Pages

16 September 2016

കാവേരിയും കേരളവും


കര്‍ണാടകയിലെ മെര്‍ക്കാറയില്‍നിന്നും ഉല്‍ഭവിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന കാവേരിയിലും കേരളത്തിലും പങ്കാളിത്തമുണ്ട്. 800 കിലോമീറ്ററാണ് കാവേരിയുടെ നീളം. കേരള, കര്‍ണാടക, തമിഴ്നാട്, പുതുശേരി സംസ്ഥാനങ്ങളിലായി കാവേരി വ്യാപിച്ച് കിടക്കുന്നു. 2866 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വൃഷ്ടി പ്രദേശം. കര്‍ണാടകം -34273 ചതുരശ്ര കിലോമീറ്റര്‍, തമിഴ്നാട് -43868 ചതുരശ്ര കിലോമീറ്റര്‍, പുതുശേരി -148 ചതുരശ്ര കിലോമീറ്റര്‍ എന്നിവയടക്കം 81155 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം.കബനി, ഭവാനി, പാമ്പാര്‍ എന്നിവയാണ് കാവേരിയുടെ കേരളത്തിലെ പോഷക നദികള്‍.
കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളാണ് കാവേരിയില്‍ ചേരുന്നത്. കബനിയില്‍  നിന്നും 97 ടി. എം. സിയും ഭവാനിയില്‍ നിന്നും 35 ടി. എം. സിയും പാമ്പാറില്‍ നിന്നും 15 ടി. എം. സിയും വെള്ളമാണ് കാവേരിയില്‍ എത്തുന്നത്. 147 ടി. എം. സിയാണ് കേരളത്തിന്‍െറ സംഭാവനയെങ്കിലും ഇത് കാവേരിയിലെ ആകെ ജലത്തിന്‍െറ 20 ശതമാനം വരും. ഇതനുസരിച്ച് 99.8 ടി. എം. സി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ടെങ്കിലും ആ പരിഗണനയൊന്നും ലഭിച്ചില്ല.
കാവേരി തര്‍ക്കം -അല്‍പം ചരിത്രം
ചോള രാജാക്കന്മാര്‍ കാവേരിക്ക് കുറുകെ അണകെട്ടുന്നതോടെ തുടങ്ങുന്നു കാവേരിയിലെ ജല ഉപയോഗം. തഞ്ചാവൂരിലെ തമിഴ്നാടിന്‍െറ നെല്ലറയാക്കിയത് കാവേരി വെള്ളമാണ്. 19-ാം നൂറ്റാണ്ടില്‍ ജലസേചന പദ്ധതികള്‍ക്ക് മൈസൂര്‍ സ്റ്റേറ്റ് തുടക്കമിട്ടതോടെയാണ് തര്‍ക്കത്തിന്‍െറ ഉല്‍ഭവം. ഇതേ തുടര്‍ന്ന് 1892-ല്‍ മദിരാശിയും മൈസൂരും കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇരു രാജ്യങ്ങളും വന്‍ പദ്ധതികളെ കുറിച്ച് ചിന്തിച്ചപ്പോള്‍ 1924-ല്‍ മറ്റൊരു കരാറും ഒപ്പിട്ടു. ഇതനുസരിച്ചാണ് മൈസൂര്‍ സര്‍ക്കാര്‍ 44.827 ടി.എം.സി അടി ശേഷിയുള്ള കൃഷ്ണരാജ സാഗര്‍ അണക്കെട്ടും മദിരാശി സര്‍ക്കാര്‍ 93.5 ടി.എം.സി അടി ശേഷിയുള്ള മേട്ടൂര്‍ അണക്കെട്ടും നിര്‍മിച്ചത് ഈ കരാറിന്‍െറ അടിസ്ഥാനത്തിലാണ്. മൈസൂരില്‍ 2,35,000 ഏക്കര്‍ ആയക്കെട്ടിലും മദിരാശിയില്‍ 3,01,000 ഏക്കര്‍ ആയക്കെട്ടിലുമാണ് 1924-ലെ കരാര്‍ പ്രകാരം ജലസേചനം ലഭ്യമായത്. 50 വര്‍ഷത്തിന് ശേഷം പുനരവലോകനത്തിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അധിക ജലമുണ്ടെങ്കില്‍ അത് പങ്കിടാനും നിര്‍ദേശിക്കുന്നു. എന്നാല്‍, 1924-ലെ കരാറില്‍ കാവേരി താഴ്വരയിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നില്ല.
