Pages

26 February 2013

മൂന്നാറില്‍ എത്തുന്നവരൊക്കെ ഗസ്റ്റുകളാണ്.





‘അതിഥി ദേവോ ഭവ’... ഭാരതീയ പാരമ്പര്യത്തില്‍ വിരുന്നുകാരനാണ് താരം. ഹൃദ്യമായി സ്വീകരിച്ചും സമൃദ്ധമായി ഊട്ടിയും അതിഥിയെ പരിചരിക്കണമെന്ന് സങ്കല്‍പം. മൂന്നാറില്‍ എത്തുന്നവരൊക്കെ അതിഥികളാണ്. പക്ഷെ, അടുത്ത കാലത്തായി മൂന്നാറെന്ന് കേള്‍ക്കുമ്പോള്‍ അതിഥികള്‍ക്ക് ഭയം.
മൂന്നാറില്‍ എത്തുന്നവരൊക്കെ ഗസ്റ്റുകളാണ്. ഓട്ടോയിലും ടാക്സിലയിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും തുടങ്ങി എല്ലായിടത്തും വിനോദ സഞ്ചാരികളെ ഗസ്റ്റുകളായാണ് പരിചരിക്കുന്നത്. എന്നാല്‍, അടുത്ത കാലത്തായി നല്ലതല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഗസ്റ്റുകള്‍ കണ്ണുനീരുമായി മലയിറങ്ങുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചില കടകളില്‍ വില്‍പനക്ക് വെച്ചിട്ടുള്ള സാധനങ്ങള്‍ എടുത്ത് നോക്കിയാല്‍ അവ വാങ്ങിയിരിക്കണം തുടങ്ങി പലവിധ ചട്ടങ്ങള്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ടത്രെ. പുറത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. പല പേരുകളിലായി പൊലീസ് പലതുണ്ടെങ്കിലും കാര്യമില്ല. അവരും ഗസ്റ്റുകള്‍ക്കള ഒപ്പമില്ല. മൂന്നാറില്‍ ജീവിക്കേണ്ടെയെന്നാണ് ന്യായീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് നിന്ന വന്ന നിരവധി ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടു. ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ മൂന്നാറിന്‍െറ നിലനില്‍പ് ചോദ്യം ചെയ്യപ്പെടും. കാശ്മീര്‍ താഴ്വര ഭീതി പരത്തിയതോടെയാണ് വിനോദ സഞ്ചാരികള്‍ തെക്കിന്‍െറ കാശ്മീരായ മൂന്നാറിനെ തേടിയത്തെിയത്. മൂന്നാറിലെ ഒരു സംഘം യുവാക്കള്‍ വര്‍ഷങ്ങളോളം നടത്തിയ പ്രവര്‍ത്തനങ്ങളാണ് മൂന്നാറിനെ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്തത്. മൂന്നാര്‍ മേളയും പുഷ്പമേളയും ഒക്കെയായി മൂന്നാറിനെ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഒരു സംഘം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരടക്കം സഹായിച്ചു. ഒന്നറിയുക, മൂന്നാറിന്‍െറ മേല്‍ ഒരു ചീത്ത പേര്‍ വീണാല്‍ അത് മായാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരും. മൂന്നാറില്‍ ടൂറിസ്റ്റുകള്‍ വരാതെയായാല്‍ ഇപ്പോഴത്തെ ആവേശമൊക്കെ കെട്ടടങ്ങും.
ഗസ്റ്റുകളെ ആ അര്‍ഥത്തില്‍ തന്നെ കാണണം. അവരില്‍ പല തരക്കാരുണ്ടാകും. അവര്‍ കുഴപ്പം കാട്ടിയാല്‍ അത്തരക്കാരെ പൊലീസിന് കൈമാറണം. അല്ലാതെ അവരെ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ ചീത്ത പേര് വീഴുക നാട്ടുകാര്‍ക്കായിരിക്കും.

04 February 2013

16വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനെല്ലി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍




