തലക്കെട്ട് കണ്ട് ഞെട്ടരുത്. മൂന്നാര്‍ അങ്ങനെയാണ്. ഇടുങ്ങിയ ടൗണ്‍, ഇടുങ്ങിയ റോഡുകള്‍, ഇടുങ്ങിയ മാര്‍ക്കറ്റ്, ഇടുങ്ങിയ ബസാര്‍, ഇടുങ്ങിയ പാലങ്ങള്‍, ഇടുങ്ങിയ കംഫര്‍ട്ട് സ്റ്റേഷനുകള്‍....................................അതു കൊണ്ട് ഞങ്ങള്‍ ഇടുങ്ങിയ മനസിന്റ ഉടമകളാണെന്ന് തെറ്റിദ്ധരിക്കണ്ട. മനസ് വിശാലമാണ്. അതു കൊണ്ടാണ് എല്ലാക്കാലത്തും അധിനിവേശക്കാര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത്.
രാജ്യാന്തര പ്രശസ്തമാണ് മൂന്നാര്‍, ഇപ്പോള്‍ മാത്രമല്ല, പണ്ടും. മുമ്പ് തേയിലയായിരുന്നു പെരുമ. ഏക മാനേജ്‌മെന്റിന് കീഴിലെ ലോകത്തിലെ ഏറ്റവും വലിയ തേയില കമ്പനി എന്ന നിലയിലായിരുന്നു കഴിഞ്ഞ നുറ്റാണ്ടില്‍ മുന്നാര്‍ അറിയപ്പെട്ടത്. എന്നാല്‍, 2000ത്തിന് ശേഷം ഏറ്റവും മികച്ച ഹില്‍ സ്റ്റേഷന്‍ എന്ന നിലയിലാണ് രാജ്യാന്തര പ്രശസ്തിയിലേക്ക് മാറിയത്. ഇത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല. വലിയ തോതിലുള്ള എതിര്‍പ്പുകളെ അവഗണിച്ച് ഏതാനം യുവാക്കള്‍, മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വര്‍ഷങ്ങളോളം നടത്തിയ ശ്രമമാണ് വിനോദ സഞ്ചാരികളുടെ മൂന്നാര്‍. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍, ഹോട്ടലും റിസോര്‍ട്ടും കമ്മീഷനും എന്നതിലേക്ക് മുന്നാര്‍ ചുരുങ്ങി.
ടൂറിസമാണ് മൂന്നാര്‍ മേഖലയുടെ പ്രധാന വരുമാനം. എന്നാല്‍, മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് മൂന്നാര്‍ എന്തു നല്‍കുന്നു? രാജമല അഥവാ ഇരവികുളം, കെ.എഫ്.ഡി.സി ഗാര്‍ഡന്‍, മാടുപ്പെട്ടി, എക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, വട്ടവട, ലക്കം, ടീ മ്യുസിയം, ഹെഡ്വര്‍ക്‌സ്, ആറ്റുകാട്, ലോകാര്‍ഡ് ഗ്യാപ്, പോതമേട് കഴിഞ്ഞു, മൂന്നാറിലെ കാഴ്ചകള്‍. സന്ധ്യ കഴിഞ്ഞാല്‍ മുറികളില്‍ ഇരുന്ന് പരസ്പരം കഥ പറയാം. തിയേറ്റര്‍ ഇല്ലാത്തതിനാല്‍ അങ്ങനെയും സമയം പോകില്ല. കുട്ടികള്‍ക്ക് വേണ്ടുന്ന ഒന്നും ഇവിടെ ഇല്ല. മുമ്പ് ഞാന്‍ ഡി ടി പി സി അംഗമായിരിക്കെ, മുന്നാര്‍ മേഖലയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ കുട്ടികളുടെ പാര്‍ക്ക് അടക്കം ഉണ്ടായിരുന്നു.
രാജ്യത്തിന് അകത്തും പുറത്തും നിന്നും എത്തുന്ന ഗസ്റ്റുകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഹോട്ടലുകള്‍ തേടി പോകുന്നതും മൂന്നാറിലെ കാഴ്ച. പലയിടത്തും കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതൊക്കെ പിന്നിട് കച്ചവട സ്ഥാപനങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. കച്ചവടമാണ് പ്രധാനം. കുഞ്ഞിന് പാല്‍ കൊടുക്കണമെങ്കിലും അമ്മ ഏതെങ്കിലും ഹോട്ടലില്‍ എത്തണം. ഗസ്റ്റുകള്‍ കുറച്ച് നേരം വിശ്രമിക്കണമെന്ന് ആഗ്രഹിച്ചാല്‍, ഹോട്ടലില്‍ മുറി എടുക്കണം. ടൗണിലെ വെയ്റ്റിംഗ് ഷെഡ് കെട്ടിടത്തിലെ മുറികള്‍ ഇതിനൊക്കെ ഉപയോഗപ്പെടുത്താമെന്നിരിക്കെ, അതും കച്ചവടത്തിന് നല്‍കി.