മദിരാശി, മൈസൂര്‍ സര്‍ക്കാറുകള്‍ ഒപ്പിട്ട കരാറില്‍ നിന്നും തിരുവിതാംകൂറും കൂര്‍ഗും ഒഴിവാക്കപ്പെട്ടു. 1956-ല്‍ സംസ്ഥാനങ്ങളുടെ പുനരേകീകരണത്തോടെ കാവേരി കരാര്‍ പുതുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതേസമയം 1958-‘68 കാലഘട്ടത്തില്‍ കര്‍ണാടകം നാല് സംഭരണികളുടെ നിര്‍മാണം പൂര്‍ത്തയാക്കി. ഹരംഗി, കബിനി, ഹേമാവതി, സുവര്‍ണവതി എന്നിവയാണ് ഈ അണക്കെട്ടുകള്‍. 59.1 ടി.എം.സി അടിയാണ് സംഭരണ ശേഷി 13.25 ലക്ഷം ഏക്കര്‍ പ്രദേശത്ത് ജലസേചനം ലക്ഷ്യമിട്ടിരുന്നു. ഈ അണക്കെട്ടുകളുടെ നിര്‍മാണത്തെ തമിഴ്നാട് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് 1968 ആഗസ്റ്റില്‍ അന്നത്തെ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എം. കരുണാനിധി, കര്‍ണാടക മുഖ്യമന്ത്രി വീരേന്ദ്രപാട്ടില്‍ എന്നിവരുമായി കേന്ദ്ര ജലവിഭവ മന്ത്രി ഡോ. കെ.എല്‍. റാവു ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് 1969 ഏപ്രില്‍ 16-ന് തമിഴ്നാട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. 1924-ലെ കരാര്‍ പാലിക്കണമെന്നും നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതനുസരിച്ച് ചര്‍ച്ച നടന്നുവെങ്കിലും ഫലം കാണാതെ വന്നതോടെ, തര്‍ക്കം ട്രൈബ്യൂണലിന് വിടണമെന്നാവശ്യപ്പെട്ട് 1970 ഫെബ്രുവരിയില്‍ തമിഴ്നാട് കേന്ദ്രത്തിന് കത്ത് നല്‍കി. ഇതിന്‍െറ തുടര്‍ച്ചയെന്നോണം നടന്ന ചര്‍ച്ചകളില്‍ കേരളത്തെയും ക്ഷണിച്ചിരുന്നു.
1970 ഏപ്രില്‍, മെയ്, ജുലൈ മാസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ കേരള മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു.
1971 ആഗസ്റ്റിലാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒ.എസ്. 1/71 നമ്പറിലായിരുന ഹരജി. ഇതിന് പിന്നാലെ ഒ.എസ് 2/71 എന്ന നമ്പറില്‍ കേരളവും ഹരജി നല്‍കി.
എന്നാല്‍, പിറ്റേ വര്‍ഷം തമിഴ്നാട് ഹരജി പിന്‍വലിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരം 1972 മെയ് 29-ന് കേരള, തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര ജലവിഭവ മന്ത്രി വിളിച്ച് കൂട്ടുകയും വസ്തുതാ പരിശോധന കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1972 ജൂണില്‍ വസ്തുതാ പരിശോധന കമ്മിറ്റിയെ നിയോഗിക്കുകയും അതേവര്‍ഷം ഡിസംബര്‍ 15-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1973 ആഗസ്റ്റ് 14-ന് അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, തമിഴ്നാട് റിപ്പോര്‍ട്ടുകള്‍ നിരാകരിച്ചു. എങ്കിലും ചര്‍ച്ചകള്‍ തുടര്‍ന്നു. 