ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പ്പൊട്ടലായിരുന്നു.എന്തെങ്കിലും ജനകീയ പ്രശ്നങ്ങളുടെ പേരിലായിരുന്നില്ല, മറിച്ച് കിച്ചണ്‍ കാബിനറ്റിലെ മേല്‍ക്കോയ്മയുടെ പേരിലായിരുന്നുവെന്ന് മാത്രം. ഇതു സമാജ്വാദി പാര്‍ട്ടിയുടെ മാത്രം ഉള്‍പ്പാര്‍ട്ടി പ്രശ്നമാണെന്ന് പറഞ്ഞ് തള്ളികളയാന്‍ വരട്ടെ. രാജ്യത്തെ ഏതാണ്ട് എല്ലാ പ്രാദേശിക പാര്‍ട്ടികളിലും ഇപ്പോള്‍ കുടുംബ വാഴ്ചയുടെ കാലമാണ്. അതില്ലാത്തത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അണ്ണാ ഡി എം കെ മാത്രമാണെന്ന് പറയാം.
നേരത്തെ കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയായിരുന്നു ദേശിയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നത്. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇതിന് ചുവട് പിടിച്ച് പല പാര്‍ട്ടികളിലും മക്കള്‍ രാഷ്ട്രിയം ചുട് പിടിച്ച ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളിലൊക്കെ കുടുംബ ഭരണമാണ്.
പിന്നാക്കക്കാരുടെ മിശിഹ എന്നാണ് ഉത്തര്‍പ്രദേശില മൂലയംസിങ് യാദവിനെ വിശേഷിപ്പിച്ചിരുന്നത്. അദേഹത്തിന് പിന്നാലെ മകന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി. മരുമകള്‍ പാര്‍ലമെന്‍റില്‍. സഹോദരന്‍ മന്ത്രി. കുടുംബാംഗങ്ങളൂടെ അധികാര തര്‍ക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദേശിയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. അവിടെ ബി.എസ്.പിയുടെ അവസാനവാക്കായ മായാവതി അവിവാഹിയാണെങ്കിലും അടുത്ത ബന്ധുക്കളില്‍ ചിലര്‍ അനന്തരാവകാശിയായി ഉണ്ടെന്ന് കേട്ടിരുന്നു.
ഇങ്ങ്, നമ്മൂടെ തൊട്ടപ്പുറത്തെ തമിഴ്നടില്‍ ഡി.എം.കെയിലുണ്ടായ കൊട്ടാര വിപ്ളവം ഓര്‍മ്മയില്ളേ? എം.കരുണാനിധിയുടെ മക്കളായ അഴഗിരിയും സ്റ്റാലിനും കനിമൊഴിയും തമ്മിലടിച്ച് അവസാനം അഴഗിരി പാര്‍ട്ടിക്ക് പുറത്തായി. മാരന്‍ സഹോദരന്മാരും ഇവരുടെ കുടുംബത്തില്‍ നിന്നുള്ളവര്‍. ഡോ.രാമദാസ് പട്ടാളി മക്കള്‍ കക്ഷി രൂപീകരിച്ചത് തന്നെ മകന്‍ ഡോ.അന്‍പുമണിക്ക് വേണ്ടിയാണോയെന്നാണ് സംശയം. കേന്ദ്ര മന്ത്രിയായിരുന്ന മകനെ കഴിഞ്ഞ തവണ മുഖ്യമന്ത്രിയാക്കാനാണ് ‘ഡോക്ടറയ്യ’ ശ്രമിച്ചത്. നടന്‍ വിജയകാന്തിന്‍െറ പാര്‍ട്ടിയില്‍ ഭാര്യയാണ് നേതാവ്. മുമ്പ് എം.ജി.ആര്‍ മരിച്ചപ്പോള്‍ ഭാര്യ ജാനകി മുഖ്യമന്ത്രി കസേരയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലും എത്തിയെങ്കിലും ക്ളച്ച് പിടിച്ചില്ല. പാര്‍ട്ടി ജയലളിതക്കൊപ്പം പോയി. ജയലളിത അവിവാഹിതയായത് കൊണ്ടായിരിക്കാം പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തില്‍ സി.പി.ഐയിലായിരുന്നു ഏറെ പേര്‍ അവരുടെ മക്കളെ രാഷ്ട്രിയത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത്. കേരള കോണ്‍ഗ്രസിലാകട്ടെ മാണി,പിള്ള, ജോര്‍ജ് വിഭാഗങ്ങളിലാണ് മക്കള്‍ രാഷ്ട്രിയം. കെ.എം.മാണിയുടെ മകന്‍ ജോസ് കെ മാണി പാര്‍ലമെന്‍റംഗമാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശ്കുമാര്‍ രണ്ടു തവണ മന്ത്രിയായി. ഇപ്പോഴും എം.