Pages

02 March 2022

അള്ളുങ്കല്‍ ശ്രീധരനുമായി കാല്‍നൂറ്റാണ്ട് മുമ്പ് നടത്തിയ വര്‍ത്തമാനം

 



 

താന്‍ ആരായിരുന്നുവെന്ന് തെന്റ മരണശേഷം ലോകമറിയണമെന്ന് ആ വിപ്ലവകാരി ആഗ്രഹിച്ചത് കൊണ്ട് മാത്രം പുറത്ത് വന്ന ഒരു ഒളിവ്കാല ജീവിതം- അതാണ് ആദ്യകാല നക്‌സല്‍ പ്രവര്‍ത്തകന്‍ അള്ളുങ്കല്‍ ശ്രീധരന്റ ജീവിത കഥ. അരനൂറ്റാണ്ടിലേറെ ഒളിവില്‍ കഴിഞ്ഞിട്ടും ആരും തിരിച്ചറിഞ്ഞില്ല. ഫെബ്രുവരി 25ന് അദേഹം മരിച്ചതിന് ശേഷമാണ് ആ രഹസ്യം മുന്‍കാല നക്‌സല്‍ പ്രവര്‍ത്തകന്‍ പി.ഡി.ജോസ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തോട്  പറഞ്ഞത്. 1998ല്‍ അദേഹത്തോട് ദീര്‍ഘനേരം സംസാരിച്ച ഞാനും മരണ വിവരം പുറം ലോകത്തോട് പറഞ്ഞു. പിന്നാലെ അന്നത്തെ ആക്ഷനില്‍ പെങ്കടുത്ത കെ. അജിതയുടെ അനുസ്മരണ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

അപ്പോള്‍ മാത്രമാണ് നിരപ്പേല്‍ തങ്കപ്പന്‍ എന്ന പേരില്‍ ഏതാണ്ട് അരനൂറ്റാണ്ടായി തങ്ങള്‍ക്കൊപ്പം കഴിഞ്ഞിരുന്നയാള്‍ അള്ളുങ്കല്‍ ശ്രീധരന്‍ എന്ന വിപ്ലവകാരിയാണെന്ന സത്യം മാവടി ഗ്രാമക്കാര്‍ അറിയുന്നത്. അവര്‍ ഇന്‍ങ്കിലാബ് വിളികളോടെ ആ സഖാവിന് യാത്രയയപ്പ് നല്‍കി. അവിടെ അജിതയുടെ ഓര്‍മ്മ കുറിപ്പും വായിക്കപ്പെട്ടു.

കേരളത്തിലെ ആദ്യകാല നക്‌സല്‍ സംഘത്തിലെ അംഗമാണ് അള്ളുങ്കല്‍ ശ്രീധരന്‍. എ. വര്‍ഗീസ്, കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, ഫിലിപ്പ് എം പ്രസാദ്, അജിത തുടങ്ങിയവര്‍ക്കൊപ്പം ശ്രീധരനുണ്ടായിരുന്നു. പാലാ സ്വദേശിയെങ്കിലും പുല്‍പ്പള്ളിയിലേക്ക് കുടിയേറിയതാണ്.  

എ. വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട് 1998ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായന്‍ നടത്തിയ വെളിപ്പെടുത്തലിന് ശേഷം ആദ്യകാല നക്‌സല്‍ ചരിത്രം പത്രങ്ങള്‍ പ്രസിദ്ധികരിച്ച് വന്നിരുന്ന സമയത്താണ്, മുന്‍ നക്‌സല്‍ പ്രവര്‍ത്തകരും അടുത്ത സുഹൃത്തുമായ പി.ഡി.ജോസ് (കാഞ്ഞാര്‍) അള്ളുങ്കല്‍ ശ്രീധരന്‍ ജീവിച്ചിരിക്കുന്നുവെന്ന കാര്യം പറഞ്ഞത്. അന്ന് ഞാന്‍ മാധ്യമം ഇടുക്കി ബ്യുറോ ചീഫാണ്. വിവരം അറിഞ്ഞതോടെ ജോസിനെയും കുട്ടി പുറപ്പെട്ടു. നെടുങ്കണ്ടത്തിനടുത്ത് മാവടി എന്ന ഗ്രാമത്തിലാണ്എത്തിയത്. ജോസ് ഒരു കാര്യം കൂടി പറഞ്ഞു. അള്ളുങ്കല്‍ ശ്രീധരന്‍ എന്ന പേരിലല്ല, തങ്കപ്പന്‍ എന്ന പേരിലാണ് അദേഹം ജീവിച്ചിരിക്കുന്നത്. രേഖയില്‍ ഒരിടത്തും ശ്രീധരനില്ല, വീട്ടുകാര്‍ക്കും അറിയില്ല. അതിനാല്‍ അറിയാതെ പോലും അള്ളുങ്കല്‍ ശ്രീധരനെന്ന പേര് പറയരുത്. 

