Pages

21 December 2016

പൊമ്പിളൈ ഒറ്റുമൈയുടെ തകര്‍ച്ചക്ക് പിന്നില്‍



2015  സെപ്തംബര്‍ ഏഴിന് മൂന്നാര്‍ ഉണര്‍ന്നത് ഐതീഹാസികമായ സമരത്തിന് സാക്ഷ്യം വഹിക്കനായിരുന്നു. ഒരു കൊടിയുടെയും പിന്‍ബലമില്ലാതെ തേയില തോട്ടത്തിലെ സ്ത്രി തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെ മൂന്നാറിലേക്ക് ഒഴുകിയത്തെി. ട്രേഡ് യൂണിയനുകളെ മാത്രമല്ല, രാജ്യത്തെ തന്നെ ഞെട്ടിച്ച സമരം. മുന്നാര്‍ ടൗണ്‍ നിരവധിയായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുണ്ടെങ്കിലും അത്തരമൊരു സമരം ആദ്യമായിരുന്നു. പക്ഷെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അന്തര്‍ദേശിയ ശ്രദ്ധ നേടിയ  സ്ത്രീകളുടെ ആ കൂട്ടായ്മക്ക്  എന്തു  സംഭവിച്ചുവെന്നും ആരും അന്വേഷിച്ചില്ല.
2015 സെപ്തംബര്‍ രണ്ടിനു നടന്ന ദേശീയ പൊതു പണിമുടക്ക് വേദിയിലേക്ക് പെരിയവരൈയില്‍ നിന്നുള്ള ഏതാനം  സ്ത്രീ തോട്ടം തൊഴിലാളികള്‍, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ചപ്പാണിമുത്തിന്‍റെ നേതൃത്വ ത്തില്‍ എത്തുന്നതോടെയാണ് ബോണസ് പ്രതിഷേധം ആരംഭിക്കുന്നത്. അവര്‍ എത്തിയത്  യൂണിയന്‍ നേതാക്കളോട് പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ്. പത്തു ശതമാനം ബോണസ് മാത്രം നല്‍കുകയും അതില്‍ പ്രതിഷേധിച്ച് ചട്ടപ്പടി ജോലി ആരംഭിക്കുകയും ചെയ്തപ്പോള്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ട യൂണിയനുകള്‍, ചട്ടപ്പടി ജോലി പാടില്ളെന്ന് പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. പിന്നിട് അഞ്ചു ദിവസം കൂടി കഴിഞ്ഞാണ് കരിങ്കൊടിയുമായി സ്ത്രീ തൊഴിലാളികള്‍ സമരത്തിന് എത്തുന്നത്. ഈ ദിവസങ്ങള്‍ക്കിടയിലാണ് സമരത്തിന് ഒരുക്കങ്ങള്‍ നടന്നത്.  ഒമ്പതു നാള്‍ കണ്ണന്‍ ദേവന്‍ കുന്നിലെ തോട്ടം മേഖല  സ്തംഭിച്ചു. ബോണസും എക്സ്ഗ്രേഷ്യയുമടക്കം 20 ശതമാനം വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്.
എന്തായിരുന്നു സമരത്തിന്‍െറ കാരണം?