എല്‍.എയായി തുടരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ ലോകസഭംഗമായിരുന്നു. ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസിന്‍റ പിതാവ് മുന്‍ ആഭ്യന്തര മന്ത്രി പി.ടി.ചാക്കോ കോണ്‍ഗ്രസ് നേതാവായിരുന്നുവെങ്കിലും ഇദേഹത്തിന്‍റ നിലപാടുകളായിരന്നു കേരള കോണ്‍ഗ്രസ് രൂപീകരത്തിന് കാരണമായത്. പി.സി ജോര്‍ജ് എം.എല്‍.എയുടെ മകനും കേരള കോണ്‍ഗ്രസ് നേതാവാണ്. മുസ്ളിം ലീഗില്‍ നിരവധി പേരുണ്ട്-പിതാക്കളുടെ തണിലില്‍. സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ ഡോ.എം.കെ.മുനീര്‍, അവുക്കാദര്‍ കുട്ടി നഹയുടെ മകന്‍ പി.കെ.അബ്ദുറബ്ബ്, സീതി ഹാജിയുടെ മകന്‍ പി.കെ.ബശീര്‍ തുടങ്ങിയവര്‍. ആര്‍.എസ്.പിയൂടെ കരുത്തനായിരുന്ന ബേബി ജോണിന്‍റ മകന്‍ ഷിബു..........അങ്ങനെ.
കര്‍ണാടകത്തില്‍ ദേശിയ പാര്‍ട്ടിയെന്ന് പറയാവുന്ന ജനതാദളില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയൂടെ മകന്‍ കുമാരസ്വാമി രാഷ്ട്രിയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. ആന്ധ്രയില്‍ ഭാര്യാപിതാവ് എന്‍.ടി.രാമറാവുവിന്‍റ ചുവട് പിടച്ചല്ല, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രിയത്തില്‍ വന്നത്. കോണ്‍ഗ്രസിലൂടെ മന്ത്രിയായെങ്കിലും പിന്നിട് ഭാര്യാപിതാവിന്‍റ പാര്‍ട്ടിയുടെ സുപ്രിമായി. അദേഹത്തിന്‍റ മകന്‍ ഇപ്പോള്‍ ടി ഡി പിയുടെ അമരത്തുണ്ട്. തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റ മകളാണ് കുടുംബവാഴ്ച നിലനിര്‍ത്തുന്നതിന് രംഗത്തുള്ളത്. ബീഹാറില്‍ ലല്ലു പ്രസാദിന്‍റ ഭാര്യ റാബ്റി ഇടക്കാലത്ത് മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ മക്കള്‍ മന്ത്രിമാരാണ്. കുടുംബം ഒന്നാകെ രാഷ്ട്രിയത്തിലുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന കുടുംബ പാര്‍ട്ടിയാണ്. ദേശിയ പാര്‍ട്ടിയായ എന്‍.സി.പിയിലും സ്ഥിതി വ്യത്യസ്തമല്ല, പാര്‍ട്ടി സുപ്രിം ശരത് പവാറിന്‍റ മകളും അടുത്ത ബന്ധുക്കളും അധികാരത്തിന്‍റ ഭാഗം. ജമ്മു-കാശമീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടി തലമുറ തലമുറ കൈമാറിയാണ് അധികാരം നിലനിര്‍ത്തിയിരുന്നത്. മൂന്ന് തലമുറ അവിടെ മുഖ്യമന്ത്രിയായി. ഇപ്പോള്‍ അധികാരത്തിലുള്ള പി.ഡി.പിയിലും സ്ഥിതിക്ക് മാറ്റമില്ല. തലമുറ കൈമാറി കിട്ടിയതാണ് മെഹബുബക്ക് മുഖ്യമന്ത്രി പദവി. പശ്ചിമ ബംഗാളില്‍ അവിവാഹിതയായ മമതയാണ് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റ മേധാവിയും. എന്നാല്‍, മമതയുടെ അടുത്ത ബന്ധു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തുന്നുവെന്നാണ് സൂചന.വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ്. മുന്‍ സ്പീക്കര്‍ പി.എ.സംഗ്മയുടെ മകള്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു.
അധികാര പാരമ്പര്യം നിലനിര്‍ത്താന്‍ ദേശിയ പാര്‍ട്ടിയേക്കാള്‍ സൗകര്യമാണ് പ്രാദേശിക പാര്‍ട്ടിയെന്നാണ് ഇതൊക്കെ നല്‍കുന്ന സൂചന.