലൂടെ അതില്‍ സൂക്ഷിച്ചിട്ടുള്ള സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ല.
ഉപഭോക്താക്കള്‍ അധികമായി വൈദ്യുതി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ആട്ടോമാറ്റിക്കായി വൈദ്യുതി നിലയത്തിലും അധികമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ഇതിനായി ഗവര്‍ണര്‍ എന്ന ഉപകരണമാണ് സ്ഥാപിച്ചിട്ടുള്ളത്. ഉപയോഗത്തിനനുസരിച്ച് ആട്ടോമാറ്റിക്കായി വൈദ്യുതി ഉല്‍പാദനം കൂട്ടുന്നതും കുറക്കുന്നതും ഈ ഉപകരണമാണ്. ഗവര്‍ണറുടെ വാട്ടേജ് പ്രവര്‍ത്തിക്കുന്ന സമയം അടിസ്ഥാനമാക്കിയാണ് ഡാമില്‍ നിന്നും ജലവും താപനിലയങ്ങളില്‍ നിന്നും ഇന്ധനവും ചിലവഴിക്കപ്പെടുന്നത്. 86 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ 20ലക്ഷം പേര്‍ പീക്ക്ലോഡ് സമയത്ത് 60വാട്ടിന്‍െറ ഒരു ബള്‍ബ് വീതം ഓഫാക്കിയാല്‍ 120 മെഗാവാട്ട് വൈദ്യുതയായിരിക്കും ലാഭിക്കാന്‍ കഴിയുക. അഞ്ചു ലക്ഷം ഉപഭോക്താക്കള്‍ പീക്ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ അതുവഴി 50മെഗാവാട്ട് വൈദ്യുയായിരിക്കും ലഭിക്കുക. എല്‍.ഇ.ഡി, സി.എഫ്.എല്‍ ബള്‍ബുകള്‍, ഇപ്പോഴത്തെ ട്യുബുകള്‍ക്ക് പകരം ടി-5 ട്യുബ് എന്നിവ ഉപയാഗിക്കുന്നതിലൂടെയും വൈദ്യുതി ലാഭിക്കാന്‍ കഴിയും. ഇലക്സട്രിസിറ്റി സപൈ്ള ആക്ടില്‍ വ്യവസ്ഥ ചെയ്യുന്ന അധികാരം ഉപയോഗിച്ച് പീക്ക് ലോഡ് സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാം.
രാത്രിയിലും പരസ്യ ബോര്‍ഡുകള്‍ക്ക് എന്തിനാണ് വെളിച്ചം? ഇവക്ക്  എത്രത്തോളം വൈദ്യുതിയാണ് വേണ്ടി വരുന്നത്? പകല്‍വെളിച്ചത്തെ വെല്ലുന്ന തരത്തില്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന പരസ്യ ബോര്‍ഡുകള്‍ക്ക് നിയന്ത്രണം വേണ്ടതാണ്. ഉയര്‍ന്ന നിരക്ക് ലഭിക്കുമെന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തയ്യാറാകില്ല. ഇനി പരസ്യബോര്‍ഡുകള്‍ക്ക് വെളിച്ചം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ സൗരോര്‍ജ പ്ളാന്‍റുകള്‍ സ്ഥാപിക്കണമെന്ന് വ്യവസ്ഥ ഏര്‍പ്പെടുത്താം. ഇപ്പോഴാകക്കെ സൗരോര്‍ജ പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
ജനകീയാസൂത്രണം നടപ്പില്‍ വന്നതും വൈദ്യുതി മേഖലക്ക് തിരിച്ചടിയായി. വികേന്ദ്രികൃതാസൂത്രണത്തിന്‍െറ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ചെറകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കമെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാട്ടിയത് ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്ത് മാത്രമാണ്. ചില ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മറ്റുചില ജില്ലാ പഞ്ചായത്തുകള്‍ ഇതിന്‍െറ പേരില്‍ ലക്ഷങ്ങള്‍ വെള്ളത്തില്‍ കലക്കിയിട്ടുമുണ്ട്. എന്നാല്‍, വൈദ്യുതി മേഖലക്ക് തിരിച്ചടി നേരിടണ്ടേി വന്നത് തെരുവു വിളക്കുകളുടെ കാര്യത്തിലാണ്. അടുത്തകാലം