1998 ഒക്ടോബര്‍ 30ന് ഉച്ചക്കാണ് ഞങ്ങള്‍ തങ്കപ്പന്‍ ചേട്ടെന്റ വീട്ടിലെത്തുന്നത്. ചായ കുടി കഴിഞ്ഞ് ഞങ്ങള്‍ മൂന്നു പേരുമായി പറമ്പിലേക്ക് നീങ്ങി. മാധ്യമ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി. ചേട്ടനെ സംബന്ധിച്ചോ ജീവിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചോ ഒരു സൂചനയും വാര്‍ത്തയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പഴയ കാര്യങ്ങള്‍ സംസാരിച്ചത്. ആക്ഷന് ശേഷം ഒളിവില്‍ പോയതും പിടിക്കപ്പെട്ടതും അടക്കമുള്ള കാര്യങ്ങള്‍ അദേഹം പറഞ്ഞു.

അത് ഇങ്ങനെ.....പുല്‍പ്പള്ളി ദേവസ്വത്തിന്റ ഏക്കര്‍ക്കണക്കിന് ഭൂമിയില്‍ വര്‍ഷങ്ങളായി കുടിയേറി കൃഷി ചെയ്യുന്ന കര്‍ഷകരെ കുടിയിറക്കാനുള്ള ദേവസ്വം നീക്കത്തിന് എതിരെ കര്‍ഷകര്‍ പോരാട്ടത്തിലായിരുന്നു. കുടിയിറക്കാന്‍ എം.എസ്.പിയെ കൊണ്ടു വന്നതോടെയാണ്, എം എസ് പി ക്യാമ്പ് ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. 1968 നവംബര്‍ 24ന് പുലര്‍ച്ചെയാണ് പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര മുറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് ആക്രമിച്ചത്. തുടര്‍ന്ന് എല്ലാവരുമായി രക്ഷപ്പെട്ടു. വനത്തിലുടെയും ആദിവാസി കോളണികളിലെയും പല സംഘങ്ങളായി നടന്നു. ഇടക്ക് എവിടെ നിന്നെങ്കിലും കപ്പ കിട്ടും. പല വഴിക്ക്, പല സംഘങ്ങളായി മംഗലാപുരത്ത് എത്തുകയായിരുന്നു ലക്ഷ്യം. അടക്കാത്തോട്ടില്‍ ആദ്യം എത്തിയവര്‍ക്ക് അവിടെ ചായക്കടയില്‍ കിടക്കാന്‍ സ്ഥലം കിട്ടി. മറ്റുള്ളവര്‍ അവിടെയും ഇവിടെയും ഒക്കെയായി കിടന്നു. പകല്‍ യാത്ര വേണ്ടെന്നായിരുന്നു തീരുമാനം.

