മൂന്നാറിലെ ഭൂമി പ്രശ്നം തെക്ക് പടിഞ്ഞാറൻ മൺസുൺ പോലെയാണ്. ഇടക്ക് ശക്തിപ്പെടും. അപ്പോൾ കരുതും ഇപ്പോൾ എല്ലാം ശരിയാകുമെന്ന്. ഉടൻ ശാന്തമാകും. വീണ്ടും പഴയത് പോലെ. ഭൂമി പ്രശ്നം പരിഹരിക്കാൻ പലർക്കും താൽപര്യമില്ല. പ്ലാവില കാട്ടി ആടിനെ കൊണ്ടു പോകുന്നത് പോലെ നീളുന്നു. അല്ലെങ്കിൽ പിഴ ഇൗടാക്കി അനധികൃത കയ്യേറ്റങ്ങൾക്ക് നിയമസാധുത നൽകാനുള്ള നിർദേശം അംഗീകരിക്കുമായിരുന്നല്ലോ.
പക്ഷെ, എനിക്ക് പയറാനുള്ളത് അതല്ല. മൂന്നാറിലെ ഭൂമി പ്രശ്നത്തിലെ വലിയൊരു നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമുണ്ട്. കണ്ണൻ ദേവൻ മലകളെ സംരക്ഷിച്ചത് നമ്മുടെ പൂർവികരാണ്. ഇവിടെ തേയിലചെടി നടാൻ വന്നവരും മരുന്നടിക്കാൻ എത്തിയവരും ഫാക്ടറി ജീവനക്കാരും സ്റ്റാഫും തുടങ്ങി ടൗണിലെ കച്ചവടക്കാരും ചുമട്ടുകാരും ടാക്സി ഡ്രെവറന്മാരും ഒക്കെ ചേർന്നാണ് ഇൗ ഭൂമി സംരക്ഷിച്ചത്. അവർ കൂര വെക്കാനോ പച്ചക്കറി നടാനോ ഭൂമി കയ്യേറാതെ ഇരുന്നതിനാലാണ് ഇപ്പോൾ റിസോർട്ട് ഉയർന്നത്. മൂന്നാറിൽ ജനിച്ച് വളർന്നവരുടെ മുൻതലമുറ കയ്യേറാതെ സംരക്ഷിച്ച ഭൂമി മലകയറി വന്നവർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജമായും അല്ലാതെയും സ്വന്തമാക്കി. ഇതിൽ കടുത്ത മനുഷ്യവകാശ ലംഘനമുണ്ട്. ഇൗ മണ്ണിൽ ജനിച്ച് വളർന്നവർ വീട് വെക്കാൻ സ്ഥലമില്ലാതെ അലയുേമ്പാഴാണ് മുന്നാറുമായി യാതൊരു ബന്ധവുമില്ലാത്തവർ ഭൂമി വ്യാജ രേഖയിലൂടെ സ്വന്തമാക്കിയത്. ഇത് നിലവിലെ മിച്ചഭൂമി വിതരണ നിയമത്തിെൻറയും ലംഘനമാണ്. മിച്ചഭൂമി വിതരണം ചെയ്യുേമ്പാൾ ആ വില്ലേജിലുള്ളവർക്കാണ് മുൻഗണന.ഇവിടെ കണ്ണൻ ദേവൻ വില്ലേജിലെ പട്ടികജാതിക്കാരായ ഭവന രഹിതരെ പോലും അധികൃതർ അവഗണിച്ചു. പണവും സ്വാധീനവും ഉപയോഗിച്ചുള്ള അവഗണന.ഇതാണ് പരിഹരിക്കേണ്ടത്. കെ.ഡി.എച്ച് വില്ലേജിൽ ജനിച്ച് വളർന്നവർക്ക് വീടും ഭൂമിയും നൽകിയിട്ട് മതി സർക്കാർ ഭൂമി റിസോർട്ട് മാഫിയക്ക് പതിച്ച് നൽകാൻ. ഇതിന് ഏതൊക്കെ രാഷ്ട്രിയ കക്ഷികൾ രംഗത്ത് വരുമെന്ന് നോക്കി കാണാം.