Pages

13 December 2010

Madhyamam...12\12\X
സര്‍വകലാശാലകളില്‍ ഐ.എ.എസ് അധിനിവേശം
 വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള യു.ജി.സി മാനദണ്ഡം അപ്പാടെ അട്ടിമറിച്ച് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഐ.എ.എസ് അധിനിവേശം. ഇതിന്റെ ഭാഗമായി പുതുതായി നിലവില്‍ വന്ന വെറ്ററനറി സര്‍വകലാശാലയില്‍ ഐ.എ.എസ് വൈസ് ചാന്‍സലറെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ഐ.എ.എസ് വൈസ് ചാന്‍സലറെ പുതുതായി രൂപവല്‍ക്കരിച്ച ഫിഷറീസ് സര്‍വകലാശാലയിലേക്ക് മാറ്റി അവിടെയും ഐ.എ.എസുകാരനെ നിയമിക്കാനാണ് തിരക്കിട്ട നീക്കം.
യു.ജി.സി മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന ഫയല്‍ ഗവര്‍ണര്‍ മടക്കി അയച്ച സംഭവം നിലനില്‍ക്കെയാണ് വീണ്ടും ഐ.എ.എസുകാരെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണം ഏല്‍പ്പിക്കുന്നത്. പുതുതായി രൂപവല്‍ക്കരിക്കുന്ന സര്‍വകലാശാലകളിലെ ആദ്യ വൈസ് ചാന്‍സലറെ സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം നിയമിക്കണമെന്ന വ്യവസ്ഥ മറയാക്കിയാണിത്.
അക്കാദമിക്, ഭരണ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ വേണം വൈസ് ചാന്‍സലറായി നിയമിക്കുന്നതിന് പരിഗണിക്കാനെന്ന് യു.ജി. സിയുടെ മാനദണ്ഡം വ്യക്തമാക്കുന്നു. വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നവര്‍ മികച്ച ശാസ്ത്രജ്ഞന്‍ ആയിരിക്കണമെന്നും യു.ജി.സിയുടെ മാര്‍ഗനിര്‍ദേശത്തിലുണ്ട്. സര്‍വകലാശാലയില്‍ പത്ത് വര്‍ഷമെങ്കിലും പ്രൊഫസര്‍ എന്ന നിലയിലുള്ള അദ്ധ്യാപന പരിചയമുള്ളവരെ വേണം വൈസ് ചാന്‍സലറായി നിയമിക്കാന്‍. ഇതിന് പുറമെ ഗവേഷകനുമായിരിക്കണം വൈസ് ചാന്‍സലറായി പരിഗണിക്കപ്പെടുന്നയാള്‍ എന്നാണ് യു.ജി.സി നിര്‍ദ്ദേശിക്കുന്നത്.  വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ മാനദണ്ഡം പാലിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.  സെപ്തംബര്‍ 18ന് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ യു.ജി.സിയുടെ പുതുക്കിയ മാനദണ്ഡം സംസ്ഥാനത്തും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ഐ.എ.എസ് ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ പദവിയില്‍ 16മാസ കാലാവധി ബാക്കി നില്‍ക്കെയാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.ആര്‍.വിശ്വംഭരനെ പുതുതായി രൂപവല്‍ക്കരിച്ച ഫിഷറീസ് സര്‍വകലാശാലയിലേക്ക് മാറ്റുന്നത്.  അഞ്ച് വര്‍ഷം കൂടി വിശ്വംഭരന് ലഭിക്കും. കാര്‍ഷിക സര്‍കലാശാലയിലും  ഇപ്പോഴത്തെ സര്‍ക്കാരിന് താല്‍പര്യമുള്ളയാളെ വൈസ് ചാന്‍സലറായി നിയമിക്കാം. കേരളത്തിന് പുറത്തുള്ള ഐ.എ.എസുകാരനാണ് പരിഗണനയില്‍. ഇതിന്റെ മുന്നോടിയായി കെ.ആര്‍.വിശ്വംഭരന് ഫിഷറീസ് സര്‍വകലാശാലയുടെ താല്‍ക്കാലിക ചുമതല നല്‍കി.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തിനായി സി.പി.എം, സി.പി.ഐ കക്ഷികള്‍ തമ്മിലുള്ള പിടിവലിക്കൊടുവിലായിരുന്നു ഐ.എ.എസ്. ഉദ്യോഗസ്ഥനായ കെ.ആര്‍.വിശ്വംഭരനെ 2007 മാര്‍ച്ചില്‍ നിയമിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദുമായി ഏറെ അടുപ്പമുള്ള മുന്‍ പ്രോ^വൈസ് ചാന്‍സലര്‍ കൂടിയായ അദ്ധ്യാപകനെ ഒഴിവാക്കാനാണ് വൈസ് ചാന്‍സലറുടെ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിശ്വംഭരനെ സി.പി.ഐ നിര്‍ദ്ദേശിച്ചത്.  ഐ.എ.എസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു നിയമനം.