അന്ന് പലയിടത്തും കുപ്പുണ്ട്. എവിടെ പോകുന്നുവെന്ന് ചിലര്‍ ചോദിച്ചു. അവരൊടൊക്കെ പണി തേടി വന്നതാണെന്ന് പറഞ്ഞു. എന്നാല്‍, അടക്കാത്തോട്ടില്‍ നിന്നും പോകവെ അജിതയെ കണ്ടതോടെ ജനം തിരിച്ചറിഞ്ഞു. ആദ്യം പോയവരെ തടഞ്ഞു വെച്ചു. പിന്നാലെ ഞങ്ങള്‍ അഞ്ചു പേരായിരുന്നു- വര്‍ഗീസ്, മുഹമ്മദ്,സുകുമാരന്‍, താന്‍ തുടങ്ങിയര്‍. അജിതയെയും സംഘത്തെയും തടഞ്ഞുവെച്ചതിന് ശേഷമാണ് പള്ളിയില്‍ കൂട്ടമണി മുഴങ്ങിയത്. അതോടെ അപകടം മണത്ത ഞങ്ങള്‍ ഒരു വീടിന് പിന്നിലെ കപ്പത്തോട്ടത്തിലും പറമ്പിലുമൊക്കെയായി ഒളിച്ചു. ആ വീട്ടുകാര്‍ തങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത് കേട്ടത്തിനാല്‍ ചൂണ്ടികൊടുക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു പോലീസ് വരുന്നതും അജിതയെയും മറ്റും കൊണ്ടു പോകുന്നതും കാണാമായിരുന്നു. ആ രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞ ശേഷം പിറ്റേന്ന് അതിരാവിലെ വനത്തിലുടെ നീങ്ങി. വഴിക്ക് ഒരു റബ്ബര്‍വെട്ടുകാരനെ കണ്ടു. വഴി ചോദിച്ചു. ഇന്നലെ അറസ്റ്റിലായവരുടെ കൂടെയുള്ളവരാണോ നിങ്ങള്‍ എന്ന ചോദ്യത്തിന് അതെയെന്ന് പറഞ്ഞു. നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയില്ല. ഈ കാട്ടിലുടെ പോയാല്‍ കൊടുകിലെത്തുമെന്ന് അദേഹം പറഞ്ഞു. എന്നാല്‍, വഴിയറിയാതെ കാട്ടിലൂടെ പോയാല്‍ വന്യജീവികളുടെ മുന്നില്‍പ്പെടാനാണ് സാധ്യതയെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. അവിടെ ഈറ്റക്കാടിലൊളിച്ചു. അവിടെ വെച്ചാണ് പലവഴിക്ക് പിരിയാനും ഒറ്റക്കൊറ്റക്ക് രക്ഷപ്പെടാനുമുള്ള തീരുമാനം. 

വര്‍ഗീസ് മാനന്തവാടിക്ക് മടങ്ങും. എങ്ങോട്ട് പോകുമെന്ന് എന്നോട് ചോദിച്ചപ്പോള്‍ പാലാക്ക് എന്ന് പറഞ്ഞു. മറ്റുള്ളവരും ചില ഷെല്‍ട്ടറുകള്‍ ചൂണ്ടിക്കാട്ടി. സന്ധ്യക്ക് അതുവഴി വന്ന ആദിവാസിയോട് വഴി ചോദിച്ചു. കക്കയങ്ങാടി വഴി ഇരിട്ടിക്ക് പോകാമെന്നും കുറച്ച് അടുത്ത് ആദിവാസി കുടിയുണ്ടെന്നും അവിടെ പോയാല്‍ ഭക്ഷണം തരുമെന്നും പറഞ്ഞതനുസരിച്ച് കുടിയിലെത്തി. അരിയും മീനും മുളകും ഉപ്പും ചട്ടിയും കലവും തന്നു. മീന്‍ പിടിക്കാന്‍ നാട്ടുകാര്‍ വരുമെന്നും അതിനാല്‍ കാട്ടിലേക്ക് പോകാനും അവര്‍ നിര്‍ദേശിച്ചതനുസരിച്ച് കാട്ടില്‍ വെച്ചായിരുന്നു പാചകം. ഒരു കലത്തില്‍ നിന്നും എല്ലാവരും കഞ്ഞി കുടിച്ച് യാത്ര തുടര്‍ന്നു.

ഇരട്ടിയിലെത്തി പത്രം കണ്ടപ്പോഴാണ് പുറത്തെ കാര്യങ്ങള്‍ അറിയുന്നത്. കക്കയങ്ങാടിയില്‍ വെച്ച് തന്നെ ഞങ്ങള്‍ സംഘം പിരിഞ്ഞു. അവസാനമായി വര്‍ഗീസിനെ കണ്ടതും ഇവിടെ വെച്ചാണ്. മുഷ്ടി ചുരുട്ടി പരസ്പരം വിപ്ലവ അഭിവാദ്യങ്ങള്‍ നേര്‍ന്ന് നാല് വഴിക്ക്. കൂട്ടുവഴിയില്‍ എനിക്കൊരു ബന്ധുവുള്ളതിനാല്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ എത്തി സ്ഥലം നോക്കാന്‍ വന്നതാണെന്ന് പറഞ്ഞു. നല്ല പല്ലു വേദന ഉണ്ടായിരുന്നതിനാല്‍, വൈദ്യശാലയില്‍നിന്നും എണ്ണ വാങ്ങാന്‍ ഒരാളെ വിട്ടതാണ് താന്‍ പിടിക്കപ്പെടാന്‍ കാരണം. ആര്‍ക്കാണ് എണ്ണയെന്ന് ചോദിച്ചപ്പോള്‍ നാട്ടില്‍ നിന്നും ബന്ധു വന്നിട്ടുണ്ടെന്ന് മറുപടി നല്‍കി. എണ്ണയും വീട്ടിലേക്കാവശ്യമായ സാധനങ്ങളും വാങ്ങി ബന്ധു വീട്ടിലെത്തി. വൈകാതെ ഞാന്‍ കുളിക്കാന്‍ ആറ്റിലേക്ക് പോയി. പിന്നാലെ സിവില്‍ വേഷത്തില്‍ രണ്ടു പോലീസുകാരും എത്തി. പോലീസ് വരുന്നത് ഒരു സ്ത്രീ സൂചന തന്നുവെങ്കിലും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. സ്ഥലമറിയില്ല എന്നതു തന്നെ പ്രധാന കാരണം.