1924ലെ മഹാപ്രളയത്തെ തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണ് മൂന്നാര്‍ ടൗണ്‍. അന്ന് അതു മതിയായിരുന്നു. ഏതാനം കാളവണ്ടികള്‍, അപൂര്‍വ്വം മോേട്ടാര്‍ വാഹനങ്ങള്‍, ആഴ്ചയിലൊരിക്കല്‍ എത്തുന്ന തോട്ടം തൊഴിലാളികള്‍.... ഇവര്‍ക്കായി നിര്‍മ്മിക്കപ്പെട്ട പ്ലാേന്റഷന്‍ ടൗണ്‍. 1990കള്‍ വരെയും അത്രയുമായിരുന്നു മൂന്നാര്‍. കാളവണ്ടികള്‍ പിന്‍വാങ്ങി പകരം മോേട്ടാര്‍ വാഹനങ്ങള്‍ എത്തി. ബ്രിട്ടീഷുകാരും നാടു വിട്ടു. എന്നാല്‍, ഇന്ന് ഇതു മതിയോ? മൂന്നാറിനെ 'കറവ പശു'വായി കാണുന്നവര്‍ എന്തു കൊണ്ട് മൂന്നാറിന്റ അടിസ്ഥാന പ്രശ്‌നങ്ങള്‍ കാണാതെ പോകുന്നു.
നൂറുകണക്കിന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളാണ് മൂന്നാറിലെത്തി മടങ്ങുന്നത്. കേരള-തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവ. ഇന്നും റോഡിലാണ് ബസ് സ്റ്റാന്‍ഡ്. ഇടുങ്ങിയ നിരത്തുകളിലെ ബസ് പാര്‍ക്കിംഗ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. പഴയ മൂന്നാര്‍ മൂലക്കടയില്‍ പഞ്ചായത്ത് നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ലോറി പാര്‍ക്കിംഗായി മാറി. അല്ലെങ്കില്‍ തന്നെ അവിടെയായിരുന്നില്ലല്ലോ പഞ്ചായത്ത് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നത്. പെരിയവര ഭാഗത്ത് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കില്‍ ടൗണ്‍ അത്രയും വികസിക്കുമായിരുന്നു. ഇടുങ്ങിയ മനസുള്ളവര്‍ക്കേ ഇടുങ്ങിയ ടൗണിനെ കുറിച്ചും ചിന്തിക്കാന്‍ കഴിയുവെന്നു വേണം കരുതാന്‍.
ടാക്‌സി സ്റ്റാന്‍ഡ് മുതിരപ്പുഴയാറിന്റ തീരത്താണ്. കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നു. മതിയായ സ്ഥലം ഇല്ലാത്തതിനാല്‍ കുറച്ചു കാറുകള്‍ റോഡിലും. ദോഷം പറയരുതല്ല, ഈ സ്ഥലമില്ലായ്മക്കിടയിലും ടാക്‌സി സ്റ്റാഡില്‍ ചായക്കടയും മുറുക്കാന്‍ കടയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജീപ്പുകള്‍ പഴയത് പോലെ റോഡരികിലുണ്ട്. ടൗണിന് പുറമെ പോസ്റ്റ് ആഫീസ്, നല്ലതണ്ണി ജംഗ്ഷന്‍, മാടുപ്പെട്ടി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൊക്കെ ജീപ്പുകളുണ്ട്. ഇതിലേറെയും എസ്റ്റേറ്റുകളിലേക്കുള്ള ഷെയര്‍ ടാക്‌സികളാണ്.ഇതിനിടെയിലാണ് ഒാേട്ടാ റിക്ഷകളുടെ പാര്‍ക്കിംഗ്. മൂന്നാറില്‍ എത്ര ഒാേട്ടായുണ്ടെന്ന് മോേട്ടാര്‍ വാഹന വകുപ്പിന് പോലും കണക്കില്ല. ദിനം പ്രതി പുതിയ ഒാേട്ടാകള്‍ എത്തുന്നു. പഞ്ചായത്തീരാജ് നിയമമനസുരിച്ച് ഒാേട്ടാ സ്റ്റാന്‍ഡ് നിശ്ചയിക്കേണ്ടത് ഗ്രാമ പഞ്ചായത്താണ് മൂന്നാറില്‍ അങ്ങനെ സ്റ്റാന്‍ഡുണ്ടോ? പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഇതേ കുറിച്ച് അറിയില്ല. മൂന്നാറില്‍ എത്ര ഒാേട്ടാ വേണമെന്നത് സംബന്ധിച്ച് പഠനം നടത്തി നമ്പര്‍ നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കെ.എഫ്.ഡി.സിയുടെ ഗാര്‍ഡനില്‍ വരുന്ന വാഹനങ്ങള്‍ മാടുപ്പെട്ടി റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. അതുപോലെയാണ് രാജമലയിലേക്കുള്ള വാഹനങ്ങള്‍ മറയൂര്‍ റോഡില്‍ ഗതാഗതം മുടക്കുന്നത്. ഇതിന് എതിരെ ഹൈ കോടതി ഉത്തരവുണ്ട്. വന പാലകരുടെ നിര്‍ദേശ പ്രകാരം റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നാട്ടില്‍ തിരിച്ച് ചെല്ലുേമ്പാള്‍ പിഴ അടക്കാന്‍ നോട്ടീസും ലഭിക്കുന്നുണ്ട്. എന്ത് കൊണ്ട് ടിക്കറ്റ് കൗണ്ടര്‍ മൂലക്കടയിലെ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലേക്ക് മാറ്റി കൂട. എന്തായാലും വനംവകുപ്പിന്റ കീഴിലെ ഇ ഡി എസിന്റ വാഹനങ്ങളിലാണ് രാജമല സന്ദര്‍ശനം. ആ വാഹനങ്ങള്‍ മൂന്നാറില്‍ നിന്നും പുറപ്പെട്ടാല്‍ പോരെ.