വൈസ് ചാന്‍സലറായി കാര്‍ഷിക ശാസ്ത്രഞ്ജനെ നിയമിക്കണമെന്ന് അഭ്യര്‍ഥിച്ച് അന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ അദ്ധ്യാപക സംഘടനകള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.  യു.ജി.സി മാനദണ്ഡം പാലിച്ചില്ലെന്ന് ചുണ്ടിക്കാട്ടി വിശ്വംഭരന്റെ നിയമന ഉത്തരവ് ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. പതിവിന് വിരുദ്ധമായി പ്രോ^ചാന്‍സലര്‍ കൂടിയായ കൃഷി മന്ത്രിയാണ് വിശ്വംഭരന്റെ നിയമന ഉത്തരവില്‍ ഒപ്പിട്ടത്. വിശ്വംഭരന്റെ നിയമനത്തെ ചോദ്യം ചെയ്യുന്ന ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
 കേരള കാര്‍ഷിക സര്‍വകലാശാല വിഭജിച്ച് രൂപവല്‍ക്കരിക്കുന്ന വെറ്ററനറി  ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍   37കാരനായ 1998 ബാച്ച് ഐ.എ.എസിലെ  ഡോ. ബി.അശോകിനെയാണ് വൈസ് ചാന്‍സലറായി നിയമിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായിരിക്കും ഇദ്ദേഹം. കെ.ആര്‍. വിശ്വംഭരനടക്കം കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടവരൊക്കെ മുതിര്‍ന്ന ഐ.എ.എസുകാരായിരുന്നു.  വെറ്ററനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നയാള്‍ക്ക് വെറ്ററനറി സയന്‍സില്‍ ബിരുദാനന്തര ബിരുദമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മണ്ണുത്തി വെറ്ററനറി കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഇറ്റലിയില്‍ നിന്ന് അന്തര്‍ദേശിയ രാഷ്ട്രമീമാംസയിലാണ് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളത്. നെതര്‍ലാന്റിലെ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ഫെലോഷിപ്പും നേടിയിട്ടുണ്ട്.
വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐ പ്രവര്‍ത്തകനും സര്‍വകലാശാല ജനറല്‍ കൌണ്‍സിലിലെ വിദ്യാര്‍ഥി പ്രതിനിധിയുമായിരുന്ന ഇദ്ദേഹത്തിന്റെ നിയമനം,പുതിയ സര്‍വകലാശാലയില്‍ വിഭാഗിയതക്ക് കാരണമാകുമെന്നും ചില സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക സര്‍വകലാശാല വൈസ് പാന്‍സലറായിരുന്ന എ.എം.മൈക്കളിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്‍പന്തിയിലും ഇദ്ദേഹമുണ്ടായിരുന്നു.
വിദ്യാര്‍ഥിയായിരിക്കെ എസ്്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നുവെങ്കിലും സി.പി.ഐ നോമിനിയായാണ് വൈസ് ചാന്‍സലര്‍ നിയമനം. മന്ത്രി ജി.സുധാകരനുമായുള്ള അഭിപ്രായ വിത്യാസമാണ് ഇദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷന്‍ വാങ്ങാന്‍ കാരണമത്രെ. കേന്ദ്ര സഹമന്ത്രി കെ.വി.തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് ഇപ്പോഴത്തെ നിയമനം.