അവിടെ നിന്നും സ്റ്റേഷനില്‍ കൊണ്ടു വന്നു. എസ്‌.െഎ ഉണ്ടായിരുന്നില്ല. പോലീസുകാര്‍ അത്യാവശ്യം മര്‍ദ്ദിച്ചു. എസ്‌.െഎ വന്നപ്പോള്‍ തന്റ ബന്ധുവായ കേണച്ചിറയിലെ പൊതുപ്രവര്‍ത്തകനായ സത്യപാലിനെ കുറിച്ച് പറഞ്ഞു. അതിനാല്‍ അടി കിട്ടിയില്ല. വര്‍ഗീസ് എവിടെയാണെന്നായിരുന്നു അറിയേണ്ടിയിരുന്നത്. വര്‍ഗീസ് പാറയില്‍ നിന്നും വീണു മരിച്ചുവെന്ന് കള്ളം പറഞ്ഞു. തുടര്‍ന്ന് മാനന്തവാടിക്ക് കൊണ്ടു പോയി. അവിടെ പോലിസിന് അറിയേണ്ടത് വര്‍ഗീസും അജിതയും പ്രേമത്തിലാണോ, അജിത ഒറ്റക്കാണോ ഉറങ്ങാറ് എന്നൊക്കെയായിരുന്നു. ഡിവൈ എസ് പി മുരളീകൃഷ്ണനാണ് ചോദ്യം ചെയ്തത്. വര്‍ഗീസ് മരിച്ച സ്ഥലം കാണിച്ച് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ കള്ളം പറയുകയാണെന്ന് അവര്‍ക്ക് മനസിലായി. മാനന്തവാടി സബ് ജയില്‍, വൈത്തിരി ജയില്‍ എന്നിവിടങ്ങളിലൊക്കെ കൊടിയ മര്‍ദനമായിരുന്നു. പുറത്ത് നിന്നും പോലീസ് വന്നും തല്ലി. ഇതിനിടെ കുന്നിക്കല്‍ നാരായണനും കീഴടങ്ങി. ആദ്യം പിടിക്കപ്പെട്ടവരാണ് കൊടിയ മര്‍ദനത്തിന് ഇരയായത്.

കണ്ണുര്‍ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. അപ്പോഴെക്കും സംഘത്തില്‍ ആശയപരമായ ഭിന്നിപ്പും രൂപപ്പെട്ടിരുന്നു. കേസ് വാദിക്കണമെന്നും വേണ്ടതില്ലെന്നുമുള്ള അഭിപ്രായമുയര്‍ന്നു. ആക്ഷന്‍ പരാജയപ്പെടാന്‍ കാരണം കുന്നിക്കലാണെന്ന തരത്തില്‍ മറുവിഭാഗം പറഞ്ഞു. താന്‍ കുന്നിക്കല്‍ നാരായണനൊപ്പമായിരുന്നു. കണ്ണുര്‍ ജയിലിലെ ആറ്, എട്ടു ബ്ലോക്കുകളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെയും മര്‍ദനം തുടര്‍ന്നപ്പോള്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. വാര്‍ഡന്മാരുമായി ഏറ്റുമുട്ടി. പരിക്കുകളുമായി ആശുപത്രിയിലെത്തുേമ്പാള്‍ ഡോക്ടര്‍മാര്‍ സഹായിക്കുമായിരുന്നു. ജയിലില്‍ വെച്ചാണ് വര്‍ഗീസ് വെടിയേറ്റ് മരിച്ച വിവരം അറിഞ്ഞത്. പോലീസ് വെടിവെച്ച് കൊന്നുവെന്ന് അന്ന് കേട്ടിരുന്നു.