വരെയുണ്ടായിരുന്ന ട്യുബുകള്‍ ഇപ്പോള്‍ തെരുവുകളിലെ വൈദ്യുതി പോസ്റ്റുകളില്‍ നിന്നും അപ്രത്യക്ഷമായി. പകരം, കറണ്ടു തിന്നുന്ന ഹലോജന്‍ ലൈറ്റുകളാണ് എല്ലായിടത്തും. പ്രധാന ജംഗഷ്നുകളില്‍ ഹൈമാസ്റ്റ് വിളക്കുകളും സ്ഥാനം പിടിക്കുന്നു. ആദ്യകാലത്ത് പദ്ധതി തുക വിനിയോഗിക്കാന്‍ കണ്ടത്തെിയ മാര്‍ഗമത്രെ ഹലോജന്‍ ലൈറ്റുകള്‍. എത്ര വൈദ്യുതി വേണമെന്നോ എത്ര രൂപ വൈദ്യുതി ചാര്‍ജിനത്തില്‍ അടക്കണമെന്നോ ഒന്നും ആലോചിക്കാതെയാണ് കേരളത്തിന്‍െറ തെരുവുകളില്‍ വെളിച്ച വിപ്ളവം നടത്തിയത്. ഇതിന്‍െറ രണ്ടാം ഘട്ടമാണ് ഹൈമാസ്റ്റ് വിളക്കുകള്‍.എം.പി,എം.എല്‍.എമാരുടെ ഫണ്ടാണ് ഇപ്പോള്‍  പലയിടത്തും ഉപയോഗിക്കുന്നത്. സി.എഫ്.എല്‍ ബള്‍ബുകള്‍ തെരുവ്വിളക്കുകള്‍ക്ക് ഉപയോഗിച്ചാല്‍ വെളിച്ചം കുറവാണെങ്കില്‍ എന്ത്കൊണ്ട് ടി-5 ട്യുബ് പരീക്ഷിച്ച് കൂട? കൃത്യമായി പരിപാലിക്കുന്നുവെങ്കില്‍ സൗരോര്‍ജ പ്ളാന്‍റുകളായിരിക്കും തെരുവ്വിളക്കുകള്‍ക്ക് ലാഭകരം.
വൈദ്യുതി ബോര്‍ഡും വന്‍തോതില്‍ ഊര്‍ജം പാഴാക്കുന്നുണ്ട്. നമ്മുടെ വൈദ്യുതി ലൈനുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ചെടിയും വള്ളിയും പടര്‍ന്ന് കയറിയും മരങ്ങളുടെ ശിഖിരങ്ങള്‍ക്കിടയിലൂടെയുമാണ് ലൈനുകള്‍ കടന്ന് പോകുന്നത്. പ്രസരണ-വിതരണ നഷ്ടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതാണ് ഇതെന്ന് ബോര്‍ഡിന് അറിയാത്തത് കൊണ്ടായിരിക്കില്ല ടച്ചിങ ്വെട്ടി നീക്കാത്തത്. വര്‍ഷത്തില്‍ രണ്ടു തവണ 11 കെ വി ലൈനുകളിലെയും ലോടെന്‍ഷന്‍ ലൈനുകളിലെയും ടച്ചിങ് വെട്ടിയാല്‍ എത്രയോ വൈദ്യുതി ലാഭിക്കാന്‍ കഴിയും. മൂന്നു മാസത്തിലൊരിക്കല്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ ലോഡ്ബാലന്‍സിങ് നടത്തണം. മഴക്കാലത്തിന്മുമ്പായി വിതരണ ലൈനുകളില്‍ പ്രി-മണ്‍സൂണ്‍ ജോലികള്‍ നടത്തിയാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളും ഒഴിവാക്കാന്‍ കഴിയും.
എല്ലാവരും ഒന്നിച്ച് ഇപ്പോഴെ നീങ്ങിയാല്‍ അടുത്ത വര്‍ഷം മുതല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാനാകും.വൈദ്യുതി ആവശ്യത്തിനാണ്, അനാവശ്യത്തിനല്ല എന്ന തിരിച്ചറിവുണ്ടാകണം. വില കൊടുത്താല്‍ പോലും വൈദ്യുതികിട്ടാത്ത കാലത്തേക്കാണ് നാം നീങ്ങുന്നത്. കേരളത്തിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം വലിയ അളവില്‍ സൗരോര്‍ജ, കാറ്റാടിപദ്ധതികള്‍ സ്ഥാപിക്കാന്‍ കഴിയില്ളെന്നതും കാണാതിരുന്ന് കൂട. അതിരപ്പള്ളിയിലേക്കും പൂയംകുട്ടിയിലേക്കും പോകുന്നതിന്മുമ്പ് നമുക്ക് സ്വയം നിയന്ത്രിക്കാം. വീട്ടിലോ ആഫീസിലോ എവിടെയുമാകട്ടെ ആവശ്യം കഴിഞ്ഞാല്‍ വൈദ്യുതി ഉപകരണങ്ങള്‍ ഓഫാക്കാം. ത¤േദ്ദശ സ്വയംഭരണ സ്ഥാപനങ്ങളിലും ബോര്‍ഡ്, കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ആഫീസുകളിലും മന്ത്രി മന്ദിരങ്ങളിലും ആവശ്യത്തിന് മാത്രം പോരെ ശീതികരണ സംവിധാനം.

No comments:

Post a Comment