മൂന്നാറില്‍ മൂതിരപ്പുഴയാറിന്റ കരയില്‍ മുത്രം ഒഴിച്ചയാള്‍ക്ക് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 300 രൂപ പിഴ ചുമത്തി. മൂന്നാര്‍ പോസ്റ്റ് ആഫീസ് ജംഗ്ഷനില്‍ പൊതു മൂത്രപ്പുര ഉണ്ടായിട്ടും (പൊതു മൂത്രപ്പുരായാണെങ്കിലും ഉപയോഗിക്കാന്‍ പണം കൊടുക്കണേ) അതു പ്രയോജനപ്പെടുത്താതെ കാര്യം സാധിച്ചതിനാണ് പിഴ. തീര്‍ച്ചയായും നല്ല കാര്യം. പൊതു സ്ഥലത്ത് മല-മൂത്ര വിസര്‍ജനം പാടില്ലെന്ന പൊതു ബോധം ഉണ്ടാകണം. അതിനും പുറമെ ഏതു പുഴയിലേതാണെങ്കിലും വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നതാണ്. അതു മലിനപ്പെടുത്താന്‍ പാടില്ല.
ഇനി മൂന്നാര്‍ ഗ്രാമ പഞ്ചായത്തിനോട് ഒറ്റ ചോദ്യം. പഞ്ചായത്തിന്റ പൊതു ശൗചാലയങ്ങളും മൂത്രപ്പുരകളും സ്ഥിതി ചെയ്യുന്നത് എവിടെയാണ്.? ഇവിടെ നിന്നുള്ള മലവും മൂത്രവും എവിടേക്ക് പോകുന്നു? മൂന്നാര്‍ ടൗണിലുടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെയോ അതിന്റ പോഷക നദികളിലോ ആണ് പൊതു ശൗചാലയങ്ങള്‍. മുന്നാര്‍ ടൗണിലെ പ്രധാന പൊതുശൗചാലയം, മോസ്‌ക് ജംഗ്ഷനിലെ ശൗചാലയം, പോസ്റ്റ് ആഫീസ് ജംഗഷ്‌നിലെ ശൗചാലയം, പഴയ മൂന്നാറിലേത് എന്നിവയൊക്കെ ആറിന്റ തീരത്താണ്.
മൂന്നാര്‍ ടൗണിലുടെ ഒഴുകുന്ന മുതിരപ്പുഴയാറിനെ മലിന മുക്തമാക്കണമെന്ന ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1980കളിലാണ് മുതിരപ്പുഴയാറിന്റ നിറവിത്യാസം ഹര്‍ജിയായി ഹൈകോടതിയില്‍ എത്തുന്നത്. മുതിരപ്പുഴയുടെ കൈവഴിയായ നല്ലതണ്ണിയാര്‍ കറുത്ത നിറം പേറുന്നതിന് കാരണം ഇന്‍സ്റ്റന്റ് ഫാക്ടറിയില്‍ നിനുള്ള മാലിന്യമെന്നാണ് അന്നുമുതലുള്ള പരാതി. ഇതിന് പുറമെ കന്നിമലയാര്‍ ആഴ്ചയിലാരിക്കല്‍ നിറം മാറി ഒഴുകുന്നു. ഫാക്ടറി കഴുകി അവയുടെ അഴുക്ക് വെള്ളം ഒഴുക്കുന്നത് കന്നിമലയിലേക്ക്. ഇതാര് തടയും? തുണി ഡൈയുടെ അവശിഷ്ടങ്ങളും നല്ലതണ്ണിയിലേക്ക് ഒഴുകി എത്തുന്നു. ഇതൊന്നും വിഷമായിരിക്കില്ല. മുതിരപ്പുഴയുടെ തീരത്തുള്ള മൂന്നാര്‍ മാംസ, മല്‍സ്യ, പച്ചക്കറി മാര്‍ക്കറ്റ് സ്വകാര്യ കമ്പനിയുടെതും.
ഇതിന് പുറമെയാണ് റിസോര്‍ട്ടുകളുടെ അഴുക്ക് പൈപ്പുകള്‍. ഇത് മുതിരപ്പുഴയില്‍ മാത്രമല്ല. കേരളമാകെ കാണാം. പെരിയാറില്‍ അങ്ങോളം ഇതുണ്ട്. ഇതിനൊക്കെ ആര് പരിഹാരം കാണും.