മുമ്പ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഐ.എ.എസുകാരെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോഴൊക്കെ കടുത പ്രതിഷേധം അദ്ധ്യാപക മേഖലയില്‍ നിന്ന് ഉയര്‍ന്നിരുന്നു.

02 December 2010

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേരളത്തിലേക്ക് ജനിതകമാറ്റം വരുത്തിയ റബ്ബറിന് അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറ്റിക് എന്‍ജിനിയറിംഗ് അംഗീകാരംനല്‍കല്‍ സമിതിയാണ് (ജി.ഇ.എ.സി.)റാന്നിയിലെ ചേതക്കല്‍, താനെയിലെ ദാപളചറി എന്നിവിടങ്ങളില്‍ ജനിതകമാറ്റം വരുത്തി റബ്ബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ അനുമതി നല്‍കിയത്. ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ജനിതകമാറ്റം വരുത്തിയ വഴുതന വിത്തിന് അനുമതി നല്‍കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് റബ്ബറിന് അനുമതി നല്‍കിയത്. റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ അപേക്ഷയിലാണ് ജി.ഇ.എ.സിയുടെ  തീരുമാനം. 2005 മുതല്‍ റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വിഭാഗത്തില്‍ ഒതുങ്ങി നിന്നിരുന്ന ജനിതകമാറ്റം വരുത്തിയ റബ്ബറാണ് തുറസായ സ്ഥലത്തേക്ക് എത്തുന്നത്. ഗവേഷണത്തിന്റെ ഗുണ ദോഷങ്ങള്‍ എന്തൊക്കെയെന്ന് പ്രസിദ്ധികാരിക്കാതെയാണ് റബ്ബര്‍ ബോര്‍ഡിന്റെ പുതിയ നീക്കം.
ജനിതകമാറ്റം വരുത്തിയ റബ്ബര്‍ ഫീല്‍ഡിലെത്തുന്നതോടെ അന്തരീക്ഷത്തിലും മണ്ണിലും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പരാഗണത്തിലൂടെ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ ജനിതക ഘടകങ്ങള്‍ മറ്റ് റബ്ബര്‍ മരങ്ങളിലേക്കും വ്യാപിക്കും. കാറ്റിലും ഇത് വ്യാപിക്കും. തേനിച്ചയിലൂടെയും പരാഗണമുണ്ടാകൂമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചുണ്ടിക്കാട്ടുന്നു. ഉണങ്ങി വീഴുന്ന ഇലകള്‍ ചീഞ്ഞളിഞ്ഞ് മണ്ണിലേക്കും വ്യാപിക്കും. ഇതിന്റെയൊക്കെ പരിണതഫലം എന്തായിരിക്കുമെന്ന് പഠനം നടത്താതെയാണ് പരീക്ഷണം.ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ പരീക്ഷിച്ച പ്രദേശങ്ങളില്‍ നിന്നൊക്കെ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ വഴുതനക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ജനിതകമാറ്റം വരുത്തിയ വഴതനക്ക് അനുമതി നല്‍കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. കേരളമാണ് ഇതിന് നേതൃത്വം നല്‍കിയത്.
പശ്ചിമഘട്ടത്തിലെ  ജൈവവൈവിധ്യത്തെ റബ്ബര്‍ പരീക്ഷണം ദോഷകരമായി ബാധിക്കുമെന്നും പറയുന്നു. ലോകത്തെ തന്നെ പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയാണ് പശ്ചിമഘട്ടം.  കാര്‍ഷിക മേഖലയിലെ ബയോടെക്നോളജി ഉപയോഗവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ഡോ. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ജനിതകമാറ്റം വരുത്തിയ റബ്ബറിന് അനുമതി നല്‍കാനുള്ള തീരുമാനം.