ഞങ്ങള്‍ മൂന്നാറുകാര്‍ക്ക് സൂര്യനെല്ലി മറക്കാനാവാത്ത വേദനയാണ്.  മൂന്നാറില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലെയാണ് സൂര്യനെല്ലിയെന്ന ഗ്രാമമെങ്കിലും കണ്ണന്‍ ദേവന്‍ കുന്നുകളുടെ ഭാഗമായതിനാല്‍, തേയില തോട്ടമെന്ന കൂട്ട്കുടംബത്തിലെ അംഗങ്ങളാണ് ഈ നാട്ടിലുള്ളവര്‍. തേയില തോട്ടമെന്ന കൂട്ടകുടുംബത്തിന്‍െറ ഏക ടൗണെന്ന നിലയില്‍ മൂന്നാറുമായി ബന്ധപ്പെട്ട ജീവിതമാണ് എല്ലാവരുടെയും. അതിനാല്‍, തന്നെ മിക്കവാറും എല്ലാവര്‍ക്കും പരസ്പരം അറിയാം. മൂന്നാറും പരിസരവും ടൂറിസ്റ്റ് കേന്ദ്രമായി വളരുന്നതിന് മുമ്പായിരുന്നു അത്തരമൊരു കൂട്ടു കുടുംബ ബന്ധം.
1996 ജനുവരി 17നാണ് ആ പെണ്‍കുട്ടിയെ കണാതായ വിവരം പുറത്തറിയുന്നത്. മൂന്നാറിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍റയും സൂര്യനെല്ലിയിലെ നഴ്സമ്മയുടെയും മകളെന്ന നിലക്ക് ആ പെണ്‍കുട്ടി  അന്നത്തെ  മൂന്നാറുകാര്‍ക്ക് അന്യമായിരുന്നില്ല. ഇഷ്ടപ്പെട്ട യുവാവിനൊപ്പം ഒരു സാധാരണ ഒളിച്ചൊട്ടമെന്നതിനപ്പുറത്തേക്ക് ആരും അന്നതിനെ കണ്ടില്ല. എങ്കിലും അന്വേഷണം തുടര്‍ന്നു. പലരും പല വഴിക്ക് അന്വേഷിച്ചു. ആര്‍ക്കൊപ്പമാണ് പോയതെന്ന് പോലും തുടക്കത്തില്‍ കണ്ടത്തൊനായില്ല. കുട്ടിയെ കണാതായ വിവരം അന്നത്തെ എ.പി.പിയിലൂടെയാണ് അറിയുന്നത്. മൂന്നാര്‍ പൊലീസ് കേസെടുത്തതിനാല്‍ സ്വഭാവികമായും വാര്‍ത്ത നല്‍കി.മറ്റ് പത്രങ്ങളിലും വാര്‍ത്ത നല്‍കി.
ആ പെണ്‍കുട്ടിയുടെ ‘സ്വന്തം ഐഡന്‍റിന്‍റി’ അവസാനമായി വെളിപ്പെട്ടത് ആ വാര്‍ത്തയിലൂടെയാണ്. പിന്നിട് എല്ലാവര്‍ക്കും ആ പെണ്‍കുട്ടി സൂര്യനെല്ലിയിലെ കുട്ടിയാണ്. ഇന്ന് 32 വയസുണ്ടെങ്കിലും അവള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി തന്നെ. അന്ന് മുതല്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും നഷ്ടമായത് കുടുംബ, സാമൂഹ്യ ബന്ധങ്ങള്‍. പ്രണയിച്ച യുവാവിനൊപ്പം കുടുംബ ജീവിതം സ്വപ്നം കണ്ട് വീട് വിട്ടിറങ്ങി, സംസ്ഥാനം കണ്ട ഏറ്റവും വലിയ പെണ്‍വാണിഭ സംഘത്തിന്‍െറ പിടിയില്‍ നാല്‍പത് ദിവസം അകപ്പെട്ട പെണ്‍കുട്ടിക്ക് ലഭിച്ചത് ജീവിതകാലം മുഴുവന്‍ വിട്ട്പിരിയാത്ത രോഗങ്ങളും ഒറ്റപ്പെടലും. ഈ സംഭവത്തെ തുടര്‍ന്ന് മാനിസികമായി തളര്‍ന്നത് കുട്ടിയുടെ മാതാ പിതാക്കളും സഹോദരിയും മാത്രമല്ല, കുട്ടിയെ സ്വന്തം മകളെ പോലെ കരുതിയ പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകരുടെ കുടുംബങ്ങളും തകര്‍ന്നു.
നാല്‍പത് ദിനരാത്രങ്ങള്‍ പെണ്‍വാണിഭ സംഘത്തിന്‍െറ പിടിയിലായിരുന്ന പെണ്‍കുട്ടിയെ കന്യാകുമാരി മുതല്‍ കോഴിക്കോട് -വാണിമേല്‍ വരെ തെക്ക് വടക്കും എറണാകുളം മുതല്‍ കുമളി വരെ കിഴക്ക് പടിഞ്ഞാറും കൊണ്ട് നടന്നു. തമിഴ്നാടിലെ തേനിയിലും കമ്പത്തും കൊണ്ട് പോയി.  എത്രയോ പേര്‍ ഈ കുട്ടിയെ പീഡിപ്പിച്ചു. ധര്‍മ്മരാജനും ദേവസ്യാച്ചനും ഉള്‍പ്പെടെയുള്ള ചിലര്‍  എല്ലാ ദിവസം പീഡിപ്പിച്ചുവെന്ന് കുട്ടി തന്നെ മൊഴികൊടുത്തിരുന്നു. സാരമായ അസുഖം ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത  ദിനങ്ങളിലും വിശ്രമം നല്‍കിയില്ല. ഇതിനിടെ, രണ്ട് തവണ ആശുപത്രിയിലും കൊണ്ട് പോയി-അതും വ്യാജ പേരിലും. 96 ഫെബ്രുവരി 21ന് കുമളിയിലും ഫെബ്രുവരി 25ന് ഏലപ്പാറയിലും സ്വകാര്യ ആശുപത്രികളില്‍. ഒടുവില്‍ ഒന്നിനും കൊള്ളില്ളെന്ന് ബോധ്യപ്പെട്ട സംഘം കുട്ടിയെ ഫെബ്രുവരി 26ന് മടക്കി വിടുകയായിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മൂന്നാറിലെ പിതാവിന്‍െറ ഓഫീസിലത്തെിയത്.
