പെരിയാറിന് നിങ്ങൾ എന്ത് നൽകി?
എം.ജെ.ബാബു
പെരിയാർ നദിക്ക് വൈദ്യുതി ബോർഡ് തിരിച്ച് എന്തെങ്കിലും നൽകിയിട്ടുണ്ടോ? ഇത്തവണ നദി ദിനം ലോകമാകെ ആചരിക്കുേമ്പാൾ കേരള, തമിഴ്നാട് വൈദ്യുതി ബോർഡുകൾ ഇക്കാര്യമൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. കാരണം, പെരിയാർ വെറുമൊരു നദിയല്ലെന്നും അത് ഒഴുകുന്നത് വൈദ്യുതിയുമായിട്ടാണെന്നും ഇരു സംസ്ഥാനങ്ങൾക്കും അറിയാം.
പുഴകൾ എന്നത് സംസ്കാരം മാത്രമല്ല,ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ്. കാട് മുതൽ കടൽ വരെ എത്രയോ ജീവജാലങ്ങളെ സംരക്ഷിക്കുന്നു. മനുഷ്യരും മൃഗങ്ങളും മൽസ്യങ്ങളും തുടങ്ങി സൂക്ഷ്മ ജീവികൾ വരെ പുഴകളെ ആശ്രയിക്കുന്നു. അപ്പോൾ ആ പുഴകളെ ചൂഷണം ചെയ്യുന്ന വൈദ്യുതി ബോർഡിന് അവ സംരക്ഷിക്കാനും നിലനിർത്താനും ബാധ്യതയില്ലേ? പെരിയാറിലും പോഷക നദികളിലുമായി എത്രയോ അണക്കെട്ടുകൾ. ഇത്രയേറെ അണക്കെട്ടുകൾ മറ്റൊരു നദിതടത്തിലും ഉണ്ടാകില്ല. പെരിയാർ ഇല്ലെങ്കിൽ വൈദ്യുതി ബോർഡില്ല എന്നതാണ് സത്യം.
നീളം കൂടിയ നദി എന്ന വിശേഷണത്തിൽ അവസാനിക്കുന്നില്ല പെരിയാർ. കേരളത്തിന് വെളിച്ചം പകരുന്നത് പെരിയാറാണ്. ജലവൈദ്യുതിയുടെ ഗർഭ ഗൃഹമെന്ന് വിശേഷിപ്പിക്കാവുന്ന പെരിയാറിൽ നിന്നും ഉൽപാദിപ്പിക്കുന്നത് കോടികളുടെ വൈദ്യുതിയാണ്.- സ്വകാര്യ മേഖലയിൽ നിന്നടക്കം 4360.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പെരിയാറിലെ വിവിധ പദ്ധതികളിൽ നിന്നും കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. തമിഴ്നാടിലേത് ഇതിന് പുറമെയാണ്. തേനി, മധുര, ശിവഗംഗ, ദിണ്ടുക്കൽ, രമാനാഥപുരം ജില്ലകൾ പെരിയാറിനെ ആശ്രയിച്ച് നിലനിൽക്കുന്നു. വൈദ്യുതിക്ക് പുറമെ, ലക്ഷങ്ങൾക്കാണ് കുടിവെള്ളം നൽകുന്നത്.ഇരു സംസ്ഥാനങ്ങളിലുമായി എത്രയോ ഹെക്ടർ ഭൂമിയിൽ വെള്ളം എത്തിക്കുന്നു.
തുടക്കത്തിൽ തന്നെ മുല്ലയാറിൽ അണകെട്ടി പെരിയാറിനെ തിരിച്ച് വിട്ടു. പിന്നിടാണ് ഇടുക്കിയിലെത്തുേമ്പാൾ പെരിയാറിനെ കിളിവള്ളിത്തോടിലേക്കും അവിടെ നിന്നും മുലമറ്റം വൈദ്യുതി നിലയത്തിൽ എത്തിച്ച് തൊടുപുഴയാറിലേക്കും തിരിച്ച് വിടുന്നത്.
ഇൻഡ്യയിൽ, 1897ൽ ഡാർജലിംഗിലാണ് ജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചത്. എന്നാൽ, അതിനും മുമ്പും മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിനായി ജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് 1900ൽ കണ്ണൻ ദേവൻ കമ്പനി ടോപ് സ്റ്റേഷനിൽ സ്ഥാപിച്ച റോപ്വേയുടെ പ്രവർത്തനങ്ങൾക്കായി ജലവൈദ്യുതി ഉപയോഗിച്ചത്. വ്യവസായികാവശ്യത്തിന് വൈദ്യുതി ഉൽപാദിച്ച് തുടങ്ങുന്നത് 1906 ൽ പള്ളിവാസൽ സ്വകാര്യ ജലവൈദ്യുതി നിലയത്തിൽ നിന്നുമാണ്. പെരിയാറിെൻറ പോഷകനദിയായ മുതിരപ്പുഴ നദിതടത്തിലെ ആദ്യ പദ്ധതി. തിരുവിതാംകൂറിലെയും ആദ്യ ജലവൈദ്യുത പദ്ധതി. പള്ളിവാസൽ എന്ന പേരിലാണ് പൊതുമേഖലയിലെ ആദ്യജലവൈദ്യുതി നിലയവും സ്ഥാപിച്ചത്.1935 മാർച്ച് ഒന്നിനാണ് വൈദ്യുതി നിലയത്തിന് ശ്രിചിത്തിര തിരുന്നാൾ മഹാരാജാവ് തറക്കല്ലിട്ടത്. 1940 മാർച്ച് 19ന് പളളിവാസൽ നിലയത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ച് തുടങ്ങി. തുടർന്നിങ്ങോട്ട് മുതിരപ്പുഴ നദിതടത്തിൽ നിരവധിയായ ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചു.അടുത്ത ഘട്ടത്തിലാണ് പെരിയാറിലേക്ക് ശ്രദ്ധ തിരിയുന്നത്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പെരിയാർ നദിതടത്തിലാണ്. പെരിയാറിലെ വെള്ളം ചെറുതോണി, ഇടുക്കി അണക്കെട്ടുകളിൽ തടഞ്ഞ് നിർത്തി, മറ്റൊരു നദിതടത്തിലെ കുളമാവിലേക്ക് തിരിച്ച് വിട്ടാണ് വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. ഇടുക്കി പദ്ധതിയിൽ നിന്നും ഇതിനോടകം പതിനായിരം കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ച് കഴിഞ്ഞു. ഇത് ചരിത്ര നേട്ടമാണ്.
