Pages

10 February 2016

കേരള കോണ്‍ഗ്രസുകള്‍ എത്ര ഉണ്ടാകും?



പി.സി.ജോര്‍ജ് ചെയര്‍മാനായി ഒരു കേരള കോണ്‍ഗ്രസ് കൂടിപിറന്നതോടെ കേരളത്തില്‍ എത്ര കേരള കോണ്‍ഗ്രസുകള്‍ ഉണ്ടാകും. എട്ടായി എന്നാണ് തോന്നുന്നത്. 1.കെ.എം. മാണിയും പി.ജെ.ജോസഫും ഉള്‍പ്പെടുന്ന കേരള കോണ്‍ഗ്രസ്-എം. 2.കേരള കോണ്‍ഗ്രസ്-ജേക്കബ്ബ്. 3.സ്കറിയ തോമസും വി.സുരേന്ദ്രന്‍ പിള്ളയും ഉള്‍പ്പെടുന്ന ലയന വിരുദ്ധ കേരള കോണ്‍ഗ്രസ്്. 4.സ്കറിയ തോമസുമായി തെറ്റി പിരിഞ്ഞ പി.സി.തോമസിന്‍റ  കേരള കോണ്‍ഗ്രസ്. 5.കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറി ആര്‍.ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-ബി.  6.നോബിള്‍ മാത്യു നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്-നാഷണലിസ്റ്റ്. 7.പി.സി.ജോര്‍ജിനെ പുറത്താക്കിയ സെക്കുലര്‍ കേരള കോണ്‍ഗ്രസും 8. പി.സി.ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസും.
കോണ്‍ഗ്രസില്‍ നിന്നാണ് കേരള കോണ്‍ഗ്രസിന്‍െറ പിറവി. പി.ടി. ചാക്കോയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നതയാണ് കേരള കോണ്‍ഗ്രസിന്‍െറ രൂപികരണത്തിന് കാരണം. 1964 ഒക്ടോബര്‍ 9 ന്  കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന സമ്മേളനത്തില്‍ മന്നത്തു പത്മനാഭന്‍ കേരളാ കോണ്‍ഗ്രസ് എന്ന  പേര് പ്രഖ്യാപിച്ചതു.നാലുമാസം തികഞ്ഞപ്പോള്‍, കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 25 സീറ്റ് കരസ്ഥമാക്കിയാണ് തുടക്കം .ഇന്നിപ്പോള്‍ എട്ടു  കേരള കോണ്‍ഗ്രസിനും കൂടി എം.എല്‍.എമാര്‍ 11. രാജിവെച്ച പി.സി.ജോര്‍ജും ഉള്‍പ്പടെയാണിത്. രാജ്യസഭയിലും ലോകസഭയിലും ഓരോ അംഗങ്ങളും.
1993ല്‍ ടി.എം. ജേക്കബ്ബിന്‍റ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദേഹംപഞ്ഞത് കേരള കോണ്‍ഗ്രസിലെഎട്ടാമത്തെ പിളര്‍പ്പെടന്നായിരുന്നു. അക്കണക്കിനാണെങ്കില്‍ ഇപ്പോഴത്തേത് 15-മത്തെയോ 16-ാമത്തെയോ പിളര്‍പ്പാണ്.
1974 മുതലാണ് കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്‍റ കാലം തുടങ്ങുന്നത്. അകലകുന്നം എം.എല്‍.എയായിരുന്ന ജെ.എ.ചാക്കോ അസല്‍ കേരള കോണ്‍ഗ്രസ് രുപികരിച്ചാണ് തുടക്കം. പിന്നിട് മാതൃസംഘടനയില്‍മടങ്ങിയത്തെിയ ചാക്കോ ഒന്നുകൂടി പിളര്‍ത്തിയാണ് സി എച്ച് മന്ത്രിസഭയില്‍അംഗമായത്. 1976ല്‍ കെ.എം.ജോര്‍ജും കെ.എം.മാണിയും വേര്‍പിരിഞ്ഞതാണ് വലിയ പിളര്‍പ്പ്. 1979ലാണ് പി.ജെ.ജോസഫിന്‍റ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് കെ.എം.മാണി രാജിവെച്ചപ്പോള്‍ പകരക്കാരാനായത് പി.ജെ.ജോസഫാണ്. സുപ്രിം കോടതിയില്‍ അനുകുല വിധി വന്നതോടെ മാണി വീണ്ടും മന്ത്രിയായി. പി.ജെ.ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കുമെന്നായിരുന്നത്രെ ധാരണ. എന്നാല്‍, വി.ടി.സെബാസ്റ്റ്യനാണ് ചെയര്‍മാനായത്. ഇതോടെ ജോസഫും അനുയായികളും പുതിയ പാര്‍ട്ടി രൂപീകരിച്ചു. പിന്നിട് 1984ല്‍ ഇരുവരും ലയിച്ചു. അന്നാണ് മാണി പറഞ്ഞത്-വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണെന്ന്. എന്തായാലും ഐക്യത്തിന് മൂന്നു വര്‍ഷമായിരുന്നു ആയുസ്. 1993ലാണ് ടി.എം.ജേക്കബിന്‍റ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. കെ.കരുണാകരന്‍റ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ജേക്കബ്ബ് വിഭാഗം അതില്‍ ലയിച്ചുവെങ്കിലും  വൈകാതെ കേരള കോണ്‍ഗ്രസ് പുന:ജീവിപ്പിച്ചു.
ഇതിനിടെ കെ.നാരായണകുറുപ്പും ലോനപ്പന്‍ നമ്പാടനും എം.വി.മാണിയും അവരവരുടെ കേരള കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു. ഇതില്‍ നമ്പാടന്‍ സി.പി.എമ്മില്‍ ചേര്‍ന്നു. മറ്റുള്ളവര്‍ മാതൃസംഘടനയിലേക്ക് മടങ്ങി. പി.സി.തോമസ് ഐ.എഫ്.ഡി.പി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് കേന്ദ്ര സഹമന്ത്രിയായത്. പിന്നിട് ഐ.എഫ്.ഡി.പി പിരിച്ചു വിട്ടു കേരള കോണ്‍ഗ്രസ്-ജോസഫില്‍ എത്തിയിരുന്നു. മാണിയും ജോസഫും ഒന്നായപ്പോള്‍ ലയനവിരുദ്ധര്‍ എന്ന പേരില്‍ ഇടതു മുന്നണിയില്‍ തുടര്‍ന്ന്. ഒടുവില്‍ സ്കറിയ തോമസുമായി തെറ്റി വേറെ കേരള കോണ്‍ഗ്രസായി.