Pages

28 June 2021

കോൺഗ്രസ്​ ജനങ്ങളുടെ പാർട്ടിയാകണം

 

 


ദൽഹിയിൽ കോൺഗ്രസ്​ തുടർച്ചയായി രണ്ടാംവട്ടവും പ്രതിപക്ഷത്താണ്​, ദൽഹി എന്ന്​ പറഞ്ഞാൽ കേന്ദ്രത്തിൽ തന്നെ. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയാണെങ്കിലും അംഗീകൃത പ്രതിപക്ഷമാകാനുള്ള അംഗസംഖ്യ ഇല്ലെന്ന സത്യം തിരിച്ചറിയണം. കേരളത്തിലും തുടർച്ചയായി രണ്ടാം വട്ടവും ഭരണം നഷ്​ടപ്പെട്ടു. പല സംസ്​ഥാനങ്ങളിലും ഇതാണ്​ അവസ്​ഥ. ഒരിക്കൽ കോൺഗ്രസ്​ അടക്കി വീണ സംസ്​ഥാനങ്ങളിലാണ്​ കാലങ്ങളായി പ്രതിപക്ഷത്തിരിക്കുന്നത്​.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കോൺഗ്രസിന്​ എന്താണ്​ തടസം. വോട്ടിൻറ കണക്കുകൾ പറഞ്ഞ്​ പ്രവർത്തകരെ പിടിച്ച്​ നിർത്താമെങ്കിലും അതല്ലല്ലോ കാര്യം. കോൺഗ്രസിന്​ അധികാരത്തിൽ തിരിച്ച്​ വരേണ്ടതില്ലേ? വേണമെന്ന്​ എല്ലാവരും പറയു​േമ്പാഴും യഥാർഥ ചികിൽസയെ കുറിച്ച്​ ചിന്തിക്കുന്നില്ല. ചില ഹൃസ്വകാല ചികിൽസയെ കുറിച്ചാണ്​ എല്ലാവരും ചിന്തിക്കുന്നത്​. അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ സീറ്റ്​ കിട്ടാം, എങ്ങനെ ജയിക്കാമെന്നതിന്​ അപ്പുറത്തേക്ക്​ ആർക്കും അജണ്ടയില്ല. അതു പോര,കോൺഗ്രസ്​ ജനങ്ങളുടെ പാർട്ടിയാകണം. ജനങ്ങൾക്ക്​ വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ പാർട്ടി. ഇപ്പോൾ നേതാക്കൾക്ക്​ വേണ്ടി നേതാക്കളാൽ നയിക്കപ്പെടുന്ന നേതാക്കളുടെ പാർട്ടിയാണ്​ കോൺഗ്രസ്​. ഇൗ അവസ്​ഥ മാറിയേ തീരു.

കോൺഗ്രസ്​ ജനങ്ങളുടെ പ്രശ്​നങ്ങൾ ഏറ്റെടുക്കണം. നാട്ടിലെ ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ കോൺഗ്രസിന്​ കഴിയണം. രക്​തം വേണ്ടവർക്ക്​, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ, മരണ വീടുകളില ഒക്കെ കോൺഗ്രസ്​ ഉണ്ടാകണം. ഉടയാത്ത ഷർട്ടും മുണ്ടും ധരിച്ച്​ മൊബൈലിൽ ലൈവ്​ നൽകാനും സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യാനുള്ള ചിത്രങ്ങൾ എടുക്കാനും മാത്രമാകരുത്​ പ്രവർത്തനം. ഭുരിപക്ഷം പ്രാദേശിക നേതാടകകളുടെയും ശരീര ഭാഷയും വേഷവും സഞ്ചരിക്കുന്ന വാഹനവും ജനസേവകർക്ക്​ ചേർന്നതല്ല, രണ്ടും മൂന്നും മൊബൈൽ ഫോണുകൾ, സഹായികൾ……. ഇതൊന്നും ജനങ്ങൾക്ക്​ ദഹിക്കില്ല.