1976 ആഗസ്റ്റ് 27-ന് കേന്ദ്ര കൃഷി -ജലസേചന മന്ത്രി ജഗജീവന്‍റാം പാര്‍ലിമെന്‍റില്‍ കാവേരിജലം പങ്കിടലുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി. തമിഴ്നാട് രാഷ്ട്രപതി ഭരണത്തിലിരിക്കെയായിരുന്നു ഇത്. തമിഴ്നാടിന് 489 ടി.എം.സി, കര്‍ണാടകക്ക് 177 ടി.എം.സി, കേരളത്തിന് അഞ്ച്  ടി.എം.സിയും അധികം വരുന്ന ജലം 30:53:17 എന്ന തരത്തില്‍ തമിഴ്നാടിനും കര്‍ണാടകത്തിനും കേരളത്തിനുമായി പങ്കിടാനും നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍, തമിഴ്നാടും കര്‍ണാടകയും ഈ നിര്‍ദേശം അംഗീകരിച്ചില്ല. തുടര്‍ന്നും കൂടിയാലോചനകളും ചര്‍ച്ചകളും നീണ്ടു.
1990 ജൂണ്‍ രണ്ടിലെ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചിത്തതോഷ് മുഖര്‍ജി ചെയര്‍മാനായി കാവേലി ജല തര്‍ക്ക ട്രൈബ്യൂണല്‍ നിയമിക്കപ്പെടുന്നത്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ഡി. അഗര്‍വാള്‍, പാറ്റ്ന ഹൈക്കോടി ജഡ്ജി ജസ്റ്റിസ് എന്‍.എസ്. റാവു എന്നിവര്‍ അംഗങ്ങളായിരുന്നു. 1983-ല്‍ ‘തമിഴ്നാട് കാവേരി നീര്‍പാസന വിലൈപെരുള്‍കള്‍ വ്യവസായികള്‍ നല ഉരിമൈ പാതുകാപ്പ് സംഘം’ നല്‍കിയ ഹരജിയിലെ സുപ്രീം കോടതി വിധിയനുസരിച്ചായിരുന്നു ട്രൈബ്യൂണറലിന്‍െറ നിയമനം. 1990 മെയ് നാലിലെ വിധിയനുസരിച്ച് ഒരു മാസത്തിനകം ട്രൈബ്യൂണല്‍ രൂപവത്കരിച്ച് ഉത്തരവിറക്കണമായിരുന്നു. തുടക്കത്തില്‍ ജസ്റ്റിസ് ചിത്തതോഷ് മുഖര്‍ജിയായിരുന്നു ചെയര്‍മാനെങ്കിലും 1996 ജൂണില്‍ അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് ‘96 ഡിസംബര്‍ 11-ന് ജസ്റ്റിസ് എന്‍.പി. സിംഗിനെ ചെയര്‍മാനായി നിയമിച്ചു. 2002 നവംബര്‍ 26-ന് ജിസ്റ്റിസ് എസ്.ഡി. അഗര്‍വാല്‍ അന്തരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് സുധീര്‍ നാരായന്‍ പകരക്കാരനായി ട്രൈബ്യൂണലിന്‍െറ ആദ്യ സിറ്റിംഗില്‍ തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടുവെങ്കിലും അതിന് അധികാരമില്ളെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. പിന്നീട് സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 205 ടി.എം.സി വെളളം ഓരോ വര്‍ഷവും തമിഴ്നാടിന് മേട്ടൂര്‍ ഡാമില്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതില്‍ ആറ് ടി.എം.സി പോണ്ടിച്ചേരിക്ക് തമിഴ്നാട് നല്‍കുകയും വേണം.
കാവേരി ട്രൈബ്യൂണല്‍ 580 സിറ്റിംഗ് നടത്തിയും ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചുമാണ് അവസാന ഉത്തരവ് പുറപ്പെടുവിച്ചത്.

No comments:

Post a Comment