തന്നെ കേസില്‍ വെറുതെ വിട്ടു. പുല്‍പ്പള്ളിയില്‍ തിരിച്ച് ചെന്നു. പക്ഷെ, പോലീസ് പിന്നാലെയുണ്ടായിരുന്നു. രഹസ്യ പോലീസിന്റ നിരീക്ഷണം മൂലം എങ്ങും പോകാന്‍ കഴിയുമായിരുന്നില്ല. താന്‍ ചെല്ലുന്നയിടത്ത് പിന്നാലെ പോലീസ് എത്തും. വല്ലാത്ത ഭീകരാവസ്ഥ. ഏതാണ്ട് മുന്ന് വര്‍ഷം ഇങ്ങനെ കഴിഞ്ഞു. ഇതിനിടെയാണ് ഒരിക്കല്‍ ഒരു പോലീസുകാരന്‍ പറഞ്ഞത് എവിടെയും പോകരുത്, ഇവിടെയൊക്കെ കാണണമെന്ന്. താന്‍ അപ്പില്‍ കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി. 1973ലോ 74ലോ ആയിരിക്കാം. അന്നാണ് പേരും നാടും ഉപേക്ഷിച്ച് ഇടുക്കിയിലെത്തിയത്. അള്ളുങ്കല്‍ ശ്രീധരന്‍ എന്ന പേര് അന്ന് ഉപേക്ഷിച്ചു. പിന്നിട് അള്ളുങ്കല്‍ ശ്രീധരന് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചില്ല. ഭാര്യ, നാല് പെണ്‍മക്കള്‍-അവരെയും അന്വേഷിച്ചില്ല. അഞ്ചേക്കര്‍ ഭൂമിയുണ്ടായിരുന്നു. അവിടെയായിരുന്നു ഭാര്യയും മക്കളും.  അത്തരമൊരു അന്വേഷണം പിടിക്കപ്പെടുന്നതിന് കാരണമാകുമെന്ന് ഭയന്നു. മുപ്പത് വയസുള്ളപ്പോഴാണ് താന്‍ ആക്ഷനില്‍ പെങ്കടുക്കുന്നത്. 

പുല്‍പ്പള്ളി ഭൂമി പ്രശ്‌നം പരിഹരിക്കപ്പെടാനും അവര്‍ക്ക് പട്ടയം ലഭിക്കാനും ആ നാടിന്റ വികസനം സാധ്യമാകാനും അന്നത്തെ ആക്ഷന്‍ കാരണമായിട്ടുണ്ട്-അദേഹം പറഞ്ഞു.

ഇടുക്കിയിലെത്തി ചില്ലറ കൂലിപ്പണിയൊക്കെ ചെയ്തു ജീവിച്ചു. പിന്നിട് മാവടിയില്‍ എത്തി ഒരു ചായക്കടയില്‍ ജോലിക്കാരനായി. മാവടിയില്‍ കുടിയേറ്റം ആരംഭിച്ചപ്പോള്‍ ആ കൂട്ടത്തിലെത്തി. കുറച്ച് സ്ഥലം പിടിച്ചു. പിന്നിട് മറ്റൊരു വിവാഹം കഴിഞ്ഞു. അതില്‍ രണ്ടു മക്കള്‍. വളരെ വൈകി ഭാര്യയോട് പറഞ്ഞു-താന്‍ ആരെന്ന വിവരം. സുഖമില്ലാതെ വന്ന ഘട്ടത്തിലാണ് മക്കളോടും ആ രഹസ്യം പറഞ്ഞത്.