തൊഴിലാളികള്‍ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍റേഷന്‍ കമ്പനിയില്‍  പത്തു ശതമാനം ബോണസ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അസ്വസ്ഥത പുകഞ്ഞു തുടങ്ങിയിരുന്നു. ആഗസ്ത് 24നാണ് ബോണസ് പ്രഖ്യാപിച്ചത്. 5.02കോടി രൂപയാണ് കമ്പനിയുടെ ലാഭമെന്നാണ് കമ്പനി അറിയിച്ചത്. തൊട്ടുതലേ വര്‍ഷം 19 ശതമാനമായിരുന്നു ബോണസ്. ആ വര്‍ഷം 15.55 കോടി രൂപയായിരുന്നു ലാഭമെന്നും ഒരു വര്‍ഷം കൊണ്ടു തേയില വിലയില്‍ 68 ശതമാനം ഇടിവുണ്ടായെന്നും കമ്പനി പറയുന്നു. എന്നാല്‍, 20 ശതമാനം ബോണസെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. തുടര്‍ന്ന് മൂഖ്യമന്ത്രിയും മന്ത്രിയും  തിരുവനന്തപുരത്തും കൊച്ചിയിലും വിളിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തതും സ്ത്രീ തൊഴിലാളികളാണ്.
അംഗീകൃത യൂണിയനുകളെ മാറ്റി നിര്‍ത്തിയാണ് സ്ത്രീ തൊഴിലാളികള്‍ സമരം ചെയ്തതു. ഇവര്‍ക്ക് പിന്തണുയുമായി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍,  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, അന്നത്തെ  മന്ത്രി പി.കെ .ജയലഷ്മി, പി.കെ.ശ്രീമതി, ബിന്ദു കൃഷ്ണ, സാറാ ജോസഫ് തുടങ്ങി വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കള്‍ എത്തി. സ്ത്രീ കൂട്ടായ്മക്ക് മുന്നില്‍ ഒടുവില്‍ മാനേജ്മെന്‍റ് വഴങ്ങി. അങ്ങനെ സമരം അവസാനിച്ചു.  ഇതിന്‍െറ തുടര്‍ച്ചയായി സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും തേയില തോട്ടം തൊഴിലാളികള്‍ സമരത്തിനിറങ്ങി. കൊല്ലം   തെന്മലയിലും വയനാട്ടിലും പാലക്കാട്   നെല്ലിയാമ്പതിയിലും സമരം നടന്നത് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ്. ശമ്പളവര്‍ധനവിനുവേണ്ടി മൂന്നാറിലും ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി. ഇതിന് ബദലായി പൊമ്പിളൈ ഒരുമൈ ആദ്യം പണിമുടക്കില്‍നിന്നും വിട്ടുനിന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. പിന്നീട് ഇവരും സമാന്തരമായി പണിമുടക്കി മൂന്നാര്‍ ടൗണിലത്തെി. എന്നാല്‍ പഴയതുപോലെ ഏശിയില്ല.
ഒരു വര്‍ഷത്തിന് ശേഷം ഒരു ബോണസ് കാലംകൂടി വന്നു. പഴയത് പോശല്‍ പത്തുശതമാനം ബോണസാണ് നല്‍കിയത്.എന്നാല്‍,ഒരു കോണില്‍ നിന്ന് പോലും പ്രതിഷേധം ഉയര്‍ന്നില്ല.

