Pages

25 December 2021

ശിവരാമന്‍ പറഞ്ഞതാണ് ശരി

 



ശിവരാമന്‍ പറഞ്ഞതാണ് ശരി

ഇടുക്കി: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി.തോമസിന്റ മരണത്തോടൊപ്പം പശ്ചിമഘട്ട സംരക്ഷണവും ഡോ.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും വീണ്ടും ചര്‍ച്ചയാകുന്നു. ഒരു ദശകത്തിന് ശേഷമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പി.ടി.തോമസ് ജീവിച്ചിരിക്കെ, ശവഘോഷയാത്ര നടത്തിയതും ഇടുക്കിയില്‍ നിന്നുള്ള സിറ്റിംഗ് എം.പിയായിരുന്ന അദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടതുമാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തായാകാന്‍ കാരണം.

ഇടുക്കിയിലെ വൈദികരുടെ നേതൃത്വത്തില്‍ ശവഘോഷയാത്ര നടത്തിയെന്ന ആരോപണത്തെ നേരിടാന്‍ മറുപടിയുമായി വൈദികരും രംഗത്തുണ്ട്. പി.ടി.തോമസിനെ അല്ല റിപ്പോര്‍ട്ടിനെയാണ് പ്രതീകാത്മകമായി ശവമടക്കിയതെന്നാണ് അന്നത്തെ ബിഷപ്പിനെ പിന്തുണക്കുന്ന വൈദികരുടെ വാദം. ഇതിനിടെയാണ്. അന്ന് സമരത്തിന് നേതൃത്വം നല്‍കിയ സി പി എം അടക്കമുള്ള കക്ഷികളെ വെട്ടിലാക്കുന്ന സി പി െഎ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ.ശിവരാമന്റ പ്രസ്താവന. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവര്‍ അതിന്റ ഉള്ളടക്കം വേണ്ട പോലെ പഠിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പി.ടി.തോമസ് അനുസ്മരണ സമ്മേളനത്തില്‍ ശിവരാമന്‍ പറഞ്ഞത്. എല്ലാം തകരുന്നുവെന്ന ഭീതിജനകമായ വാര്‍ത്ത പരത്തിയാണ് ഇടുക്കിയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയതെന്നും അദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റ ഉള്ളടക്കം വായിച്ചിരുന്നുവെങ്കില്‍ സമരം ഉണ്ടാകുമായിരുന്നില്ലെന്ന്, പറയുേമ്പാള്‍ തന്നെ അന്നത്തെ യു ഡി എഫ് സര്‍ക്കാരിന് എതിരായ സമരായുധമാക്കി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ മാറ്റാന്‍ ശ്രമിച്ചുവെന്ന് പറയാതെ പറയുകയാണ് സി പി െഎ നേതാവ്. 2012 നവംബര്‍ ഏഴിന് അന്നത്തെ ഇടുക്കി ബിഷപ്പ് പുറപ്പെടുവിച്ച ഇടയലേഖനം ഇതിന് ഉദാഹരണം. പരിസ്ഥിതി സംരക്ഷണത്തിന്റ പേര് പറഞ്ഞ് ഒരു ജനതയെ രണ്ട് നൂറ്റാണ്ട് പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്നും മലയോര ജനതയെ ക്രൂരമായി ചൂഷണം ചെയ്യാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് അവസരം നല്‍കുന്നതുമാണ് റിപ്പോര്‍ട്ട് എന്നുമാണ് ലേഖനത്തില്‍ പറഞ്ഞത്.