സ്ഥിരമായി യാത്ര ചെയ്തിരുന്ന സൂര്യനെല്ലി-അടിമാലി  സ്വകാര്യ ബസിലെ ചെക്കര്‍ കൊന്നത്തടി സ്വദേശി രാജൂവിനൊപ്പം ജീവിക്കുന്നതിന് തീരുമാനിച്ചുറപ്പിച്ചാണ്  1996 ജനുവരി 16ന് മൂന്നാറിലെ സ്വകാര്യ സ്കൂളിലേക്ക് പുറപ്പെട്ടത്. അമ്മയുടെ സാരികളും അത്യാവശ്യം ആഭരണങ്ങളും പണവുമായാണ് ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി പുറപ്പെട്ടത്. എന്നാല്‍, അടിമാലിയില്‍ എത്തിയ പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം പെണ്‍വാണിഭ സംഘത്തിന്‍െറ കെണിയില്‍ എത്തിക്കുകയായിരുന്നു. അഡ്വ.ധര്‍മ്മരാജനും പൊന്‍കുന്നം ചിറക്കടവ് സ്വദേശിനി ഉഷയും അടങ്ങുന്ന പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നു രാജൂവും. ഇവരുടെ കെണിയില്‍ ഇതിന് മുമ്പും പല പെണ്‍കുട്ടികളും വീണിരിക്കാം. മാനക്കേട് ഭയന്ന് അതൊന്നും പരാതിയായി എത്താത്തിനാല്‍, പൊലീസും ആ വഴിക്ക് അന്വേഷിച്ചില്ല. അതല്ളെങ്കില്‍ അന്വേഷണം വേണ്ടെന്ന് വെച്ചിരിക്കാം.
ഓടി രക്ഷപ്പെടാനോ ചെറുത്ത് നില്‍ക്കാനോ കഴിയാത്ത പ്രായത്തിലാണ് 16 കാരി പെണ്‍കുട്ടിയെ നരാധന്മാര്‍ കൊത്തിപ്പറിച്ചത്. സംഭവം പുറത്ത് വന്നതോടെ പെണ്‍കുട്ടിയും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ടു. ബന്ധുക്കള്‍ പോലുംഅവരുടെ വീടുകളിലെ ചടങ്ങുകളില്‍ നിന്ന് ഈ കുടുംബത്തെ അകറ്റി നിര്‍ത്തി. കുട്ടിയുടെ അന്നത്തെ നിസഹായാവസ്ഥ ആരും അന്വേഷിച്ചില്ല. കേരളം കണ്ട ഏറ്റവും വലിയ പെണ്‍വാണിഭ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പൊരുതിയ കുടംബത്തെ സംരക്ഷിക്കാനും  മുഖ്യധാരയില്‍ നിലനിര്‍ത്താനും സമൂഹവും ബോധപൂര്‍വ്വം മറന്നു. ഇതിനിടെ പലതവണ ഇവരുടെ സൂര്യനെല്ലിയിലെ വീടിന് നേരെ ആക്രമണവും നടന്നു. ഇടക്ക് പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും അതും ഒരു ബാധ്യതയായി മാറിയതോടെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സര്‍വീസിലായിരിക്കെ, ആരോടും ദേഷ്യപ്പെട്ട് പോലും സംസാരിക്കാതിരുന്നിട്ടുള്ള ആ പിതാവ് ഇപ്പോള്‍ ആരെയൊക്കെയോ ശപിക്കുന്നു.
16 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനെല്ലി സംഭവം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളം സ്വന്തം മന:സാക്ഷിയോട് ഉന്നയിക്കേണ്ട ചിലചോദ്യങ്ങളുണ്ട്. ഈ കുട്ടിയോട് നീതി പുലര്‍ത്താന്‍ ക.ിഞ്ഞവോയെന്നത് തന്നെ പ്രധാനം. പല കാരണങ്ങള്‍ കണ്ടത്തെി ഒറ്റപ്പെടുത്തുന്നതിന് പകരം ഈ കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ അവര്‍ക്ക് നഷ്ടമായ കളിയും ചിരിയും തിരിച്ച് നല്‍കാന്‍ എന്ത് ചെയ്തു? ആ കുട്ടിയെ കെണിയില്‍ വീഴ്ത്തിയ പെണ്‍വാണിഭ സംഘം അതിന് മുമ്പ് ആരെയൊക്കെ വലയില്‍ വീഴ്ത്തിയെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞുവോ? അതിന് ശേഷവും വര്‍ദ്ധിച്ച് വരുന്ന പീഡനങ്ങള്‍ തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?