പൊമ്പിളൈ ഒറ്റുമൈക്ക് എന്ത് സംഭവിച്ചു
ബോണസ് പ്രശ്നതിന്‍റ പേരില്‍സ്വയം പൊട്ടിപുറപ്പെട്ടതായിരുന്നില്ല, സ്ത്രീകളുടെ സമരം. അതിന് പിന്നില്‍ ദീര്‍ഘനാളത്തെ ആസൂത്രണവും കൃത്യമായ രാഷ്ട്രിയ അജണ്ടയുമുണ്ടായിരുന്നു. മൂന്നാറില്‍ വേരുകളുള്ള ജാതിസംഘടനയുടെ ചില നേതാക്കള്‍ക്ക് എതിരെയായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ബോണസിനെ വൈകാരിക വിഷയമാക്കി മാറ്റിയെന്ന് മാത്രം. ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.ടി, സി.ഐ.ടി.യു എന്നീ അംഗീകൃത യൂണിയനുകള്‍ക്ക് എതിരെ കാലങ്ങളായി തോട്ടം മേഖലയില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. ഒരു തമിഴ് സംഘടന തയ്യറാക്കിയ ഡോക്യുമെന്‍ററിയില്‍ നേതാക്കളെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ഇതു നേരത്തെ എസ്റ്റേറ്റുകള്‍തോറും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനും പുറമെയാണ്  തോട്ടം തൊഴിലാളി നേതാക്കളുടെ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തു വന്നത്. പൊമ്പിളൈ ഒറ്റുമൈ സമരത്തിന്‍റ പിതൃത്വവും ആ സംഘടന അവകാശപ്പെട്ടിരുന്നു.
പഴയത് പോലെ വീടുകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നില്ല. മുമ്പ് പശു വളര്‍ത്തല്‍ തോട്ടം തൊഴിലാളികളുടെ വരുമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കമ്പനി നിയന്ത്രണം കൊണ്ടുവന്നു. രണ്ടു പശുക്കളെ മാത്രമേ ഒരു കുടുംബത്തിന് വളര്‍ത്താന്‍ അനുമതിയുള്ളു. എസ്റ്റേറ്റിന് പുറത്തു നിന്നും പശുവിനെ വാങ്ങാന്‍ പാടില്ല. പശു തേയിലത്തോട്ടത്തില്‍ കയറിയാല്‍ ആയിരം രൂപവരെയാണ് പിഴ. ഇതിന് പുറമെയാണ് ഇന്‍സെന്‍റീവ് തര്‍ക്കം. ഇതൊക്കെ സമരത്തിന് ആയുധമാക്കി മാറ്റി.
നേരത്തെ തയ്യറാക്കിയ തിരക്കഥയനുസരിച്ചാണ് സ്ത്രി തൊഴിലാളികളുടെ സമരം ആരംഭിച്ചതെങ്കിലും മാധ്യമങ്ങളുടെ ഇടപ്പെടല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ഒരു ഘട്ടത്തിലും ഇല്ലാതിരുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ലിസി സണ്ണിയെ മാധ്യമങ്ങള്‍ നേതാവായി അതവരിപ്പിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ കാരണം. മലയാളിയായ ലിസിയെ മാധ്യമങ്ങള്‍, അവരുടെ സൗകര്യത്തിന് വേണ്ടി അവതരിപ്പിച്ചതോടെ ലിസി സ്വയം പൊമ്പളൈ ഒറ്റുമയുടെ നേതാവായി.  തമിഴ് തോട്ടം തൊഴിലാളികളായ ഗോമതി, ഇന്ദ്രാണി എന്നിവരെയും മാധ്യമങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ഭാഷാ അവര്‍ക്ക് പ്രശ്നമായി. പൊമ്പിളൈ ഒരുമൈ എന്ന പേരു ചാര്‍ത്തിയതും മാധ്യമങ്ങളാണ്.
ഇതിനിടെ, സമരത്തിന് വേണ്ടി ലോകത്തിന്‍റ വിവിധ കോണുകളില്‍  നിന്നും പണമത്തെിയെന്നാണ് പറയുന്നത്. നേരിട്ട് പിന്തുണ അറിയിക്കാനത്തെിയവരും സാമ്പത്തിക സഹായം നല്‍കി. ഇതു കൂട്ടായ്മക്കിടയില്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.  പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതും ആരൊക്കെ മല്‍സരിക്കുമെന്നതും തര്‍ക്കത്തിന് കാരണമായി. എന്തായാലും ബ്ളോക് പഞ്ചായത്തിലേക്ക് ഗോമതിയെയും മൂന്നാര്‍ ഗ്രാമപഞ്ചായത്തിലേക്ക് രണ്ട് അംഗങ്ങളെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഗോമതി പിന്നീട് പൊമ്പിളൈ ഒരുമൈ വിട്ടു. ഗ്രാമ പഞ്ചായത്തംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.
സമരം സംഘടിപ്പിക്കുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ അപ്രസ്കതരാക്കി, മൂന്നാറിന് പുറത്ത് നിന്നും  വിവാഹിതയായി എത്തിയ ലിസി  മാധ്യമങ്ങളുടെ സഹായത്തോടെ സംഘം പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. ഇതു മറ്റൊരു തലത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്തായാലും വൈകാതെ ലിസിയും സംഘവും എ.എ.പിയില്‍ ലയിച്ചു. അവര്‍ പൊമ്പിളൈ ഒരുമൈ എന്നത് ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്തു. മൂന്നാര്‍ ടൗണില്‍ ആഫീസും തുറന്നു.
സ്ത്രീ തൊഴിലാളി കൂട്ടായ്മ പരാജയപ്പെട്ടതോടെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ശക്തരാവുകയും സാധാരണ തൊഴിലാളികളുടെ വിലപേശല്‍ ശേഷി ഇല്ലാതാവുകയും ചെയ്തു. ഇതിനിടെ, സമരത്തിന്‍റ പിതൃത്വം അവകാശപ്പെട്ട തീവ്രവാദ സംഘടനയെ കുറിച്ച് വിവരങ്ങള്‍ കേള്‍ക്കാതായി.എന്നാല്‍, അതു താല്‍ക്കാലികം മാത്രമാണെന്നാണ് പറന്നത്. അവര്‍ ഇപ്പോഴും പിന്നാമ്പുറത്തുണ്ടത്രെ.



No comments:

Post a Comment