കെ ഡി എച്ച് പി കമ്പനിയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വില്‍പന ശാലക്കും വാഹന പാര്‍ക്കിംഗ് ഇല്ല. അവിടെ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നത് ദേശിയ പാതയില്‍. പാര്‍ക്കിംഗ് ഇല്ലാതെ എങ്ങനെയാണ് ഇത്രയും വലിയ വ്യാപാരം നടത്തുന്നത്. സ്വകാര്യ വാഹനങ്ങളില്‍ മൂന്നാറില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറയേണ്ടതില്ലല്ലോ. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗാണ് പരിഹാരം. ഇതിന് നേരത്തെ ചിലര്‍ സന്നദ്ധത അറിയിച്ച് പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്തായോ എന്തോ?
ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗിനും ഇടം കണ്ടെത്തണം. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെതാണ് ഏറെയും. അവര്‍ക്ക് അവരുടെ വാഹനങ്ങള്‍ എവിടെയെങ്കിലും പാര്‍ക്ക് ചെയ്യണമല്ലോ? ഇതിന് പുറമെയാണ് ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വഴിവാണിഭക്കാര്‍. പാലത്തിലെ വാണിഭം ഒരു പക്ഷെ മൂന്നാറില്‍ മാത്രമായിരിക്കും.
മുതിരപ്പുഴയാണ് മൂന്നാറിന്റ സൗന്ദര്യം. എന്നാല്‍, ഈ പുഴ മാലിന്യ വാഹിനിയായി മാറുന്നത് തടയാന്‍ കഴിയുന്നില്ല എന്നത് ഖേദകരമാണ്. പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടക്കം മുതിരപ്പുഴയുടെ കരയിലാണ്. പുഴ നവീകരിക്കാന്‍ ഇറങ്ങിയ ഇറിഗേഷന്‍ വകുപ്പ്, പക്ഷെ, ഇതിനൊക്കെ നേരെ കണ്ണടച്ചു. പുഴയിലേക്ക് തുറന്ന് വെച്ചിരിക്കുന്ന മാലിന്യ കുഴല്‍ അടക്കാന്‍ പോലും തയ്യാറായില്ല.
മൂന്നാര്‍ പഞ്ചായത്തിന് സ്വന്തമായി ഡിസ്‌പെന്‍സറി ആരംഭിച്ചത് ഏതു വര്‍ഷമാണെന്നറിയില്ല. അര നൂറ്റാണ്ടിലേറെയായി ഡിസ്‌പെന്‍സറിയുണ്ട്. അതിനെ ആശുപത്രിയാക്കി ഉയര്‍ത്തി, കിടത്തി ചികില്‍സ ആരംഭിക്കാനായാല്‍ കെ.ഡി.എച്ച്.പി. കമ്പനിക്ക് പുറത്തുള്ളവര്‍ക്ക് ആശ്വാസമാകില്ലേ? രണ്ടോ മൂന്നോ അംഗങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും കമ്പനിയുമായി ബന്ധപ്പെട്ടവരായതിനാല്‍ നിങ്ങള്‍ക്ക് ഈ സൗകര്യം വേണ്ടതില്ലെന്നറിയാം. പക്ഷെ, കമ്പനിക്ക് പുറത്തു ആയിരങ്ങളുണ്ട്. അവര്‍ക്ക് വോട്ടുണ്ട്, നികുതിദായകരുമാണ്.
മൂന്നാറിന് വേണ്ടി ശാസ്ത്രിയമായ പഠനമാണ് വേണ്ടത്. പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ തൊടുപുഴക്ക് വേണ്ടി റൈറ്റ്‌സ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് തൊടുപുഴയുടെ വികസനം. അഡ്വ. കെ.എം.തോമസ് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 1978ല്‍ കൊടുത്ത നിവേദനത്തില്‍ ആവശ്യപ്പെട്ടതാണ് മൂന്നാറിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വഞ്ചി അവിടെ തന്നെ.....അധികാര വികേന്ദ്രികരണം വന്നിട്ടും മാറ്റമില്ല.
പണം കായ്ക്കുന്ന മരമായി മാത്രം മൂന്നാര്‍ ടൂറിസത്തെ കാണരുത്. ആ മരത്തിന് വളവും വെള്ളവും നല്‍കണം. എങ്കില്‍ മാത്രമെ മരം വളരുകയുള്ളു.
എം.ജെ.ബാബു