അമ്മേ ഞങ്ങൾ പോകുന്നു വന്നില്ലെങ്കിൽ കരയരുത്​ എന്ന മുദ്രാവാക്യം കേട്ട്​ ഉണർന്നതാണ്​ ഒരിക്കൽ കേരളം. കേരള വിദ്യാർഥി യുണിയൻ മുറുകെ പിടിച്ച മുദ്രാവാക്യം. എന്നാൽ ഇന്നോ? അമ്മേ ഞങ്ങൾ പോകുന്നു, മന്ത്രിയായി തിരിച്ച്​ വരും. എന്നായി മാറി. ഇത്​ മാറണം. അധികാരത്തിന്​ വേണ്ടിയാകരുത്​ കോൺഗ്രസ്​ പ്രവർത്തനം. പഞ്ചായത്ത്​ തുടങ്ങി പാർലമെൻറ്​ വരെയുള്ള സ്​ഥാനങ്ങൾക്ക്​ വേണ്ടി എന്ന ഏകലക്ഷ്യത്തോടെ രാഷ്​ട്രിയ പ്രവർത്തനം മാറിയതാണ്​ കോൺഗ്രസിന്​ സംഭവിച്ച ഏറ്റവും വലിയ അപചയം. കേരള വിദ്യാർഥി യുണിയൻ നേതാക്കൾക്ക്​ സീറ്റ്​ ലഭിക്കുമെന്ന്​ വന്നതോടെ അധികാരത്തിലേക്കുള്ള ചവുട്ടി പടിയായി വിദ്യർഥി സംഘടനയെ മാറ്റി. സംഘടനയില്ലെങ്കിലും തലപ്പത്ത്​ എത്തുകയെന്ന ചിന്തയിൽ പല അഡ്​ജസ്​റ്റ്​മെൻറുകളും നടക്കുന്നു.

കോൺഗ്രസ്​ നിലനിൽക്കണം. രാഷ്​ട്രം നിലനിൽക്കണമെങ്കിൽ കോൺഗ്രസ്​ ഉണ്ടായെ തീരുവെന്ന്​ മോദി ഭരണത്തിലുടെ ജനങ്ങൾ മനസിലാക്കുന്നു. സമൂഹ മാധ്യമങ്ങളിൽ രാജ്യത്തിൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചർച്ചകളിലും ഇത്​ പ്രകടമാണ്​.അവരും ചോദിക്കുന്നു-പാർടി ഇല്ലാതെ ആർക്ക്​ വോട്ട്​ ചെയ്യും. പുതിയ തലമുറ എന്ത്​ കൊൺഗ്രസിന്​ വോട്ട്​ ചെയ്യണമെന്ന്​ പഠിപ്പിക്കാനും കഴിയുന്നില്ല. അതുണ്ടാകണമെങ്കിൽ വിദ്യാർഥി സംഘടന സജീവമാകണം.

സമുഹ മാധ്യമങ്ങളെ സി പി എം അടക്കം ഫലപ്രദമായി ഉപയോഗിക്കുന്നത്​ കോൺഗ്രസ്​ അറിയുന്നില്ല. പാർട്ടിയുടെ പോക സംഘടനകൾക്ക്​ എന്ന പോലെ ക്ലബ്ബ്​ ഹൗസിലടക്കം യോഗങ്ങളും നേതാക്കളുടെ പ്രസംഗങ്ങളും നടക്കുന്നു. ബി ജെ പിയും  സംഘ്​പരിവാറുകളും ഇത്തരം യോഗങ്ങൾ നടത്തുന്നുണ്ട്​.

കോൺഗ്രസ്​ ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിയണം. അധികാരത്തിന്​ വേണ്ടിയുള്ള പാർട്ടി മാത്രമായി മാറരുത്​. അങ്ങനെയൊരു ചിന്ത കഴിഞ്ഞ കുറെ കാലമായി വളർന്ന്​ വന്നത്​ കൊണ്ടാണ്​ അധികാരം നഷ്​ടപ്പെടു​േമ്പാൾ മുതിർന്ന നേതാക്കളടക്കം അധികാരമുള്ള പാർട്ടിയിലേക്ക്​ കൂറ്​ മാറുന്നത്​.അധികാരമല്ല, ജനങ്ങളാണ്​ വലുതെന്ന ചിന്തയാണ്​ വളർന്ന്​ വരേണ്ടത്​.ഒപ്പം അഴിമതി വിമുക്​ത കോൺഗ്രസ്​ എന്ന മുദ്രാവാക്യവും നടപ്പാക്കണം. കോൺഗ്രസ്​ അടിമുടി മാറണം. അതിന്​ കഴിയുമോ എന്നതാണ്​ ചോദ്യം.


എം.ജെ.ബാബു