പെരിയാർ നദിതടത്തിലെ പദ്ധതികളും ഉൽപാദന ശേഷിയും ഇപ്രകാരമാണ്. ദശലക്ഷം യൂണിറ്റ് കണക്കിൽ-ഇടുക്കി-2398, ഇടമലയാർ-380,പള്ളിവാസൽ-284,നേര്യമംഗലം-237,ലോവർപെരിയാർ-493,ചെങ്കുളം-182,പന്നിയാർ-158,നേര്യമംഗലം എക്സ്റ്റൻഷൻ-58.27,മലങ്കര-65,മാടുപ്പെട്ടി-06.4,വെള്ളത്തൂവൽ-12.70. ഇനി സ്വകാര്യ മേഖലയിലുള്ളവ-കുത്തുങ്കൽ-79,ഇരുട്ടുകാനം-13,പാമ്പുക്കയം-0.29,കല്ലാർ-0.13. മുല്ലപ്പെരിയാറിൽ അണക്കെട്ടി തമിഴ്നാടിലേക്ക് തിരിച്ച് വിടുന്ന വെള്ളം ഉപയോഗിച്ച് തമിഴ്നാടിൽ പെരിയാറിൽ 154 മെഗാവാട്ട്ശേഷിയുള്ള നിലയം സ്ഥാപിച്ചിട്ടുണ്ട്. ചുരളിയാർ,വൈഗ, മിനി പദ്ധതികൾ എന്നിവയും അതിർത്തിക്കപ്പുറത്തുണ്ട്.
പെരിയാർ നദിതട ജലസേചനപദ്ധതി, ഇടമലയാർ ജലസേചന പദ്ധതി,മൂവാറ്റുപുഴ നദിതട ജലസേചന പദ്ധതി എന്നിവയും ഇൗ നദിതടത്തിലാണ്.എറണാകുളം വ്യവസായ ജല വിതരണ പദ്ധതിയും നൂറുകണക്കിന് ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളും ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലായുണ്ട്.
ഇതൊക്കെയാണെങ്കിലും പെരിയാർ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. വൈദ്യുതി ബോർഡിൻറ അക്ഷയഖനിയാണ് പെരിയാറും പോഷക നദികളും. കിട്ടുന്ന വെള്ളം ഉൗറ്റിയെടുക്കുന്നതിന് അപ്പുറത്ത് ജലസ്രോതസ് നിലനിർത്താൻ വൈദ്യുതി ബോർഡിന് ബാധ്യതയില്ലേ? പെരിയാറിൽ നീരൊഴുക്ക് ഉറപ്പ് വരുത്തേണ്ടത് മറ്റാരെക്കാളും ആവശ്യം വൈദ്യുതി ബോർഡിനാണ്. ഇതിനായി പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പുഴകളിലെ മണ്ണൊലിപ്പ് തടയണം. കയ്യേറ്റം ചെറുക്കേണ്ടതും വൈദ്യുതി ബോർഡാണ്. എന്നാൽ, പുഴകൾക്ക് പോലും പട്ടയം നൽകാൻ സമ്മത പത്രം നൽകുന്ന വൈദ്യുതി ബോർഡ് ഇതേകുറിച്ചൊന്നും ആലോചിച്ചിരിക്കില്ല. പല പുഴകളും മാലിന്യ വാഹിനികളായി മാറിയിട്ടുണ്ട്. വിനോദ സഞ്ചാരമാണ് ഇതിന് പ്രധാന കാരണം. ടൂറിസത്തിന് വേണ്ടി ഉയർന്ന ഹോട്ടലുകളും മാലിന്യം ഒഴുകിയെത്തുന്നത് പെരിയാറിലേക്കാണ്. പെരിയാറിനെ നിലനിർത്താൻ എറണാകുളം ജില്ലക്കും ബാധ്യതയുണ്ട്. കാരണം എറണാകുളം ജില്ലയുടെ കുടിവെള്ളം പെരിയാറാണ്. വ്യവസായത്തിനും കൃഷിക്കും വെള്ളം നൽകുന്നതും പെരിയാറാണ്. എടയാർ, ഏലുർ മേഖലയിൽ വൻകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നത് പെരിയാറിനെ ആശ്രയിച്ചാണ്. ഇൗ സ്ഥാപനങ്ങൾ പെരിയാറിനെ മലിനപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പുറമെയാണ് ചെറുകിട വ്യവസായ യൂണിറ്റുകൾ. 33ലക്ഷം പേരാണ് പെരിയാറിനെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.