മുതിരപ്പുഴയാര്‍ ശോഷിച്ചു. വലിയൊരു ഓടക്ക് തുല്യമായി മാറി ഈ പുഴ കയ്യേറ്റവും റോഡ് വീതി കൂട്ടലും പുഴയുടെ നാശത്തിന് കാരണമായി. മൂന്നാര്‍ ടൗണ്‍ മൂത്രപ്പുരയുടെ ഒരു ഭാഗത്തെ ജലസംഭരണി കയ്യേറിയത് പഞ്ചായത്തും സര്‍ക്കാരും അറിഞ്ഞില്ല. മുമ്പ് 50 മീറ്റര്‍ വീതിയുണ്ടായിരുന്ന മുതിരപ്പുഴ 20 മീറ്ററില്‍ താഴെയായി മാറിയെന്ന് ജലസേചന വകുപ്പിന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. 18 മീറ്ററുണ്ടായിരുന്ന കുണ്ടളയാര്‍ ഒമ്പത് മീറ്ററിലേക്ക് കുറയാന്‍ കാരണം റോഡ് വീതി കുട്ടലിന്റ മറവിലെ നികത്തലാണ്. നല്ലതണ്ണിയാര്‍ രണ്ട് മീറ്ററില്‍ താഴെയായി. മുതിരപ്പുഴയാറിന്റെയും പോഷക നദികളുടെയും വൃഷ്ടി പ്രദേശം സര്‍വേ രേഖകള്‍ പ്രകാരം തിരിച്ച് പിടിക്കണം. എന്നിട്ടാകാം ചെക്ഡാം ഉല്‍സവം. കന്നിയാറില്‍ ഒരു ചെക് ഡാം നിര്‍മ്മിച്ച് കഴിഞ്ഞു. അതിന് തൊട്ടുമുകളില്‍ അടുത്ത ചെക്ഡാം നിര്‍മ്മാണം തുടങ്ങി. എന്തിന് വേണ്ടി എന്ന ചോദ്യം പാടില്ല. കന്നിയാറില്‍ കുടിവെള്ള പദ്ധതികളൊന്നും ഇല്ലെന്നിരിക്കെയാണ് വെള്ളപൊക്ക നിയന്ത്രണത്തിന്റ പേരിലുള്ള ചെക്ഡാം നിര്‍മ്മാണം.
കുണ്ടളയാറിലും നടയാര്‍ തോടിലും നല്ലതണ്ണിയാറിലും പഴയ റെയില്‍വ സ്റ്റേഷന് പിന്നിലും ചെക് ഡാമുകള്‍ വരന്നുണ്ട്. അതോടെ മൂന്നാറിന്റ പേരു മാറ്റണം- തടയണ ഊര് എന്നാക്കാം.
യഥാര്‍ഥത്തില്‍ മുതിരിപ്പുഴയെ സംരക്ഷിക്കേണ്ടത് വൈദ്യുതി ബോര്‍ഡാണ്. നീരൊഴുക്കും നീര് ലഭ്യതയും ഉറപ്പ് വരുത്താന്‍ വൈദ്യുതി ബോര്‍ഡിന് ബാധ്യതയുണ്ട്. മാടുപ്പെട്ടി, പള്ളിവാസല്‍, ചെങ്കുളം തുടങ്ങിയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുതിരപ്പുഴയിലെ വെള്ളം ഉപയാഗിച്ചാണ്.
മാലിന്യമുക്ത മുതിരപ്പൂഴയാര്‍ സ്വപ്നമാണ്. കെ.എം.തോമസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നല്‍കിയ ഒരു നിവേദനമുണ്ട്. അന്ന് കയ്യേറ്റമൊന്നും ആരംഭിച്ചിട്ടില്ല. പുഴയുടെ ഇരു കരകളിലും ജമന്തി പൂക്കളുടെ വിത്ത് വിതണമെന്നും ഒരു ഭാഗത്തെങ്കിലും നടപ്പാത നിര്‍മ്മിക്കണമെന്നുമായിരുന്നു ആവശ്യം. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്ത് ആഫീസ് പടിക്കല്‍ ധര്‍ണയും നടത്തി. എല്ലാം കമ്പനിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു അന്നത്തെ ഭരണാധികാരികള്‍ക്ക് താല്‍പര്യം.