മാവടിയില്‍ ഒരു ഘട്ടത്തില്‍ നക്‌സല്‍ സംഘങ്ങളുമായി പ്രവര്‍ത്തിച്ചിരുന്നു. മാവടി തങ്കപ്പന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. പിന്നിട് സി പി എമ്മുമായി സഹകരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

ഇനി ജോസിനെ കേള്‍ക്കാം. അന്നും ഞാന്‍ ജോസിനോട് ചോദിച്ചു. നിങ്ങള്‍ എങ്ങനെയാണ് അള്ളുങ്കല്‍ ശ്രീധരനെ കണ്ടെത്തിയതെന്ന്. 1980 കളുടെ തുടക്കത്തില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് നന്നായി പാര്‍ട്ടി കാര്യങ്ങള്‍ അറിയുന്ന തങ്കപ്പന്‍ ചേട്ടനെ കുറിച്ച് സൂചന കിട്ടിയത്. അന്ന് വിനോദ് മിശ്ര ഗ്രൂപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം, പാമ്പാടുംപാറ മേഖലകളില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. താന്‍ കെ.വേണുവിന്റ സി ആര്‍ സിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഒരിക്കല്‍ മാവടിയില്‍ വീട്ടില്‍ ചെന്നു. പരിചയപ്പെട്ടു. അവിടെ താമസിച്ചു. ഇടക്ക് വീണ്ടും പോയി. അങ്ങനെയാണ് വയനാട് ആക്ഷനെ കുറിച്ചും മറ്റും മനസിലാക്കിയതും ഒടുവില്‍ സത്യം തുറന്ന് പറഞ്ഞതും. അതു രഹസ്യമായി സൂക്ഷിച്ചു. മക്കളെ കുറിച്ച് വയനാടില്‍ അന്വേഷിക്കണമോയെന്ന് അന്ന് ചോദിച്ചു. വേണ്ട എന്നായിരുന്നു മറുപടി.

മരണത്തോടെ അള്ളുങ്കല്‍ ശ്രീധരന്‍ ആരായിരുന്നുവെന്ന് പുറത്ത് പറയണമെങ്കില്‍ അതിന് മുമ്പ് ഒരു മാധ്യമ പ്രവര്‍ത്തകനും ആ സത്യം നേരില്‍ മനസിലാക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് 1998ല്‍ അതിനുള്ള അവസരം വന്നപ്പോള്‍ അക്കാര്യം പറഞ്ഞത്. നേരില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയതും-ജോസ് പറഞ്ഞു.

യഥാര്‍ത്തത്തില്‍ ഒരു സങ്കല്‍പ കഥയെന്ന് പറഞ്ഞു തമസ്‌കരിക്കാമായിരുന്ന വാര്‍ത്തയാണ് മാധ്യമം അന്ന് ഒന്നാം പേജില്‍ നല്‍കിയത്. ജീവിച്ചിരിക്കുന്നയാളെ കുറിച്ച് ഒരുസൂചന പോലും നല്‍കാതെയുള്ള വാര്‍ത്ത. അള്ളുങ്കല്‍ ശ്രീധരന്‍ മറ്റൊരു പേരില്‍ ജീവിച്ചിരിക്കുന്നുവെന്ന ആ വാര്‍ത്ത അങ്ങനെ നല്‍കാന്‍ മാധ്യമം പത്രാധിപര്‍ക്ക് ശക്തി പകര്‍ന്നത് ലേഖകനിലെ വിശ്വാസം മാത്രമായിരുന്നു. കാരണം ലേഖകന്‍ മാത്രമാണ് അള്ളുങ്കല്‍ ശ്രീധരനെ കണ്ടത്. എവിടെ, എന്ത് പേരില്‍ ജീവിക്കുന്നുവെന്ന് പോലും ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് വിവരങ്ങള്‍ തേടി പലരും വന്നു. എന്നാല്‍, പറയാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നു. 1998 നവംബര്‍ ഒന്നിന് പ്രസിദ്ധികരിക്കപ്പെട്ട വാര്‍ത്ത, ആരെ കുറിച്ചായിരുന്നുവെന്ന് അറിയാന്‍ 2022 ഫെബ്രുവരി 26വരെ മാധ്യമം വായനക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. 

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് വാര്‍ത്ത വീണ്ടും ചര്‍ച്ചയാകുന്നത്. ഈ വാര്‍ത്തയിലെ വിശേഷങ്ങളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. 

സി പി എം ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗിസിനോടും ആ രഹസം പറഞ്ഞിരുന്നു. ജിജിയാണ് മരണ വിവരം അജിതയെ അറിയിച്ചത്. താന മരിച്ച ശേഷം താൻ ആരെന്നത്​ ലോകം  അറിയണമെന്ന് അദേഹം ആഗ്രഹിച്ചിരുന്നുവെന്ന്​ വേണം വിശ്വസിക്കാൻ.