Pages

17 September 2010

കൈവെട്ട് കഴിഞ്ഞു; ജോസഫ് സാറിന് ജോലിയും പോയി; ഇനിയെങ്കിലും ആ ഗൂഡാലോചന പുറത്ത് വരുമോ?
തൊടുപുഴ ന്യുമാന്‍ കോളജ് അദ്ധ്യാപകന്‍ തയ്യറാക്കിയ ചോദ്യപേപ്പറിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈ ചില തീവ്രവാദികള്‍ വെട്ടി മാറ്റി. അതി
ന്റ മുറിവുണങ്ങും മുമ്പ് കോളജ് മാനജ്േമെന്റ് അദ്ദേഹത്തിന്റെ ജോലിയും വെട്ടി മാറ്റി. ഈ രണ്ട് സംഭവങ്ങള്‍ക്കും എതിരെ കേരള മന:സാക്ഷി എല്ലാം മറന്ന് പ്രതികരിച്ചിട്ടുണ്ട്.
പക്ഷെ, എങ്ങനെയാണ് ചോദ്യ പേപ്പര്‍ വിവാദം ഉയര്‍ന്നത്. ജോസഫ് മാഷ് തയ്യാറാക്കിയ വിവാദ ചോദ്യ പേപ്പര്‍ ഇനിയും റദ്ദാക്കിയിട്ടില്ല. ആ പരീക്ഷയും റദ്ദാക്കിയിട്ടില്ല. പരീക്ഷ എഴുതിയ കുട്ടികളാരും പരാതി ഉന്നയിച്ചിട്ടില്ലെന്നും പറയുന്നു. അപ്പോള്‍  ആരായിരുന്നു ഇതിന് പിന്നില്‍. ചോദ്യ കടലാസിന്റെ ഫോട്ടോ കോപ്പിയെടുത്ത് നാടാകെ എത്തിച്ച് കൊടുക്കുയും സമരത്തിന് തീ പകരുകയും ചെയ്തവരും കുറ്റക്കാരല്ലേ? എന്ത് കൊണ്ട് ഈ ഗൂഢാലോചന ഇനിയും പുറത്ത് കൊണ്ട് വരുന്നില്ല. സൂചി കൊണ്ട് എടുക്കാമായിരുന്ന ഒരു ചെറിയ സംഭവത്തെ തൂമ്പകൊണ്ട് പോലും എടുക്കാന്‍ കഴിയാത്ത പരുവത്തിലേക്ക് മാറ്റിയവരെ കുറിച്ചും അന്വേഷിക്കണം. മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ആരായാലും അവരെ രക്ഷപ്പെടാന്‍ അനുവദിച്ച് കൂടാ. ജോസഫ് മാഷ് ചെയ്ത തെറ്റിനും ശിക്ഷ നല്‍കണം.

