Pages

02 February 2012

ഒരു ഗ്രാമം കൂടി മരുഭൂമിയാകുന്നു





ആഗോള താപനത്തിന് മരമാണ് മറുപടി എന്നതാണ് കാലാവസ്ഥ വ്യതിയാനത്തിനുള്ള കേര വനം വകുപ്പിന്‍റ സന്ദേശം.എന്നാല്‍, മരങ്ങള്‍ തന്നെ നാട്ടിലെ വെള്ളം ഊറ്റിയെടുത്താലോ? അതും നീലകുറിഞ്ഞി സങ്കേതവും ഷോല ദേശിയ ഉദ്യാനവും ഉള്‍പ്പെടുന്ന വട്ടവട പഞ്ചായത്തില്‍.
ഏറ്റവും കൂടുതല്‍ ഇംഗ്ളിഷ് പച്ചക്കറികളും വെളുത്തുള്ളിയും ഉലപാദിപ്പിച്ചിരുന്ന പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട ഗ്രാമമാണ് വട്ടവട.എന്നാല്‍, ‘വനവല്‍വല്‍ക്കരണത്തെ’ തുടര്‍ന്ന്  ഈ ഗ്രാമം വരള്‍ച്ചയിലാണ്. ഒരിക്കല്‍ കഞ്ചാവ് കൃഷിയിലുടെ കുപ്രസിദ്ധി നേടിയ വട്ടവടയില്‍ യൂക്കാലിയും ഗ്രാന്‍റിസും വ്യവസായികാടിസ്ഥാനത്തില്‍ നട്ടു വളര്‍ത്തിയതോടെയാണ് സംസ്ഥാനാതിര്‍ത്തിയിലെ ഈ ഗ്രാമത്തില്‍ ജലക്ഷാമം രൂക്ഷമായത്.
ഇതോടെ പച്ചക്കറി,വെളുത്തുള്ളി,ഉരുളകൃഷികള്‍ ഏതാണ്ട് അവസാനിച്ചു. കാവേരി ട്രൈബ്യൂണല്‍ അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നില്ളെങ്കില്‍ വട്ടവട മരുഭൂമിയായി മാറിയേക്കും.
ജനസംഖ്യയിലും വികസനത്തിനും ഏറ്റവും പിന്നിലാണെങ്കിലും ഇംഗ്ളിഷ് പച്ചക്കറി ഉല്‍പാദനത്തിലൂടെയാണ് വട്ടവട പഞ്ചായത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. കാരറ്റ്, കബേജ്, ബട്ടര്‍ ബീന്‍സ്, ബീന്‍സ്  തുടങ്ങിയവക്ക് പുറമെ, പ്രത്യേക തരം സൂചി ഗോതമ്പും ഉരുളകിഴങ്ങും വെളുത്തുള്ളിയും ധാരാളമായി ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. പട്ടുനൂല്‍ പുഴു വളര്‍ത്തലിനായി മള്‍ബറി വ്യാപകമായപ്പോഴും വട്ടവടയിലെ പച്ചക്കറി കൃഷി അതേപോലെ തുടര്‍ന്നു. എന്നാല്‍, ഗ്രാന്‍റിസും യൂക്കാലിയുമാണ് വട്ടവടക്ക് ഭീഷണിയായത്.
എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്  ഏക്കര്‍ക്കണക്കിന് ഭൂമി വാങ്ങി അവിടെങ്ങളില്‍ യൂക്കാലിയും ഗ്രാന്‍റിസും നട്ടു വളര്‍ത്തുന്നത്. തുടക്കത്തില്‍ ഇതിന്‍െറ ഗൗരവം ഗ്രാമവാസികള്‍ക്ക് മനസിലാക്കിയില്ല. യൂക്കാലിയും ഗ്രാന്‍റിസും വളര്‍ന്ന് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമവും അനുഭവപ്പെട്ട് തുടങ്ങി. മൂന്ന് വര്‍ഷംമുമ്പ് കുണ്ടള അണക്കെട്ടില്‍ നിന്ന് ട്രാക്ടറിലും ജീപ്പിലും വെള്ളമത്തെിച്ചാണ് ക്ഷാമം നേരിട്ടത്. എങ്കിലും യൂക്കാലി,ഗ്രാന്‍റിസ് കൃഷിക്ക് യാതൊരു നിയന്ത്രണവുമില്ല. വിളവെപ്പ് നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് തൈകള്‍ നടുകയും ചെയ്യുന്നു. മരം വളര്‍ത്തല്‍ ലാഭകരമാണെന്ന് കണ്ടതോടെ ഇവിടെ ഭൂമി തേടി എത്തുന്നവരുടെ സംഖ്യയും വര്‍ദ്ധിച്ചു. ഭൂമിക്ക് വിലയും വര്‍ദ്ധിച്ചു.ഉയര്‍ന്ന വിലക്ക് ഭൂമി വിറ്റ് തമിഴ്നാടിലേക്ക് പാലായനം ചെയ്യുകയാണ് ഗ്രാമവാസികള്‍.വട്ടവട, കോവിലൂര്‍,പഴന്തോട്ടം, ചിലന്തിയാര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് മരം വളരുന്നത്. പഞ്ചായത്ത് ആസ്ഥാനമായ കോവിലൂര്‍ ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന തോട് വറ്റിവരുളുകളയും ചെയ്തു.
യൂക്കാലിയും ഗ്രാന്‍റിസും വെട്ടിതുടങ്ങിയതോടെ ഗ്രാമവാസികള്‍ പച്ചക്കറി കൃഷി ഉപേക്ഷിച്ചു. ദിവസം 350 രൂപ വരെ കൂലി ലഭിക്കുന്നതിനാല്‍, സ്ത്രീകള്‍ അടക്കമുള്ളവര്‍ കൂപ്പ് ജോലിക്ക് പോകുന്നു.
പഞ്ചായത്തിലെ മറുഭാഗത്ത് നിന്നുള്ള വട്ടവട, ചെങ്കലാര്‍ എന്ന അരുവികളില്‍ വിഭാവനം ചെയ്ത ജലസേചന പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കിയില്ളെങ്കില്‍ വട്ടവട പഞ്ചായത്തില്‍ കുടിക്കാന്‍ പോലും വെള്ളമുണ്ടാകില്ല. ഈ രണ്ട് അരുവികളിലേയും വെള്ളം ഇപ്പോള്‍ തമിഴ്നാടിലേക്കാണ് ഒഴുകുന്നത്. അതിര്‍ത്തിക്കപ്പുറത്തെ മഞ്ഞപ്പെട്ടി, തളി എന്നിവിടങ്ങളിലൂടെ അമരാവതി അണക്കെട്ടില്‍ ചേരുന്നു. പിന്നിട് അമരാവതിയാറായി കാവേരിയില്‍ ചേരും. പാമ്പാര്‍ നദിതടത്തില്‍പ്പെടുന്ന ഈ രണ്ട് അരുവികളിലെയും ജലം ഉപേയോഗിക്കാന്‍ കാവേരി ട്രൈബ്യുണല്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇനിയും പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ല. ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നിനൊപ്പം  വെള്ളമൂറ്റുന്ന കൃഷിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം.




No comments:

Post a Comment