Pages

18 March 2016

പന്നീര്‍ശെല്‍വം യുഗം അവസാനിക്കുന്നുവോ

പന്നീര്‍ശെല്‍വം യുഗം അവസാനിക്കുന്നുവോ
എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ മുന്നില്‍ സാഷ്ടംഗ പ്രണാമം നടത്തുകയും അവര്‍ക്ക് മുന്നില്‍ മുട്ടുനിവര്‍ത്താതെ നില്‍ക്കുകയും ചെയ്യുന്ന ഒ.പന്നീര്‍ശെല്‍വത്തെയാണ് മാധ്യമ ചിത്രങ്ങളിലുടെ പരിചയം. അത്ര വിനീത വിധേയനായതു കൊണ്ടായിരുന്നിരിക്കണം ജയലളിതക്ക് രണ്ടു തവണ അധികാരത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോഴും രണ്ടാമതൊന്നു ആലോചിക്കാതെ അവര്‍ ഒ.പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയത്. പുരച്ടി തലൈവി അമ്മ ഇരുന്ന കസേരയിലോ മുറിയിലോ പോകാതെ സ്വന്തം ആഫസ് മുറിയില്‍ അമ്മായുടെ ചിത്രം വെച്ചാണ് ഭരണം നടത്തിയത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു പരിപാടിയിലും പങ്കെടുക്കാതിരിക്കാനും പ്രസ്താവന പുറപ്പെടുവിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അഥവാ പ്രസ്താവന നടത്തേണ്ടി വന്നുപ്പോഴൊക്കെ ഓരോ വാചകത്തിലും പുരച്ടി തലൈവി അമ്മായെന്ന് പറയാനും മറന്നില്ല. അമ്മാക്ക് വേണ്ടിയാണ് ഭരണം നടത്തിയതെങ്കിലും ഇപ്പോള്‍ അമ്മയുടെ കണ്ണിലെ കരടായി മാറിയിരിക്കുന്നുവെന്നാണ് തമിഴ്നാടില്‍ നിന്നുളള വിവരങ്ങള്‍.
സമാന്തര അധികാര കേന്ദ്രമായി പന്നീര്‍ശെല്‍വത്തിന്‍റ നേതൃത്വത്തില്‍ അഞ്ചംഗ സംഘം പ്രവര്‍ത്തിച്ചുവെന്ന പരാതികള്‍ അമ്മക്ക് മുന്നില്‍ എത്തിയതോടെയാണ് തിരിച്ചടി തുടങ്ങിയത്. 2011ലെ ജയലളിത സര്‍ക്കാര്‍ പലതവണ മന്ത്രിമാരെ ഇളക്കിപ്രതിഷ്ഠ നടത്തുകയും വകുപ്പുകള്‍ മാറ്റുകുയും ചെയ്തിട്ടും മാറ്റമില്ലാതെ തുടര്‍ന്നാണ് ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം ഇപ്പോള്‍ വീടിന് പുറത്ത് ഇറങ്ങുന്നില്ലത്രെ. ഒ പി എസിന് പുറമെ, മന്ത്രിമാരായ നത്തന്‍ വിശ്വനാഥന്‍, വൈദ്യലിംഗം, എടപ്പാടി പഴനിസ്വാമി,പഴനിയപ്പന്‍ എന്നിവരാണ് അമ്മയുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്തായത്. സ്ഥാനാര്‍ഥി നിര്‍ണയം,പാര്‍ട്ടി ഭാരവാഹിത്വം എന്നിവയലൊക്കെ ഈ ഐവര്‍ സംഘം ഇടപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. ഇതിന് പണം വാങ്ങിയെന്നാണ് ആരോപണം.
പാര്‍ട്ടിതല നടപടിയുടെ ഭാഗമായി ഈഅഞ്ചംഗ സംഘം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയവരെ ജയലളിത നേരിട്ടു ഇടപ്പെട്ട് തിരിച്ചു കൊണ്ടു വന്നു തുടങ്ങി. പന്നീര്‍ശെല്‍വത്തിന്‍റ സ്വന്തം ജില്ലയായ തേനിയില്‍ തങ്കതമിഴ് സെല്‍വന്‍ എം.എല്‍.എ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തിരിച്ചത്തെി.
ഇടുക്കി ജില്ലയിലെ മൂന്നാറിലും രാജകുമാരിയിലും മറ്റും നേരിട്ടു ബന്ധമുള്ള പന്നീര്‍ശെല്‍വം ഇത്തവണ, ഇടുക്കിയോട് ചേര്‍ന്നു കിടക്കുന്ന ബോഡിനായ്ക്കനുര്‍ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയലളിത ആദ്യമായി നിയമസഭയില്‍ എത്തിയതും ഈ മണ്ഡലത്തില്‍ നിന്നാണ്. തേനി ജില്ലയിലെ പെരിയകുളത്ത് ജനിച്ച പന്നീര്‍ശെല്‍വം കൃഷിയും ചായക്കടയുമൊക്കെയായി കഴിയവെയാണ് 1996ല്‍ പെരിയകുളം നഗരസഭയിലേക്ക് മല്‍സരിക്കുന്നതും ചെയര്‍മാനാകുന്നതും. 2001ല്‍ പെരിയകുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലത്തെിയതോടെ ജാതകം തെളിഞ്ഞു. ജയലളിതയുടെ വിശ്വസ്തനായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. ജാതിയും ഘടകമായി. തേവര്‍ സമുദായംഗമാണ് ഒ.പി.എസ്. ആദ്യ തവണ തന്നെ റവന്യൂ മന്ത്രിയായി.  2001 സെപതംബറില്‍ ടാന്‍സി ഭൂമി കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയായി. 2001 സെപ്തംബര്‍ മുതല്‍ 2002 മാര്‍ച്ച് വരെയാണ് പന്നീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നത്. മേശപ്പുറത്തും പോക്കറ്റിലും ജയലളിതയുടെ ചിത്രവുമായണ് കാലം കഴിച്ചത്. ജയലളിതയുടെ ശിക്ഷ കഴിഞ്ഞ് എത്തിയതും ‘അധികാരം’ കൈമാറി. തുടര്‍ന്ന് പൊതുമരാമത്ത് എക്സൈസ് മന്ത്രിയായി. 2014ല്‍ ഒരിക്കല്‍ കൂടി ജയലളിതക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റു.
ഇപ്പോള്‍ അധികാരവും ചെങ്കോലും കീരീടവും നഷ്ടപ്പെടുമെന്നാണ് വിവരം. ഒരിക്കല്‍ ജയലളിതയുടെ അനിഷ്ടത്തിന് വിധേയമായാല്‍ മടങ്ങി വരവ് എളുപ്പമല്ളെന്നാണ് അവരെ അറിയുന്നവര്‍ പറയുന്നത്. പഴയകാല തോഴി ശശികല ഉദാഹരണം.