13 September 2010

മുഖ്യമന്ത്രിയുടെ മനംമാറ്റത്തോടെ മൂന്നാര്‍ വനഭൂമി പ്രഖ്യാപനം വീണ്ടും ഫയലിലേക്ക് 
  മൂന്നാറിലെ 17992 ഏക്കര്‍ പ്രദേശം സംരക്ഷിതവനഭൂമിയായി പ്രഖ്യാപിക്കുന്നതിന് അടിയന്തിരാവസ്ഥ കാലത്ത് തുടങ്ങിവെച്ച നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തില്‍. മതികെട്ടാനില്‍ ആരംഭിച്ച് പൂയംകുട്ടിയിലൂടെ മൂന്നാറിലെത്തിയ മുഖ്യമന്ത്രി ശ്രി. വി. എസ്. അച്യുതനാന്ദന്റെ  മനംമാറ്റമാണ് വനഭൂമി  വിജ്ഞാപനത്തിന് തടസമായി പറയുന്നത്. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുന്നതിനായി ഭൂമി മാറ്റിവെക്കണമെന്ന നിര്‍ദ്ദേശമാണ് ഉണ്ടായതെന്നറിയുന്നു.
ഇടത് മുന്നണിയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികളും മന്ത്രിസഭാ ഉപസമിതിയും സെക്രട്ടറി തലകമ്മിറ്റികളും അംഗീകരിച്ചതിനെ തുടര്‍ന്ന് സംരക്ഷിത വനഭൂമി വിജ്ഞാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷകള്‍ക്ക് ഒടുവിലാണ് ഫയല്‍ മാറ്റിയത്.  സംരക്ഷിത വനഭൂമി പ്രഖ്യാപനത്തിനുള്ള ആദ്യ സര്‍ക്കാര്‍ ഉത്തരവ് ജിഒ (എം എസ് ) 379/80/ആര്‍. ഡി യായി 1980 ഏപ്രില്‍ 18ന് പുറത്തിറങ്ങിയതെങ്കിലും   നടപടികള്‍ക്ക് വേഗത വന്നത് മുഖ്യമന്ത്രി ശ്രി. വി. എസ്. അച്യുതാനന്ദന്‍ മൂന്നാര്‍ പ്രശ്നം ഏറ്റെടുത്തതിന് ശേഷമായിരുന്നു. വനം മന്ത്രി ശ്രി. ബിനോയ് വിശ്വം മൂന്നാര്‍ വനഭൂമി പ്രഖ്യാപനത്തിനായി ഏറെ അദ്ധ്വാനിച്ചിരുന്നു.  വനഭൂമി പ്രഖ്യാപനമുണ്ടാകുമെന്ന് നിയമസഭയിലും അദ്ദേഹം പറഞ്ഞിരുന്നു.
1980ല്‍ ഭൂമി വനം വകുപ്പിന് കൈമാറാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയതാണ്.   1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും സംരക്ഷിത വനഭൂമി പ്രഖ്യാപനം ആവര്‍ത്തിച്ചു. എന്നാല്‍ മുന്നാറിലെ ഭൂമിക്ക് മോഹവിലയായതോടെ വനഭൂമി പ്രഖ്യാപനം അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു.
1971ലെ കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്്.
മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തിയ പി. സി. സനല്‍കുമാര്‍ കമ്മിറ്റിയും 2006 നംബര്‍ 11ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗവും 17992 ഏക്കര്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2008 ഫെബ്രവരിയില്‍ ചേര്‍ന്ന വനം, റവന്യു സെക്രട്ടറിമാരുടെ യോഗവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.
2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി 17349 ഏക്കറായി ഭൂമിയുടെ വിസ്തൃതി കുറച്ചു.  ഇതനസുരിച്ച് വിജ്ഞാപനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവെങ്കിലും കെ. ഡി. എച്ച്. വില്ലേജിലെ സര്‍വേ കഴിഞ്ഞിട്ടില്ലെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തടസമായി.  തുടര്‍ന്ന് വനം, റവന്യു, തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതിയെ നിയോഗിച്ചു.  ജനവാസമില്ലാത്ത ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത് സെക്രട്ടറിമാരുടെ സമിതിയാണ്. ഇതനുസരിച്ച് ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നുവെങ്കിലും ചുവപ്പ്നാട അഴിക്കാനായില്ല. രാഷ്ട്രിയ തീരുമാനം വേണമെന്ന കാരണം ചുണ്ടിക്കാട്ടി ആദ്യം ഇടത്മുന്നണി ഏകോപന സമിതിയില്‍ വിഷയമെത്തി. അവിടെ ചര്‍ച്ച ചെയ്ത വിഷയം ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇടത്മുന്നണി ജില്ലകമ്മിറ്റി സ്ഥലം സന്ദര്‍ശിച്ച് വിസ്തൃതി 17066 ഏക്കറായി നിര്‍ദേശിച്ചു.
ഇനിയിപ്പോള്‍ സംരക്ഷിതവനമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയിലും കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ന്നേക്കും.