പട്ടയം നിഷേധിക്കപ്പെടും, കമ്പി, മണല്‍, സിമന്റ് എന്നിവയുടെ ഉപയോഗം നിരോധിക്കും, കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല, പുതിയ റോഡ് പാടില്ല, പത്ത് മെഗാവാട്ട് ശേഷിയില്‍ കൂടുതലുള്ള വൈദ്യുത പദ്ധതികള്‍ പാടില്ല, ഇടുക്കിയടക്കം ഡി കമ്മീഷന്‍ ചെയ്യേണ്ടി വരുന്നതിലൂടെ കേരളം ഇരുട്ടിലാകും, വീടോ തൊഴുത്തോ പണിയാനാകില്ല, മൂന്ന് പശുക്കളില്‍ കൂടുതല്‍ വളര്‍ത്താനാകില്ല,പാട്ട കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുത്ത് സംരക്ഷിത വനമാക്കും, കല്ല് കയ്യാലകള്‍ നിരോധിക്കും, കുമളി മുതല്‍ മതികെട്ടാന്‍ വരെ വന്യജീവികള്‍ക്ക് സഞ്ചരിക്കാന്‍ ഇടനാഴിയാക്കും എന്നിങ്ങനെ പോകുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിര്‍ക്കാന്‍ ഇടയലേഖനത്തില്‍ നിരത്തിയ കാരണങ്ങള്‍. എന്നാല്‍, ഇതൊന്നും തിരുത്താന്‍ ആരും ശ്രമിച്ചില്ല. അഥവാ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടോയെന്ന് ആരും വായിച്ചില്ല.

വ്യാജ പ്രചരണങ്ങള്‍ തിരുത്തുന്നതില്‍ സര്‍ക്കാരും പരാജയപ്പെട്ടു. ആള്‍ക്കുട്ടം ഉയര്‍ത്തിയ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാരും ഭയന്നു. പഞ്ചായത്ത് തലത്തിലുള്ള ജൈവൈവിധ്യ കമ്മിറ്റികളും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും സമരക്കാരുടെ ഭാഗമായി മാറിയെന്ന ആക്ഷേപമാണ് അന്നുയര്‍ന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതായിരുന്നു സമരം ആളിപ്പടരാന്‍ കാരണം. ഇടുക്കിയില്‍ രൂപത നിര്‍ദേശിക്കപ്പെട്ടയാള്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാകുകയും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റ വോട്ട് ചോര്‍ന്ന് പോകാന്‍ കാരണമായത് അന്നത്തെ സംഭവങ്ങളാണ്. സി പി എം ഒരുക്കിയ അജണ്ടയില്‍ കോണ്‍ഗ്രസും സര്‍ക്കാരും കുടുങ്ങി. അന്ന് ഇടുക്കിയില്‍ പി ടി തോമസിന് വീണ്ടും സീറ്റ് നല്‍കിയിരുന്നുവെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തുറന്ന ചര്‍ച്ചയിലേക്ക് പോകുകയും തെറ്റിദ്ധാരണകള്‍ മാറുകയും ചെയ്യുമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. 

ഇപ്പോള്‍ പി ടി തോമസിന്റ മരണത്തോടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്. ഇടുക്കി രൂപതയിലെ കത്തോലിക്ക കുടുംബത്തിലെ അംഗമായ തന്റ മൃതദേഹം എറണാകുളത്തെ പൊതു ശ്മശനാത്തില്‍ ദഹിപ്പിക്കണമെന്ന പി ടി തോമസിന്റ ആഗ്രഹം നടപ്പിലായതോടെ കത്തോലിക്ക സഭയും ചര്‍ച്ചയിലെത്തി. ഇപ്പോഴത്തെ ഇടുകി ബിഷപ്പും എറണാകുളം ആര്‍ച്ച് ബിഷപ്പും യാത്രാമൊഴി നല്‍കാന്‍ എത്തിയെങ്കിലും പി ടി തോമസ് സഭക്കകത്തും ചര്‍ച്ചയാകുകയാണ്. ഒരു കലശത്തിലെ ചാരം അമ്മയുടെ കല്ലറയില്‍ ഇടണമെന്ന പി ടിയുടെ ആഗ്രഹത്തോട് സഭ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇതിനിടെയാണ് സി പി െഎ നേതാവ് ശിവരാമന്റ തുറന്ന് പറച്ചില്‍. വരും ദിവസങ്ങളില്‍ മലയോര ജില്ലയിലെ രാഷ്ട്രിയം പി ടി തോമസ് ഉയര്‍ത്തിയ വിവാദങ്ങളില്‍ കേന്ദ്രീകരിക്കാനാണ് സാധ്യത..