Pages

28 March 2013

ഇതൊരു പാഠമാകട്ടെ




 മൂന്നാര്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപത്തെ പാലം തകര്‍ന്നു. ഇതൊരു പാഠമാകണമെന്നാണ് അഭിപ്രായം. കാരണം, അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ വര്‍ഷങ്ങളായി മൂന്നാറിനെ ചൂഷണം ചെയ്യുകയാണ്.
ഒരു നുറ്റാണ്ട് മുമ്പ് അന്നത്തെ പരിമിത ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് ഇപ്പോഴത്തെ മൂന്നാര്‍ ടൗണും റോഡും പാലങ്ങളും. ചന്ത ദിവസങ്ങളില്‍ എത്തുന്ന തോട്ടമ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ടൗണിലേക്കാണ് യാതൊരു നിയന്ത്രണവുമില്ലാതെ പതിനായിരങ്ങള്‍ ഓരാ ദിവസവും എത്തുന്നത്. അന്ന് നിര്‍മ്മിച്ച പാലത്തിലൂടെയാണ് നൂറ്കണക്കിന് വാഹനങ്ങള്‍ ഒരോ ദിവസവും വന്ന് പോകുന്നത്. ഈ പാലങ്ങളുടെ കപ്പാസിറ്റി ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇല്ളെന്ന് തന്നെയാകും ഉത്തരം.
കൊച്ചി-മധുര ദേശിയ പാതിയിലെ മുന്നാര്‍ പോസ്റ്റോഫീസ് പാലം എത്രയോ വര്‍ഷമായി ബലക്ഷയം നേരിടുന്നു. ഈ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കണമെന്ന് 1977 മുതല്‍ ആവശ്യപ്പെടുന്നു. ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുമ്പോള്‍ കുലുങ്ങുന്ന ഈ പാലം ആരുടെയോ ഭാഗ്യം കൊണ്ടാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അരുള്‍മണി പാലം പണ്ടേ തകര്‍ന്നു. നല്ലതണ്ണി പാലത്തിന് ബദലായി  ഭാഗ്യത്തിന് പാലം പണിതു. പഴയ പാലത്തിന്‍റ സ്ഥലം കയ്യേറപ്പെട്ടുവെന്നത് മറ്റൊരു കാര്യം. മറയൂര്‍ റോഡിലെ പാലങ്ങളും ദേവികുളം റോഡിലെ പാലവും അമ്പലം റോഡിലെ പാലവും കോളിന റോഡിലെ പാലവും സുരക്ഷിതമാണെന്ന് പറയാനാകില്ല. ടുറിസം വികസിച്ചതോടെ എസ്റ്റേറ്റ് വഴികളിലൂടെയും ഗസ്റ്റുകളുമായി വാഹനങ്ങള്‍ പോകുന്നുണ്ട്. പല റോഡുകളിലേയും പാലങ്ങള്‍ സുരക്ഷിതമല്ല.
ഓര്‍ക്കുന്നില്ളേ പണ്ട് ഹെലികോപ്ടര്‍ കാണാന്‍ ഹൈറേഞ്ച് ക്ളബ്ബിലേക്ക് പോയ കുട്ടികള്‍ ആട്ട്പാലം തകര്‍ന്ന് മരിച്ചത്. അതൊരു പാഠമായിരുന്നു. അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ്, മുന്നാറിന്‍െറ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ ടുറിസത്തിന് പിന്നാലെ നടത്തിയ പാച്ചില്‍. മറ്റ് പലതിനും വേണ്ടി സമയം കളയുന്ന മൂന്നാറിന്‍െറ  ജനപ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ളെങ്കില്‍ മൂന്നാറിലേക്കുള്ള ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ ഹെഡവര്‍ക്സില്‍  തടയേണ്ടി വരും. അവിടെ നിന്ന് നടക്കട്ടെ, അത് പരിസ്ഥിതിക്കും നല്ലതാണ്.