03 September 2010

മന്ത്രി ബിനോയി വീണ്ടും പ്രതീക്ഷല്‍കുന്നു;  മൂന്നാര്‍ റിസര്‍വ് വന വിജ്ഞാപനം അടുത്തയാഴ്ച
സംസ്ഥാന വനം വകുപ് മന്ത്രി ബിനോയ് വിശ്വം വീണ്ടും പ്രതീക്ഷ നല്‍കയാണ്. മുന്നാറിലെ 17992  ഏക്കര്‍ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യുന്നതിനുള്ള കടമ്പകള്‍ കടന്നു. ഇനി മന്ത്രിസഭയുടെ അനുമതിയാണ്വേണ്ടത്.  സെപ്തംബര്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വനം മന്ത്രി ഇല്ലാതിരുന്നതിനാല്‍  അടുത്ത ആഴ്ചയിലെ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
17922 ഏക്കര്‍ ഭൂമി സംരഷിത വനമായി വിഞ്ജാപനം ചെയ്യാനാണ് 1980ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഇപ്പോഴത് 17066 ഏക്കറായി കുറഞ്ഞിട്ടുണ്ട്. ബാക്കി ഭൂമി ഭൂ മാഫിയയുടെ കൈകളിലേക്കും. ഇപ്പോഴെങ്കിലും വനഭൂമി വിഞ്ജാപനം നടത്തുന്നതിന് കാരണക്കാരായ വണ്‍ എര്‍ത്ത് വണ്‍ ലൈഫിനെ അഭിനന്ദിക്കാം. കാരണം അവരാണ്  സുപ്രിം കോടതിയുടെ എംപവേര്‍ഡ് കമ്മിറ്റിയെ സമീപിച്ചത്.  മൂന്നാര്‍ കയ്യേറ്റം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘവും മൂന്നാറിലെ 17922 ഏക്കര്‍ സംരക്ഷിത വനമായി പ്രഖ്യാപിക്കണമെന്ന 1980ല്‍െ ഉത്തരവ് നടപ്പാക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.  ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് കേന്ദ്ര വനം^പരിസ്ഥിതി സഹമന്ത്രി ജയറാം രമേശ് കത്തയച്ചിരുന്നു. ഇവര്‍ക്കൊപ്പം മന്ത്രി ബിനോയ് വിശ്വത്തിന്റെ നിശ്ചയദാര്‍ഢ്യം കൂടിയായതോടെ കടമ്പകള്‍ ഒന്നൊന്നായി കടന്ന് ഒടുവില്‍ പ്രഖ്യാപനത്തിന്റെ ഘട്ടത്തിലെത്തി.
 ഈ വിഷയം മാസങ്ങള്‍ക്ക് മുമ്പ് തന്നെ മന്ത്രിസഭയുടെ പരിഗണനക്ക് വന്നുവെങ്കിലും രാഷ്ട്രിയ തീരുമാനത്തിനായി മാറ്റിവെക്കുകയായിരുന്നു. ഇടത്മുന്നണി ഏകോപന സമിതി ചര്‍ച്ച ചെയ്ത വിഷയം പിന്നിട് മുന്നണിയുടെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അനുമതിക്കായും അയച്ചു. കഴിഞ്ഞ ദിവസമാണ് ഇടത് മുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി 17066 ഏക്കര്‍ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നല്‍കിയത്.
ഏറെ കടമ്പകള്‍ കടന്നാണ് വനഭൂമി വിഞ്ജാപനം യാഥാര്‍ഥ്യമാകുന്നത്. 1971 കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്്. കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ 17992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍  1980 എപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നിട് 1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും ഇതാവര്‍ത്തിച്ചു.
2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയും വനഭൂമി വിജ്ഞാപനത്തിന് നടപടികള്‍ സ്വീകരിച്ചിരുന്നു. 17349 ഏക്കര്‍ ഭൂമി വിജ്ഞാപനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചുവെങ്കിലും കെ. ഡി. എച്ച്. വില്ലേജിലെ സര്‍വേ കഴിഞ്ഞിട്ടില്ലെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട്  തടസമായി. ഇതേ തുടര്‍ന്ന് ് വനം, റവന്യു, തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതിയെ പരിശോധനക്കായി നിയോഗിച്ചു. വനമായി പ്രഖ്യാപിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയില്‍ ജനവാസമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്്. നിര്‍ദിഷ്ട സംരക്ഷിത വനഭൂമിയില്‍ ഏറെയും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. കേരള വന വികസന കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിനും  യൂക്കാലി വളര്‍ത്തുന്നതിനായി ഭൂമി കൈമാറിയിട്ടുണ്ട്. വനംവകുപ്പിന് നിയന്ത്രണം കൈമാറാത്ത ഭൂമിയില്‍ വ്യാപകമായ കയ്യേറ്റമുള്ളതായി ചുണ്ടിക്കാട്ടുന്നു. കയ്യേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനാണ് നിര്‍ദ്ദിഷ്ട സംരക്ഷിത വനഭൂമിയുടെ വിസ്തൃതി കുറച്ചതെന്ന് പറയുന്നു.
ഇത്രയേറെ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിന് സി. പി. എമ്മിന് പുറമെ സി. പി.ഐക്ക്  അകത്ത് നിന്ന് പോലും എതിര്‍പ്പുണ്ടായിരുന്നതായി പറയുന്നു. ഇത്രയും ഭൂമി എന്തിന് 'കേന്ദ്രത്തിന് നല്‍കണമെന്നാണ്' ഒരു മന്ത്രി ചോദിച്ചതത്രെ. റിസര്‍വ് വനമായി വിജ്ഞാപനം ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.  1980ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവിറങ്ങിത് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ടേക്കുമെന്ന മന്ത്രിമാരായ ബിനോയ് വിശ്വത്തിന്റെയും എന്‍. കെ. പ്രേമചന്ദ്രന്റെയും വാദമാണ് തടസങ്ങളെ തട്ടിമാറ്റിയത്.